സജ്ഫ്ബുനു മൻളൂർ സാത്വികനായിരുന്നു. അദ്ദേഹം ഒരിക്കൽ റാബിഅക്കരികിൽ വന്നു; അവർ നിസ്കാരത്തിലായിരുന്നു. അഥവാ സാഷ്ടാംഗത്തിൽ. നിസ്കാരത്തിൽ നിന്ന് ഉയർന്നപ്പോൾ സജ്ഫ് ശ്രദ്ധിച്ചു: റാബിഅയുടെ കണ്ണീർ കണങ്ങൾ വീണു സാഷ്ടാംഗം നമിച്ചയിടം നനഞ്ഞു കുതിർന്നിരിക്കുന്നു.
സജ്ഫ് പറയുന്നു: “ഞാൻ ചെന്നു സലാം പറഞ്ഞു. റാബിഅ ചോദിച്ചു. കുഞ്ഞുമോനേ, നീ വന്നത് എന്താവശ്യത്തിനാണ്?” ഞാൻ പറഞ്ഞു: “ഭവതിക്ക് സലാം പറയാൻ വേണ്ടി. പിന്നെ പ്രാർത്ഥിപ്പിക്കാനും.”
ഇത് കേട്ടതും മഹതി പൊട്ടിക്കരഞ്ഞു. എന്നിട്ട് ഇങ്ങനെ പറഞ്ഞു: “അല്ലാഹു നിൻ്റെ ന്യൂനതകൾ മറച്ചു വയ്ക്കട്ടെ.” അനന്തരം ഒരുപാട് പ്രാർത്ഥിച്ചു. പിന്നീട് നിസ്കാരത്തിലേക്ക് തന്നെ തിരിഞ്ഞു. സജ്ഫ് പിരിഞ്ഞുപോന്നു.
പലരും റാബിഅയെ സന്ദർശിച്ചിരുന്നത് ആത്മീയ കടാക്ഷം കൊതിച്ചായിരുന്നു. റാബിഅയാകട്ടെ താൻ അതിനൊന്നും അർഹയല്ല എന്ന അർത്ഥത്തിൽ ഒതുങ്ങിക്കഴിഞ്ഞു. ഒരിക്കൽ പ്രമുഖ സാത്വികരായ രിയാഹുൽ ഖയ്സിയും സ്വാലിഹിബിനു അബ്ദുൽ ജലീലും കിലാബും ഒരുമിച്ച് റാബിഅയെ സന്ദർശിക്കാൻ ചെന്നു. അവർ പല ആത്മീയ കാര്യങ്ങളും പരസ്പരം സംസാരിച്ചു. കൂട്ടത്തിൽ മൂന്നുപേരും ഇഹലോകത്തെക്കുറിച്ച് പറഞ്ഞു. ആക്ഷേപ സ്വരത്തിൽ ഇഹലോകത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ട് റാബിഅ പറഞ്ഞു: “നിങ്ങളുടെ സംസാരം കൊണ്ട് എനിക്ക് മനസ്സിലായത് ഭൗതികലോകം അതിന്റെ സകലമാന വസന്തങ്ങളോടുംകൂടി നിങ്ങളുടെ ഹൃദയത്തിൽ കിടപ്പുണ്ടെന്നാണ്.”
അവർ ഒരു നിമിഷം അന്തിച്ചു നിന്നു. “ഭവതീ, എന്താണ് ഞങ്ങളെക്കുറിച്ച് അങ്ങനെ ധരിക്കാൻ കാരണം?” അവർ ചോദിച്ചു.
റാബിഅ പറഞ്ഞു: “നിങ്ങൾ സ്വന്തം മനസ്സിൽ സ്ഥാപിച്ച ഒരു കാര്യത്തിലേക്ക് ദൃഷ്ടി പായിക്കുന്നു; അങ്ങനെ അതിൽ ഇടപെട്ടുകൊണ്ട് സംസാരിക്കുന്നു. ഇങ്ങനെയാണ് ഞാൻ മനസ്സിലാക്കുന്നത്. അഥവാ മനസ്സിൽ ഇഹലോകത്തിന് സ്ഥാനമുള്ളതുകൊണ്ടാണ് അതേപ്പറ്റി ചർച്ചയ്ക്ക് നിൽക്കുന്നതെന്നർത്ഥം.”
ഒരു ആത്മീയ ഗുരു റാബിഅയോട് ചോദിച്ചതിങ്ങനെ. ഭവതിയിൽ നിന്ന് സ്വീകരിക്കപ്പെടുമെന്ന് തോന്നുന്ന ഒരു ഒരു പുണ്യകർമ്മം പറയാമോ? റാബിഅയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: “അങ്ങനെ ഒന്നുണ്ടെങ്കിൽ അത് എൻ്റെ കർമ്മങ്ങൾ തള്ളപ്പെടുമോ എന്ന ഭയമായിരിക്കും.”
ജഅ്ഫറുബ്നു സുലൈമാൻ പറയുന്നു: “ഒരു ദിവസം സുഫ്യാന് എന്റെ കൈപിടിച്ചു പറഞ്ഞു: ‘വാ, നമുക്ക് റാബിഅക്കരികിൽ ചെല്ലാം. കുറച്ച് ആത്മീയ ഉപദേശങ്ങൾ കേൾക്കാം. നമ്മെ സംസ്കരിക്കാൻ അവരുടെ വാക്കുകൾക്ക് കരുത്തുണ്ട്.’
ഞങ്ങൾ പോയി. മഹതിക്കരികിലെത്തിയ സുഫ്യാൻ കൈയുയർത്തി ഇങ്ങനെ പ്രാർത്ഥിച്ചു. ‘അല്ലാഹുവേ നിന്നോട് ഞാൻ സുരക്ഷ (സലാമത്) ചോദിക്കുന്നു.’
ഇത് കേട്ടതും റാബിഅ കരയാൻ തുടങ്ങി. സുഫ്യാന് ചോദിച്ചു. ‘എന്താണ് ഭവതി കരയാൻ കാരണം?’
റാബിഅ പറഞ്ഞു: ‘താങ്കൾ തന്നെയാണ് എന്നെ കരയിപ്പിച്ചത്.’
‘ഞാനോ? എങ്ങനെ?’ സുഫ്യാന് ആശ്ചര്യപ്പെട്ടു ചോദിച്ചു.
‘അതേ, താങ്കൾ തന്നെ. താങ്കൾക്കറിയില്ലേ, ഇഹലോകത്തെ സുരക്ഷ ഈ ലോകത്തുള്ളത് മുഴുവനും വെടിയയിലാണെന്ന്. താങ്കളാകട്ടെ ഇഹലോകവുമായി കൂടിച്ചേർന്ന് കഴിയുകയുമാണ്.’”
അബദ ഒരിക്കൽ പറഞ്ഞു: “ഭവതീ, അല്ലാഹുവിലേക്ക് എന്നെ അടുപ്പിക്കുന്ന ഒരു കാര്യം കൽപ്പിച്ചാലും?”
റാബിഅ പറഞ്ഞത് ഇങ്ങനെ: “നീ അവനെ ഓർക്കുന്നത് വർധിപ്പിക്കൂ. എങ്കിൽ നിൻ്റെ കുഴിമാടത്തിൽ അത് പ്രതീക്ഷ നിറയ്ക്കും.”
റാബിഅയുടെ ആത്മീയ സാന്നിധ്യം സുസ്ഥിരമാകാൻ പലരും കൊതിച്ചു. ചില മഹാന്മാരൊക്കെ അതിനായി റാബിഅയെ വിവാഹം കഴിക്കാൻ മോഹിച്ചു. അബൂ ഉബൈദ അബ്ദുൽ വാഹിദ് ബ്ൻ സൈദ് ആ ഗണത്തിൽ പ്രമുഖനായിരുന്നു. പക്ഷേ റാബിഅ നിരസിച്ചു. അദ്ദേഹവുമായുള്ള എല്ലാ ബന്ധവും കുറേ നാളത്തേക്ക് വെടിഞ്ഞു. ഒടുവിൽ അദ്ദേഹത്തിൻ്റെ സഹോദരങ്ങൾ ശുപാർശയുമായി വന്നു. പക്ഷേ അവർ വഴങ്ങിയില്ല. റാബിഅ ഒടുവിൽ അദ്ദേഹത്തോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. "അല്ലയോ കാമികാര പരവശാ! സമാന വികാരപരവശിയെ അന്വേഷിച്ചു കണ്ടുപിടിക്കൂ.” ഇതോടെ അബ്ദുൽ വാഹിദ് പിൻവലിഞ്ഞു. ബസ്വറയിലെ ഗവർണറും റാബിഅയെ വിവാഹം ആലോചിച്ച കഥയുണ്ട്. എല്ലാം നിർദാക്ഷിണ്യം നിരസിച്ചു. അല്ലാഹുവിൻ്റെ പ്രീതിയിൽ ലയിച്ചു.
റബാഹ് ഒരിക്കൽ തൻ്റെ കുടുംബത്തിലെ ഒരു കുട്ടിയെ മുത്തമർപ്പിക്കുന്നത് റാബിഅ കണ്ടു. ചോദിച്ചു: “താങ്കൾ ഇവനെ സ്നേഹിക്കുന്നുണ്ടോ?”
റബാഹ് പറഞ്ഞു: “അതെ.”
അപ്പോൾ ബീവിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. “ഞാൻ കരുതുന്നത് താങ്കളുടെ ഹൃദയത്തിൽ ഇവനെ കഴിച്ച് അവനെ സ്നേഹിക്കാൻ ഒരിടം ഇനി ഒഴിവില്ല എന്നാണ്.” റാബിഅ ഉദ്ദേശിച്ച "അവൻ" അല്ലാഹുവാണ്. ഇത് കേട്ടതും റബാഹ് ആർത്തലച്ച് നിലത്ത് വീണു. ബോധമറ്റുപോയി. കുറേ സമയം കഴിഞ്ഞു. ബോധം തെളിഞ്ഞു. മുഖത്തുനിന്നും വിയർപ്പ് കണങ്ങൾ തുടച്ചുനീക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: "അടിമകൾക്ക് കുട്ടികളോടുള്ള കാരുണ്യം ഹൃദയത്തിൽ ഇട്ടുകൊടുക്കുന്നതും അല്ലാഹു തന്നെയല്ലേ; അതൊരിക്കലും അവനെ സ്നേഹിക്കാനുള്ള ഇടം നഷ്ടപ്പെടുത്തുകയില്ലല്ലോ. ഭാര്യയുടെയും മാതാവിൻ്റെയുമൊക്കെ സ്നേഹവും ഇങ്ങനെ തന്നെ."
