ഹസനുൽ ബസ്വരിയും മാലിക്ബിനു ദീനാറും ശഖീഖുൽ ബൽഖിയും ഒന്നിച്ചൊരിക്കൽ റാബിഅയെ കാണാൻ ചെന്നു. മൂന്നുപേരും പുകൾപെറ്റ സൂഫി ചിന്തകരാണ്. റാബിഅ അസുഖബാധിതയായി കിടപ്പിലായിരുന്നു. സംസാരമധ്യേ ഹസൻ പറഞ്ഞു: “സ്വന്തം യജമാനന്റെ പ്രഹരത്തിൽ ക്ഷമിക്കാത്തവൻ തൻ്റെ വാദത്തിൽ സത്യസന്ധനല്ല.”
ക്ഷമയെക്കുറിച്ചാണ് സംസാരം. അതു കേട്ട് റാബിഅ പറഞ്ഞു: “ഈ വാക്കിൽ തേങ്ങലിന്റെ ഗന്ധം അനുഭവവേദ്യമാകുന്നു.”
അപ്പോൾ ശഖീഖ് പറഞ്ഞു: “സ്വന്തം യജമാനന്റെ പ്രഹരത്തിന്റെ പേരിൽ നന്ദി കാണിക്കാത്തവൻ സ്വവാദത്തിൽ സത്യസന്ധനല്ല.” ഇതിനോട് റാബിഅ ഒന്നും പ്രതികരിച്ചില്ല. തീർത്തും മൗനിയായി. അപ്പോൾ മാലിക് പറഞ്ഞു: “സ്വന്തം യജമാനന്റെ പ്രഹരത്തിൽ ആനന്ദം കൊള്ളാത്തവൻ തന്റെ വാദത്തിൽ സത്യസന്ധനല്ല.”
എല്ലാവരും പറയുന്നത് അല്ലാഹുവിൽ നിന്നുണ്ടാകുന്ന ഏത് പരീക്ഷണത്തിലും സഹനവും ക്ഷമയും വേണമെന്നാണ്. അതിൻ്റെ തട്ടുകൾ പലതാണ്. നന്ദിപ്രകാശനം മുതൽ ആസ്വാദനം വരെയും അത് ഉയരുന്നു. എങ്കിൽ മാത്രമേ താൻ യജമാനനെ സ്നേഹിക്കുന്നു എന്ന വാദത്തിൽ സത്യസന്ധത പുലർത്തിയവനാകൂ.
മൂവരുടെയും വീക്ഷണം കേട്ട് റാബിഅ പറഞ്ഞു: “ഇതിനേക്കാൾ ഉത്തമമായത് നാം പറയാൻ ഉദ്ദേശിക്കുന്നു. അവർക്ക് ജിജ്ഞാസ ഉണർന്നു. മൂവരും ഒരേ സ്വരത്തിൽ പറഞ്ഞു: “ഭവതീ, പറയൂ.”
റാബിഅ പറഞ്ഞതിങ്ങനെ: “സ്വന്തം യജമാനന്റെ ദർശനത്തിൽ അവൻ്റെ പ്രഹരം മറന്നുപോകാത്തവൻ തന്റെ വാദത്തിൽ സത്യസന്ധനല്ല. ഇതിൽ ഇത്ര അതിശയിക്കാൻ ഒന്നുമില്ല. ഒരു സൃഷ്ടിയുടെ ദർശനത്തിൽ വേദന മറന്ന മിസ്റിലെ സഹോദരിമാരെ ഓർമ്മയുണ്ടല്ലോ. എങ്കിൽ പിന്നെ സ്രഷ്ടാവിന്റെ ദർശനത്തിൽ എല്ലാം മറക്കുക എന്നത് വിദൂരമല്ല. അല്ലാഹുവിൽ വിലയം പ്രാപിക്കുന്നവൻ ഭൗതിക വേദനകളെ മറക്കുന്നു എന്ന് സാരം. യൂസുഫ് നബിയുടെ സൗന്ദര്യത്തിൽ മതിമറന്ന തരുണികൾ കൈകൾ ഛേദിച്ചപ്പോൾ ഉണ്ടായ വേദന മറന്നപോലെ.
അല്ലാഹുവിലുള്ള വിലയം കൊണ്ട് റാബിഅ പല ആത്മഗതങ്ങളും നടത്തുമായിരുന്നു. അധികവും പറയാറുള്ളത് ഇങ്ങനെ: “നാഥാ, നാളെ നരകത്തിലേക്ക് എന്നെ നീ പറഞ്ഞു വിട്ടാൽ നരകം എന്നിൽ നിന്ന് ആയിരം കൊല്ലം ദൂരത്തേക്ക് ഓടി അകലുന്ന രഹസ്യം ഞാൻ വെളിപ്പെടുത്തും." അല്ലാഹുവിനോടുള്ള അടങ്ങാത്ത അനുരാഗത്തിൻ്റെ രഹസ്യമാണതെന്നതിൽ തർക്കമില്ല. അതേ കുറിച്ചുള്ള റാബിഅയുടെ അടയാളപ്പെടുത്തലായിരുന്നു ഇത്.
മറ്റൊരിക്കൽ പറഞ്ഞതിങ്ങനെ: "ഇഹലോകത്തിൽ നിന്ന് വല്ലതും നീ എനിക്ക് വിഹിതം വെച്ചിട്ടുണ്ടെങ്കിൽ അത് നിന്റെ ശത്രുക്കൾക്ക് നൽകുക. പരലോകത്തിൽ നിന്ന് വല്ല വിഹിതവും എനിക്ക് നീ കണക്കാക്കിയിട്ടുണ്ടെങ്കിൽ അത് നിൻ്റ മിത്രങ്ങൾക്കും നൽകുക. എനിക്ക് നീ മാത്രം മതി. മേൽപ്പറഞ്ഞ രണ്ടും ആവശ്യമില്ല.”
“നാഥാ, നരകത്തെ പേടിച്ചാണ് ഞാൻ നിന്നെ ആരാധിക്കുന്നതെങ്കിൽ സ്വർഗം നീ എനിക്ക് നിഷിദ്ധമാക്കുക. നിന്നെ തേടിയാണ് ഞാൻ ആരാധിക്കുന്നതെങ്കിൽ നിൻ്റെ സൗന്ദര്യം എനിക്ക് പ്രത്യക്ഷമാക്കുക. നീ നാളെ എന്നെ നരകത്തിൽ കടത്തിയാൽ ഞാൻ ഇങ്ങനെ വിളിച്ചു പറയും: “ഞാൻ നിന്നെ ഇഷ്ടപ്പെട്ടു. ഇപ്രകാരമാണോ ഒരു ഇഷ്ടപാത്രത്തോട് നീ പ്രവർത്തിക്കുന്നത്?” റാബിഅ ഇത് പറഞ്ഞപ്പോൾ ഒരു അശരീരി ഉയർന്നു കേട്ടു: “ഓ റാബിആ, നീ ഒരിക്കലും നമ്മെക്കുറിച്ച് തെറ്റായ ധാരണ വെക്കാതിരിക്കുക.”
ഒരിക്കൽ പറഞ്ഞത് ഇങ്ങനെ: “എന്റെ നാഥാ, എൻ്റെ കാര്യവും, കഥയും താല്പര്യവുമൊക്കെ ഇഹലോകത്ത് നിൻ്റെ സ്മരണയാകുന്നു. പാരത്രിക ലോകത്ത് നിന്നെ സന്ധിക്കലാകുന്നു. പിന്നീട് നീ ഉദ്ദേശിച്ച എന്തും ചെയ്തോ. എനിക്ക് പ്രശ്നമില്ല.” എല്ലാ രാത്രിയിലെയും ആത്മഭാഷണത്തിൽ റാബിഅ ഇങ്ങനെ പറയും: “എൻ്റെ ഹൃദയത്തെ നീ സാന്നിധ്യമുള്ളതാക്കുക. ഏകാന്തതയിൽ ഹൃദയം നീറുന്നവന്റെ നിസ്കാരത്തെ നീ സ്വീകരിക്കുക."
