ഹജ്ജ് കഴിഞ്ഞു റാബിഅ മടങ്ങിയത് ബസ്വറയിലേക്കായിരുന്നു. മക്ക മനസ്സിൽ നിന്ന് മാഞ്ഞില്ല. ഹജ്ജിന്റെ ഓർമ്മകൾ മനസ്സിനെ പിടിച്ചുലച്ച് കൊണ്ടിരുന്നു. അടുത്ത വർഷം തന്നെ വീണ്ടും പോകണമെന്ന ചിന്ത ഉണർന്നു. ഹജ്ജ് കാലം എത്തി. യാത്ര ആരംഭിച്ചു. പക്ഷേ ഇത്തവണത്തെ യാത്ര സുദീർഘമായിരുന്നു. അവർ താഴ്വരയിൽ പ്രവേശിച്ചു. ആത്മീയമായ അലച്ചിലിന്റെയും അനുഭൂതിയുടെയും സഞ്ചാരം കൂടിയായിരുന്നു അത്. അതുകൊണ്ടുതന്നെ മക്കയിലെത്താൻ സപ്ത വർഷമെടുത്തു.
ഏഴുവർഷം നീണ്ട കാലമാണ്. പക്ഷേ റാബിഅയെ സംബന്ധിച്ച് അല്ലാഹുവിൽ അലിഞ്ഞതിനാൽ വളരെ ചുരുങ്ങിയ കാലയളവായി തോന്നി. അറഫാത്തിൽ എത്തിയപ്പോൾ അവർ ഒരു അശരീരി കേട്ടു: "റാബിആ.. നീ എന്താണ് ലക്ഷ്യമാക്കുന്നത്. എന്നെയാണ് ലക്ഷ്യമെങ്കിൽ നിനക്ക് എൻ്റെ മഹത്വത്തിൻ്റെ പ്രകാശനം നൽകാം. പക്ഷേ ഉപ്പ് വെള്ളത്തിൽ അലിഞ്ഞുപോകും പോലെ നീ അലിഞ്ഞു പോകും."
റാബിഅ പ്രതികരിച്ചു: "നാഥാ.. എനിക്ക് അത്തരം സ്ഥാനങ്ങൾക്കൊന്നും ആവതില്ല. ഞാൻ നിന്നിൽ നിന്ന് തേടുന്നത് ആത്മീയമായ ആശ്രയത്തിന്റെ ഒരു കണിക മാത്രം.” ശബ്ദം വീണ്ടും ഉയർന്നു കേട്ടു: “ആശ്രയം നല്ലതു തന്നെ. അത് മഹാത്മാക്കളുടെ വഴിയാണ്. പക്ഷേ അവർ ലക്ഷ്യത്തിലെത്താൻ ഒരു മുടിയുടെ നീളം ബാക്കിനിൽക്കെ അവസ്ഥ അവതാളത്തിലായ എത്രയോ അനുഭവങ്ങളുണ്ട്. അതോടെ പരമ ലക്ഷ്യത്തിൽ നിന്ന് തെറ്റും. പക്ഷേ നീ എഴുപതോളം വരുന്ന തിരശ്ശീലകൾക്കും ആത്മ സ്ഥാനത്തിനും ഇടയിലാണുള്ളത്.”
റാബിഅയുമായി അശരീരി ഇങ്ങനെ സംവദിച്ചുകൊണ്ടിരുന്നു. തീർത്തും വ്യക്തിഗതമായ അനുഭവമായിരുന്നു ഇത്. ആത്മജ്ഞാനികൾക്ക് ലഭിക്കുന്ന ഒരുതരം വെളിപാടിൻ്റെ ഭാഗമായിട്ടുളളത്. ഒടുവിൽ റാബിഅ പറഞ്ഞു: "നാഥാ.. അനുരാഗികളുടെ വിജയപദത്തിന് ഒരു ഉപമ കാണിച്ചുതരൂ... ഇത് പറഞ്ഞതോടെ റാബിഅക്ക് മെൻസസ് ഉണ്ടായി. അതോടെ അവർ അശുദ്ധിയിലേക്ക് പ്രവേശിച്ചു.
അപ്പോൾ ശബ്ദം ഉയർന്നുകേട്ടു: “റാബിആ.. ഇപ്പോൾ മനസ്സിലായില്ലേ. ഏഴു കൊല്ലം നീണ്ട യാത്രക്കൊടുവിൽ വിശുദ്ധഗേഹം സന്ദർശിക്കാൻ നീ എത്തുന്നു. പക്ഷേ അടുത്തു വന്നതും തീർത്തും വ്യക്തിപരമായ കാരണത്താൽ നിനക്ക് വാതിൽ കൊട്ടിയടയ്ക്കപ്പെടുന്നു. അഥവാ അശുദ്ധിയായതു കാരണം ഇനി വിശുദ്ധഗേഹത്തിലേക്ക് പ്രവേശനമില്ല. വളരെ മോഹിച്ചുവന്ന് ഇപ്പോൾ നിനക്ക് മുമ്പിൽ തടസ്സം വീണിരിക്കുന്നു.”
ആകെ പരിഭ്രമിച്ച റാബിഅ ഇങ്ങനെ പറഞ്ഞു: "നാഥാ.. നീ എൻ്റെ വീട്ടിൽ എന്നെ നിർത്തിയില്ല. ഇപ്പോൾ നിൻ്റെ വീട്ടിൽ എന്നെ സ്വീകരിക്കുന്നുമില്ല. ഒന്നുകിൽ ബസ്വറയിൽ, എൻ്റെ ഭവനത്തിൽ സ്വസ്ഥമായി താമസിക്കാൻ എന്നെ വിടുക. അതല്ലെങ്കിൽ നിന്റെ ഭവനത്തിൽ പ്രവേശിക്കാൻ എനിക്ക് അവസരം നൽകുക. കഅ്ബ നിൻ്റെ ഭവനമാണല്ലോ പക്ഷേ യഥാർഥത്തിൽ നിൻ്റെ ഭവനം അല്ല എൻ്റെ ലക്ഷ്യം. മറിച്ച് ഭവനത്തിന്റെ ഉടമസ്ഥനായ നീയാണ്. പക്ഷേ നിൻ്റെ ഭവനത്തിൽ കടക്കാൻ ഞാൻ അർഹയല്ല.” ആത്മീയമായ ഇത്തരം ഭാഷണങ്ങൾ തുടർന്നു.
റാബിഅ പിന്നീട് ബസ്വറയിലേക്ക് മടങ്ങി. ബസ്വറയിൽ ഏകാന്തത വാരിപ്പുണർന്നു. പരിപൂർണ്ണമായി ആരാധനാമുറകളിലേക്ക് നീങ്ങി.
