ആ മാല കണ്ടപ്പോൾ തിരുനബി വിതുമ്പി. പ്രിയതമയുടെ ഓർമ്മകളും മകളോടുള്ള വാത്സല്യവും അവിടുത്തെ അകതാരിനെ വികാര തരളിതമാക്കിയിട്ടുണ്ടാവണം. ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ പ്രധാന ധർമയുദ്ധമായ ബദറിൽ പിടിക്കപ്പെട്ട ബന്ദികളുടെ ബന്ധുക്കൾ കൊടുത്തയച്ച മോചന ദ്രവ്യങ്ങൾ ഓരോന്ന് പരിശോധിക്കുകയാണ് നബിയും അനുചരരും. അപ്പോഴാണ് ആ മാല തിരുനബിയുടെ ശ്രദ്ധയിൽപ്പെടുന്നത്. അത് തൻ്റെ പ്രിയതമ ഖദീജയുടെ മാലയാണ്! സമ്പത്ത് മുഴുവനും ഈ മതത്തിൻ്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി സംഭാവന നൽകിയ ഖദീജ, അവസാനം ഒരു മാല ബാക്കിയുണ്ടായിരുന്നു! മോളുടെ കല്യാണം ഉണ്ടാകുമ്പോൾ അവളുടെ കഴുത്തിൽ അണിയിക്കാൻ വേണ്ടി ആ മാതൃഹൃദയം സൂക്ഷിച്ചു വച്ചതായിരുന്നു അത്. ആ ആഗ്രഹം നടന്നു.
സമ്പത്തും സത്യസന്ധതയുമുള്ള നല്ലൊരു കച്ചവടക്കാരനെ വരനായി ലഭിച്ചു. അബുൽ ആസ്. അങ്ങനെ തിരുനബിയുടെ മൂത്തമകൾ സൈനബയും അബുൽ ആസും തമ്മിലുള്ള വിവാഹം മംഗളമായി നടന്നു. പ്രവാചകത്വത്തിന് മുമ്പായിരുന്നു ഈ സംഭവം. രണ്ടാമത്തെ മകൾ റുഖയ്യയെ അബൂലഹബിൻ്റെ മകൻ ഉത്ബയായിരുന്നു വിവാഹം കഴിച്ചത്. മൂന്നാമത്തെ മകളെ അബൂലഹബിൻ്റെ മറ്റൊരു മകൻ ഉതൈബയും വിവാഹം കഴിച്ചു. തിരുനബി പ്രവാചകത്വം പ്രഖ്യാപിച്ചപ്പോൾ തിരുനബിയുടെ മക്കളെ വിവാഹമോചനം ചെയ്യാൻ ഖുറൈശികൾ ഭർത്താക്കന്മാരെ നിർബന്ധിച്ചു. അബുൽ ആസ് തയ്യാറായില്ല; എന്നാൽ ഇസ്ലാം സ്വീകരിച്ചതുമില്ല. ഉത്ബയും ഉതൈബയും പെട്ടെന്ന് വിവാഹമോചനം ചെയ്തു. (അവരുടെ വിവാഹം മാത്രമേ നടന്നിരുന്നുള്ളൂ. ഭാര്യമാരുമായി വീട് കൂടിയിരുന്നില്ല).
പിതാവ് അബൂലഹബിൻ്റെ അതേ പതിപ്പ് ആയിരുന്നു ഉതൈബ. അദ്ദേഹം നബിയുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി. വ്യക്തിവിദ്വേഷമായിരുന്നില്ല; പ്രവാചകത്വത്തിൻ്റെ നേർക്കുള്ള അരിശം തീർക്കലായിരുന്നു അത്. അതുകൊണ്ടുതന്നെ അത് നബിക്ക് ഏറെ പ്രയാസമുണ്ടാക്കി. (തൻ്റെ കരിമ്പടം പിടിച്ചു വലിച്ചു തോളിൽ മുറിവുണ്ടാക്കിയ ആൾക്ക് പോലും പണം കൊടുത്ത് സഹായിച്ച ആളാണ് തിരുനബി. തന്നോട് ചെയ്ത പിഴവുകൾക്ക് അവിടുന്ന് പ്രതികാരം ചെയ്യാറില്ല). എന്നാൽ പ്രവാചകത്വത്തെ പരിഹസിച്ച അയാൾക്കെതിരെ നബി പ്രാർത്ഥിച്ചു: 'അല്ലാഹുവേ, നിൻ്റെ വന്യമൃഗങ്ങളിൽ പെട്ട ഒരു ജീവിക്ക് ഇവനെ നീ കീഴ്പ്പെടുത്തണേ!'
ഈ പ്രാർത്ഥന അറിഞ്ഞതോടെ ഉതൈബ ഭയചകിതനായി. അദ്ദേഹത്തിന് പുറത്തേക്കിറങ്ങാൻ പോലും പേടിയായി. ശാമിലേക്ക് കച്ചവടത്തിന് പോകുന്ന സുഹൃത്തുക്കളുടെ സംഘം അദ്ദേഹത്തെ വിളിച്ചു. വരാൻ വൈമനസ്യം കാണിച്ചപ്പോൾ അവർ എല്ലാ സുരക്ഷയും ഏറ്റെടുത്തു. യാത്രാമധ്യേ രാത്രി അവർ വിശ്രമിക്കാൻ ഇറങ്ങി. സുഹൃത്തുക്കൾ എല്ലാം അവനു ചുറ്റും വട്ടമിട്ട് കിടന്നു. എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പോൾ തൊട്ടടുത്ത കുറ്റിക്കാട്ടിൽ നിന്ന് ഒരു സിംഹം ആ വഴി വന്നു. ഓരോരുത്തരെയും മണത്തുനോക്കി. അവസാനം എല്ലാവരുടെയും നടുവിൽ കിടക്കുന്ന ഉതൈബയുടെ അടുത്തെത്തി. അവനെ മണത്തു നോക്കുകയും തല കടിച്ചെടുക്കുകയും ചെയ്തു. (സീറ ഇബ്ൻ ഹിശാം അടക്കമുള്ള ധാരാളം നബി ചരിത്ര ഗ്രന്ഥങ്ങളിൽ ഈ സംഭവം വിവരിച്ചിട്ടുണ്ട്).
അബുൽ ആസിലേക്ക് തന്നെ മടങ്ങി വരാം. തിരുനബി മദീനയിലേക്ക് ഹിജ്റ പോയി. മകൾ ഭർത്താവിനോടൊപ്പം മക്കയിൽ തന്നെ കഴിഞ്ഞു. ഹിജ്റയുടെ രണ്ടാം വർഷം ബദർ യുദ്ധം നടന്നു. യുദ്ധത്തിൽ ബഹുദൈവ വിശ്വാസികളോടൊപ്പം അബുൽ ആസും പങ്കെടുത്തു. മുസ്ലീങ്ങൾ പലരെയും ബന്ദികളായി പിടിച്ച കൂട്ടത്തിൽ അദ്ദേഹത്തെയും പിടിച്ചു. ബന്ദികളെ മോചന ദ്രവ്യം വാങ്ങി വിട്ടയക്കുക എന്നതായിരുന്നല്ലോ തീരുമാനം. ഈ പ്രഖ്യാപനം വന്നപ്പോൾ ബന്ദികളുടെ ബന്ധുക്കൾ മോചന ദ്രവ്യങ്ങൾ കൊടുത്തയച്ചു. കൂട്ടത്തിൽ അബുൽ ആസിൻ്റെ ഭാര്യയും! അങ്ങനെ തിരുനബിയുടെ പ്രിയതമ, അവിടുത്തെ മകൾക്ക് നൽകിയ മാല, മോചന ദ്രവ്യങ്ങളുടെ കൂട്ടത്തിലെത്തി.
ഈ മാല കണ്ടപ്പോൾ തിരുനബിയുടെ മനസ്സ് വിങ്ങി. ഖദീജ ദീനിനു വേണ്ടി ചെയ്ത ത്യാഗങ്ങൾ ഓർമവന്നു. ആ മാല അവളുടെ കഴുത്തിൽ കിടക്കണം എന്നത് ആ ഉമ്മയുടെ ആഗ്രഹമായിരുന്നു. അത് നടക്കണമെങ്കിൽ അനുചരന്മാർ എല്ലാവരും സമ്മതിക്കണം. ഇത് പൊതുമുതലാണ്. അതിനാലാണ് തിരുനബിയുടെ ചോദ്യം: "ഈ മാല എൻ്റെ മോൾക്ക് തന്നെ തിരിച്ചുകൊടുത്ത് അബുൽ ആസിനെ വെറുതെ വിട്ടുകൂടെ? എല്ലാവർക്കും സമ്മതമാണോ?" എല്ലാവരും ഒറ്റ സ്വരത്തിൽ പറഞ്ഞു: "അതെ, തിരുനബിയേ." അങ്ങനെ അബുൽ ആസിനെ വിടാൻ തീരുമാനമായി; പക്ഷേ നബി ഒരു നിബന്ധന വച്ചു: "മക്കയിലെത്തിയാൽ മോളെ ഇങ്ങോട്ട് പറഞ്ഞയക്കണം."
അബുൽ ആസ് വാക്ക് പാലിച്ചു. പത്നിയോട് അധികഠിനമായ സ്നേഹം ഉണ്ടായിരുന്നിട്ടും അവരെ വിട്ടു പിരിയാൻ അദ്ദേഹം സന്നദ്ധനായി. മദീനയിലേക്ക് യാത്രക്ക് തയ്യാറാവാൻ ഭാര്യയോട് അദ്ദേഹം നിർദ്ദേശിച്ചു. ഉപ്പയുടെ ആളുകൾ മക്കയിൽ നിന്നും അതിവിദൂരമല്ലാത്ത സ്ഥലത്ത് കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ ഭക്ഷണവും വാഹനവും തയ്യാറാക്കി. അവരെ അവിടെ എത്തിക്കുവാനും സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുവാനും അദ്ദേഹം തൻ്റെ സഹോദരനെ ഏൽപ്പിച്ചു. ഖുറൈശികൾക്കിടയിൽ വെച്ച് പട്ടാപ്പകൽ ഒട്ടക കട്ടിലിൽ കയറി ഒട്ടകപ്പുറത്ത് അവർ യാത്ര ആരംഭിച്ചു. ഇത് ഖുറൈശികളെ പ്രകോപിതരാക്കി. അവർ വാഹനത്തിനടുത്തെത്തി സൈനബിനെ ഭീഷണിപ്പെടുത്തി. ഇതുകണ്ട് അബുൽ ആസ് തൻ്റെ വില്ല് കുലച്ചു: 'അവളുടെ അടുത്തേക്ക് ആരെങ്കിലും അടുത്താൽ അവൻ്റെ നെഞ്ച് ഞാൻ അമ്പെയ്ത് തകർക്കും' എന്ന് പ്രഖ്യാപിച്ചു. ഉന്നം പിഴക്കാത്ത അമ്പെയ്ത്തുകാരനായിരുന്നു അദ്ദേഹം.
പ്രശ്നത്തിൽ മക്കയിലെ ഖുറൈശി പ്രമുഖനായ അബൂസുഫിയാൻ ഇടപെട്ടു: 'നിൻ്റെ അമ്പ് അവിടെ വെക്കൂ; ഞങ്ങൾ ഒന്ന് സംസാരിക്കട്ടെ,' അബൂ സുഫിയാൻ ആവശ്യപ്പെട്ടു. അദ്ദേഹം അമ്പ് താഴെ വച്ചു. അബൂസുഫിയാൻ സംസാരിച്ചു തുടങ്ങി: "സഹോദര പുത്രാ, ഈ പട്ടാപകൽ എല്ലാവരും കാണവെ സൈനബുമായി നീ പുറപ്പെട്ടത് ശരിയായില്ല. ബദറിൽ നമുക്കേറ്റ പരാജയം നിനക്കറിയാമല്ലോ. അതൊക്കെ ഇവളുടെ പിതാവ് മുഖേനയാണ് ഉണ്ടായത്. നീ ഇപ്പോൾ ഇത് പരസ്യമായി ചെയ്താൽ നമ്മുടെ ഗോത്രങ്ങൾക്ക് മാനക്കേടാണ്. നീ കുറച്ചുദിവസം അവളെ നിൻ്റെ വീട്ടിൽ തന്നെ നിർത്തി വളരെ രഹസ്യമായി പറഞ്ഞയക്കൂ. അവളെ ഇവിടെ കെട്ടിയിട്ടിട്ട് നമുക്ക് പ്രത്യേകിച്ച് കാര്യമൊന്നുമില്ല." അത് നല്ലൊരു ആശയമായി അദ്ദേഹത്തിന് തോന്നി. വളരെ വൈകാതെ തന്നെ ഒരു രാത്രി തിരുനബിയുടെ ദൂതന്മാരുടെ അടുക്കലേക്ക് ഭാര്യയെ എത്തിച്ചു. തിരുനബി അദ്ദേഹത്തെക്കുറിച്ച് പറഞ്ഞു: 'അദ്ദേഹം എന്നോട് സത്യം പറഞ്ഞു. എനിക്ക് വാഗ്ദാനം ചെയ്തു. അത് പാലിക്കുകയും ചെയ്തു.'
വർഷങ്ങൾ കഴിഞ്ഞു. ശാമിൽ നിന്ന് കച്ചവടം കഴിഞ്ഞു മക്കയിലേക്ക് മടങ്ങുകയാണ് അബുൽ ആസ്. കൂടെ നൂറ് ഒട്ടകങ്ങളും ധാരാളം തൊഴിലാളികളുമുണ്ട്. അപ്പോൾ അവരെ ഒരു സംഘം നേരിട്ടു. രണ്ടു രാജ്യങ്ങൾ തമ്മിൽ സമാധാന സന്ധിയില്ലാതിരിക്കുമ്പോൾ എപ്പോഴും യുദ്ധങ്ങൾ പ്രതീക്ഷിക്കാം. ഈ ജാഗ്രതയോടു കൂടെയാണ് ഇരുവിഭാഗവും നീങ്ങുക. മുസ്ലീങ്ങളിലെ ഒരു സംഘമാണ് ഒട്ടകങ്ങളെ പിടികൂടിയതും ആളുകളെ ബന്ദിയാക്കിയതും. പക്ഷേ, അബുൽ ആസ് അതിവിദഗ്ധമായി അവരിൽനിന്ന് രക്ഷപ്പെട്ടു.
രക്ഷപ്പെട്ട അബുൽ ആസ് മദീനയിലേക്ക് പോയി. അവിടെ തിരുനബിയുടെ വീട്ടിൽ തൻ്റെ ഭാര്യയുണ്ട്. പ്രഭാതം പുലർന്നു. ബാങ്ക് വിളിച്ചു. ആളുകൾപള്ളിയിലേക്ക് ഒഴുകിയെത്തി. തിരുനബി നിസ്കാരത്തിനായി തക്ബീർ ചൊല്ലി. എല്ലാവരും സാകൂതരായ സമയം. പിന്നിൽ നിന്ന് ഒരു ശബ്ദം: 'ഞാൻ മുഹമ്മദിൻ്റെ മകൾ സൈനബ്. അബുൽ ആസിന് ഞാൻ സംരക്ഷണം നൽകിയിരിക്കുന്നു. നിങ്ങളും അദ്ദേഹത്തിന് അഭയം നൽകണേ.'
നമസ്കാരം കഴിഞ്ഞ് ജനങ്ങൾക്ക് അഭിമുഖമായി ഇരുന്നുകൊണ്ട് തിരുനബി ചോദിച്ചു:
"ഞാനൊരു ശബ്ദം കേട്ടുവല്ലോ. നിങ്ങളും കേട്ടോ?" തുടർന്ന് തിരുനബി ഇപ്രകാരം പറഞ്ഞു: "അതെ, അല്ലാഹുവാണെ! നിങ്ങൾ കേൾക്കുന്നത് വരെ അതിനെക്കുറിച്ച് ഞാനൊന്നും അറിഞ്ഞിട്ടില്ല. മുസ്ലിമീങ്ങളിൽനിന്ന് ഏത് ചെറിയവനും ആർക്കും സംരക്ഷണം (അമാൻ) പ്രഖ്യാപിക്കാവുന്നതാണ്." നബി വീട്ടിലേക്ക് ചെന്ന് മകളോട് പറഞ്ഞു: "മോളേ, അബുൽ ആസിനെ വേണ്ട രൂപത്തിൽ സൽക്കരിച്ചുകൊള്ളുക. പക്ഷേ, ഒരു കാര്യമുണ്ട്. അദ്ദേഹത്തിന് നിന്നെ അനുവദനീയമാവുകയില്ല (ഭാര്യ ഭർത്താക്കന്മാരിൽ ഒരാൾ മതം മാറിയാൽ അവർ തമ്മിൽ ലൈംഗിക ബന്ധം അനുവദനീയമല്ല എന്ന നിയമം തിരുനബി പ്രഖ്യാപിച്ചു)."
പിന്നീട് ഒട്ടകങ്ങളെ പിടികൂടിയ ആളുകളുമായി നബി സംസാരിച്ചു. അതെല്ലാം തിരിച്ചു കൊടുക്കാമെന്ന് അവർ ഏറ്റു. ഒട്ടകങ്ങളെ സ്വീകരിക്കാനായി അബുൽ ആസ് ചെന്നപ്പോൾ ആ ചെറുപ്പക്കാർ അദ്ദേഹത്തോട് പറഞ്ഞു: "ഇനി എന്തിനാണ് വെറുതെ മക്കയിലേക്ക് പോകുന്നത്? ഈ സമ്പത്തുമായി ഇവിടെ കഴിഞ്ഞു കൂടെ? മുസ്ലിമായിക്കൊണ്ട്!" അബുൽ ആസ് പ്രതികരിച്ചു: "വഞ്ചനയിലൂടെ എൻ്റെ പുതിയ മതജീവിതം തുടങ്ങണമെന്നാണോ നിങ്ങൾ പറയുന്നത്?" ആ ഒട്ടകങ്ങൾ മുഴുവനും അദ്ദേഹത്തിൻ്റേത് മാത്രമല്ല, മറ്റ് പലരുടേതുമാണ്. അതിൻ്റെ അവകാശങ്ങൾ അവർക്ക് കൊടുക്കണം. ഇതാണ് അദ്ദേഹം ഉദ്ദേശിച്ചത്. അങ്ങനെ മക്കയിലേക്ക് പുറപ്പെട്ട അദ്ദേഹം ഓരോ അവകാശികൾക്കും അവരുടെ വിഹിതങ്ങൾ പൂർത്തിയാക്കി നൽകി.
ശേഷം അവരോടായി ഇങ്ങനെ ചോദിച്ചു: 'ഖുറൈശികളേ, ഇനി ആർക്കെങ്കിലും ഞാൻ എന്തെങ്കിലും നൽകാൻ ഉണ്ടോ?' അവർ പറഞ്ഞു: 'ഇല്ല, നീ മാന്യനും കരാർ പാലിക്കുന്നവനുമാണ്.' അബുൽ ആസ് പ്രഖ്യാപിച്ചു: 'എന്നാൽ ഞാൻ ഒന്നു പറയട്ടെ. നിങ്ങൾക്ക് നൽകാൻ ഉള്ളതെല്ലാം ഞാൻ നൽകിയിരിക്കുന്നു. അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിൻ്റെ പ്രവാചകൻ ആണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു.' അബുൽ ആസ് തുടർന്നു: 'മുഹമ്മദ് നബിയുടെ അടുത്ത് ചെന്നപ്പോൾ തന്നെ ഞാൻ ഇസ്ലാം സ്വീകരിക്കാതിരിക്കാനുള്ള കാരണം, നിങ്ങളുടെ പണം അപഹരിക്കാൻ വേണ്ടിയാണ് ഞാൻ മതം മാറിയതെന്ന് നിങ്ങൾ പറയാതിരിക്കാൻ വേണ്ടിയാണ്. നിങ്ങളുടെ ബാധ്യതകളെല്ലാം ഞാൻ തീർത്തിരിക്കുന്നു. ഇന്നുമുതൽ ഞാൻ മുസ്ലിമായിരിക്കുന്നു.'
അദ്ദേഹം മദീനയിലേക്ക് തിരിച്ചു പോയി. തിരുനബിയുടെ അടുക്കൽ ചെന്ന് ഇസ്ലാം പ്രഖ്യാപിച്ചു. മകൾ സൈനബിനെ അല്ലാഹുവിൻ്റെ തിരുദൂതർ തിരിച്ചുനൽകി. പുതിയ നികാഹും മഹ്റും! അവർ വീണ്ടും ദാമ്പത്യ ജീവിതം ആരംഭിച്ചു. പക്ഷേ, ദാമ്പത്യം കൂടുതൽ നീണ്ടുനിന്നില്ല. മക്ക വിജയത്തിൻ്റെ മുമ്പ് തന്നെ ഹിജ്റ വർഷം 8 (AD 629) ൽ സൈനബ് ഈ ലോകത്തോട് വിട പറഞ്ഞു. ഇസ്ലാം സ്വീകരിക്കുന്നതിന് മുൻപും ശേഷവും അദ്ദേഹം വാക്ക് പാലിക്കുന്നവരും സത്യസന്ധനും ധിഷണാ ശാലിയുമായിരുന്നു എന്നർത്ഥം.
ഉസ്മാൻ: പ്രകാശങ്ങളുടെ ഉടമ
രണ്ടാമത്തെ മരുമകൻ, മൂന്നാം ഖലീഫ ഉസ്മാൻ ബിൻ അഫ്ഫാൻ ആയിരുന്നു. സൗമ്യനും ലജ്ജാലുവും സമ്പന്നനുമായിരുന്നു ഉസ്മാൻ. ആദ്യം റുഖയ്യയെ വിവാഹം ചെയ്തുകൊടുത്തു. ആ ദാമ്പത്യജീവിതം കൂടുതൽ നീണ്ടുനിന്നില്ല.
മുസ്ലീമീങ്ങൾ ബദർ യുദ്ധത്തിന് വേണ്ടി തയ്യാറെടുക്കുന്ന സമയം. റുഖയ്യ രോഗിണിയായി. എന്തു ചെയ്യും? നബിയോടൊപ്പം യുദ്ധത്തിനു പോകണോ? ഭാര്യയെ പരിചരിക്കാൻ മദീനയിൽ നിൽക്കണോ? ഈ ആശയക്കുഴപ്പത്തിന് വിരാമമിട്ടുകൊണ്ട് മരുമകൻ ഉസ്മാനോട് നബി പറഞ്ഞു: "നീ യുദ്ധത്തിന് വരേണ്ട, റുഖയ്യയെ പരിചരിക്കുക. നിനക്ക് ബദറിൽ പങ്കെടുത്ത കൂലിയുണ്ട്." ആ രോഗത്തിൽ റുഖിയ്യ മരിച്ചു.
പിന്നീട് മൂന്നാമത്തെ മകൾ ഉമ്മു കുൽസൂമിനെ ഉസ്മാന് വിവാഹം ചെയ്തു കൊടുത്തു. ഹിജ്റ ഒമ്പതാം വർഷം (AD 630) edit: ശഅബാൻ മാസത്തിൽ (ഇസ്ലാമിക കലണ്ടറിലെ (ഹിജ്റ വർഷം) എട്ടാമത്തെ മാസമാണ് ശഅബാൻ. വിശുദ്ധ മാസമായ റമദാനിന് തൊട്ടു മുൻപുള്ള മാസമാണിത്.) അവരും വിടപറഞ്ഞു. തിരുനബി അവരുടെ ഖബറിനരികെ ഇരുന്ന് കണ്ണീർ പൊഴിച്ചു. അലി, ഫള്ൽ, ഉസാമ, അബൂ ത്വൽഹ എന്നിവരാണ് ഖബറിൽ ഇറങ്ങിയത്. രണ്ട് പെൺമക്കളെ വിവാഹം ചെയ്തു കൊടുത്തതുകൊണ്ടാണ് ഉസ്മാന് 'ദുന്നൂറൈൻ' (രണ്ട് പ്രകാശങ്ങളുടെ ഉടമ) എന്ന സ്ഥാനപ്പേര് ലഭിച്ചത്. "എനിക്ക് ഇനിയും മകളുണ്ടെങ്കിൽ ഉസ്മാന് വിവാഹം ചെയ്തു കൊടുക്കുമായിരുന്നു" എന്ന് അവിടുന്ന് പറയുകയും ചെയ്തു.




