എ. ഡി 717ലാണ് റാബിഅ ജനിക്കുന്നത്. ഏകദേശം ഹിജ്റ 100ൽ. പിതാവിൻ്റെ ശിക്ഷണത്തിൽ തന്നെയാണ് വളർന്നത്. മാതാവും മക്കളെ നല്ല കരുതലിൽ തന്നെ വളർത്തി. ചെറുപ്പത്തിൽ ഖുർആൻ മന:പ്പാഠമാക്കി. മറ്റുള്ള ഇസ്ലാമിക ജീവിത ചിട്ടകളും പഠിച്ചെടുത്തു.
ഭൗതികതയോട് താല്പര്യമില്ലാത്ത ജീവിതമായിരുന്നു മാതാപിതാക്കൾ നയിച്ചത്; എന്നാലും ചക്രവർത്തിയുടെ സഹായങ്ങൾ പല ഘട്ടങ്ങളിലായി എത്തിക്കൊണ്ടിരുന്നു. ഒന്നും നിർബന്ധിച്ചു ചോദിക്കാനോ വാങ്ങാനോ പിതാവ് സന്നദ്ധനായിരുന്നില്ല. പക്ഷേ ഈസാ പ്രത്യേക സന്ദർഭങ്ങളിലെല്ലാം പണമായും വസ്തുക്കളായും പാരിതോഷികങ്ങൾ എത്തിച്ചു കൊണ്ടിരുന്നു. അതിനാൽ വലിയ പ്രയാസമില്ലാതെ ജീവിതം മുന്നോട്ടു നീങ്ങി.
റാബിഅ കുറച്ച് വളർന്നതും പിതാവ് ഈ ലോകത്തോട് വിട പറഞ്ഞു. വൈകാതെ മാതാവും യാത്രയായി. സ്വാഭാവികമായും നാല് പെൺകുട്ടികൾ മാത്രം അവശേഷിക്കുന്ന കുടുംബമായി മാറി.
പിതാവിന്റെ മരണത്തോടുകൂടി സഹായങ്ങളും നിലച്ചു. അതിനിടയിലാണ് അതിശക്തമായ ക്ഷാമം ബസ്വറയിൽ കരിനിഴൽ വീഴ്ത്തുന്നത്. റാബിഅയും സഹോദരിമാരും വിശപ്പിന്റെ നീരാളിപ്പിടുത്തത്തിൽ അകപ്പെട്ടു. മരണം മുഖാമുഖം കാണുന്ന സാഹചര്യം വരെ ഉണ്ടായി. പിന്നീട് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അവർ വീടുവിട്ടിറങ്ങി. എങ്ങോട്ടെന്നില്ലാതെ യാത്ര തുടർന്നു. എവിടെയാണ് ജീവിതം കരുപ്പിടിപ്പിക്കുക എന്നറിയില്ലായിരുന്നു. യാത്ര തുടരവെ സഹോദരിമാരുമായി റാബിഅ വേർപ്പെട്ടു. നാല് പേരും നാലിടങ്ങളിലേക്കായി ചിതറി.
എങ്ങോട്ടെന്നില്ലാത്ത അലച്ചിൽ. സഞ്ചാരമധ്യേ ഒരു അധർമ്മി അവരുടെ പിന്നാലെ ചേർന്നു. റാബിഅ പരവശയായിരുന്നു. അവരെ അയാൾ പിടികൂടി. ശാരീരിക ഉപദ്രവമൊന്നും ഏൽപ്പിച്ചില്ല. പക്ഷേ അടിമ ചന്തയിൽ കൊണ്ടുപോയി 6 വെള്ളിക്കാശിന് വിറ്റു; അയാൾക്കും ജീവിക്കണമായിരുന്നു.
അവരെ വാങ്ങിയ ഉടമസ്ഥൻ കർക്കശക്കാരനായിരുന്നു. വളരെ പ്രയാസമുള്ള പണികൾ ഏൽപ്പിച്ചു. കുറഞ്ഞ ഭക്ഷണം മാത്രം നൽകി. സ്വാതന്ത്ര്യം തീരെയില്ലാത്ത ജീവിതം. ഒളിച്ചോടിയാലോ എന്ന ചിന്ത മനസ്സിലുദിച്ചു. അതിനിടയിൽ അപരിചിതനായ ഒരാൾ അവിടെ എത്തിച്ചേർന്നു. അയാൾ കാമവികാരത്തോടെ റാബിഅയെ നിരീക്ഷിച്ചു. വശീകരണ മനസ്സോടെ അയാൾ പിന്നിൽ കൂടുന്നത് മനസ്സിലാക്കിയ റാബിഅ വീട് വിട്ടോടി. അപരിചിതനായതുകൊണ്ടുതന്നെ നാട്ടിലെ വഴികളെക്കുറിച്ച് അയാൾക്ക് ധാരണ ഉണ്ടായിരുന്നില്ല. അതിനാൽ റാബിഅ രക്ഷപ്പെട്ടു. ഓടിത്തളർന്ന് അവർ നിലത്തു വീണു. വീഴ്ചയിൽ കയ്യിന്റെ കുഴ തെറ്റി. കിടന്ന കിടപ്പിൽ ഇങ്ങനെ പ്രാർത്ഥിച്ചു: "അല്ലാഹുവേ. ഞാൻ ദുർബലയാണ്. പരദേശിയാണ്. എനിക്ക് മാതാവില്ല. പിതാവുമില്ല. ഒരധർമ്മിക്ക് കീഴിൽ ബന്ധിയായി ഞാൻ കഴിയുകയാണ്. ഇപ്പോഴിതാ എൻ്റെ കൈ തകർന്നിരിക്കുന്നു. എനിക്ക് പ്രശ്നമില്ല. നീ തന്നതാണെന്ന നിലയ്ക്ക് ഞാനെല്ലാം ഇഷ്ടപ്പെടുകയാണ്. പക്ഷേ എനിക്കൊരു കാര്യം അറിയേണ്ടിയിരിക്കുന്നു, നീ എന്നെ ഇഷ്ടപ്പെടുന്നുണ്ടോ ഇല്ലയോ?”
വികാരഭരിതമായിരുന്നു വാക്കുകൾ. അത്ഭുതം! ഒരു അശരീരി പ്രതികരണമായി വന്നു. "റാബിആ.. നീ വിഷമിക്കേണ്ട. നിനക്ക് അന്ത്യദിനത്തിൽ ഉന്നതമായ പദവിയുണ്ട്. ആകാശവാസികളിൽ സമീപസ്ഥർ പോലും മോഹിച്ചു പോകുന്ന പദവി. അവർ നിൻ്റെ പേരിൽ അസൂയ കൊള്ളും."
ഈ അശരീരി റാബിഅയുടെ മനസ്സിൽ കുളിരു കോരിയിട്ടു. അവർ ഒരു തീരുമാനമെടുത്തു: യജമാനന്റെ അരികിലേക്ക് തിരിച്ചു പോവുക. ഒളിച്ചോടുന്നത് കുറ്റകരമാണ്. ഉടൻ വീട്ടിൽ തിരിച്ചെത്തി. ആവശ്യമായ ചികിത്സകൾ ചെയ്തു. കൈ ശരിപ്പെടുത്തി. പതിവ് പോലെ യജമാനന് ആവശ്യമായ സേവനങ്ങൾ ചെയ്തുകൊണ്ടിരുന്നു. അതോടൊപ്പം ആരാധനാമുറകളിൽ കൂടുതൽ കണിശത പാലിച്ചു; പകലിൽ കഴിവതും നോമ്പും രാത്രി ലഭിക്കുന്ന സമയം നിന്ന് നിസ്കാരവും ശീലമാക്കി.
നാളുകൾ പിന്നിട്ടു. ഒരു രാത്രി യജമാനൻ ഞെട്ടിയുണർന്നു. നോക്കുമ്പോൾ തട്ടിന്റെ മുകളിൽ നിന്ന് ഒരു ശബ്ദം കേൾക്കുന്നു. മെല്ലെ ചെന്ന് നിരീക്ഷിച്ചു. തൻ്റെ അടിമ റാബിഅ സാഷ്ടാംഗത്തിൽ കിടക്കുന്നു. അവൾ ഇങ്ങനെ കേഴുന്നു. "എന്റെ നാഥാ! എൻ്റെ മനസ്സിൻ്റെ താല്പര്യം നിന്നോടൊപ്പം മാത്രമാണുള്ളത്. നിൻ്റെ കൽപ്പന പാലിക്കാനാണ് എപ്പോഴും ആഗ്രഹം; നിൻ്റെ മഹത്വമുറ്റ കവാടത്തിങ്കൽ സേവനം ചെയ്യാനാണ് മോഹം. പക്ഷേ എനിക്ക് പൂർണമായി സമയം ലഭിക്കില്ല. കാരണം നീ എന്നെ പടപ്പുകളിൽ ഒരാൾക്ക് കീഴിൽ അടിമയാക്കിയിരിക്കുകയാണല്ലോ. അയാൾക്ക് സേവനം ചെയ്യേണ്ട ഉത്തരവാദിത്വവും എനിക്കുണ്ടല്ലോ."
യജമാനന് കൗതുകമായി. അദ്ദേഹം നോക്കി നിൽക്കവേ ആകാശ ലോകത്ത് നിന്ന് ഒരു തൂക്കു വിളക്ക് പ്രത്യക്ഷപ്പെട്ടു. മുറി മുഴുവനും പ്രകാശം ചൊരിഞ്ഞു. ആ വിളക്ക് ഒരു ചങ്ങലയിലും ബന്ധിതമായിരുന്നില്ല. ഇതോടുകൂടി യജമാനു ബോധ്യമായി; തന്റെ കീഴിലുള്ള അടിമ വിശേഷപ്പെട്ടവളാണെന്ന്. ഇത്തരം ഒരാളെ സേവനം ചെയ്യിപ്പിക്കുന്നത് ശരിയല്ല. അവളുടെ താൽപര്യപ്രകാരം പറഞ്ഞയക്കുകയാണ് വേണ്ടത്.
നേരം വെളുത്തു. യജമാനൻ റാബിഅയെ വിളിച്ചു. വളരെ മാന്യമായിട്ടാണ് പെരുമാറിയത്. കുശലാന്വേഷണങ്ങൾ നടത്തി. ഒടുവിൽ പറഞ്ഞു: "ഭവതിയെ ഞാൻ അല്ലാഹുവിൻ്റെ പ്രീതിക്കായി മോചിപ്പിക്കുന്നു. താൽപര്യമുണ്ടെങ്കിൽ ഇവിടെ നിൽക്കാം. എല്ലാ സേവനങ്ങളും ഞങ്ങൾ ചെയ്തു തരും. താല്പര്യമില്ലെങ്കിൽ ഇവിടെ വിട്ട് സ്വതന്ത്രമായി പോകാം."
റാബിഅ ഒരു നിമിഷം അന്തിച്ചു നിന്നു. “എന്തു തീരുമാനിക്കണം? ഇറങ്ങണോ? ഇവിടെ നിൽക്കണോ?"
വേണ്ട, സ്വതന്ത്രമായ സഞ്ചാരം, അതുതന്നെയാണ് അനുഗുണം. തൻ്റെ ആത്മീയ കാര്യങ്ങൾ മറച്ചുവയ്ക്കാൻ അതാണ് നല്ലത്. റാബിഅ പറഞ്ഞു: "ക്ഷമിക്കണം! ഞാൻ യാത്രയാവുകയാണ്. വല്ല അനിഷ്ടവും സംഭവിച്ചിട്ടുണ്ടെങ്കിൽ പൊറുക്കണം." നിറകണ്ണുകളോടെ യജമാനന്റെ കുടുംബം റാബിഅയെ യാത്രയാക്കി.
