റാബിഅയുടെ ആത്മീയ ഖ്യാതിയിൽ സന്ദേഹികളായ ഒരു സംഘം ഒരിക്കൽ സന്ദർശിക്കാൻ വന്നു. സംസാരിച്ച് റാബിഅയെ മൗനിയാക്കാമെന്ന് അവർ നിനച്ചു. റാബിഅ അവരെ സ്വീകരിച്ചു. അവർ സംസാരം തുടങ്ങി. ആത്മീയമായ പല കാര്യങ്ങളും പറഞ്ഞു. കൂട്ടത്തിൽ അവർ റാബിഅയെ കൊച്ചാക്കാനെന്നോണം ഇങ്ങനെ അഭിപ്രായപ്പെട്ടു: “അല്ലാഹു മഹത്വവും പദവിയും ശ്രേഷ്ടതയും സമ്മാനിച്ചിരിക്കുന്നത് പുരുഷന്മാർക്കാണ്. പ്രവാചകത്വത്തിൻ്റെ കിരീടം പുരുഷന്മാരുടെ ശിരസ്സുകളിലാണ് അവൻ സ്ഥാപിച്ചിട്ടുള്ളത്. അവരിൽ പലർക്കും സൗഹൃദത്തിൻ്റെ വസ്ത്രം അവൻ അണിയിച്ചിരിക്കുന്നു. സ്ത്രീ വർഗ്ഗത്തിന് പ്രവാചകത്വത്തിൻ്റെ അനുഗ്രഹം അവൻ നൽകിയിട്ടില്ലല്ലോ." ആഗതരുടെ ആത്മഗതം തിരിച്ചറിഞ്ഞ റാബിഅ തിരിച്ചടിച്ചു. “അതേ, ഞാനാണ് നിങ്ങളിൽ വച്ച് ഏറ്റവും വലിയ പടച്ചവൻ എന്ന് പ്രഖ്യാപിച്ചത് ഏതെങ്കിലും സ്ത്രീയല്ല.” ആഗതർക്ക് മതിയായി. അവർ പത്തിമടക്കി. ക്ഷമാപണം നേർന്നു. പിന്തിരിഞ്ഞു.
റാബിഅക്ക് ഒരിക്കൽ കഠിനമായ അസുഖമുണ്ടായി. സന്ദർശകർ വന്ന് ചോദിച്ചു: “എന്താണ് അസുഖകാരണം?”
“ഞാൻ സ്വർഗ്ഗത്തിലേക്ക് ഒരു വേള തിരിഞ്ഞു നോക്കി. അതോടെ എന്റെ നാഥൻ എന്നെ മര്യാദ പഠിപ്പിച്ചു. അത്രമാത്രം." റാബിഅ പറഞ്ഞതിന്റെ ഉദ്ദേശ്യം വ്യക്തം. അല്ലാഹ് എന്ന അനുരാഗ ചിന്തിയിൽ നിന്ന് ഒരു നിമിഷം മനസ്സ് തെറ്റിയപ്പോൾ അത് ഭൗതിക വേദനയായി തൻ്റെ ശരീരത്തെ ബാധിച്ചു; ഇത് റാബിഅക്ക് മാത്രം അനുഭവേദ്യമാകുന്ന കാര്യമാണ്.
ഹസനുൽ ബസ്വരി പറയുന്നുണ്ട്. “ഒരു ദിവസം ഞാൻ റാബിഅയെ സ്വന്തം പർണശാലയിൽ സന്ദർശിക്കാൻ ചെന്നു. അവിടെ ഒരു വ്യാപാരി ഉണ്ടായിരുന്നു. റാബിഅയുടെ വാതിലിൽ നിന്ന് അയാൾ പൊട്ടിക്കരയുകയാണ്. മുമ്പിൽ ഒരു പണക്കിഴിയുമുണ്ട്. ഞാൻ ചോദിച്ചു: “എന്തിനാണ് താൻ കരയുന്നത്?”
അയാൾ പറഞ്ഞു: “ഈ ഭൗതികവിരക്തയായ ഭവിതിയുടെ ബറകത് (പുണ്യം) നഷ്ടപ്പെട്ടാൽ പടപ്പുകൾ നശിച്ചു പോകില്ലേ. ഇതോർത്താണ് ഞാൻ കരയുന്നത്.”
ആ വ്യാപാരി ബീവിയുടെ മഹത്വം തിരിച്ചറിഞ്ഞ ആളായിരുന്നു. പുണ്യാത്മാക്കളുടെ സാന്നിധ്യം ലോകത്തിനും പടപ്പുകൾക്കും കാവലാണെന്ന ബോധം അയാൾക്കുണ്ടായിരുന്നു.
ഞാൻ ചോദിച്ചു “എന്താണ് ഈ കിഴിയിൽ?”
അദ്ദേഹം പറഞ്ഞു: “മഹതിയുടെ ആവശ്യങ്ങൾക്ക് ചെലവഴിക്കാൻ വേണ്ടി കൊണ്ടുവന്ന പണമാണ്. പക്ഷേ സ്വീകരിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. നിങ്ങൾ വന്നത് ഏതായാലും നന്നായി. ഇത് എന്നിൽ നിന്ന് സ്വീകരിക്കാൻ വേണ്ടി നിങ്ങൾ മഹതിയോട് ശുപാർശ ചെയ്യണം.”
ഞാൻ അകത്തു കടന്നു. റാബിഅയുടെ മുമ്പിൽ വ്യാപാരിയുടെ ആവശ്യം അവതരിപ്പിച്ചു. റാബിഅയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. "ശകാരിക്കുന്നവന് അന്നം നൽകുന്ന ഒരുത്തൻ അവനെ ഇഷ്ടപ്പെടുന്നവന് അന്നം നൽകാതിരിക്കുമോ?” റാബിഅ പറഞ്ഞതിന്റെ ഉദ്ദേശ്യം വ്യക്തം. അല്ലാഹു അവന്റെ എതിരാളിക്കും അവിശ്വാസിക്കും അന്ന പാനീയങ്ങളും ജീവിത മാർഗ്ഗവും സമ്മാനിക്കുന്നു. എങ്കിൽ പിന്നെ സദാസമയവും അവനോടുള്ള അനുരാഗം ഹൃദയത്തിൽ അലയടിക്കുന്ന ഒരാളെ അവൻ വഴിയാധാരമാക്കുമോ? ഭൂമിയിലെ സകല ജാലങ്ങൾക്കും അന്നം നൽകാമെന്ന് അവൻ ഏറ്റെടുത്തതല്ലേ.
ഹസനുൽ ബസ്വരിയോട് ബീവി തുടർന്ന് പറഞ്ഞതിങ്ങനെ: “അല്ലയോ ഗുരൂ, ഞാൻ പടച്ചവനെ അറിഞ്ഞത് മുതൽ പടപ്പുകളിൽ നിന്ന് പിന്തിരിഞ്ഞിരിക്കുന്നു. ഹറാമോ ഹലാലോ എന്നറിയാത്ത ഒരു വസ്തു ഞാൻ എങ്ങനെ സ്വീകരിക്കും? ഒരിക്കൽ രാജാവിൻ്റെ വിളക്കു വെളിച്ചത്തിൽ ഞാൻ കുപ്പായം തുന്നിയതോർക്കുന്നു. അതോടെ ഒരുപാട് കാലത്തേക്ക് എൻ്റെ ഹൃദയത്തിൽ ഒരുതരം ഇരുൾ വന്നടഞ്ഞു. ആ തുന്നിയത് പിന്നിപ്പറിഞ്ഞെറിഞ്ഞതിനുശേഷമാണ് എനിക്ക് ഹൃദയ കവാടം മലർക്കെ തുറക്കപ്പെട്ടത്. അതുകൊണ്ട് താങ്കൾ ആ കച്ചവടക്കാരനോട് സംസാരിക്കുക. അദ്ദേഹത്തിൻ്റെ മനസ്സ് സന്തോഷമാകുന്ന രൂപത്തിൽ കാരണം ബോധിപ്പിക്കുക.”
ഹസനുൽ ബസ്വരി പുറത്തിറങ്ങി. വ്യാപാരിയെ സമീപിച്ചു. പതിയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. അയാളുടെ മനസ്സിലേക്ക് കുളിരേകി റാബിഅയുടെ പൊരുത്തം ഉണ്ടെന്നറിയിച്ചു. അയാൾ സന്തോഷത്തോടു കൂടെ തിരിച്ചു നടന്നു.
