ഒരിക്കൽ റാബിഅതുൽ അദവിയ്യ ഏഴു ദിവസം നോമ്പെടുത്തു. ഭക്ഷണമൊന്നും കിട്ടാത്തതിനാൽ രാത്രിയും നോമ്പു തുടരുകയായിരുന്നു. പകലോ രാത്രിയോ ഉറങ്ങിയില്ല. രാത്രി സമയം നിസ്കാരത്തിൽ ആനന്ദം കണ്ടെത്തി. പക്ഷേ പരിധിവിട്ടപ്പോൾ വിശപ്പിന്റെ വിളിയാളമുയർന്നു. എന്തുചെയ്യുമെന്നറിയാതെ ഇരിക്കുന്ന സമയത്താണ് വാതിലിൽ മുട്ട് കേട്ടത്. തുറന്നു നോക്കുമ്പോൾ ഒരു വ്യക്തി എന്തോ ആഹാരവുമായി വന്നിരിക്കുന്നു. സന്തോഷത്തോടെ സ്വീകരിച്ചു. കഴിക്കാനുള്ള ആർത്തി മനസ്സിൽ അലയടിച്ചു. അവർ വിളക്ക് കത്തിക്കാൻ വേണ്ടി പോയി. മടങ്ങി വന്നപ്പോൾ ഭക്ഷണപാത്രം നിലത്തു മറിഞ്ഞു കിടക്കുന്നു. ഒന്നും കഴിക്കാൻ യോഗ്യമല്ലാത്ത വിധം നശിച്ചിരിക്കുന്നു. അത് ഗ്രേവീ ടൈപ് ഭക്ഷണമായിരുന്നു.
ഇനി വെള്ളം മാത്രം ശരണം. വെള്ളത്തിൻ്റെ കൂജ കയ്യിലെടുത്തതും വിളക്കണഞ്ഞതും ഒന്നിച്ചായിരുന്നു. പരിഭ്രമത്തിൽ കൂജ കയ്യിൽനിന്നും നിലത്തു വീണു. പൊട്ടിത്തകർന്നുപോയി. ഉണ്ടായിരുന്നതൊക്കെയും നഷ്ടമായിരിക്കുന്നു. റാബിഅയിൽ നിന്ന് ഒരു തേങ്ങലുയർന്നു. ശ്വാസനിശ്വാസങ്ങൾ റൂമിനെ കരിച്ചു കളയുന്ന രൂപത്തിൽ തീക്ഷ്ണമായി. റാബിഅ കരഞ്ഞുകൊണ്ടു പറഞ്ഞു: "നാഥാ.. ഈ ദുർബലയും സാധുവുമായ എന്നോട് എന്തിനാണ് നീ ഇങ്ങനെ ചെയ്യുന്നത് ?”ആ സമയം ഒരു അശരീരി ഉയർന്നു: റാബിആ! നീ ഇഹലോകത്തെ മുഴുവനും ലക്ഷ്യം വെച്ചാൽ നിനക്ക് മുമ്പിൽ അതെത്തിക്കാൻ നമുക്ക് കഴിയും. പക്ഷേ അതോടുകൂടി നിൻ്റെ ഹൃദയത്തിൽ നിന്നും നമ്മോടുള്ള പേടിയും അനുരാഗവും ഇറങ്ങിപ്പോകും. ഭൗതിക സുഖവും നമ്മോടുള്ള ഭയവും ഒന്നിച്ച് ഒരു ഹൃദയത്തിൽ വാഴില്ല. റാബിആ! നിനക്ക് ഒരു ഉദ്ദേശ്യമുണ്ട്. നമുക്കും ഒരു ഉദ്ദേശ്യമുണ്ട്. രണ്ട് ഉദ്ദേശ്യങ്ങളും കൂടി എങ്ങനെ സംഗമിക്കാനാണ്?”
റാബിഅ പറയുന്നു: “ഈ സംഭാഷണം എൻ്റെ ഹൃദയത്തിൽ തറച്ചു. ഭൗതികതയോടുള്ള എല്ലാ ബന്ധങ്ങളും അതോടെ ഇല്ലാതായി. എൻ്റെ എല്ലാ താൽപര്യങ്ങളും അസ്തമിച്ചു. പിന്നീട് മുപ്പത് കൊല്ലം ഞാൻ നിസ്കരിച്ചു. ഓരോ നിസ്കാരത്തിലും പറഞ്ഞിരുന്നത് “ഇത് എൻ്റെ അവസാനത്തെ കർമമാണ്. അന്ത്യ നിസ്കാരമാണ് എന്നായിരുന്നു.”
പിന്നീട് ഞാൻ ജനങ്ങളിൽ നിന്ന് അകന്നു. ആരുമായും ഒരു സഹവാസവുമില്ലാതെ ജനസമ്പർക്കത്തിൽ നിന്ന് ഓടിയൊളിച്ചു.
ഒരിക്കൽ ഒരു സംഘം സാത്വികർ റാബിഅയെ കണ്ടുമുട്ടി. അവരിൽ ഓരോരുത്തരോടും റാബിഅ പലകാര്യങ്ങളും ചോദിച്ചു. ഒരാളോട് ചോദിച്ചത് ഇങ്ങനെ: “താങ്കൾ എന്തിനുവേണ്ടിയാണ് അല്ലാഹുവിനെ ആരാധിക്കുന്നത്?” അയാൾ പ്രതികരിച്ചു: “നരകത്തിന്റെ തട്ടുകൾ വലുതും ഭയാനകവുമാണ്. എല്ലാ പടപ്പുകളും അത് വിട്ടുകടക്കേണ്ടതായിട്ടുണ്ട്. ഞാൻ ഭയപ്പെടുന്നത് അത് വിട്ടു കടക്കാനുള്ള സമയം എനിക്ക് ശേഷിക്കുമോ എന്നതാണ്. അതുകൊണ്ട് ഞാൻ നരകത്തെ പേടിച്ചു അല്ലാഹുവിനെ ആരാധിക്കുന്നു.”
ഇതേ ചോദ്യം സംഘത്തിലെ മറ്റൊരാളോട് ചോദിച്ചു. അദ്ദേഹത്തിൻ്റെ മറുപടി ഇങ്ങനെയായിരുന്നു. “സ്വർഗീയ പദവികൾ വളരെ ഉയർന്നതാണ്. മെച്ചപ്പെട്ട സുഖസൗകര്യത്തിലുള്ളതാണ്. ആ സ്വർഗ്ഗ സുഖം സമ്പാദിക്കാനാണ് ഞാൻ അല്ലാഹുവിനെ ആരാധിക്കുന്നത്.”
രണ്ട് അഭിപ്രായങ്ങളും കെട്ടശേഷം റാബിഅ പറഞ്ഞു: “ഒരു അടിമയ്ക്ക് എങ്ങനെ നരകത്തെ പേടിച്ചും സ്വർഗ്ഗത്തെ കൊതിച്ചും ആരാധിക്കാനാകും?” ആഗതർക്ക് ഈ ചോദ്യം കൗതുകമായി തോന്നി. അവർ ആശ്ചര്യപ്പെട്ടു ചോദിച്ചു. “ഭവതീ, നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുന്നത് എന്തിനുവേണ്ടിയാണ് ?”
റാബിഅ പ്രതികരിച്ചു: “ഞാൻ ആരാധിക്കുന്നത് അവനു വേണ്ടിയാണ്. അവനെ ആരാധിക്കണമെന്ന അവൻ്റെ ആജ്ഞ മാത്രം മതിയല്ലോ നമുക്ക് ആരാധിക്കാൻ. സ്വർഗ്ഗവും നരകവും ഇല്ലെങ്കിലും അവനുള്ള ആരാധന നമുക്ക് നിർബന്ധം തന്നെ. കാരണം അവൻ ആരാധനയ്ക്ക് അർഹനാണ്. നാം അവൻ്റെ അടിമത്വത്തിന് വിധേയരും.”
റാബിഅയെ സന്ദർശിക്കാൻ വന്ന ഒരു വ്യക്തി അവർ കഷണം വെച്ച വസ്ത്രം ധരിച്ചിരിക്കുന്നത് കണ്ടിട്ട് പറഞ്ഞു: “ഭവതീ, ഇവിടെ എത്രയോ മനുഷ്യരുണ്ട്. അവരിൽ ആരോടെങ്കിലും ചോദിച്ചാൽ ആവശ്യമുള്ളത് തരില്ലേ. അവർ തിരിഞ്ഞുനോക്കില്ലേ.”
റാബിഅയുടെ മറുപടി ഇതായിരുന്നു: “ഈ ലോകത്തിൻ്റെ ഉടമസ്ഥനോടും രാജാവിനോടും തന്നെ ചോദിക്കാൻ എനിക്ക് നാണമാണ്. അവൻ ഉദ്ദേശിച്ചവർക്ക് നൽകും. ഉദ്ദേശിച്ചവർക്ക് തടയും. എങ്കിൽ പിന്നെ കൈ ശൂന്യനായ മനുഷ്യരോട് ഞാൻ എന്ത് ചോദിക്കാനാണ്?”
ആഗതന്റെ അത്ഭുതം ഇരട്ടിച്ചു. അയാൾ പറഞ്ഞു: “ഈ വൃദ്ധ മാതാവിൻ്റെ മനക്കരുത്ത് അപാരം തന്നെ. അല്ലാഹുവിൽ അല്ലാതെ ഒരു സമയവും അവർ ചെലവഴിക്കുന്നില്ല. മറ്റൊന്നു കൊണ്ടും വ്യാപൃതയാകാൻ അവരെ കിട്ടുകയുമില്ല. അത്ഭുതം തന്നെ.”
