ഹസൻ ബസ്വരിയുടെ ആത്മീയ ഉപദേശമാണ് റാബിഅയുടെ സ്വഭാവത്തിൽ ഇടക്കാലത്ത് മാറ്റം വരുത്തിയത് എന്നു പറഞ്ഞു. പിന്നീട് രണ്ടുപേരും തമ്മിലുള്ള ആത്മബന്ധം രൂഢമൂലമായി. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള വിശുദ്ധ ബന്ധമായിരുന്നു അത്. ആത്മീയ കാര്യങ്ങളിൽ പരസ്പരം ചർച്ചകൾ നടന്നു. റാബിഅയുടെ വിരിക്കപ്പുറത്ത് ഹസൻ ബസ്വരി പലതവണ ഹാജരായി. ആധ്യാത്മ അനുഭവങ്ങൾക്ക് വിധേയനായി. ഒരർഥത്തിൽ ഹസൻ ബസ്വരി തന്നെയായിരുന്നു റാബിഅയെക്കാൾ വലിയ ആത്മീയ സ്ഥാനത്ത് ഉണ്ടായിരുന്നത്. പക്ഷേ ബീവിയിൽ നിന്ന് അദ്ദേഹം പഠിക്കാനും പകർത്താനും വിനയം പൂണ്ടു. ആത്മീയ സംവാദങ്ങളിൽ ആനന്ദം കൊണ്ടു.
ഒരു ദിവസം ഹസൻ ബസ്വരിക്ക് ബീവി കൊടുത്തയച്ചത് മൂന്ന് സാധനങ്ങൾ: ഒരു കഷണം മെഴുകുതിരി, ഒരു സൂചി, ഒരു മുടിനാരിഴ; എന്നിട്ട് ഒരു നിർദ്ദേശം എഴുതി അയച്ചിരിക്കുന്നു: "താങ്കൾ ഈ മെഴുകുപോലെയാവുക; അത് സ്വയം ഉരുകുന്നു; മറ്റുള്ളവർക്ക് പ്രകാശമേകുന്നു. താങ്കൾ സൂചി പോലെയാവുക; അത് മുറിഞ്ഞുപോയ ബന്ധങ്ങൾ ചേർക്കുവാനുള്ള ഉപകരണമാണ്. വിച്ഛേദിക്കപ്പെട്ട ബന്ധങ്ങൾ ഉണ്ടെങ്കിൽ ചാർച്ച ചെയ്യുക; ഈ രണ്ടു കാര്യങ്ങൾ താങ്കൾ ചെയ്താൽ പുണ്യകർമത്തിൽ നിന്നുള്ള ഒരു മുടി നാരിഴയ്ക്കു പോലും ആയിരം വർഷത്തെ സൽകർമങ്ങൾക്കുള്ള കൂലി കിട്ടും.”
ഒരു ദിവസം ബീവി മല താണ്ടി. കാട്ടുജീവികൾ പലതും അവരുടെ സമീപത്തെത്തി. ഒരു ഉപദ്രവവും അവ ഏൽപ്പിച്ചില്ല; ബീവിക്ക് ചുറ്റും അവ വിധേയപ്പെട്ട് കറങ്ങിക്കൊണ്ടിരുന്നു. റാബിഅയിൽ അവ ആനന്ദം കൊണ്ടു. അങ്ങനെയിരിക്കെ ഹസനുൽ ബസ്വരി അവിടെ പ്രത്യക്ഷനായി. റാബിഅയുടെ സമീപത്തേക്ക് നടന്നടുത്തതും കാട്ടുജീവികൾ വിരണ്ട് പാഞ്ഞു. ഹസൻ ബസ്വരിക്ക് കൗതുകമായി. അദ്ദേഹം ചോദിച്ചു: “റാബിആ.. എന്തുകൊണ്ടാണ് ആ വന്യജീവികൾ എന്നെക്കണ്ടപ്പോൾ ഓടിക്കളഞ്ഞത്. ഭവതിയുടെ അരികിൽ അവ ആനന്ദം കൊള്ളുന്നതാണല്ലോ ഞാൻ കണ്ടത്.” ബീവിയുടെ ചോദ്യം: “താങ്കൾ ഇന്ന് എന്താണ് ഭക്ഷിച്ചത്? “ഞാൻ കുറച്ച് നെയ്യും ഉള്ളിയുമാണ് കഴിച്ചത്.”
അപ്പോൾ ബീവി ചിരിച്ചുകൊണ്ട് പ്രതികരിച്ചു: “ഈ ജീവികളുടെ നെയ്യ് തിന്നുന്ന താങ്കളെ കാണുമ്പോൾ അവ ഓടിപ്പോയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ."
ഒരു ദിവസം ബീവി ഹസൻ ബസ്വരിയുടെ വീടിനരികിലൂടെ പോകാനിടവന്നു. അദ്ദേഹം ജനലിലൂടെ തലയിട്ട് കരഞ്ഞു കൊണ്ടിരിക്കുകയാണ്. കണ്ണീർകണം റാബിഅക്കുമേൽ ഇറ്റുവീണു. ബിവി കരുതി മഴ തുടങ്ങുകയാണെന്ന്. മുകളിലേക്ക് നോക്കുമ്പോൾ കണ്ടത് ഹസൻ ബസ്വരിയുടെ കണ്ണീരാണ്. ബീവി പറഞ്ഞു: "അല്ലയോ ഗുരൂ, എന്ത് കരച്ചിലാണിത് ? താങ്കൾ ഈ കണ്ണീർകണങ്ങൾ ഉള്ളിൽ ഒരുമിച്ച് കൂട്ടുക. അതൊരു സമുദ്രമാകട്ടെ. എന്നിട്ട് ഹൃദയം കൊണ്ട് അതിൽ തുഴഞ്ഞ് അല്ലാഹുവിനെ തേടുക.” ഹസൻ ബസ്വരിക്ക് പ്രതികരിക്കണമെന്ന് തോന്നി. പക്ഷേ അദ്ദേഹം തൽക്കാലം മൗനം പാലിച്ചു. ബീവി തുടർന്നു: “അല്ലയോ ഗുരൂ, നാം വെള്ളത്തിൽ വിരിപ്പിട്ട് നിസ്കരിച്ചാലും വായുവിൽ വിരിപ്പിട്ട് നിസ്കരിച്ചാലും വലിയ കാര്യമൊന്നുമില്ല. മത്സ്യങ്ങൾ ചെയ്യുന്നതും ഈച്ചകൾ ചെയ്യുന്നതുമൊക്കെയായ കാര്യങ്ങളാണത്. പുണ്യകർമ്മങ്ങളിലുള്ള ആശ്രാന്ത പരിശ്രമമാണ് നമുക്ക് വേണ്ടത്; അങ്ങനെ ഉന്നതി പ്രാപിക്കാൻ കഴിയണം.
ഒരിക്കൽ ഹസനുൽ ബസ്വരിയും സംഘവും ബീവിയെ കാണാൻ ചെന്നു. രാത്രിയായിരുന്നു അത്. വെളിച്ചമൊന്നുമില്ല. വിളക്ക് കത്തിക്കാൻ എണ്ണയും മറ്റു സംവിധാനങ്ങളുമില്ല. അപ്പോൾ ബീവി തൻ്റെ ഒരു വിരൽതലപ്പിൽ ഊതി. അത്ഭുതം! അത് വിളക്ക് പോലെ പ്രഭാതം വരെ പ്രകാശിക്കുന്ന അവസ്ഥയുണ്ടായി. ഇത് എങ്ങനെ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. മൂസാ നബിയുടെ കൈ പ്രകാശിച്ചത് ഖുർആൻ പറയുന്നുണ്ട്. അല്ലാഹുവിൻ്റെ ഔലിയാഇൻ്റെ (ഇഷ്ടദാസൻമാരുടെ) അത്ഭുത സിദ്ധികൾ പ്രവാചകന്മാരുടെ അമാനുഷികതയുടെ (മുഅ്ജിസത്ത്) തുടർച്ച മാത്രമാണ്. ബീവിക്ക് ആ തുടർച്ചയിൽ പങ്കുചേരാനായി എന്ന് മനസ്സിലാക്കാം. എല്ലാം അല്ലാഹുവിൽ നിന്നുള്ള ദാനങ്ങൾ.
