രാത്രി കട്ട കുത്തി നിന്നു. ഭാര്യയ്ക്ക് പ്രസവ വേദന കലശലായി. അവൾ പൂർണഗർഭിണിയാണ്. പ്രസവം ഇന്നോ നാളെയോ എന്ന നിലയിലായിരുന്നു സ്ഥിതി. ഈ രാത്രിയിൽ തന്നെയാകും പ്രസവമെന്ന് ഏകദേശം ഉറപ്പായിരിക്കുന്നു. സന്തോഷിക്കേണ്ട മുഹൂർത്തമാണിത്. പക്ഷേ ആ പിതാവിൻ്റെ മനസ്സിൽ സന്താപം ഉരുണ്ടുകൂടി. മുഖത്ത് വല്ലായ്മയുടെ നെരിപ്പോട് പ്രകടമായി. വീട്ടിനകത്ത് ഒന്നുമില്ല. ഭക്ഷ്യ പദാർത്ഥങ്ങളോ അത് വാങ്ങാനുള്ള പണമോ അവശേഷിക്കാത്ത അവസ്ഥ. വിളക്ക് കത്തിക്കാൻ മതിയായ എണ്ണയും ഇല്ല. ശരീരത്തിൽ പുരട്ടാനും എണ്ണയില്ല; അത് പോകട്ടെ, കുഞ്ഞു പിറന്നാൽ ഒന്ന് പൊതിയാൻ ഒരു നല്ല തുണിക്കഷണം പോലും ബാക്കിയില്ല.
എന്തു ചെയ്യും? ചിന്തിച്ചിരിക്കവേ കുട്ടിയുടെ കരച്ചിൽ ഉയർന്നു; പ്രസവം നടന്നിരിക്കുന്നു. നാഥനെ സ്തുതിച്ചു. ജനിച്ചിരിക്കുന്നത് പെൺകുഞ്ഞ് തന്നെ. ഇവൾക്ക് മുകളിൽ മൂന്നും പെൺകുട്ടികളാണ്. ഇത് നാലാമത്തവൾ. നവജാത ശിശുവിന്റെ പേരിനെക്കുറിച്ചുള്ള ചിന്ത കൂടുതൽ ഉയരങ്ങളിലേക്ക് പറന്നില്ല. അൽ- റാബിഅ: എന്നാക്കാം. നാലാമത്തവൾ എന്നർത്ഥം.
അദ്ദേഹം ചിന്തിച്ചിരിക്കവേ ഭാര്യ പറഞ്ഞു: “ഏയ് മനുഷ്യാ. നിങ്ങൾ അയൽവാസിയിലേക്കൊന്ന് ചെന്നുനോക്കൂ. കുറച്ച് അദ്ദേഹം ചിന്തിച്ചിരിക്കവേ വിളക്കിൽ കത്തിക്കാൻ കൊണ്ടുവരൂ.” പക്ഷേ അദ്ദേഹം ദരിദ്രനായിരുന്നെങ്കിലും മനസ്സിൽ മടി പൂണ്ടു. കാരണം അദ്ദേഹം ഒരു ശപഥം ചെയ്തിരുന്നു; ഒരാളോടും ഒന്നും ചോദിക്കില്ലായെന്ന്. അല്ലാഹുവിനോടുള്ള കരാറായിരുന്നത്. ആത്മീയമായ ചിന്തയിൽ നിന്ന് ഉയിർകൊണ്ടത്. അദ്ദേഹം അല്ലാഹുവിൽ ജീവിതം സമർപ്പിച്ചിരുന്നു. ആരാധനകളിൽ മഗ്നനായിട്ടാണ് കഴിഞ്ഞിരുന്നത്. സൂഫി തത്വങ്ങൾക്ക് പ്രാധാന്യം നൽകി.
പക്ഷേ ആലോചിച്ചിരുന്നിട്ട് കാര്യമില്ല. ഭാര്യ നിർബന്ധിക്കുന്നു. വീട്ടിൽ നിന്ന് പുറത്തിറങ്ങി. അയൽവാസിയുടെ പടിക്കൽ എത്തി. മുട്ടുവാൻ വേണ്ടി വാതിലിൽ കൈവച്ചു. പക്ഷേ എന്തെന്നില്ലാത്ത ലജ്ജ മനസ്സിലേക്ക് കടന്നുവന്നു. തൻ്റെ സങ്കടം ഒരു വ്യക്തിയോട് എങ്ങനെ ബോധിപ്പിക്കും. അല്ലാഹുവിനോട് ചെയ്ത കരാർ എങ്ങനെ ലംഘിക്കും. അയാൾ വാതിലിൽ ഒന്നു മുട്ടുകപോലും ചെയ്യാതെ വീട്ടിലേക്ക് തിരിച്ചു നടന്നു. വീട്ടിൽ വന്നു പ്രതീക്ഷയോടെ കാത്തുനിൽക്കുന്ന ഭാര്യയോട് പറഞ്ഞു: “അവർ വാതിൽ തുറന്നില്ല."
ആ സ്ത്രി ഒറ്റക്കരിച്ചിലായിരുന്നു. പ്രസവം നടന്നിട്ടേയുള്ളൂ. വേദന വിട്ടുമാറിയിട്ടില്ല. ശാരീരിക പ്രയാസത്തിനൊപ്പം മനസ്സും ഇപ്പോൾ കുത്തി നോവുകയാണ്. അയാൾ വീടിന്റെ ഒരു മൂലയിലിരുന്നു. ചിന്താകുലനായി. മുട്ടുകളിലേക്ക് തലചായ്ച്ച് ദുഃഖം അയവിറക്കി. അതിനിടെ അദ്ദേഹത്തിന് ഉറക്ക് വന്നു. ഉറക്കിലതാ ഒരു സ്വപ്നം; തിരുനബിയെയാണ് കാണുന്നത്. തിരുനബി വന്ന് പറയുന്നു: "മോനേ പുതിയ കുഞ്ഞു പിറന്നതിൽ നീ ദുഃഖിക്കേണ്ടതില്ല, എന്റെ സമുദായത്തിലെ 70,000 ഓളം വരുന്നവരെ അവളുടെ ശുപാർശയിലും കരുതലിലുമായി അല്ലാഹു നാളെ സ്വർഗ്ഗത്തിൽ കടത്തും. അവൾക്ക് വിശേഷപ്പെട്ട അവസ്ഥ വരാനുണ്ട്.”
അനന്തരം നബി തുടർന്നു: “നീ ഉടൻതന്നെ ഈസബ്നു സാദാനിൻ്റെ അരികിലേക്ക് ചെല്ലുക; അറിയില്ലേ ബസറയിലെ ഭരണാധികാരിയാണ് ഈസാ. അദ്ദേഹത്തോട് പറയണം: നബി താങ്കളോട് പറയുന്നുണ്ട് എല്ലാ ദിവസവും 100 തവണ താങ്കൾ എൻ്റെ പേരിൽ സ്വലാത്ത് (മുഹമ്മദ് നബിയുടെ മേൽ അല്ലാഹുവിന്റെ രക്ഷയും അനുഗ്രഹവും ഉണ്ടാകാൻ വേണ്ടി നടത്തുന്ന പ്രത്യേക പ്രാർത്ഥനയെയാണ് പൊതുവേ സ്വലാത്ത് എന്ന് വിളിക്കുന്നത്) ചൊല്ലാറുണ്ട്. വെള്ളിയാഴ്ച രാവിൽ അത് 400 തവണയാണ് ചൊല്ലാറുള്ളത്. ഇന്നലെ താങ്കൾ അത് മറന്നു പോയിരിക്കുന്നു. അതിന് പ്രായശ്ചിത്തമായി എനിക്ക് 400 ദീനാർ നൽകണം. റാബിഅയുടെ പിതാവ് ഞെട്ടി ഉണർന്നു. ഒരൊറ്റ തേങ്ങലായിരുന്നു. ഭാര്യ ഒച്ച കേട്ട് ചോദിച്ചു. “എന്താണ്?” അവളോട് വിശേഷങ്ങൾ പറഞ്ഞു.
തിരു നബിയെയാണ് സ്വപ്നം കണ്ടിരിക്കുന്നത്. തെറ്റാനിടയില്ല. തിരുനബിയുടെ സന്ദേശം ഒരു പേപ്പറിൽ കുറിച്ചു. അരണ്ട വെളിച്ചത്തിൽ പ്രയാസപ്പെട്ടാണ് കുറിച്ചെടുത്തത്. നേരം വെളുത്തു. ഉടൻ ഇറങ്ങിത്തിരിച്ചു. ഈസയുടെ കൊട്ടാരത്തിലെത്തി. കൊട്ടാരത്തിനരികിൽ പാറാവുകാരുണ്ട്. അതിൽ ഒരാളുടെ കൈവശം നേരത്തെ കുറിച്ചെടുത്ത സന്ദേശം നൽകി.
എന്തായിരിക്കും ചക്രവർത്തിയുടെ പ്രതികരണം എന്നറിയില്ല. താൻ കളവ് പറയുകയാണ് എന്ന് ധരിച്ചു പോകുമോ? ഉള്ളിൽ ഭയമുണ്ട്. പക്ഷേ നബിയുടെ കൽപ്പനയാണ്. തെറ്റാൻ സാധ്യതയില്ല. കത്ത് ചക്രവർത്തി ഈസയുടെ അടുക്കലെത്തി. അദ്ദേഹം അത് വായിച്ചതും വികാരഭരിതനായി. ഉള്ളിൽ തേങ്ങലുയർന്നു. കണ്ണുകൾ സജലങ്ങളായി. തിരുനബി തന്നെ ഓർത്തതിൽ അതിശയം പൂണ്ടു. നന്ദി സൂചകമായി ഉടൻതന്നെ 2000 സ്വർണ്ണനാണയങ്ങൾ പാവങ്ങൾക്ക് ദാനം ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു.
ഉടൻ റാബിഅയുടെ പിതാവിനെ വിളിച്ചു. ആശ്ലേഷം ചൊരിഞ്ഞു. കുശലങ്ങൾ അന്വേഷിച്ചു. 400 സ്വർണ്ണനാണയം സമ്മാനിച്ചു. ഒരു കാര്യം കൂടി ചക്രവർത്തി ഉണർത്തി. “ഇനി താങ്കൾക്ക് എന്താവശ്യമുണ്ടെങ്കിലും എന്നെ വന്ന് കാണുക. ഒരു മടിയും വേണ്ട.’' ഉദ്യോഗസ്ഥരോട് അദ്ദേഹം പറഞ്ഞു: “അല്ലാഹുവിൻ്റെ ദൂതൻ നമ്മളിലേക്ക് പറഞ്ഞയച്ച വ്യക്തിയാണ് ഇദ്ദേഹം. ഇദ്ദേഹത്തെ ആദരിക്കണം. പരിഗണിക്കണം. ബഹുമാനിക്കണം. എന്ത് ആവശ്യമുണ്ടെങ്കിലും ഇനിമുതൽ നിവർത്തിച്ചു നൽകണം.
