“ഞങ്ങൾ അവരുമായി ഏറ്റുമുട്ടിയപ്പോൾ ഞങ്ങളുടെ പിരടികൾ താഴ്ത്തി കാണിച്ചു കൊടുത്തത് പോലെയായി. അവരങ്ങനെ ഞങ്ങളെ വെട്ടുന്നു.”
ബദറിലെ പരാജയത്തെ കുറിച്ച് ചോദിച്ചറിയുന്ന അബൂലഹബിനോട് അബൂ സുഫ്യാന് ബ്ൻ ഹാരിസ് പറഞ്ഞ സരസമായ മറുപടിയാണ് മുകളിൽ.
ഖുറൈശികളിൽ പ്രമുഖനായിരുന്നു അബൂലഹബ്. നാട്ടിലെ കാരണവർ. അയാൾ എന്തിന് യുദ്ധത്തിൻ്റെ കാര്യം ചോദിച്ചറിയുന്നു? ആ യുദ്ധത്തിൽ അദ്ദേഹം പങ്കെടുത്തിട്ടില്ലേ? ഇല്ല. എന്ത് കൊണ്ട്? നമുക്ക് ഒന്ന് കൂടെ സഫാ കുന്നിലേക്ക് പോകാം
അവിടെ തന്റെ കുടുംബക്കാരെയെല്ലാം ഒരുമിച്ച് കൂട്ടി തിരുനബി പറഞ്ഞ കാര്യങ്ങൾ ഓർമ്മയില്ലേ?
അല്ലാഹുവല്ലാതെ ആരാധ്യനില്ല. അതു പറയാൻ വേണ്ടി നിങ്ങളിലേക്ക് നിയോഗിതനായ പ്രവാചകനാണ് ഞാൻ. അത് വിശ്വസിച്ചവർക്ക് സ്വർഗ്ഗവും അല്ലാത്തവർക്ക് നരകവും അല്ലാഹു തയ്യാറാക്കിയിരിക്കുന്നു. അതിനാൽ നിങ്ങളുടെ ശരീരങ്ങളെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്തൂ. ഇതാണ് ആ കൊച്ചു പ്രഭാഷണത്തിന്റെ രത്നച്ചുരുക്കം.
ഓരോ ഗോത്ര നേതാക്കളെയും വെവ്വേറെ വിളിച്ചുകൊണ്ട് തിരുനബി തങ്ങളുടെ ശരീരത്തെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്താൻ വേണ്ടി അവരോട് ആവശ്യപ്പെടുന്നു.
ഇതുകേട്ട് തന്റെ പിതൃവ്യനായ അബൂലഹബിന് സഹിച്ചില്ല. അദ്ദേഹം തിരുനബിയുടെ നേരെ വിരൽ ചൂണ്ടി ഇങ്ങനെ പറഞ്ഞു
“തബ്ബൻ ലക് (നിനക്കു നാശം!). ഇതിനു വേണ്ടിയാണോ നീ ഞങ്ങളെ ഒരുമിച്ച് കൂട്ടിയത്?”
അപ്പോഴാണ് വിശുദ്ധ ഖുർആനിലെ 111മത്തെ അദ്ധ്യായം, സൂറത്തുൽ മസദ് അവതരിച്ചത്.
അതിന്റെ ആശയം ഏറെക്കുറെ ഇങ്ങനെയാണ്: അബൂലഹബിന്റെ ഇരു കരങ്ങളും നശിക്കട്ടേ! അവൻ നശിച്ചിരിക്കുന്നു. അവന്റെ സമ്പാദ്യങ്ങളോ ധനമോ അവന് ഉപകരിച്ചില്ല. കത്തിജ്വലിക്കുന്ന നരകാഗ്നിയിൽ അവനും അവൻ്റെ ഭാര്യയും പ്രവേശിക്കുക തന്നെ ചെയ്യും. വിറക് ചുമട്ടുകാരിയായ അവളുടെ കഴുത്തിൽ ഈന്തപ്പന നാരുകൊണ്ടുള്ള ഒരു കയറുണ്ട്.
സൂറതുൽ മസദ് അവതരിച്ചതോടെ അബൂലഹബിൻ്റെ ഉള്ളിൽ പേടി കയറി.
“മുഹമ്മദ് എനിക്കെതിരെ ശാപവാക്കുകൾ പറഞ്ഞിരിക്കുന്നു. അത് തൻ്റെ ഭാവിയെ തുലക്കും. അതിനാൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. യുദ്ധത്തിന് പോയാൽ കാറ്റു പോകുമെന്നുറപ്പാണ്. ഒഴിഞ്ഞ് മറുന്നതാണ് ബുദ്ധി.”
അബൂജഹൽ പല തവണ ശ്രമിച്ചിട്ടും അയാൾ യുദ്ധത്തിന് വരാൻ കൂട്ടാക്കിയില്ല. തനിക്ക് പകരം ആസിമു ബ്നു ഹിശാമിനെ പറഞ്ഞയക്കുകയായിരുന്നു. തനിക്കെതിരെ അവതരിച്ച വാക്കുകൾ ഫലിക്കുമോ എന്ന് തന്നെയായിരുന്നു അയാളുടെ ഭയം.
യുദ്ധത്തിൽ തോറ്റു പിന്തിരിഞ്ഞോടി രക്ഷപ്പെട്ട സൈനികനോടാണ് അബൂലഹബ് കാര്യങ്ങൾ അന്വേഷിക്കുന്നത്. മുഗീറ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അബൂസുഫിയാൻ എന്ന് ഓമന പേര്. തിരുനബിയുടെ പിതൃവ്യപുത്രനാണ്. മക്കാ വിജയത്തിന്റെ സമയത്താണ് അദ്ദേഹം ഇസ്ലാം സ്വീകരിക്കുന്നത്. അതുവരെ ശത്രുപക്ഷത്തായിരുന്നു.
ഞങ്ങളെ അവർ ഇഷ്ടംപോലെ കൊല്ലുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു എന്ന് പറഞ്ഞ ഉടനെ അദ്ദേഹം ഇത് കൂടി കൂട്ടിച്ചേർത്തു. “ഇക്കാര്യത്തിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കാരണം ഒന്നിനും കീഴ്പ്പെടാത്ത, ഒന്നിനോടും ഉപമിക്കാൻ പറ്റാത്ത, ഭൂമിയിലോ ആകാശത്തിലോ എന്ന് പറയാൻ പറ്റാത്ത, കറുപ്പും വെളുപ്പും ഉള്ള ഒരുതരം കുതിരകൾക്ക് പുറത്ത് കുറച്ച് വെളുത്ത മനുഷ്യരെ അവിടെ ഞാൻ കണ്ടു. അതായിരിക്കാം അവരുടെ ശക്തിയുടെ രഹസ്യം”
ഈ സംസാരം തൊട്ടടുത്തുണ്ടായിരുന്ന അബുറാഫി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. നബിതിരുമേനിയുടെ പിതൃസഹോദരനായ അബ്ബാസിൻ്റെ ഭൃത്യനായിരുന്നു അബൂറാഫി. അബ്ബാസിന്റെ ഭാര്യ ഉമ്മുൽ ഫള്ലും ഒപ്പമുണ്ടായിരുന്നു.
ഇതുകേട്ട വൈകാരിക തള്ളിച്ചയിൽ “അല്ലാഹുവാണെ! അത് മലക്കുകളാണ്” എന്ന് അബൂറാഫി പറഞ്ഞുപോയി. കുപിതനായ അബൂലഹബ് അബൂറാഫിയുടെ കരണത്തടിച്ചു. അവൻ നിലത്ത് വീണു. ഈ രംഗം കണ്ട് സഹിക്കാനാവാതെ ഉമ്മുൽഫള്ൽ അവിടെ കണ്ട ഒരു കുന്തമെടുത്ത് അബൂലഹബിന്റെ തലക്കടിച്ചു.
“യജമാനൻ ഇല്ലെന്ന് കരുതി ഭൃത്യനെ പീഡിപ്പിക്കുകയോ?” എന്നവർ ഒച്ചയിട്ടു
ആ അടി കുറിക്ക്കൊണ്ടിരുന്നു. തലയിൽ അതൊരു വ്രണമുണ്ടാക്കി. അത് പഴുത്ത് ചീഞ്ഞൊലിക്കാൻ തുടങ്ങി. തുടർന്ന് വേറെയും വ്രണങ്ങൾ. അസാധാരണമായ രോഗബാധിതനായതോടെ കുടുംബം അബൂ ലഹബിനെ ഉപേക്ഷിച്ചു. വീടിന് പുറത്ത് ഒരു ചായ്പിൽ അദ്ദേഹം തലചായ്ച്ചു. ശരീരമാകെ വ്രണം, അസഹ്യമായ ദുർഗന്ധം, ആരും അടുത്തേക്ക് എത്തിനോക്കിയതു പോലുമില്ല. ദിവസങ്ങൾ കഴിഞ്ഞു അയാൾ പുഴുത്തു മരിച്ചു. ശവം മറവ് ചെയ്യാൻ പോലും ആരും തയ്യാറായില്ല. ശരീരം ദ്രവിക്കാൻ തുടങ്ങി. രൂക്ഷമായ ദുർഗന്ധം എങ്ങും പടർന്നു. ജനങ്ങൾ മക്കളോട് പരാതി പറഞ്ഞു.
പകർച്ചവ്യാധി ഞങ്ങൾക്ക് പകരുമോ എന്ന് പേടിയാകുന്നു എന്ന് അവർ പ്രതികരിച്ചു. മൃതദേഹം കുളിപ്പിക്കുന്നതിന് പകരം ദൂരെ നിന്നും വെള്ളം ചീറ്റുകയായിരുന്നു, ശേഷം ഒരു നീണ്ട മരക്കഷ്ണമെടുത്ത് വിദൂരത്ത് നിന്ന് ഒരു കുഴിയിലേക്ക് തള്ളി മറിച്ചിട്ട് കല്ലുകൾ കൊണ്ട് എറിഞ്ഞെറിഞ്ഞ് മൂടിക്കളയുകയായിരുന്നു.
ഇത്രമാത്രം അഭിശപ്തമായ അന്ത്യം അനുഭവിക്കാൻ എന്തൊരു പാതകമാണ് അബൂലഹബ് ചെയ്തത്?
പ്രവാചകത്വ പ്രഘോഷണത്തിന്റെ പ്രാരംഭ ദശയിൽ തിരുനബിക്കു നേരെ അദ്ദേഹം ഉയർത്തിയ വിദ്വേഷത്തിന്റെ കൈകൾ മാത്രമായിരുന്നില്ല പ്രശ്നം. തിരുനബിയുടെ സന്ദേശത്തോടുള്ള വെറുപ്പ് ഒരു ക്യാൻസർ ആയി അദ്ദേഹത്തെ ബാധിച്ചു. അവിടുത്തെ ദൗത്യ നിർവഹണത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തു. പ്രബോധന വീഥിയിൽ വഴിമുടക്കിയായി. അദ്ദേഹത്തിന്റെ രണ്ടു മക്കൾക്ക് തിരുനബിയുടെ രണ്ടു പെൺമക്കളെ വിവാഹം ചെയ്തു കൊടുത്തിരുന്നു. അവരെ ബലമായി വിവാഹമോചിതരാക്കി. അങ്ങാടികളിൽ ചെന്ന് തിരുനബി പ്രഭാഷണങ്ങൾ നടത്തുമ്പോൾ മറുപടി പ്രസംഗവുമായി അദ്ദേഹം ഇറങ്ങും. ചിലപ്പോൾ കൽച്ചീളുകൾ കൊണ്ടെറിയും. തിരുമുഖത്ത് രക്തം പൊടിയും. മറ്റുള്ളവരുടെ അതിക്രമങ്ങൾ വരുമ്പോൾ പിതാവിന്റെ സ്ഥാനത്തിരുന്ന് തന്നെ പ്രതിരോധിക്കേണ്ട പിതൃവ്യനാണ് ഈ കാര്യങ്ങൾ ചെയ്തിരുന്നത്. ചങ്കരനൊത്ത ചക്കിയായിരുന്നു അയാളുടെ ഭാര്യ. തിരുനബിയുടെ വഴികളിലെല്ലാം അവൾ മുള്ളുവിതറി.
ഒരിക്കൽ തിരുനബിയും അബൂബകറും കഅബയുടെ ചാരത്തിരിക്കുകയായിരുന്നു. അപ്പോഴതാ തിരുനബിയെ എറിയാൻ വേണ്ടി വലിയൊരു കല്ലുമെടുത്ത് അവൾ വരുന്നു! ഒപ്പം തെറികൾ പറയുന്നുമുണ്ട്. പക്ഷേ, മുന്നിൽ നിൽക്കുന്ന തിരുദൂതരെ അവൾക്ക് കാണാനായില്ല. അല്ലാഹു ഒരു മറയിട്ടു എന്ന് വേണം കരുതാൻ. നന്മയുടെ വഴിമുടക്കികളായ തീകൊള്ളികൾക്ക് താക്കീതായി ഖുർആൻ അവതരിച്ചു. തിരുനബിയോട് കഠിനമായ ശത്രുത പുലർത്തിയ അബൂലഹബും ഭാര്യയും നേരിടാൻ പോകുന്ന വലിയ ശിക്ഷയാണ് ഖുർആനിലെ 111 ാം സൂക്തത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
വിശുദ്ധ ഖുർആനിന്റെ അമാനുഷികതയുടെ വ്യത്യസ്ത മുഖങ്ങൾ ഈ സൂക്തം അനാവരണം ചെയ്യുന്നുണ്ട്. ധാരാളം പ്രവചനങ്ങൾ ഈ സൂക്തം ഉൾക്കൊള്ളുന്നുണ്ട്. ചിലത് പരിശോധിക്കാം
അബൂലഹബ് നശിക്കും. അവന്റെ മക്കളോ സമ്പത്തോ അവന് ഉപകാരപ്പെടില്ല. അവൻ നരകത്തിൽ കത്തിയെരിയും. അവന്റെ ഭാര്യയും നരകത്തിൽ പ്രവേശിക്കും ഓരോ പ്രവചനങ്ങളും പുലർന്നു. അബൂ ലഹബ് നശിച്ചു. സമ്പത്തോ മക്കളോ മറ്റു ഭൗതിക വിഭവങ്ങളോ അയാൾക്ക് ഒരു ഉപകാരവും ചെയ്തില്ല. എല്ലാവരും മരിക്കുന്നതു പോലെയുള്ള ഒരു സ്വാഭാവിക മരണമായിരുന്നില്ല അവൻ്റേത്. എല്ലാ തീക്കൊള്ളികൾക്കുമുള്ള താക്കീതായിരുന്നു അത്. സ്വന്തം പേര് പറയാതെ വിളിപ്പേര് ഉപയോഗിച്ചത് ആദരിക്കാനല്ല. പ്രത്യുത, ആ പദം ഉൾക്കൊള്ളുന്ന നെഗറ്റീവ് അർത്ഥതലം സൂചിപ്പിക്കാൻ വേണ്ടി കൂടിയാണ്. ഒരു വ്യക്തിയെ യുഗങ്ങളോളം ശപിച്ചുകൊണ്ടിരിക്കുന്ന വേദഗ്രന്ഥം എന്ന ആക്ഷേപത്തിന്റെ മുനയൊടിക്കുന്നുണ്ട് ഈ പ്രയോഗം. ഒരു വ്യക്തിയെ എന്നതിലുപരി സാംസ്കാരിക വിശുദ്ധിയെ ചാമ്പലാക്കാൻ ശ്രമിക്കുന്ന സ്വഭാവ വൈകൃതത്തിന്റെ തീ ഗോളങ്ങളെയും അതിന് അടുപ്പ് ഒരുക്കുന്ന ശിങ്കിടികളെയും എല്ലാ കാലത്തും തുറന്നുകാണിക്കപ്പെട്ടു കൊണ്ടേയിരിക്കണം. അത്തരം പ്രവണതകളുടെ വിനാശം സംഭവിക്കുമ്പോൾ മാത്രമേ നന്മ ലോകത്ത് പ്രഭപൊഴിക്കുകയുള്ളൂ.
അയാളും ഭാര്യയും നരകത്തിൽ കത്തിയെരിയും എന്നതും ഒരു പ്രവചനമാണ്. അവർക്ക് ഇസ്ലാം സ്വീകരിക്കാൻ സൗഭാഗ്യമുണ്ടാകില്ല എന്ന് കൂടിയാണല്ലോ ആ പറഞ്ഞത്. ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറയൂ; നിങ്ങൾ വിജയിക്കും (നരകത്തിൽ നിന്ന് രക്ഷപ്പെടും) എന്ന് ബന്ധുമിത്രാദികളോടും പൊതുജനങ്ങളോടും തിരുനബി പറഞ്ഞുകൊണ്ടിരിക്കുന്ന കാലമാണത്. എന്നാൽ, ഖുർആനിലെ പ്രസ്തുത വചനങ്ങൾ കളവാണെന്ന് സ്ഥാപിക്കാൻ വേണ്ടിയെങ്കിലും അബൂലഹബിന് താഴെ പറയുന്നതു പോലെ പറയാമായിരുന്നു.
“ജനങ്ങളെ! ശ്രദ്ധിക്കുക! ഞാൻ നരകത്തിലേക്കുള്ളവനാണ് എന്നാണ് മുഹമ്മദ് പറയുന്നത്. ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞവൻ സ്വർഗത്തിൽ ആണെന്നും ഇയാൾ തന്നെ പറയുന്നു. അതിനർത്ഥമെന്താണ്? ഞാൻ ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറയുകയില്ല എന്ന് തന്നെ. എന്നാൽ ജനങ്ങളേ, കേൾക്കൂ! ഞാനിതാ ലാഇലാഹ ഇല്ലല്ലാഹ് എന്ന് നിങ്ങളുടെ മുമ്പിൽവെച്ച് പ്രഖ്യാപിക്കുന്നു. മുഹമ്മദ് പറയുന്നത് കള്ളമാണെന്ന് ബോധ്യപ്പെടാൻ ഇതിനേക്കാൾ വലിയ തെളിവെന്ത് വേണം?”
ഇങ്ങിനെ പറയുവാൻ അദ്ദേഹത്തിന് തോന്നിയില്ല. തിരുനബിയെ നിഷ്പ്രഭമാക്കുവാൻ അദ്ദേഹം ചെയ്ത കഠിന കഠോരമായ പ്രവർത്തനങ്ങളിലേക്ക് നോക്കുമ്പോൾ വളരെ ലളിതമായ ഒരു സൂത്രമായിരുന്നു അത്! പക്ഷേ, അതുണ്ടായില്ല! കാരണം അവൻ ജ്വലിക്കുന്ന നരകത്തിന്റെ ഉടമയാണെന്ന് വ്യാഖ്യാനിച്ചത് വിശുദ്ധ ഖുർആനാണ്.




