ഹസനുൽ ബസ്വരി ഒരിക്കൽ റാബിഅയെ സന്ദർശിക്കാൻ വന്നു. ഉച്ച സമയമാണ്. ളുഹ്ർ ബാങ്ക് കൊടുത്തു. റാബിഅ ഒരു കലത്തിൽ തൻ്റെ പക്കലുണ്ടായിരുന്ന മാംസക്കഷണം അടുപ്പിൽ വെച്ചു. ഹസനുൽ ബസ്വരിയെ സൽക്കരിക്കാമെന്ന് കരുതി. അതിനിടയിൽ രണ്ടുപേരും ആത്മീയ സംസാരത്തിലേക്ക് കടന്നു. ദൈവശാസ്ത്രത്തെക്കുറിച്ചായിരുന്നു ചർച്ച. ഇതിനിടയിൽ അടുപ്പിൽ പുകയുന്ന ആഹാരത്തെക്കുറിച്ചുള്ള ചിന്ത മറന്നു. പക്ഷേ റാബിഅ പറഞ്ഞു: “നാം ഈ സംസാരിക്കുന്നതിനേക്കാൾ ഉത്തമമായ മറ്റൊന്നുമില്ല. അതുകൊണ്ട് ഭക്ഷണത്തിൻ്റെ കാര്യം അവിടെ നിൽക്കട്ടെ. നമുക്ക് ഒഴുക്ക് മുറിയാതെ തുടരാം.” രണ്ടുപേരും സംസാരം തുടർന്നു. നിസ്കാരത്തിന്റെ സമയമാകുമ്പോൾ നിസ്കരിക്കും. വീണ്ടും ചർച്ച തന്നെ.
മാംസം വേവുന്ന കാര്യം തൽക്കാലം വിട്ടു. അതിനേക്കാൾ പ്രധാനം ഇതാണ്. അവസാനം ഇശാഅ് നിസ്കരിച്ചു. എന്തെങ്കിലും നൽകി സൽക്കരിക്കേണ്ടേ എന്ന് കരുതി വെള്ളവും ഉണങ്ങിയ റൊട്ടിയും റാബിഅ കൊണ്ടുവന്നു വച്ചു. അടുപ്പിൽ പുകയുന്ന മാംസം ഉപയോഗ ശൂന്യമായിട്ടുണ്ടാകും. എങ്കിലും ഒന്ന് എടുത്തു നോക്കി. അത്ഭുതം! അല്ലാഹു കനിഞ്ഞിരിക്കുന്നു. മാംസം നന്നായി വെന്തിട്ടുണ്ട്. വേറിട്ട ഒരു ഗ്രേവി രൂപപ്പെട്ടിരിക്കുന്നു. ഹസനുൽ ബസ്വരി പറയുന്നു: “ഞങ്ങൾ രണ്ടുപേരും അത് കഴിച്ചു. അതിനു സമാനമായ രുചിയുള്ള ഒരു ഭക്ഷണവും അന്നുവരെ ഞാൻ കഴിച്ചിട്ടില്ല.”
സുഫ്യാനുസ്സൗരി ഒരിക്കൽ റാബിഅയെ കാണാനെത്തി. രാത്രിയായി. റാബിഅ നിസ്കാരത്തിലേക്ക് കടന്നു. അതുകണ്ട് സുഫ്യാനും നിസ്കാരത്തിൽ പ്രവേശിച്ചു. നേരം വെളുക്കുന്നത് വരെ നിസ്കാരം തന്നെ! പ്രഭാതം വിടരാൻ സമയത്ത് റാബിഅ പറഞ്ഞു: സുഫ്യാൻ! നാം ഇന്നത്തെ രാത്രി മുഴുവനും നിസ്കാരത്തിലായി ചെലവഴിച്ചു. ഇത് അല്ലാഹു ചെയ്ത അനുഗ്രഹമാണ്. ഈ അനുഗ്രഹത്തിനുള്ള നന്ദി പ്രകാശനമായി ഇന്ന് പകൽ നമുക്ക് നോമ്പനുഷ്ഠിക്കാം. അങ്ങനെ രണ്ടുപേരും ആ പ്രഭാതത്തോടെ വ്രതാനുഷ്ഠാനത്തിലേക്ക് പ്രവേശിച്ചു. ഇതായിരുന്നു റാബിഅ. അല്ലാഹുവിനെ എത്ര തൃപ്തിപ്പെടുത്തിയാലും മതിവരാത്ത മനസ്സ്.
എല്ലാ രാത്രിയും റാബിഅ ഇങ്ങനെ പറയും. “നാഥാ! ഞാൻ നിസ്കരിക്കാൻ നിന്നാൽ എൻ്റെ ഹൃദയത്തിൽ നിന്ന് പിശാചിൻ്റെ കുഴലൂത്തുകളെ നീ തിരിച്ചുവിടുക. നിൻ്റെ ഔദാര്യം കൊണ്ട് പിശാചിന്റെ ചിന്തകൾ കൂടിക്കലർന്ന നിസ്കാരവും നീ എന്നിൽ നിന്ന് സ്വീകരിക്കേണമേ." യഥാർത്ഥത്തിൽ വിനയം കൊണ്ടായിരുന്നു റാബിഅ ഇങ്ങനെ പറഞ്ഞത്. തീർത്തും നിഷ്കപടമായ മനസ്സായിട്ടില്ലാതെ അവർ നിസ്കാരത്തിലേക്ക് പ്രവേശിക്കാറുണ്ടായിരുന്നില്ല. എന്നാലും അതിൽ മതിമറയ്ക്കാതെ ഉള്ളിൽ ഭയം കൊണ്ടു.
അബ്ദുല്ലാഹിബ്നു ഈസാ ഒരിക്കൽ റാബിഅയുടെ അരികിൽ വന്നു. റാബിഅ കരഞ്ഞുകൊണ്ടിരിക്കുകയാണ്. ആ സമയത്ത് ഖുർആനിൽ നിന്നുള്ള ഒരു വാക്യം ആരോ പാരായണം ചെയ്യുന്നത് അവർ കേൾക്കാനിടവന്നു. നരകത്തെ പരാമർശിക്കുന്ന വാക്യമായിരുന്നു അത്. ആ വാക്യം കേട്ടതും ഒരട്ടഹാസത്തോടെ നിലംപൊത്തി.
ഒരിക്കൽ ഒരു സ്വാത്വികൻ വന്നു. പ്രാർഥിക്കണമെന്ന് അപേക്ഷിച്ചു. ഉടൻ റാബിഅ ഭിത്തിയോട് ചേർന്ന് നിന്ന് പറഞ്ഞത് ഇങ്ങനെ: “ഞാൻ ആരാണ് പ്രാർഥിക്കാൻ? അല്ലാഹു താങ്കൾക്ക് കരുണ ചൊരിയട്ടെ. സ്വരക്ഷിതാവിനെ അനുസരിക്കുക. അവനെ വിളിക്കുക. അവൻ പ്രയാസപ്പെടുന്നവർക്ക് ഉത്തരം ചെയ്യും.”
