ഒരാളെ നിങ്ങളുടെ കയ്യിൽ കിട്ടുന്നു എന്ന് സങ്കൽപ്പിക്കുക. അയാളുടെ പ്രത്യേകതകൾ ഇങ്ങനെയാണ്: നിങ്ങളുടെ അതേ വിശ്വാസം പുലർത്തുന്നവനാണോ? അല്ല. സുഹൃത്താണോ? അല്ല. നാട്ടുകാരനാണോ? നോ. നിങ്ങൾക്ക് ഏതെങ്കിലും തരത്തിൽ കടപ്പാടുള്ളവനാണോ? അല്ല. നിങ്ങളുടെ ശത്രുവാണോ? അതെ. നിങ്ങളെ കൊല്ലാൻ ശ്രമിച്ചവനാണോ? അതെ. നിങ്ങളുടെ ആളുകളെ കൊന്നവനാണോ? ഉറപ്പായും. നിങ്ങളെപ്പോലെ / നിങ്ങളേക്കാൾ അധികാരമുള്ളവനാണോ? ഷുവർ. ശക്തിയുള്ളവനാണോ? അതെ. നിങ്ങളെ കവർച്ച ചെയ്തവനാണോ? പല പ്രാവശ്യം. ആളും അർത്ഥവും ആയുധവും ഉള്ളവനാണോ? ഉവ്വ്. തന്നെ കൊല്ലാൻ ഇപ്പോഴും ശ്രമിക്കുന്നവനും തക്കം പാർത്തിരിക്കുന്നവനുമാണോ? യെസ്.
അങ്ങനെയുള്ള ഒരാളെ നിങ്ങളുടെ കയ്യിൽ കിട്ടുന്നു. ഒറ്റക്ക്; പാറാവുകാരോ പരിവാരങ്ങളോ ഇല്ലാതെ. ബന്ദിയായി. നിരായുധനായി. എന്ത് ചെയ്യും നിങ്ങൾ? അദ്ദേഹത്തിന് പാലും മുട്ടയും നൽകി സൽക്കരിക്കുമോ? അതോ, അദ്ദേഹത്തെ വെറുംകയ്യോടെ വിട്ടയക്കുമോ? എന്നാൽ അത്തരം ഒരു സംഭവമുണ്ടായി. എവിടെ? മദീനയിൽ. എന്ന്? ഹിജ്റ ആറാം വർഷത്തിൽ.
ഇസ്ലാമിക പ്രബോധനത്തിന്റെ ഭാഗമായി തിരുനബി അറബികളും അനറബികളുമായ രാജാക്കന്മാർക്ക് കത്തുകളയച്ചു. കൂട്ടത്തിൽ യമാമയുടെ രാജാവായിരുന്ന സുമാമതുബ്നു ഉസാലിനും അയച്ചു. കത്ത് വായിച്ച അയാൾക്ക് തിരുനബിയോട് പുച്ഛം തോന്നി. തിരുനബിയെ കൊന്നുകളയാൻ അയാൾ തക്കം പാർത്തു. ഒരു അവസരം ഒത്തുവന്നെങ്കിലും തന്റെ പിതൃ സഹോദരന്മാരിൽപ്പെട്ട ഒരാളുടെ അവസരോചിതമായ ഇടപെടൽ കാരണം അവസാന നിമിഷം അയാൾ പിന്തിരിഞ്ഞു.
തിരുനബിയെ വിട്ടെങ്കിലും ശിഷ്യരെ വിടാൻ അയാൾ ഒരുക്കമായിരുന്നില്ല. അവർക്കായി അയാൾ തക്കം പാർത്തിരുന്നു. കുറെ പ്രവാചകാനുചരന്മാരെ വധിച്ചുകളഞ്ഞു! തിരുനബി അദ്ദേഹത്തെ ശിക്ഷിക്കാൻ തീരുമാനിച്ചു. വധിക്കാൻ ഉത്തരവിട്ടു. വധത്തിന് വധം തന്നെ പ്രതിവിധി. ഇതൊന്നുമറിയാതെ രാജാവ് സുമാമ മക്കയിലേക്ക് വരികയാണ്; ഉംറ നിർവഹിക്കാൻ. കഅബ പ്രദിക്ഷണം ചെയ്യണം. വിഗ്രഹങ്ങൾക്കുവേണ്ടി ബലിയറുക്കണം. ഇതൊക്കെയാണ് ലക്ഷ്യം. മദീനക്കരികിലൂടെയാണ് യാത്ര. യാത്രക്കിടെ ഓർക്കാപ്പുറത്ത് ഒരു ആക്രമണം.
സുമാമ തരിച്ചുപോയി. ഒരു സംഘം തന്നെ വളഞ്ഞിരിക്കുന്നു! താൻ അവരുടെ പിടിയിലായിരിക്കുന്നു. രക്ഷപ്പെടാൻ പഴുതുകളില്ല. ആരാണ് സുമാമയെ പിടികൂടിയത്? തിരുനബിയുടെ ശിഷ്യന്മാർ. അവർ സുമാമയെ തിരിച്ചറിഞ്ഞിരുന്നോ? ഇല്ല! അറിഞ്ഞിരുന്നെങ്കിൽ അവർ കൊന്നുകളയുമായിരുന്നു. സ്വന്തം കൂട്ടുകാരെ അകാരണമായി നിഷ്കരുണം വധിച്ച കൊടും കുറ്റവാളിയാണിയാൾ. പിന്നെ എന്തിനാണ് പിടികൂടിയത്? മദീന ഇപ്പോൾ സുരക്ഷിതമാണ്. പക്ഷേ ചുറ്റും ശത്രുക്കളാണ്. എപ്പോഴും ആക്രമണം പ്രതീക്ഷിക്കാം. അതിനാൽ അപരിചിതർ നുഴഞ്ഞു കയറാതിരിക്കാൻ സദാസമയം അതിരുകളിൽ പട്ടാളത്തിൻ്റെ പട്രോളിംഗ് ഉണ്ടാകും, അപരിചിതരെ അവർ പിടികൂടും, ചോദ്യം ചെയ്യും. റസൂലിൻ്റെ കോടതിയിലെത്തിക്കും. നിരപരാധികൾ രക്ഷപ്പെടും. അപരാധികൾ കുടുങ്ങും. പദ്ധതി പാളും. സുമാമ ബന്ദിയായി.
തിരുനബി ബന്ദിയെ കണ്ടു. "ആരെയാണ് നിങ്ങൾ പിടികൂടിയിരിക്കുന്നതെന്നറിയുമോ?" തിരുനബി ശിഷ്യരോട് ചോദിച്ചു.
"ഇല്ല; തിരുദൂതരെ! ഹനീഫിയ ഗോത്രക്കാരനായ ഉസാലിൻ്റെ മകൻ സുമാമയാണിത്."
"നിങ്ങളുടെ ബന്ദിയോട് നല്ല രൂപത്തിൽ പെരുമാറണേ." തിരുനബിയുടെ കല്പന.
ശേഷം തന്റെ കുടുംബത്തോട് പറഞ്ഞു: “നിങ്ങളുടെ അടുത്തുള്ള ഭക്ഷണമെടുത്ത് സുമാമക്ക് കൊടുത്തയക്കൂ” കഷ്ടപ്പാടുകൾക്കിടയിലും സ്വന്തം വീട്ടിലെ ഭക്ഷണം അതിഥിക്കെന്നോണം നൽകി ബന്ദിയെ സത്കരിക്കുകയാണ് തിരുനബി.
“എന്റെ ഒട്ടകത്തെ രാവിലെയും വൈകുന്നേരവും കറന്നെടുത്ത് രണ്ട് നേരവും സുമാമക്ക് പാൽ നൽകണം.” മറ്റൊരാളോട് തിരുനബിയുടെ കൽപ്പന!
ബന്ദികളോട് നല്ല രൂപത്തിൽ പെരുമാറണമെന്നാണ് ഇസ്ലാമിന്റെ കൽപ്പന. തിരുകൽപ്പനയെ ജീവിതത്തിലേക്ക് പകർത്തിയവരാണ് യഥാർത്ഥ വിശ്വാസികൾ.
അതുകൊണ്ടാണ് തങ്ങളുടെ അവകാശ പോരാട്ടത്തിന്റെ ഭാഗമായി ഇസ്രായേലിൽ നിന്നും ചിലരെ ബന്ദികളാക്കി കൊണ്ടുവന്നപ്പോൾ ഫലസ്തീൻ പോരാളികൾ അവരോട് വളരെ മാന്യമായ രൂപത്തിൽ പെരുമാറിയത്. ബന്ധികൾ തങ്ങളെ ബന്ദികളാക്കിയവർക്ക്, അവരുടെ പെരുമാറ്റത്തിന്റെ ഔന്നത്യത്തെ പ്രകീർത്തിച്ചുകൊണ്ട് നന്ദി പറഞ്ഞുകൊണ്ടും കത്തെഴുതുന്നത് ചരിത്രത്തിലെ അപൂർവതകളിലൊന്നാണ്.
ഫലസ്തീൻ പോരാളികൾ ബന്ദികളാക്കിയ ദാനിയാൽ എന്ന സ്ത്രീയും ഇമീലിയ എന്ന കുഞ്ഞും മോചിപ്പിക്കപ്പെട്ടപ്പോൾ അവർ എഴുതിയ കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അതിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ:
23/11/2023
“അവസാനത്തെ ആഴ്ചകളിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ജനറൽമാർക്ക്.
നിങ്ങൾക്ക് എന്റെ ഹൃദയാന്തരങ്ങളിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു. എന്റെ കൊച്ചുമകൾ എമീലിയയോട് നിങ്ങൾ പ്രകടിപ്പിച്ച അസാധാരണമായ മനുഷ്യത്വത്തിന്. നിങ്ങൾ അവർക്ക് മാതാപിതാക്കളെ പോലെ ആയിരുന്നു. അവൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ റൂമുകളിലേക്ക് വരാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. നിങ്ങൾ അവൾക്ക് നല്ല കൂട്ടുകാരായിരുന്നു. വെറും കൂട്ടുകാരല്ല. യഥാർത്ഥമായ സ്നേഹം പ്രകടിപ്പിച്ച കൂട്ടുകാർ. നിങ്ങളോടൊപ്പം ഉണ്ടായിരുന്ന നല്ല നിമിഷങ്ങൾക്ക് നന്ദി നന്ദി നന്ദി…. അവൾ ആവശ്യപ്പെട്ടതെല്ലാം നിങ്ങൾ നൽകി. പഴങ്ങളും മധുരങ്ങളും അവ ലഭ്യമല്ലാതിരുന്നിട്ടുകൂടി. എന്റെ മകൾ ഗസ്സയിലെ രാജ്ഞിയെ പോലെയായിരുന്നു. നിങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്കിടയിലും തീരാനഷ്ടങ്ങൾക്കിടയിലും അവളോട് നിങ്ങൾ ചെയ്ത സ്നേഹവാത്സല്യങ്ങൾക്ക് ഒരായിരം നന്ദി. എല്ലാവർക്കും ആയുരാരോഗ്യങ്ങൾ ആശംസിക്കുന്നു. ഒരുപാട് നന്ദി.
ദൻയാൽ, ഇമീലിയ.”
ചെറിയ പെൺകുട്ടിയോട് മാത്രമല്ല, ആദ്യഘട്ടത്തിൽ മോചിതരായ എല്ലാ ബന്ദികളും തങ്ങളെ ബന്ദികളാക്കിയവരെക്കുറിച്ച് നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളൂ: “അവർ ഭക്ഷിക്കുന്നതെല്ലാം ഞങ്ങൾക്കും നൽകി; വൈദ്യസഹായം നൽകി, ഞങ്ങളുടെ ബാത്റൂം കഴുകിത്തന്നു” എന്നുവരെ പല ബന്ദികളും പറഞ്ഞു. എന്നാൽ നേരെ തിരിച്ചാണ് ഇസ്രായേൽ ബന്ദികളാക്കിയവരുടെ അവസ്ഥ. പട്ടിണിക്കിടലും, കൊടും ക്രൂരതകളും, മാനസിക പീഡനങ്ങളും… മദീനയിലേക്ക് തന്നെ തിരിച്ച് വരൂ.
ഇതുവരെ തിരുനബി സുമാമയെ അഭിമുഖീകരിക്കുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. ബന്ദി ഭക്ഷണവും പാലുമൊക്കെ കഴിച്ചതിന് ശേഷം തിരുനബി സുമാമയെ സമീപിച്ച് ചോദിച്ചു: 'സുമാമാ! എങ്ങനെയുണ്ട്?'
സുമാമ: 'സുഖം. നീ എന്നെ കൊല്ലുകയാണെങ്കിൽ അത് ന്യായം മാത്രമാണ്; ഞാനത് അർഹിക്കുന്നു. നീ മാപ്പ് നൽകുന്ന പക്ഷം ഞാൻ നിന്നോട് നന്ദിയുള്ളവനായിരിക്കും. പണമാണ് വേണ്ടതെങ്കിൽ എത്രവേണമെങ്കിലും ആവശ്യപ്പെട്ടോളൂ.'
തിരുനബി ഒന്നും പറയാതെ തിരിച്ചുപോയി. പിറ്റേ ദിവസവും തിരുനബി വന്നു; അതേ ചോദ്യം ആവർത്തിച്ചു. അതേ മറുപടിയും. മൂന്നാം ദിവസവും അതെ. മറുപടി കേട്ടപ്പോൾ തിരുനബി അനുചരരോട് പറഞ്ഞു: സുമാമയെ സ്വതന്ത്രനാക്കൂ.
സുമാമ നേരെ നടന്ന് തൊട്ടടുത്തുള്ള ജലാശയത്തിനടുത്ത് തന്റെ വാഹനം നിർത്തി. ഇറങ്ങി കുളിച്ചു ശുദ്ധിയായി തിരിച്ച് തിരുനബിയുടെ പള്ളിയിൽ വന്നുകയറി. 'അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹ് വഅശ്ഹദു അന്ന മുഹമ്മദറസൂലുല്ലാഹ്.
പിന്നീട് തിരുനബിയുടെ നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു: “എനിക്ക് ഭൂമുഖത്ത് നിങ്ങളെക്കാൾ വെറുപ്പുള്ള ഒരാൾ ഇതുവരെ ഉണ്ടായിരുന്നില്ല; ഇപ്പോൾ നിങ്ങളെക്കാൾ ഇഷ്ടമുള്ള ഒരാളും ലോകത്തില്ല. ഈ മതത്തെക്കാൾ വെറുപ്പുള്ള ഒരു മതവുമുണ്ടായിരുന്നില്ല. ഇപ്പോൾ ഇതിനെക്കാൾ ഇഷ്ടമുള്ള ഒരു മതവുമില്ല. നിങ്ങളുടെ നാടിനെക്കാൾ വെറുപ്പുള്ള ഒരു നാടും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഇതിനെക്കാൾ എനിക്കിഷ്ടമുള്ള ഒരു നാടും ലോകത്തില്ല.”
അതങ്ങനെയാണ് തൗഹീദിന്റെ (ഏകദൈവ വിശ്വാസം) മധുരം ഉള്ളിലേക്ക് കടന്നാൽ അല്ലാഹുവും റസൂലും ഏറ്റവും പ്രിയപ്പെട്ടവരാകും. ചരിത്രത്തിൽ മാത്രമല്ല വർത്തമാനത്തിൽ തന്നെ അതിനെമ്പാടും ഉദാഹരണങ്ങളുണ്ട്. ഡച്ച് രാഷ്ട്രീയക്കാരനായിരുന്ന Joram Van Klaveren നെ അറിയില്ലേ? ശക്തനായ ഇസ്ലാം വിരോധിയായിരുന്നു അദ്ദേഹം. ഇസ്ലാമിനെ ഏറ്റവും വെറുപ്പുളവാക്കുന്ന ഭാഷയിലായിരുന്നു അദ്ദേഹം ആവിഷ്കരിച്ചിരുന്നത്. ഇസ്ലാമിനെതിരെ ഒരു പുസ്തകം എഴുതുന്നതിനിടയിലാണ് ഇസ്ലാമിനെ കുറിച്ച് കൂടുതൽ വായിക്കാൻ അവസരം ഉണ്ടായത്. തന്റെ പല ധാരണകളും തെറ്റായിരുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി. 2018, ഒക്ടോബറിൽ അദ്ദേഹം ഇസ്ലാം സ്വീകരിച്ചു. Apostate: From Christianity to Islam in times of sécularisation and terror എന്ന ശീർഷകത്തിൽ എഴുതിയ പുസ്തകം ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കപ്പെട്ടു.
സുമാമയിലേക്ക് തന്നെ വരൂ! തന്റെ ഇസ്ലാമിക വിശ്വാസം പ്രഖ്യാപിച്ചതിനുശേഷം സുമാമ വീണ്ടും തിരുനബിയോട് ചോദിക്കുകയാണ്: “നബിയെ, പിന്നെ ഒരു കാര്യം കൂടി ചോദിക്കാനുണ്ട്. നിങ്ങളുടെ കുറെ ആളുകളെ ഞാൻ കൊന്നുകളഞ്ഞിട്ടുണ്ട്. അതിന് പ്രതിവിധിയായി എന്താണ് എനിക്ക് താങ്കൾ വിധിക്കുന്ന ശിക്ഷ?”
തിരുനബി: “ഒരു ആക്ഷേപവുമില്ല സുമാമാ. ഇസ്ലാം മുൻകഴിഞ്ഞ പാപങ്ങളെ മായ്ച്ചുകളയും.”
സുമാമ: “തിരുദൂതരേ... ഞാൻ ഉംറ ഉദ്ദേശിച്ച് പുറപ്പെട്ടതായിരുന്നു. അപ്പോഴാണ് നിങ്ങളുടെ സൈനികർ എന്നെ പിടികൂടിയത്. ആ ഉംറ ഇനി ഞാൻ എന്ത് ചെയ്യണം?”
തിരുനബി: “ഉംറ ചെയ്തോളു. പക്ഷേ അല്ലാഹുവും റസൂലും പഠിപ്പിച്ച രൂപത്തിലായിരിക്കണം എന്ന് മാത്രം.” എന്നിട്ട് തിരുനബി ഇസ്ലാമിക ഉംറയുടെ രീതികൾ പഠിപ്പിച്ചുകൊടുത്തു.
സുമാമ മക്കയിലേക്ക്, ലബൈക്കല്ലാഹുമ്മ ലബ്ബൈക്ക്... ലബൈക്ക ലാ ശരീകലക ലബ്ബൈക്ക്. ഇസ്ലാമിന്റെ തൽബിയത് (ലബൈക്കല്ലാഹുമ്മ ലബ്ബൈക്ക്) മുഴക്കി ആദ്യമായി മക്കയിൽ പ്രവേശിച്ച വിശ്വാസിയാണ് സുമാമ. അപരിചിതമായ തൽബിയത് കേട്ട് ഖുറൈശികൾ കുപിതരായി. അവർ സായുധരായി ചാടിപ്പുറപ്പെട്ടു. ആളുകൾ ഇളകിയാർത്തുവരുന്നത് കണ്ടപ്പോൾ സുമാമക്ക് ആവേശമായി. സുമാമ കൂടുതൽ ഉച്ചത്തിൽ തൽബിയത് മുഴക്കിക്കൊണ്ടിരുന്നു!
ചില ചെറുപ്പക്കാർ സുമാമക്ക് നേരെ അമ്പെയ്യാൻ ഒരുങ്ങിയപ്പോൾ മുതിർന്നവർ അവരെ തടഞ്ഞു. "അരുത്, ആരാണ് ഇയാൾ എന്നറിയുമോ? യമാമയുടെ രാജാവ് സുമാമയാണിത്. ഇയാൾക്ക് വല്ലതും പിണഞ്ഞാൽ നമുക്കുള്ള റേഷൻ മുടങ്ങും. നാം വിശന്ന് ചാകേണ്ടി വരും."
ആളുകൾ വാളുകൾ ഉറയിലിട്ടു. സൗമ്യനായി സുമാമ അവരുടെ അടുക്കലേക്ക് കയറിവന്നു. “എന്തുപറ്റി നിനക്ക്? നീ നിന്റെ പിതാക്കളുടെ മതമൊക്കെ ഉപേക്ഷിച്ച് പിഴച്ചുപോയോ?” എന്ന് ഖുറൈശികൾ ചോദിച്ചു.
സുമാമ: “പിഴച്ചിട്ടില്ല. സത്യം സ്വീകരിച്ചതാ! അതെ. മുഹമ്മദ് നബിയുടെ മതം സ്വീകരിച്ചു. ഒരു കാര്യം പറഞ്ഞേക്കാം.. ഞാൻ യമാമയിലേക്ക് അങ്ങ് ചെല്ലട്ടെ. ഒരു മണി ഗോതമ്പ് പോലും ഇനി നിങ്ങൾ ഇങ്ങോട്ട് പ്രതീക്ഷിക്കേണ്ട. നിങ്ങളും മുഹമ്മദ് നബിയിൽ വിശ്വസിക്കുന്നതുവരെ.”
ഖുറൈശികൾ നോക്കിനിൽക്കേ തിരുനബി പഠിപ്പിച്ചത് പ്രകാരം സുമാമ ഉംറ ചെയ്തു; അല്ലാഹുവിന് വേണ്ടി. യമാമയിൽ തിരിച്ചെത്തി. മക്ക നിവാസികൾക്ക് ഉപരോധം ഏർപ്പെടുത്തി. ഉപരോധം അവിശ്വാസികളുടെ മക്കയെ മെല്ലെ മെല്ലെ ബാധിക്കാൻ തുടങ്ങി. ഭക്ഷ്യവസ്തുക്കൾക്ക് വിലകൂടി. ദുരിതങ്ങൾ വർദ്ധിച്ചു. പട്ടിണികിടന്ന് മരിക്കേണ്ടിവരുമോ എന്ന് അവർ ഭയപ്പെട്ടു. ഇനി എന്ത് ചെയ്യും? മക്കയിലെ ബഹുദൈവ വിശ്വാസികൾ കൂടിയാലോചിച്ചു. അവരുടെ മുമ്പിൽ ഒരേ ഒരു പോംവഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. “നമുക്ക് മുഹമ്മദിന് കത്തെഴുതാം! അദ്ദേഹം വിചാരിച്ചാൽ മാത്രമേ ഇനി റേഷൻ ലഭിക്കുകയുള്ളൂ.”
അവസാനം അവർ അത് ചെയ്തു. അവരുടെ കൊടിയ ആക്രമണങ്ങൾക്ക് ഇരയായ തിരുനബിക്ക് ഒരു കത്ത്. ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടൽമാല ആ കഴുത്തിൽ അവർ ചാർത്തിയിരുന്നു. കൊന്നുകളയാൻ വേണ്ടി അവർ ഗൂഢാലോചന നടത്തിയിരുന്നു! വീട് വളഞ്ഞിരുന്നു! ആ നബിയെ സംരക്ഷിച്ചവർക്കെതിരെ അവർ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു! ശിഅബ് അബീ ത്വാലിബിൽ വിശ്വാസികൾ പച്ചിലകൾ മാത്രം ഭക്ഷിച്ച് കഴിഞ്ഞ രംഗം വായിച്ചതോർമ്മയില്ലേ? പിറന്ന മണ്ണിൽ ജീവിക്കാനനുവദിക്കാത്തതിൻ്റെ പേരിൽ നാടുവിട്ട് കുടുംബവും സമ്പത്തുമൊക്കെ ഉപേക്ഷിച്ച് പോന്നതാണ് തിരുനബിയും സഖാക്കളും.
എല്ലാ വൃത്തികേടുകളും ചെയ്ത ആ കൊടും പാതകികൾ തന്നെ മുത്ത് നബിക്ക് കത്തെഴുതി:
“മുഹമ്മദ്,
നീ കുടുംബബന്ധം പുലർത്തുന്നയാളാണെന്നും അതിന് പ്രേരിപ്പിക്കുന്നയാളാണെന്നും ഞങ്ങൾക്കറിയാം. പക്ഷേ നീ കുടുംബബന്ധം മുറിച്ചിരിക്കുന്നു. പിതാക്കളെ വാളുകൊണ്ടും മക്കളെ പട്ടിണിക്കിട്ടും കൊല്ലുകയാണോ നീ? സുമാമാതുബ്നു ഉസാൽ ഞങ്ങളുടെ മേൽ ഉപരോധമേർപ്പെടുത്തിയിരിക്കുന്നു. ഈ ഭക്ഷ്യ ഉപരോധം നിർത്താൻ നീ അയാൾക്കൊന്ന് എഴുതി അയക്കുന്നത് നല്ലതാണെന്ന് തോന്നുന്നുവെങ്കിൽ അതൊന്ന് ചെയ്യാമോ?”
തിരുനബി എന്ത് ചെയ്തു? സുമാമക്ക് ഓർഡർ അയച്ചു. ഭക്ഷ്യ ഉപരോധം പിൻവലിക്കണം! സുമാമ അനുസരിച്ചു.
ഇതാണ് തിരുദൂതർ! കൊടും ക്രൂരത ചെയ്തവരോടാണ് കരുണ. ആട്ടിയോടിച്ചവരോടാണ് കരുണ. അവിശ്വാസിയോടും വിദേശിയോടും കരുണ! സ്വദേശിയോടും!
മാസങ്ങളോളം പട്ടിണികിടന്ന് അന്നവും വെള്ളവും പാർപ്പിടവുമില്ലാതെ നരകിക്കുന്ന പാവങ്ങൾക്ക് സന്നദ്ധ സംഘടനകൾ വച്ചുനീട്ടുന്ന ഭക്ഷ്യക്കിറ്റുകൾക്കായി ആർത്തിയോടെ വരി നിൽക്കുമ്പോൾ അവർക്ക് നേരെ നിറയൊഴിക്കുന്ന ഇസ്രായേലി ഭീകരതയുടെ കാലത്ത് നിന്ന് നമ്മൾ തിരുനബിയുടെ കാലത്തേക്ക് വരിക. ജൂതരോട് തന്നെ തിരുനബി പെരുമാറിയ ഉദാത്തമായ ഉദാഹരണങ്ങൾ എമ്പാടുമുണ്ട്.




