ബസ്വറയിലെത്തിയ റാബിഅ ആത്മീയ കാര്യങ്ങളിൽ അതിയായ ആനന്ദം കണ്ടെത്തി. നിസ്കാരം ഏറ്റവും വലിയ ഹോബിയായി കണക്കാക്കി. നിദ്രയെ വകഞ്ഞു മാറ്റി രാവുകളെ പകലാക്കി. ഒരു ദിവസം അനിയന്ത്രിതമായി ഉറക്കിൽ പെട്ട് അവർ മുഖം കുത്തി വീണു. ആ വീഴ്ചയിൽ പായയിലെ ഈർക്കിലി കണ്ണിൽ കൊണ്ടു, രക്തം പൊടിഞ്ഞു.
പക്ഷേ നിസ്കാരത്തിൻ്റെ ആനന്ദത്തിൽ അവർ അത് അറിയാതെ പോയി. നിസ്കാരത്തിൽ നിന്ന് വിരമിച്ച ശേഷമാണ് അത്തരമൊരു സംഭവം തന്നെ അവർ അറിയുന്നത്. റാബിഅയുടെ ഖ്യാതി നാൾക്കുനാൾ വർധിച്ചു. ആധ്യാത്മ ഗുരുക്കൾ പലരും ആ സവിധത്തിൽ എത്തിച്ചേർന്നു. ആവശ്യമായ മറ പാലിച്ച് ആത്മീയ സംഭാഷണങ്ങളിൽ ഏർപ്പെട്ടു. റാബിഅയിൽ നിന്ന് അവർ നുകർന്നെടുത്തത് വെളിപാട് ജ്ഞാനത്തിന്റെ പുത്തൻ ചിന്തകളായിരുന്നു.
അകക്കണ്ണുകൊണ്ട് പലതും കാണാൻ അവർക്ക് സാധിച്ചു. അല്ലാഹു ഇഷ്ടപ്പെട്ടവർക്ക് തുറന്നുകൊടുക്കുന്ന അദൃശ്യതയുടെ വാതായനത്തിലൂടെ അവർക്കും പ്രവേശനമുണ്ടായി. ഒരിക്കൽ രണ്ട് പ്രമുഖ ഗുരുക്കന്മാർ റാബിഅയെ സന്ദർശിക്കാൻ വന്നു. അവർക്ക് ശക്തമായ വിശപ്പുണ്ട്. ഭക്ഷണം കഴിച്ചിട്ട് കുറേയായി. വഴിയിൽ വച്ച് അവർ പരസ്പരം പറഞ്ഞു: "ഭവതി നമുക്ക് വല്ല ഭക്ഷണവും നൽകി സൽക്കരിക്കാൻ സാധ്യതയുണ്ട്." അവർ റാബിഅക്കരികിൽ എത്തിച്ചേർന്നു. വിരിക്കപ്പുറത്തിരുന്നു. ഭക്ഷണത്തിൻ്റെ കാര്യമൊന്നും ചർച്ചയായില്ല.
പക്ഷേ റാബിഅ അവരുടെ മനം തിരിച്ചറിഞ്ഞു. അവർക്കായി രണ്ട് പത്തിരി നൽകി സൽക്കരിച്ചു. ആകെ തൻ്റെ കൈവശമുള്ളത് അത് മാത്രമായിരുന്നു. അവർക്ക് സന്തോഷമായി. ശക്തമായ വിശപ്പുണ്ട്. അവർ തിന്നാൻ വേണ്ടി നിന്നതും വാതിലിൽ ഒരു യാചകൻ പ്രത്യക്ഷപ്പെട്ടു. ബീവി ഉടൻ ആ രണ്ട് പത്തിരികളുമെടുത്ത് ആ പാവപ്പെട്ട മനുഷ്യന് നൽകി. അതിഥികൾ ഇതുകണ്ട് അന്തിച്ചുനിന്നു. പക്ഷേ അവർ ഒന്നും മിണ്ടിയില്ല. അതിഥികളോടുള്ള മര്യാദ റാബിഅ പാലിച്ചില്ലേ എന്ന തോന്നൽ അവർക്കുണ്ടായി. കുറച്ചു സമയം അങ്ങനെ കടന്നുപോയി. അപ്പോഴുണ്ട് ഒരു പെൺകുട്ടി ഒരു പാത്രവുമായി കടന്നു വരുന്നു; നല്ല ഫ്രഷ് പത്തിരികളുമായിട്ടാണ് വരുന്നത്. കുറെയധികം പത്തിരികളുണ്ട്. ആ കുട്ടി പറഞ്ഞു: "എന്റെ യജമാനത്തി ഇവിടത്തേക്ക് തന്നയിച്ചതാണിത്." ഉടൻ റാബിഅ പത്തിരി വാങ്ങി. എണ്ണി നോക്കി. പതിനെട്ടെണ്ണമാണുള്ളത്. അവ ആ പെൺകുട്ടിക്ക് തിരിച്ചു കൊടുത്തിട്ട് റാബിഅ പറഞ്ഞു: "ഇത് നിൻ്റെ യജമാനത്തി തന്നയച്ച എണ്ണം പൂർണമായിട്ടില്ല." ആ പെൺകുട്ടി ഒന്ന് പരുങ്ങിയെങ്കിലും ഉറച്ച് പറഞ്ഞു: "ഇതാണ് തന്നയച്ചത്, ഇതു ഭവതി സ്വീകരിക്കണം". പക്ഷേ എന്തു പറഞ്ഞിട്ടും അവർ സ്വീകരിക്കാൻ കൂട്ടാക്കിയില്ല. അപ്പോൾ പെൺകുട്ടി പത്തിരിയുമായി മടങ്ങിപ്പോയി. ഉടൻ തന്നെ തിരിച്ചുവന്നു. വീണ്ടും പത്തിരികൾ നിറച്ച പാത്രം നൽകി. റാബിഅ അതു വാങ്ങി എണ്ണി നോക്കി. 20 പത്തിരികളുണ്ട്.! പുഞ്ചിരി തൂകി അവർ പറഞ്ഞു, "ഇപ്പോൾ നിൻ്റെ യജമാനത്തി കൊടുത്തയച്ച എണ്ണം കൃത്യമായി ഉണ്ട്.” പിന്നെ താമസിച്ചില്ല. ആ പത്തിരികൾ അതിഥികൾക്ക് മുമ്പിലേക്ക് വച്ചു. പക്ഷേ അവർ അൽഭുതംകൂറി ഇരിപ്പാണ്.
എന്താണ് ഇവിടെ സംഭവിച്ചത് ? റാബിഅ കാണിച്ചതും റാബിഅയുടെ അവസ്ഥയും അവർക്ക് വിശദീകരണം കിട്ടാത്ത പ്രഹേളികയായി. അവർ രണ്ടുപേരും പത്തിരികൾ തിന്നാൻ തുടങ്ങി. കൂട്ടത്തിൽ അവർ റാബിഅയോട് ചോദിച്ചു: “എന്താണ് ഇവിടെ നടന്നതിന്റെ രഹസ്യം? ഞങ്ങൾ പത്തിരികൾ തിന്നാൻ ആശവെച്ച് നിൽക്കുമ്പോഴാണ് ഭവതി എണ്ണുന്നതും തിരിച്ചു കൊടുക്കുന്നതും, രണ്ടാമത് കൊണ്ടുവന്നപ്പോൾ എണ്ണി തിരിച്ചു വാങ്ങുന്നതും. ആദ്യത്തെ തവണ എണ്ണം പൂർണ്ണമല്ല എന്നു പറഞ്ഞു. രണ്ടാമത്തെ തവണ പൂർണ്ണമാണെന്നും പറഞ്ഞു. എന്താണ് രഹസ്യം?”
അപ്പോൾ റാബിഅ ചിരിച്ചുകൊണ്ട് പറഞ്ഞു: “രഹസ്യം ഇതാണ്. നിങ്ങൾ രണ്ടുപേരും എൻ്റെ അരികിലേക്ക് വന്നപ്പോൾ തന്നെ ഞാൻ മനസ്സിലാക്കി; നിങ്ങൾ വിശന്നു പൊരിഞ്ഞവരാണെന്ന്. എങ്ങനെ രണ്ടു പത്തിരി മാത്രം നൽകി നിങ്ങളെ സൽക്കരിക്കുമെന്നുള്ള ആധി എന്നെ പിടികൂടി. അപ്പോഴാണ് യാചകൻ കടന്നുവരുന്നത്. ഞാൻ അയാൾക്ക് ആ രണ്ടു പത്തിരി നൽകി. ആ സമയത്ത് മനസ്സിൽ ഇങ്ങനെ കരുതി; പകരം ഇരുപത് പത്തിരി തിരിച്ചു കിട്ടണം. കാരണം അല്ലാഹു പറഞ്ഞിട്ടുള്ളത്. "ഒരു നന്മ ചെയ്താൽ പത്തിരട്ടി ഉണ്ട് " എന്നാണല്ലോ.
“അപ്പോഴാണ് പെൺകുട്ടി 18 പത്തിരിയുമായി വരുന്നത്. എനിക്കു മനസ്സിലായി; അതിൽ നിന്ന് രണ്ടു പത്തിരി അവൾ കൈവശപ്പെടുത്തിയിട്ടുണ്ടാകുമെന്ന്. എന്റെ ധാരണ തെറ്റിയില്ല. രണ്ടാം തവണ അവൾ കൃത്യമായി 20 പത്തിരികൾ എത്തിച്ചു. അതുകൊണ്ട് ഞാനത് സ്വീകരിച്ചു. ഇതാണ് സംഭവിച്ചതിന്റെ രഹസ്യം.” റാബിഅ പറഞ്ഞു നിർത്തി. അതിഥികൾ ആശ്ചര്യം പൂണ്ടിരുന്നു. അല്ലാഹുവിലുള്ള റാബിഅയുടെ സമർപ്പണത്തിൻ്റെ മാറ്റ് അവർ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു ഇത്.
