സ്വതന്ത്രയായി യജമാനന്റെ വീട്ടിൽ നിന്നിറങ്ങിയ റാബിഅ വളരെ സന്തോഷത്തോടുകൂടി സഞ്ചരിച്ചു. ആത്മീയമായ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ചു മുന്നോട്ടു നീങ്ങി. ഏകാന്തമായി തന്നെയാണ് ജീവിതം. അതിനിടയിൽ ചില കൂട്ടുകെട്ടുകൾ വന്നുചേർന്നു. എല്ലാ കൂട്ടുകെട്ടുകളും നന്മയിലേക്ക് നയിക്കുന്നതാകണമെന്നില്ല.
ഇടക്കാലത്ത് റാബിഅയുടെ ജീവിതത്തിൽ ചെറിയ മാറ്റമുണ്ടായി. സ്ത്രീ സഹജമായ ചിന്തകൾ ഉണർന്നു. ആടാനും പാടാനുമുളള ത്വരയായിരുന്നു അതിൽ പ്രധാനം. വലിയ അബദ്ധങ്ങളിലേക്ക് നീങ്ങിയില്ലെങ്കിലും സംഗീതവും നൃത്തവും താല്പര്യപ്പെടുന്ന ഒരു സാഹചര്യമുണ്ടായി. രാത്രികാലങ്ങളിൽ ചില നർത്തക സംഘങ്ങൾക്കൊപ്പം ചേർന്നു; ആടിയും പാടിയും ആനന്ദിച്ചു.
അങ്ങനെ കഴിയവെ പെട്ടെന്നൊരു ദിവസം ഹസനുൽ ബസരിയുടെ വിജ്ഞാന സദസ്സിനെക്കുറിച്ച് അവർ കേട്ടു. അവിടെ എത്തിച്ചേർന്നതും മനസ്സിൽ തറയ്ക്കുന്ന ഉപദേശങ്ങൾ റാബിഅയുടെ ഉള്ളം തിരിച്ചു നടത്തി. കഴിഞ്ഞ കാലങ്ങളിൽ താൻ ചെയ്തിരുന്ന പുണ്യകർമ്മങ്ങളെക്കുറിച്ചുള്ള ഗൃഹാതുര ഓർമ്മകൾ തികട്ടിവന്നു.
അല്ലാഹുവിൽ നിന്ന് അകലുന്നു എന്ന വിചാരം അവരെ പിടിച്ചുലച്ചു. അത് പാശ്ചാത്താപത്തിലേക്ക് മനസ്സിനെ കൊണ്ടെത്തിച്ചു. പിന്നെ എല്ലാ ഭൗതിക ചിന്തകളും വിട്ടു. ചീത്ത കൂട്ടുകെട്ടുകൾ ഉപേക്ഷിച്ചു. ഹസനുൽ ബസ്വരി മുഖാന്തിരം പശ്ചാത്താപം ഉറപ്പിച്ചു. ജനങ്ങളുമായുള്ള സമ്പർക്കം ഉപേക്ഷിക്കാൻ തീരുമാനിച്ചു.
നാട്ടിൽ നിന്നെല്ലാം അകന്ന് ഒരു പർണശാല പണിതു. അതിൽ ആരാധനകളിലായി നിരന്തരം മുഴുകി. നഷ്ടപ്പെട്ട കാലത്തെ അനുഷ്ഠാനങ്ങൾ വീണ്ടെടുത്തു. ഒരു ദിവസം ആയിരം റക്അത്തുകൾ (നിസ്കാരത്തിന്റെ അടിസ്ഥാന യൂണിറ്റിനെയാണ് റക്അത്ത് എന്ന് വിളിക്കുന്നത്. ഒരു നിസ്കാരത്തിൽ ഇത്തരം യൂണിറ്റുകൾ ആവർത്തിച്ചാണ് നിസ്കാരം പൂർത്തിയാക്കുന്നത്) നിസ്കരിക്കുന്ന സാഹചര്യമുണ്ടായി. വളരെ കുറഞ്ഞ സമയം കൊണ്ട് ആത്മീയതയുടെ വിഹായസ്സിലേക്ക് റാബിഅക്ക് ഉയരാനായി.
അതിനിടയിൽ ഹജ്ജ് തീർത്ഥാടനത്തിനുള്ള ചിന്ത മനസ്സിൽ ഉണർന്നു. പോയേ പറ്റൂ. വിശുദ്ധ കഅ്ബ(മക്കയിലെ ഹറം പള്ളിയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന വിശുദ്ധ ഗേഹം) കാണണം. എല്ലാം ഏറ്റുപറഞ്ഞു അല്ലാഹുവിനോടുള്ള അടുപ്പം വർധിപ്പിക്കണം. ആ ചിന്തയിൽ ഇറങ്ങിപ്പുറപ്പെട്ടു.
ഒരു സംഘത്തിന് കൂടെയാണ് യാത്ര. വഴി പാതി പിന്നിട്ടതും തൻ്റെ ഏക ആശ്രയമായിരുന്ന കഴുത ചലനമറ്റു. സഹയാത്രികർ സഹായിക്കാമെന്നേറ്റു. അവരുടെ ഭാണ്ഡങ്ങൾ ചുമന്നു കൊള്ളാം എന്ന് വാക്ക് കൊടുത്തു. പക്ഷേ റാബിഅയുടെ ചിന്ത തീർത്തും ആത്മീയമായിരുന്നു.
"നിങ്ങൾ പോവുക. ഞാൻ അല്ലാഹുവിൽ എല്ലാം സമർപ്പിച്ചിരിക്കുന്നു. വിധിയുണ്ടെങ്കിൽ അവിടെയെത്തും." റാബിഅയുടെ നിർബന്ധത്തിനു വഴങ്ങി സഹയാത്രികർ മക്ക ലക്ഷ്യമാക്കി യാത്ര തുടർന്നു. ആ താഴ്വാരത്ത് അവർ ഒറ്റപ്പെട്ടു. ആ സന്ദർഭത്തിൽ അല്ലാഹുവിലേക്ക് കരമുയർത്തിക്കൊണ്ട് ഇങ്ങനെ പ്രാർത്ഥനാനിരതയായി: "എൻ്റെ നാഥാ. ഞാൻ വളരെ ദുർബലയും അവശയുമായ ഒരു പെണ്ണാണ്. എന്നോടാണോ നീ ഇങ്ങനെ ചെയ്യുന്നത്? നിന്റെ വിശുദ്ധ ഭവനം സന്ദർശിക്കാൻ നീ ക്ഷണിച്ചു. ഞാൻ ഇറങ്ങിത്തിരിച്ചു. എൻ്റെ കഴുത ചത്തിരിക്കുന്നു എന്നാണ് തോന്നുന്നത്. ഈ താഴ്വാരത്ത് എന്നെ നീ ഒറ്റയ്ക്ക് ഉപേക്ഷിച്ചിരിക്കുന്നു. എനിക്കുറങ്ങാൻ പോലും സാധ്യമല്ല. ഞാനെന്തു ചെയ്യണം?’’
അല്ലാഹുവുമായുള്ള സ്വകാര്യഭാഷണം റാബിഅ തുടർന്നു. അതിൻ്റെ പരിണതിയാകാം അൽഭുതം സംഭവിച്ചു. ചത്തെന്നു കരുതിയ കഴുതക്ക് അനക്കമുണ്ടായി. അത് എഴുന്നേറ്റ് നിന്നു. റാബിഅ അതിൻ്റെ മുകളിൽ തന്റെ സാധനസാമഗ്രികൾ കയറ്റി വച്ചു. അല്ലാഹുവിൻ്റെ ദൃഷ്ടാന്തം അവിടെ പ്രകടമാവുകയായിരുന്നു. അല്ലാഹുവിൽ അർപ്പിച്ചവരെ അവൻ കൈയൊഴിക്കില്ല. കഴുതപ്പുറത്തേറി റാബിഅ സഞ്ചാരം തുടർന്നു. തന്റെ കൂടെയുണ്ടായിരുന്ന യാത്രാസംഘത്തിനു പിന്നാലെ എത്തിച്ചേർന്നു.
പിൽക്കാലത്ത് ഈ കഴുതയെ അങ്ങാടിയിൽ വിൽക്കപ്പെടുന്നത് കണ്ടവരുണ്ട്. അതിന് അല്ലാഹു ആയുസ്സ് തിരിച്ചു നൽകുകയായിരുന്നു. സംഘത്തിനൊപ്പം ചേർന്ന് യാത്ര തുടരവെ ഒരു ദിവസം മരുഭൂമിയിൽ റാബിഅ ഒറ്റയ്ക്കായി. ആ സമയത്ത് അല്ലാഹുവിനോട് ഭാഷണം ആരംഭിച്ചു.
"എൻ്റെ നാഥാ എനിക്കു മടുത്തു. എവിടേക്കാണ് ഞാൻ ഈ യാത്ര തിരിക്കുന്നത്. ഞാൻ കേവലം മണ്ണ്. നിന്റെ കഅബയും കല്ലും മണ്ണും തന്നെ. എൻ്റെ ലക്ഷ്യം അതല്ല. മറിച്ച് അതിൻ്റെ ഉടമസ്ഥനായ നീയാകുന്നു".
ഉടൻ ഒരു അശരീരി ഉയർന്നു: “റാബിആ.. എൻ്റെ പ്രകാശം താങ്ങാൻ നിനക്കാവില്ല. മൂസാ നബിയുടെ ചരിത്രം അറിയാമല്ലോ. അനാവശ്യ ചോദ്യങ്ങൾ അവസാനിപ്പിക്കുക. വിശുദ്ധ നാമം കൊണ്ട് സംതൃപ്തി അടയുക." അശരീരി അവരുടെ മനസ്സിനെ തണുപ്പിച്ചു. യാത്ര വീണ്ടും തുടർന്നു. കഅബയോടടുത്തതും കഅബയിൽ നിന്ന് പ്രകാശവീചികൾ തന്നെ എതിരേറ്റു.
ആ സമയത്ത് ബീവിപറഞ്ഞു: “ഞാൻ ലക്ഷ്യമാക്കുന്നത് നിന്നെയല്ല. നിന്റെ സ്വീകരണം എന്നെ സന്തോഷിപ്പിക്കുന്നുമില്ല. ഞാൻ ലക്ഷ്യമാക്കുന്നത് നിൻ്റെ നാഥനെയാകുന്നു. എന്നിലേക്ക് ഒരു ചാൺ അടുത്താൽ നിന്നിലേക്ക് ഒരു (ഏകദേശം ഒരു വാര എന്നത് മൂന്ന് അടി ആണ്) അടുക്കുമെന്ന് പറഞ്ഞ നാഥനെ”. കഅ്ബക്കരികിലെത്തിയ റാബിഅയെ പലർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല.
അതേ സമയം ആത്മജ്ഞാനം കൊണ്ട് ഇബ്റാഹീമുബ്നു അദ്ഹം തിരിച്ചറിഞ്ഞു. ആത്മലോകത്തെ അവരുടെ പ്രശസ്തി മുൻനിർത്തി ഇബ്നു അദ്ഹം ചോദിച്ചു: "ഭവതീ.. ഇഹലോകത്ത് പ്രശസ്തി വെളിപ്പെടുത്തുകയാണോ? അതിന് റാബിഅയുടെ മറുപടി ഇങ്ങനെയായിരുന്നു: “ഞാനല്ല. താങ്കളാണ് പ്രശസ്തി വെളിപ്പെടുത്താൻ നടക്കുന്നത്. താങ്കൾ പതിനാല് വർഷമെടുത്തല്ലേ ഹജ്ജിന് ആഗമിച്ചിരിക്കുന്നത്". ഇബ്നു അദ്ഹം ഒരു വേള അന്തിച്ചു.
തൻ്റെ കാര്യം ഭവതി അകക്കണ്ണ് കൊണ്ട് കണ്ടിരിക്കുന്നു. ഇബ്നു അദ്ഹം ദീർഘകാല യാത്രയെത്തുടർന്നാണ് ഹജ്ജിന് എത്തിയിട്ടുള്ളത്. പതിനാല് കൊല്ലമെന്നും നാൽപത് കൊല്ലമെന്നും അഭിപ്രായമുണ്ട്. ഓരോ ചവിട്ടടിക്ക് ശേഷവും ഈരണ്ട് റക്അത്ത് നിസ്കരിച്ചു കൊണ്ടായിരുന്നു യാത്ര.
റാബിഅ തുടർന്നു പറഞ്ഞു: “ഇബ്റാഹീം! താങ്കൾ വന്നിട്ടുള്ളത് നിസ്കാരം കൊണ്ടാണ്. ഞാൻ വന്നിട്ടുള്ളത് ദാരിദ്ര്യം കൊണ്ടും; രണ്ടും അന്തരമുണ്ട്."
അനന്തരം അവർ ദീർഘമായി കരഞ്ഞു. ഹജ്ജ് കർമ്മങ്ങൾ കൃത്യമായി നിർവഹിച്ചു. എല്ലാം കഴിഞ്ഞു മനസ്സിൻ്റെ അടിത്തട്ടിൽ നിന്ന് ഇങ്ങനെ പറഞ്ഞു : "അല്ലാഹുവേ.. രണ്ട് കാര്യങ്ങൾ കൊണ്ടാണ് ഞാൻ മടങ്ങുന്നത്; ഒന്ന് ഹജ്ജ് നിർവഹണം. രണ്ട് കഠിന പ്രയാസങ്ങളിലുള്ള ക്ഷമ: എൻ്റെ ഹജ്ജ് നിനക്കരികിൽ സ്വീകാര്യമല്ലെങ്കിൽ അതിനേക്കാൾ വലിയ ദുരന്തം എനിക്ക് വേറെ വരാനില്ല."
