മസ്ജിദുന്നബവിയിൽ സമൂഹ നിസ്കാരം നടക്കുകയാണ്. എല്ലാവരും സാഷ്ടാംഗത്തിലാണ് (സുജൂദിൽ). തിരുനബിയാണ് ഇമാം. കുറേ നേരമായിട്ടും സുജൂദിൽനിന്ന് നബി തല ഉയർത്തുന്നില്ല. അനുചരർക്ക് പേടിയായി; എന്തുപറ്റി തിരുനബിക്ക്? വല്ല അപകടവും സംഭവിച്ചോ? ശദ്ദാദ്ബ്നുൽ ഹാദ് മെല്ലെ തലയുയർത്തി നോക്കി. അപ്പോൾ നബിയുടെ പുറത്ത് പേരക്കിടാവ് ഹസൻ ഇരിക്കുന്നു! പള്ളിയിലേക്ക് വന്നപ്പോൾ ഹസനെയും കൂട്ടിവന്നതായിരുന്നു. നിസ്കാരം കഴിഞ്ഞപ്പോൾ ആളുകൾ ചോദിച്ചു: "ഇന്ന് സുജൂദ് കുറെ നീണ്ടുപോയല്ലോ? എന്തോ പറ്റിയെന്ന് ഞങ്ങൾക്ക് തോന്നിപ്പോയി! അതോ ദിവ്യബോധനം (വഹിയ്) ഇറങ്ങുകയായിരുന്നോ?"
തിരുനബി പറഞ്ഞു: "ഒന്നും സംഭവിച്ചിട്ടില്ല; എൻ്റെ മോൻ എന്നെ വാഹനമാക്കി. അവൻ മതിവരുവോളം പുറത്തിരിക്കട്ടെ എന്ന് ഞാൻ കരുതി. അവൻ ഇറങ്ങിയപ്പോഴാണ് ഞാൻ സുജൂദിൽ നിന്ന് ഉയർന്നത്."
ദൈവാരാധനയിൽ (ഇബാദത്ത്) മുഴുകുമ്പോഴും മക്കളെ സന്തോഷിപ്പിക്കുകയും അതിൻ്റെ മഹത്വം തന്റെ അനുയായികൾക്ക് (ഉമ്മത്ത്) ബോധ്യപ്പെടുത്തുകയും ചെയ്യുന്ന വത്സല പിതാവിനെ നാം ഇവിടെ കാണുന്നു! മക്കൾ ദാരിദ്ര്യത്തിൻ്റെയും അപമാനത്തിൻ്റെയും ചിഹ്നങ്ങളായി കണക്കാക്കിയിരുന്ന കാലത്താണ് ഇതെന്നോർക്കണം. ചിലരെങ്കിലും അപമാനഭാരത്താൽ പെൺകുട്ടികളെ ജീവനോടെ കുഴിച്ചുമൂടുന്ന കാലം! പെൺകുട്ടികളുടെ മാത്രമല്ല, ആൺകുട്ടികളുടെയും പിതാവാകുക എന്നത് അഭിമാനമായോ ആഘോഷമായോ കാണാതിരുന്ന കാലം.
അശ്അസ് ബിൻ ഖൈസ് തിരുനബിയുടെ അടുക്കലേക്ക് വന്നപ്പോൾ അവിടുന്ന് ചോദിച്ചു: "നിനക്ക് മക്കളുണ്ടോ?"
"ഞാൻ ഇവിടേക്ക് വരുമ്പോൾ വഴിയിൽവെച്ച് എനിക്കൊരു കുഞ്ഞ് പിറന്നിട്ടുണ്ട് എന്നറിയാൻ സാധിച്ചു. കൂട്ടുകാരോടൊപ്പം ഒരു ഡിന്നർ കഴിക്കുന്നതാണ് എനിക്കൊരു കുഞ്ഞുണ്ടാകുന്നതിനേക്കാൾ സന്തോഷദായകം!" അദ്ദേഹം പ്രതികരിച്ചു. ഇതുകേട്ടപ്പോൾ മുത്തുനബി ഇടപെട്ടു:
"ഒരിക്കലും അങ്ങനെ പറയരുത്. അവർ നമുക്ക് കൺകുളിർമകളാണ്. അഥവാ ഇനി മരിക്കുകയാണെങ്കിൽതന്നെ നമുക്ക് ക്ഷമിച്ചതിൻ്റെ പേരിൽ പ്രതിഫലവും ലഭിക്കും."
ഇസ്ലാമിലേക്ക് എത്തിയിട്ടും ജനങ്ങളിൽ അവശേഷിച്ച പഴയകാല അനാചാരങ്ങളുടെ (ജാഹിലിയ്യ സംസ്കാരം) അനുരണനങ്ങളെ പിഴുതുമാറ്റുകയാണ് തിരുനബി. പേരക്കിടാവ് ഹസനെ തിരുനബി ചുംബിക്കുന്നത് കണ്ട ഒരു ഗ്രാമവാസി അത്ഭുതത്തോടെ ചോദിച്ചു:
"നിങ്ങളൊക്കെ നിങ്ങളുടെ കുഞ്ഞുങ്ങളെ ചുംബിക്കാറുണ്ടോ? എനിക്ക് പത്ത് മക്കൾ ഉണ്ടായിട്ട് ഞാൻ ഒന്നിനെയും ഇതുവരെ ചുംബിച്ചിട്ടില്ല."ഇതുകേട്ട് തിരുനബി കുപിതനായി:
"അല്ലാഹു നിൻ്റെ മനസ്സിൽനിന്ന് കാരുണ്യത്തെ ഊരിയെടുത്തിട്ടുണ്ടെങ്കിൽ എനിക്കെന്തു ചെയ്യാൻ പറ്റും? കാരുണ്യം ചെയ്യാത്തവരിൽനിന്ന് കാരുണ്യം ലഭിക്കുകയില്ലതന്നെ!"
കുഞ്ഞു പിറന്നാൽ അതൊരു സ്വകാര്യമായി വെക്കരുത്, സുഹൃത്തുക്കളെയും ബന്ധുക്കളെയും ആ സന്തോഷവാർത്ത അറിയിക്കണം എന്നാണ് അവിടുന്ന് പഠിപ്പിച്ചത്. ഇബ്രാഹിം എന്ന കുഞ്ഞുണ്ടായപ്പോൾ അവിടുന്ന് അനുചരർക്കിടയിലേക്ക് ഇറങ്ങിവന്ന് സന്തോഷം പറഞ്ഞു: "ഇന്നലെ രാത്രി എനിക്കൊരു കുഞ്ഞ് പിറന്നു, എൻ്റെ ഉപ്പാപ്പ ഇബ്രാഹിമിൻ്റെ പേരാണ് അവന് ഞാൻ നാമകരണം ചെയ്തത്."
അശ്അസിൻ്റെ നിലപാടിൽനിന്ന് തിരുനബിയുടെ പാഠങ്ങളിലേക്കുള്ള ദൂരം എത്രയുണ്ടെന്ന് നോക്കൂ. കുട്ടികളോടുള്ള ദാക്ഷിണ്യം പ്രകടിപ്പിക്കുന്നതിന് ഔദ്യോഗികതയുടെ ഔപചാരികതകൾ തിരുനബിയെ വിലക്കിയില്ല. നിസ്കാരത്തിൻ്റെ കഥ നാം തുടക്കത്തിൽ പറഞ്ഞുവല്ലോ, അത് പക്ഷേ പലരും കണ്ടിട്ടില്ല. എന്നാൽ എല്ലാവരെയും സാക്ഷിയാക്കി മക്കളോടുള്ള കനിവ് അണപൊട്ടിയൊഴുകിയ ഒരു രംഗം കണ്ടുനോക്കൂ.
മസ്ജിദുന്നബവിയിലെ മിമ്പറിൽ വെച്ച് തിരുനബി ജുമുഅ പ്രഭാഷണം (ഖുതുബ) നടത്തുകയാണ്. അപ്പോഴുണ്ട് കുഞ്ഞിളം പ്രായത്തിലുള്ള പേരമക്കൾ ഹസൻ, ഹുസൈൻ എന്നിവർ ചുവന്ന നീളക്കുപ്പായം ധരിച്ച് നടന്നുവരുന്നു. ഇടയ്ക്കിടെ വീഴുന്നുമുണ്ട്. ജനാവലിയോട് ഖുത്തുബ നടത്തിക്കൊണ്ടിരിക്കുന്ന തിരുനബി പെട്ടെന്ന് ഖുതുബ നിർത്തി. മിമ്പറിൽനിന്ന് ഇറങ്ങി. രണ്ടു കുഞ്ഞുങ്ങളെയും വാരിയെടുത്തു. മിമ്പറിലേക്ക് തന്നെ കയറി, രണ്ടുപേരെയും തൻ്റെ മുന്നിലിരുത്തി. അവിടുന്ന് പറഞ്ഞു:
"കുട്ടികൾ നടക്കുന്നതും വീഴുന്നതും കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല. അതുകൊണ്ടാണ് ഞാൻ ഖുതുബ നിർത്തിവെച്ച് അവരെ ഇങ്ങെടുത്തത്. അല്ലാഹു പറഞ്ഞതത്രെ ശരി: 'നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ഒരു പരീക്ഷണമാണ്...'"
ഈ ഹദീസിനെ വിശകലനം ചെയ്യുന്നിടത്ത് പണ്ഡിതർ ചില പ്രശ്നങ്ങൾ ഉന്നയിച്ചിട്ടുണ്ട്: കുഞ്ഞുങ്ങൾ വീഴുന്നത് കാണുമ്പോഴേക്കും ജുമുഅ ഖുതുബ നിർത്തി അവരെ ശ്രദ്ധിക്കാൻ പറ്റുമോ? അതുകൊണ്ട് ഖുതുബ അസാധുവാകുമോ? അസാധുവാകുന്നില്ലെങ്കിൽതന്നെ, ആരാധനകളുടെ കാര്യത്തിനേക്കാൾ ഭൗതിക വിഷയങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുക എന്നത് അനുചിതമല്ലേ? അപ്പോൾ അങ്ങനെ ചെയ്യാമോ?
ജുമുഅ ഖുതുബതന്നെയാണോ അവിടെ നടന്നിരുന്നത് എന്നത് ഹദീസിൽനിന്ന് വ്യക്തമല്ല. അങ്ങനെ ധരിച്ചുകൊണ്ടാണ് ചിലർ ഈ ഹദീസ് ഉദ്ധരിച്ചിട്ടുള്ളത്. ഇമാം നസാഇ ശീർഷകം നൽകിയിട്ടുള്ളതുതന്നെ ജുമുഅ ഖുതുബയുമായി ബന്ധപ്പെട്ടാണ്. ഖുതുബ നടക്കുമ്പോൾ അനിവാര്യമായ കാര്യങ്ങൾക്ക് വേണ്ടി സംസാരിക്കാം / ഇടപെടാം എന്ന് കർമ്മശാസ്ത്ര വിശാരദർ വ്യക്തമാക്കിയിട്ടുണ്ട്. ചിലപ്പോൾ അത് നിർബന്ധമാകും. ഒരു അന്ധൻ കിണറ്റിൽ വീഴാൻ പോകുന്നത് കാണുന്ന ഖതീബിന് (ഖുതുബക്ക് നേതൃത്വം നൽകുന്നയാൾ) അക്കാര്യം ഉണർത്തൽ അനിവാര്യമാണ്.
മാനുഷിക പ്രധാനമായ വിഷയങ്ങളിൽ ആരാധനകളെ മാറ്റിവെച്ച് മാനവികതക്ക് പ്രാമുഖ്യം നൽകണമെന്നാണ് മതശാസന. ജുമുഅ നിസ്കാരം നടക്കുമ്പോൾ തൊട്ടടുത്ത റോഡിൽ ഒരു ബസ് അപകടമുണ്ടായാൽ അവിടെ മനുഷ്യജീവൻ രക്ഷിക്കാൻ നിസ്കാരം മുറിക്കേണ്ട അവസ്ഥയാണെങ്കിൽ അതു ചെയ്യൽ അനിവാര്യമാണെന്നാണ് കർമ്മശാസ്ത്രം. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, അതാണ് അവിടെ ആരാധന! അത്രതന്നെ അനിവാര്യമല്ലെങ്കിലും, തുടർച്ച മുറിയാതെ മറ്റെന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്താൽ ഖുതുബ അസാധു ആവുകയില്ല എന്ന കാര്യം സമൂഹത്തിന് പഠിപ്പിക്കുന്നതിന് വേണ്ടി കൂടിയാണ് തിരുനബി ഇങ്ങനെ ചെയ്തത്.
പേരമക്കളോട് അവിടുന്ന് കാണിച്ചിരുന്ന വാത്സല്യത്തിൻ്റെ മറ്റൊരു ചിത്രം പ്രവാചക അനുചരരിൽ പ്രധാനിയായ അബൂഹുറൈറ വരച്ചിടുന്നതിങ്ങനെ: “ഒരു ഉച്ചസമയമാണ്, ഫാത്തിമയുടെ വീട്ടുമുറ്റത്തൂടെ തിരുനബി നടന്നുപോകുന്നു. ‘കുഞ്ഞിമോൻ അവിടെയുണ്ടോ?’ നബി ചോദിച്ചു. ഉപ്പയുടെ ശബ്ദം ഫാത്തിമ കേട്ടു; ഉപ്പാപ്പയുടെ ശബ്ദം കുഞ്ഞുമോനും കേട്ടു. ഉടനെ ഉമ്മ അവനെ കുളിപ്പിച്ച്, വസ്ത്രം ധരിപ്പിച്ച്, അണിയിച്ചൊരുക്കി പറഞ്ഞയച്ചു. തിരുനബി കുട്ടിയെ കണ്ടതും കൈകൾ നീട്ടി. കുട്ടി ഓടിവന്ന് നബിയുടെ മടിയിൽ ഇരിപ്പുറപ്പിച്ചു. വിശുദ്ധ നെഞ്ചിൽ കെട്ടിപ്പിടിച്ചു. നബി അവരെയും കെട്ടിപ്പിടിച്ച് കുറെ ഉമ്മവെച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു: ‘അല്ലാഹ്! ഞാൻ ഇവനെ സ്നേഹിക്കുന്നു, നീയും ഇവനെ സ്നേഹിക്കണം. ഇവനെ സ്നേഹിക്കുന്നവരെയും നീ സ്നേഹിക്കണേ!’”
അബൂഹുറയ്റ പറയുകയാണ്: “പിന്നീട് ഹസനെ കാണുമ്പോഴൊക്കെയും എൻ്റെ കണ്ണ് നിറയും. തിരുനബി പറഞ്ഞതിനുശേഷം ഹസനേക്കാൾ കൂടുതൽ ഇഷ്ടം എനിക്ക് മറ്റാരോടും തോന്നിയിട്ടില്ല!"
സ്നേഹത്തിൻ്റെ ചുംബനവും വാത്സല്യത്തിൻ്റെ സ്പർശവും പിരിശത്തിൻ്റെ വചനങ്ങളും കേട്ടും അനുഭവിച്ചുകൊണ്ടുമാണ് ആ കുഞ്ഞ് വളർന്നത്. എല്ലാ കുഞ്ഞുങ്ങളും അങ്ങനെയാണ് വളരേണ്ടത്. അപ്പോൾ മാത്രമേ പിതൃത്വം ആദരിക്കപ്പെടുകയുള്ളൂ, സ്നേഹിക്കപ്പെടുകയുള്ളൂ!
പേരക്കിടാങ്ങളോട് മാത്രമല്ല, വിവാഹം ചെയ്തയച്ച മുതിർന്ന തൻ്റെ മക്കളോട് പോലും തിരുനബി പിതൃവാത്സല്യം പ്രകടിപ്പിച്ചിരുന്നു. തിരുനബിയും ഫാത്തിമ ബീവിയും പരസ്പരം വീട്ടിലെത്തി സന്ദർശിക്കാറുണ്ടായിരുന്നു. ഫാത്തിമ നബിയെ കാണാൻ വരുമ്പോൾ നബി അവരെ സ്വാഗതം ചെയ്യും: "മർഹബൻ ബിബ്നതീ" (എൻ്റെ മകൾക്ക് സ്വാഗതം). കൈ പിടിച്ചു ചുംബിക്കും. നബി ഇരുന്നേടത്ത് ഇരുത്തിക്കും. നബി അവരെ സന്ദർശിക്കുകയാണെങ്കിൽ, അവർ ഓടിവന്ന് നബിയെ സ്വീകരിക്കും. അവിടുത്തെ കരം ഗ്രഹിച്ചു ചുംബിക്കും.
കുട്ടികളെ വെറും കൊഞ്ചിക്കളിപ്പിക്കൽ മാത്രമല്ല തിരുനബി ചെയ്തത്. ഒപ്പം നൈതികപാഠങ്ങളും നൽകി. ഒരിക്കൽ സകാത്തിൻ്റെ ഈന്തപ്പഴം നബി വീതം വെക്കുകയാണ്; കൂടെ കുഞ്ഞിളം പ്രായത്തിലുള്ള ഹസനുമുണ്ടായിരുന്നു. എല്ലാം വീതം വെച്ച് കുട്ടിയെ എടുത്തുപോകാൻ ഒരുങ്ങുമ്പോൾ കുട്ടിയുടെ വായിൽ ഒരു ഈന്തപ്പഴം! നബി ഇടപെട്ടു വായിൽ കയ്യിട്ട്:
"കഖ്, കഖ് (ഉച്ഛാസത്തെയും തുമ്മലിനെയും സൂചിപ്പിക്കുന്ന ശബ്ദം) അത് പുറത്തേക്ക് കളയൂ, നമുക്ക് സകാത്ത് ഭക്ഷിക്കാൻ പാടില്ലെന്ന് നിനക്കറിയില്ലേ?" എന്ന് പറഞ്ഞു.
കുഞ്ഞുങ്ങളോട് സംസാരിക്കുന്ന ഭാഷയിലാണ് നബി പറയുന്നത്. അതുകൊണ്ടാണ് 'കഖ്' എന്ന് ഉപയോഗിച്ചത്. വെറുതെ ശകാരിക്കയോ കൽപ്പിക്കുകയോ ചെയ്യുകയല്ല; കാരണം വ്യക്തമാക്കുന്നുണ്ട്. ഒപ്പം ഇത് നിനക്ക് മാത്രമുള്ള വിധിയല്ലെന്നും ഞങ്ങളെല്ലാം ഈ വിധിയിൽ തുല്യരാണെന്നും നബി അവനെ ബോധ്യപ്പെടുത്തുന്നുമുണ്ട്.
ആട്ടുകല്ല് പിടിച്ച് കൈ മുറിവായി പരിശീണയായ (ക്ഷീണിച്ച) പൊന്നുമോൾ ഫാത്തിമ ഒരിക്കൽ നബിയുടെ വീട്ടിൽ ചെന്നു. യുദ്ധാർജിത സമ്പത്ത് ലഭിച്ച വകയിൽ തനിക്ക് ഒരു വേലക്കാരിയെ വെക്കാൻ കനിവുണ്ടാകണം എന്നാണ് ഫാത്തിമക്ക് പറയാനുണ്ടായിരുന്നത്. അപ്പോൾ തിരുനബി വീട്ടിൽ ഉണ്ടായിരുന്നില്ല. രാത്രി അലിയും ഫാത്തിമയും കിടക്കാൻ ഒരുങ്ങുമ്പോൾ അതാ തിരുനബി വരുന്നു. നബിയെ കണ്ടപാടെ അവർ എഴുന്നേൽക്കാൻ നോക്കി. നബി പറഞ്ഞു:
"അവിടെത്തന്നെ കിടന്നോളൂ." എന്നിട്ട് അവർക്ക് രണ്ടുപേർക്കും ഇടയിൽ നബി ചെന്നിരുന്നു. നബിയുടെ കാൽപാദങ്ങളുടെ തണുപ്പ് എൻ്റെ നെഞ്ചിൽ അനുഭവപ്പെടുന്നുണ്ടായിരുന്നു. എന്നിട്ട് തിരുനബി അവരോടായി പറഞ്ഞു:
"ഒരു സേവകനേക്കാൾ നിങ്ങൾക്ക് ഏറ്റവും നല്ല ഒരു കാര്യം നിങ്ങൾക്ക് ഞാൻ അറിയിച്ചുതരട്ടേ? നിങ്ങൾ കിടക്കാനായി കിടപ്പറയിലേക്ക് ചെല്ലുമ്പോൾ ‘സുബ്ഹാനല്ലാഹ്’, എന്ന് 33 പ്രാവശ്യവും, ‘അൽഹംദുലില്ലാഹ്’ എന്ന് 33 പ്രാവശ്യവും, ‘അല്ലാഹു അക്ബർ’ എന്ന് 34 പ്രാവശ്യവും ചൊല്ലുക. അതാണ് നിങ്ങൾക്ക് ഒരു സേവകനേക്കാൾ നല്ലത്. പള്ളിയിൽ മതം പഠിക്കാൻ വേണ്ടി വന്ന ദരിദ്രരായ അനുചരന്മാർ വിശന്നൊട്ടിയ വയറുമായി കഴിയുമ്പോൾ, നിങ്ങൾക്ക് ഒരു സേവകനെ ഞാൻ നൽകുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? കിട്ടിയ വരുമാനം കൊണ്ട് ആ പാവങ്ങൾക്ക് അന്നം വാങ്ങാൻ നല്ല വഴിയുണ്ടോ എന്ന് ഞാൻ നോക്കട്ടെ."
വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി പൊതുമുതൽ ഉപയോഗിച്ചുകൂടാ എന്ന മഹത്തായ പാഠം മകൾക്കും മരുമകനും പകർന്നുനൽകുകയായിരുന്നു തിരുനബി. കൂടെ നമ്മുടെ ഐഹികമായ ആവശ്യങ്ങളിൽ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്ന ലളിത ജീവിത വഴികളാണ് ശരി എന്ന സന്ദേശവും. അതോടൊപ്പം വീട്ടിലെ പ്രയാസങ്ങൾ അകലുവാനുള്ള ഒരു ആത്മീയ നിർദ്ദേശം കൂടിയാണ് തിരുനബി നിർദ്ദേശിച്ച ആ ജപങ്ങൾ. അത് കൃത്യമായി പാലിക്കുന്നവർക്ക് വീട്ടിലെ ജോലിഭാരം അനുഭവപ്പെടില്ലെന്ന് ദർശനം ചെയ്ത ആത്മീയഗുരുക്കളുണ്ട്. രഹസ്യമായി മാത്രമല്ല പരസ്യമായും മക്കളോട് പറയാനുള്ള ഉപദേശങ്ങൾ നബി പറഞ്ഞിട്ടുണ്ട്; എല്ലാ ഔദ്യോഗിക സ്വഭാവത്തോടുകൂടി തന്നെ.
ഒരു ഹദീസിൽ ഇങ്ങനെ കാണാം: "മുഹമ്മദിൻ്റെ മകൾ ഫാത്തിമാ! നരകത്തിൽനിന്ന് നിൻ്റെ ശരീരം നീ കാത്തുകൊള്ളുക. മുഹമ്മദിൻ്റെ മകൾ ഫാത്തിമാ, എൻ്റെ സമ്പത്തിൽനിന്ന് എത്രവേണമെങ്കിലും നീ ചോദിച്ചോളൂ, ഞാൻ തരാം. പക്ഷേ, അല്ലാഹുവിൻ്റെ ശിക്ഷയിൽനിന്ന് നിങ്ങളെ രക്ഷപ്പെടുത്താൻ എനിക്ക് സാധിക്കുകയില്ല."
ഇസ്ലാമിക വിശ്വാസം പുൽകുവാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുപ്രഖ്യാപനത്തിനിടയിൽ മറ്റുള്ളവരോടെന്നപോലെതന്നെ സ്വന്തം മകളോടും അഭിസംബോധന ചെയ്യുകയാണ് തിരുനബി. ഈ മാർഗത്തിൽ ചേർന്നിട്ടില്ല എങ്കിൽ രക്ഷപ്പെടുത്താൻ ഒരു വകുപ്പുമില്ല. ബന്ധുവാണ്, മകളാണ് എന്ന പരിഗണനയൊന്നും ഉണ്ടാവില്ല എന്നർത്ഥം. വിശ്വാസികളായ ആളുകൾക്കുവേണ്ടി അല്ലാഹുവിൻ്റെ റസൂൽ ശുപാർശ ചെയ്യുമെന്ന് പ്രമാണങ്ങളിൽ ഉള്ളതാണ്. അതിനെതിരല്ല ഈ പറഞ്ഞത്. തിരുനബിയുടെ ശുപാർശ സത്യസാക്ഷ്യം മൊഴിഞ്ഞ് പ്രസ്ഥാനത്തിൽ ചേർന്നവർക്ക് മാത്രമുള്ളതാണ്.
മകളെയും മരുമകനെയും നിസ്കരിക്കാൻ പ്രേരിപ്പിക്കുന്ന രംഗം ഫാത്തിമയുടെ ഭർത്താവ് അലി വിവരിക്കുന്നുണ്ട്. അർദ്ധരാത്രി എഴുന്നേറ്റു നിസ്കരിക്കുക സച്ചരിതരുടെ പതിവാണ്. നിസ്കാരത്തിന് മക്കളെ കാണാതിരിക്കുമ്പോൾ തിരുനബിക്ക് ആധിയായി (ദുഃഖമായി). അവരുടെ വാതിലിൽ ചെന്ന് മെല്ലെ മുട്ടും: "എന്താ നിങ്ങൾ നിസ്കരിക്കുന്നില്ലേ?"
ഞാനൊരിക്കൽ ഇങ്ങനെ മറുപടി പറഞ്ഞു കളഞ്ഞു: "നമ്മുടെ ആത്മാവുകൾ അല്ലാഹുവിൻ്റെ പക്കലല്ലേ? അവൻ ഉദ്ദേശിച്ചാലല്ലേ നാം ഉണരുക."
നബി മറുത്തൊന്നും പറഞ്ഞില്ല. അവിടുത്തെ തുടയിൽ രണ്ട് അടിയടിച്ചു. വിശുദ്ധ ഖുർആനിലെ കഹ്ഫ് അധ്യായത്തിലെ 54-ാം വചനത്തിൻ്റെ അവസാനത്തിലുള്ള "മനുഷ്യൻ വല്ലാത്ത തർക്കികനാണ്" എന്ന ഭാഗം പാരായണം ചെയ്തുകൊണ്ട് നബി പിന്തിരിഞ്ഞുപോയി.
എല്ലാ ദിവസവും സുബഹിയുടെ (പുലർച്ചെയുള്ള നിസ്കാരം) ഖുനൂത്തിൽ നമ്മൾ പാരായണം ചെയ്തുകൊണ്ടിരിക്കുന്ന ദുആ (പ്രാർത്ഥന)കൊച്ചുകുഞ്ഞായിരുന്ന ഹസന് തിരുനബി പഠിപ്പിച്ചുകൊടുത്തതാണ്. ഹസനിലൂടെയാണ് ആ വചനങ്ങൾ വിശ്വാസികൾ കേൾക്കുന്നത്. കൊച്ചുകുഞ്ഞായിരുന്ന കാലത്ത് ഹസനെയും ഹുസൈനെയും തിരുനബി മന്ത്രിച്ചിരുന്നു; ആ വചനങ്ങൾ അവർക്ക് മനഃപാഠമായിരുന്നു. "ഇത് നിങ്ങളുടെ ഉപ്പാപ്പമാരുടെ ചര്യയാണ്" എന്ന് അവിടുന്ന് അവരെ ഉദ്ബോധിപ്പിച്ചിരുന്നു. ശിശു പരിപാലനത്തിൻ്റെ മഹനീയ മാതൃകകളാണ് ഇതൊക്കെ. പെൺകുട്ടികൾ ഉണ്ടാവുന്നത് മാനക്കേടായി കണ്ടിരുന്ന സമുദായത്തിൽ, പെൺകുട്ടികളുടെ മക്കളെ മക്കളായി കാണാതിരുന്ന കാലത്ത്, പെൺകുട്ടികളുടെ മക്കളെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരായി തിരുനബി പ്രഖ്യാപിച്ചു. സംഭവം ഇങ്ങനെ:
ഒരിക്കൽ ഒരു മാല നബിക്ക് ഹദിയയായി (സമ്മാനമായി) കിട്ടി. "എൻ്റെ കുടുംബത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടയാൾക്ക് ഞാനിത് കൊടുക്കും" എന്ന് തിരുനബി പ്രസ്താവിച്ചു. "അത് അബൂബക്കറിൻ്റെ മകൾ (ആയിഷ) കൊണ്ടുപോയി" എന്ന് ഭാര്യമാർ ഒറ്റ സ്വരത്തിൽ പറഞ്ഞു!
പക്ഷേ, നബി തൻ്റെ മകൾ സൈനബിൻ്റെ മകൾ ഉമാമയെ വിളിച്ചു. എന്നിട്ട് അവളുടെ കഴുത്തിൽ കെട്ടിക്കൊടുത്തു. ഫാത്തിമ അല്ലാത്ത എല്ലാ മക്കളും നബിയുടെ ജീവിതകാലത്തുതന്നെ മരിച്ചു. ചില പേരമക്കളും. പല മരണങ്ങളും തിരുനബിയെ ദുഃഖിപ്പിച്ചു.
ഒരിക്കൽ നബി അനുചരരോടൊപ്പം ഇരിക്കുമ്പോൾ തൻ്റെ മകൾ സൈനബ് ഒരാളെ പറഞ്ഞയച്ചു: "മോന് തീരെ സുഖമില്ല, വേഗം വരണം."
നബി അയാളോട് പറഞ്ഞു: "മോളോട് പറയുക: കൊടുത്തതും തന്നതും എല്ലാം അല്ലാഹുവിൻ്റെതാണ്. അവൻ്റെ അടുക്കൽ എല്ലാറ്റിനും ഒരു കണക്കുണ്ട്. അതുകൊണ്ട് ക്ഷമിക്കൂ... ക്ഷമിച്ചതിൻ്റെ കൂലി പ്രതീക്ഷിക്കൂ, വസ്സലാം... ഞാനിതാ ഇപ്പോൾ വരാം."
നബി എഴുന്നേറ്റു. കൂടെ സഅദ് ബിൻ ഉബാദ, ഉബയ്യുബ്നു കഅബ്, മുആദ് ബിൻ ജബൽ എന്നിങ്ങനെ കുറച്ചുപേർ ഉണ്ടായിരുന്നു. തിരുനബി കുട്ടിയെ മടിയിൽ വെച്ചു. കുട്ടി ചക്രശ്വാസം വലിക്കുകയാണ്. ചെറിയ ഒരു മിടിപ്പ് മാത്രമാണുള്ളൂ. തിരുനബിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
"ഇതെന്താണ് നബിയേ? കരയുകയാണോ?" സഅ്ദ് ചോദിച്ചു.
"അല്ലാഹു ചില മനുഷ്യരുടെ ഹൃദയങ്ങളിൽ വെച്ച കാരുണ്യമാണിത്. കരുണ ചെയ്യുന്നവർക്കേ അല്ലാഹു കാരുണ്യം ചെയ്യുകയുള്ളൂ." (തിരുവചനത്തിന്റെ ആശയം)
ഇബ്രാഹിം എന്ന കുഞ്ഞ് മരണപ്പെട്ടപ്പോൾ ഖബറിൻ്റെ ചാരത്തിരുന്ന് കണ്ണീർ പൊഴിച്ച് തിരുനബി ഇങ്ങനെയാണ് പറഞ്ഞത്:
"ഇബ്രാഹിം! അല്ലാഹുവിൻ്റെ വിധിയിൽനിന്ന് നിന്നെ തടുക്കാൻ ഞങ്ങൾക്ക് സാധിക്കുകയില്ല. ഇത് നേരത്തെ നിശ്ചയിക്കപ്പെട്ട അവൻ്റെ സത്യസന്ധമായ തീരുമാനമാണ്. അങ്ങനെ അല്ലായിരുന്നുവെങ്കിൽ ഞങ്ങൾ ഇതിനേക്കാൾ ദുഃഖം പ്രകടിപ്പിച്ചേനെ! പക്ഷേ കണ്ണു കരയുന്നു, മനസ്സു വേദനിക്കുന്നു; എന്നാലും അല്ലാഹുവിന് പൊരുത്തമില്ലാത്തതൊന്നും നാം പറയില്ല. മോനേ ഇബ്രാഹിം! നിൻ്റെ നിര്യാണത്തിൽ ഞങ്ങൾ ദുഃഖിതരാണ്."




