റാബിഅയോട് ഒരിക്കൽ ചോദിക്കപ്പെട്ടു: “നിങ്ങൾ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നുണ്ടോ?”
മറുപടി: “അതെ.”
“പിശാചിനെ വെറുക്കുന്നുണ്ടോ?”
മറുപടി: “ഇല്ല.”
ചോദ്യകാരൻ ഒരു നിമിഷം അന്തിച്ചു. “അതെന്താണ്? പിശാചിനോട് വെറുപ്പില്ലാത്തത്?"
പ്രതികരണം ഇങ്ങനെയായിരുന്നു: "കാരുണ്യവാനോടുള്ള അനുരാഗം അലയടിച്ചത് കാരണം പിശാചിനോടുള്ള ശത്രുതയ്ക്ക് മനസ്സിൽ സ്ഥലം കിട്ടുന്നില്ല.”
റാബിഅ ബീവിയുടെ പല സംസാരങ്ങളും ഈ രൂപത്തിലായിരുന്നു; എല്ലാറ്റിലും ഒരു സൂഫി ഗഹനതയുടെ സ്പർശം നിലനിന്നു. ആത്മീയതയുടെ അന്തരാർത്ഥങ്ങളിലേക്ക് വിരൽചൂണ്ടി. പിശാചിനെ താൻ വെറുക്കുന്നില്ല എന്നല്ല പറഞ്ഞതിന്റെ ഉദ്ദേശ്യം. പിശാചിനെ വെറുക്കാതിരിക്കാൻ ഒരു വിശ്വാസിക്ക് സാധ്യമല്ലല്ലോ. അല്ലാഹുവിനോടുള്ള അടങ്ങാത്ത ഉൾപ്പിരിശത്തെ മറ്റൊരു ഭാഷയിൽ അവതരിപ്പിക്കുകയായിരുന്നു ബീവി. അല്ലാഹുവിനെ ഇഷ്ടപ്പെടണമെന്നാണല്ലോ ഖുർആൻ ആജ്ഞ. അതിൽ ഒരുപാട് ദൂരം മുന്നോട്ടുപോകാൻ അവർക്ക് സാധിച്ചു.
ഒരു ദിവസം തിരുനബിയെ സ്വപ്നത്തിൽ കണ്ടു. നബി ചോദിച്ചു: "ഓ റാബിആ.. നീയെന്നെ ഇഷ്ടപ്പെടുന്നുണ്ടോ?”
മറുപടി: “നബിയേ.. അങ്ങയെ പ്രിയം വെക്കാതിരിക്കാൻ ആർക്കാണ് സാധിക്കുക? അല്ലാഹുവിനോടുള്ള അനുരാഗവും എൻ്റെ ഹൃദയത്തിൽ നിറഞ്ഞിരിക്കുന്നു.”
“എന്താണ് അനുരാഗം? ആരുമായാണ് അതിനു ബന്ധം?” ബീവിയോട് ഒരാൾ ചോദിച്ചു.
മറുപടി ഇതായിരുന്നു: അനുരാഗം പണ്ടേയുള്ളതാണ്. അത് അനശ്വരത തേടുന്ന ഒന്നാണ്. പതിനെണ്ണായിരം ലോകങ്ങളിൽ നീ അന്വേഷിച്ച് നടന്നാലും അതിൽ നിന്ന് വിധിപ്രകാരം ഒരു ഇറക്ക് കുടിക്കാൻ കിട്ടിയ ഒരാളെ കണ്ടെത്താൻ കഴിയണമെന്നില്ല.” റാബിഅ പറഞ്ഞതിന്റെ പൊരുൾ പ്രപഞ്ചനാഥനോടുള്ള അനുരാഗത്തിൻ്റെ അർത്ഥ തലങ്ങളെ പ്രാപിക്കൽ സുസാധ്യമായ കാര്യമല്ല എന്നാണ്.”
ഒരാൾ ചോദിച്ചത് ഇങ്ങനെ: “നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുന്നില്ലേ? അവനെ കണ്ടിട്ടാണോ ഈ ആരാധന?”
മറുപടി: “ഞാൻ അവനെ കാണുന്നില്ലെങ്കിൽ പിന്നെയെങ്ങനെ അവനെ ആരാധിക്കും.” അല്ലാഹുവിനെ മനസ്സിൽ പ്രതിഷ്ഠിച്ചതിന് റാബിഅ ഉപയോഗിച്ച ശക്തമായ പ്രയോഗമായിരുന്നു ഇത്. അല്ലാതെ, ഇരുനേത്രങ്ങൾ കൊണ്ടുള്ള കാഴ്ചയല്ല ഇവിടെയുള്ള സൂചന.
അധികസമയങ്ങളിലും റാബിഅയിൽ നിന്ന് ഒരു ഏങ്ങലടി കേൾക്കുമായിരുന്നു. ഒരാൾ ചോദിച്ചു. “പ്രിയപ്പെട്ടവരേ, നിങ്ങളിൽ ഒരു രോഗവും വേദനയ്ക്കുള്ള കാരണവും ഞങ്ങൾ കാണുന്നില്ല. പക്ഷേ സ്ഥിരമായി പരിതപിക്കുകയും തേങ്ങുകയും ചെയ്യുന്നു. എന്താണ് കാര്യം?”
പ്രതികരണമിങ്ങനെ: “എൻ്റെ ഉള്ളിൽ രോഗമുണ്ട്; നെഞ്ചിൽ വേദനയുണ്ട്. ഇഹലോകത്തിലെ സർവ്വ വൈദ്യന്മാരും ചികിത്സയിൽ പരാജയപ്പെടുന്ന വേദന. എന്റെ സ്നേഹഭാജനത്തോടുള്ള കൂട്ടുകെട്ടല്ലാതെ ആ അസുഖത്തിന് വേറെ മരുന്നില്ല. നാളെ എൻ്റെ ലക്ഷ്യം പ്രാപിക്കുവാൻ വേണ്ടിയുള്ള തേങ്ങലാണ് നിങ്ങളീ കേൾക്കുന്നത്.
