ചെറുപ്പത്തിലെ സുന്ദരനും സുശീലനും ആയിരുന്നല്ലോ തിരുനബി. 'അൽ അമീൻ' എന്നായിരുന്നു അവർ നബിയെ വിളിച്ചിരുന്നത്. അതിസുന്ദരികളായ ചെറുപ്പക്കാരികളെ തന്നെ നബിക്ക് ഇണകളായി ലഭിക്കുമായിരുന്നു. സൗന്ദര്യം കൊണ്ടും സ്വഭാവശുദ്ധി കൊണ്ടും അവർക്കിടയിൽ അത്രമേൽ സ്വീകാര്യനായിരുന്നു മുഹമ്മദ് നബി. പക്ഷേ, തിരുനബി വിവാഹത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നതിന് മുൻപേ വിവാഹാന്വേഷണം അവിടുത്തെ തേടിയെത്തി. വർത്തക പ്രമുഖയായ ഖദീജയാണ് വിവാഹമന്വേഷിക്കുന്നത്. നബിയുടെ സ്വഭാവ മഹിമയും സത്യസന്ധതയും അസാധാരണത്വവും അനുഭവിച്ചറിഞ്ഞിട്ടാണ് അവർ ഇങ്ങനെ ഒരു അന്വേഷണം മുന്നോട്ടുവച്ചത്.
വേണ്ട എന്ന രണ്ടക്ഷരം മതിയായിരുന്നു തിരുനബിക്ക്. പക്ഷേ, രണ്ടു പ്രാവശ്യം വിധവയായ, തന്നെക്കാൾ 15 വയസ്സ് പ്രായമുള്ള, 40 കാരി ഖദീജ ബീവിയെ തന്നെ അവിടുന്ന് വിവാഹം കഴിച്ചു. ബഹുഭാര്യാത്വം നിലവിലുണ്ടായിട്ടും മഹതി മരിക്കുന്നത് വരെ മറ്റൊരു സ്ത്രീയെയും വിവാഹം ചെയ്തില്ല. 25 വർഷത്തെ ആ ദാമ്പത്യ വല്ലരിയിലാണ് ഇബ്രാഹിം ഒഴികെയുള്ള തന്റെ എല്ലാ മക്കളും പിറന്നത്. തിരുനബിയുടെ പ്രബോധന ദൗത്യത്തിന് മാനസികമായും സാമ്പത്തികമായും സഹായിക്കാൻ കരുത്തുള്ള ഒരു സ്ത്രീ രത്നത്തെ അല്ലാഹു അവിടത്തേക്ക് വേണ്ടി സജ്ജമാക്കിയതായിരുന്നു എന്ന് വേണം കരുതാൻ.
ഖദീജയെ തിരുനബി വല്ലാതെ സ്നേഹിച്ചു. ഖദീജ നബിയെയും. നാല്പതാം വയസ്സിൽ പ്രവാചകത്വം ലഭിക്കുമ്പോൾ എല്ലാവിധ പിന്തുണയുമായി ഖദീജ കൂടെ ഉറച്ചുനിന്നു. പ്രവാചകത്വ നിർവഹണത്തിൽ വിജയിക്കാൻ കഴിയുമോ എന്ന് ആധി തിരുനബിയിലങ്കുരിച്ചപ്പോൾ ഖദീജ സമാശ്വാസത്തിന്റെ കുളിരു പെയ്തു: 'അല്ലാഹുവാണെ! തീർച്ചയായും അവൻ നിങ്ങളെ പരാജയപ്പെടുത്തുകയില്ല; നിങ്ങൾ ജനങ്ങളുടെ പ്രയാസം ഏറ്റെടുക്കുന്നവനാണ്. അതിഥിയെ സൽക്കരിക്കുന്നവരാണ്. ജോലി ഇല്ലാത്തവർക്ക് ജോലി ഉണ്ടാക്കി കൊടുക്കുന്നവനാണ്. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ജനങ്ങളെ സഹായിക്കാൻ ഓടിയെത്തുന്നവരാണ്'.
തിരുനബി പ്രവാചകത്വം വാദിച്ചപ്പോൾ അവിടുത്തെ കൊല്ലാൻ വിട്ടുകൊടുക്കാത്തതിന്റെ പേരിൽ നബി കുടുംബത്തിലെ വിശ്വാസികളെയും അല്ലാത്തവരെയും മുഴുവൻ ശത്രുക്കൾ ബഹിഷ്കരിച്ചു. ഭക്ഷണവും വെള്ളവും മരുന്നും നിഷേധിച്ചു. ദീർഘമായ മൂന്നുവർഷം! അപ്പോഴും എല്ലാ പ്രയാസങ്ങളും സഹിച്ച് ധനികയായിരുന്ന ഖദീജ നബിയോടൊപ്പം നിന്നു.
പ്രവാചകത്വത്തിന്റെ പത്താം വർഷം ഖദീജ ബീവി ഇഹലോകവാസം വെടിഞ്ഞു. അതേ വർഷം തന്നെയാണ് പിതൃവ്യനായിരുന്ന അബൂത്വാലിബും മരിച്ചത്. ഒരാൾ വീട്ടിനുള്ളിലെ തണലായിരുന്നെങ്കിൽ മറ്റൊരാൾ വീട്ടിനു പുറത്തെ സംരക്ഷകനായിരുന്നു. തിരുനബിക്ക് ദുഃഖവർഷമായിരുന്നു അത്. ഖദീജ ബീവി വിടപറഞ്ഞിട്ടും തിരുനബിയുടെ മനസ്സിൽ ഖദീജ ജീവിച്ചു. അവരെക്കുറിച്ച് അനുസ്മരിക്കും. അവരുടെ പേരിൽ ആടിനെ അറുത്ത് കഷ്ണങ്ങളാക്കി ഖദീജയുടെ സുഹൃത്തുക്കൾക്ക് കൊടുത്തയക്കും. തന്റെ പ്രിയതമയുടെ സുഹൃത്തുക്കളെ മാത്രമല്ല, ബന്ധുക്കളെയും അവിടുന്ന് ആദരിച്ചു.
പ്രവാചകപത്നി ആയിശ ഉദ്ധരിക്കുന്നു: ഒരിക്കൽ ഖദീജയുടെ സഹോദരി ഹാല നബിയെ സന്ദർശിച്ചു. വീട്ടിലേക്ക് പ്രവേശിക്കാൻ സമ്മതം ചോദിച്ചു. 'അല്ലാഹ്, ഹാലയോ?' നബി അതിരറ്റ സന്തോഷം പ്രകടിപ്പിച്ചു. ഹാലയിലൂടെ ഖദീജയെയാണ് നബി കാണുന്നത്. ആ ദാമ്പത്യകാലത്ത് ഇടക്കിടെ അവിടെ സന്ദർശനം നടത്താറുണ്ടായിരുന്ന ഒരു വൃദ്ധയുണ്ടായിരുന്നു. അവർ ഒരിക്കൽ നബിയെ കാണാൻ വന്നു. തിരുനബി ആഇശയുടെ വീട്ടിലായിരുന്നു.
"ആരാ?"
"ഞാൻ ജസ്സാമയാണ്."
"നിങ്ങൾ ജസ്സാമയല്ല; ഹസ്സാനയാണ്. ('ചത്തവൾ' എന്നാണ് ജസ്സാമയുടെ അർത്ഥം. നല്ലവൾ എന്നർത്ഥമുള്ള ഹസ്സാന എന്ന് നബി പേരു മാറ്റി) എന്നിട്ട് എന്തൊക്കെയുണ്ട് വിശേഷങ്ങൾ?"
"നബിയെ! എൻ്റെ മാതാപിതാക്കളെ അങ്ങേക്ക് സമർപ്പിക്കുന്നു (ഇത് അറബിയിൽ ആദരസൂചകമായി പ്രയോഗിക്കുന്ന പ്രയോഗമാണ്.) . കാര്യങ്ങളെല്ലാം വളരെ ഭംഗിയായി നടന്നു പോകുന്നു," അവർ പറഞ്ഞു.
തിരുനബിയുടെ സ്വീകരണമൊക്കെ കഴിഞ്ഞ് ആ സ്ത്രീ തിരിച്ചു പോയപ്പോൾ ആയിശ സംശയം ചോദിച്ചു: "ഈ വൃദ്ധയായ സ്ത്രീയെ നിങ്ങളിങ്ങനെ വല്ലാതെ ആദരിച്ചു സ്വീകരിച്ചതെന്തിനാണ്?"
നബി: "ഓഹോ, അതാണോ? ഖദീജയുടെ കാലത്ത് അവർ ഞങ്ങളുടെ വീട്ടിൽ ഇടയ്ക്കിടെ വരാറുണ്ടായിരുന്നു. പഴയ ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നത് ഈമാനിൻ്റെ ഭാഗമാണ്!"
ഖദീജയുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രമല്ല, ആ മഹതി ജീവിച്ചിരുന്ന കാലത്തെ പോലും ഓർമയിൽ സൂക്ഷിച്ചിരുന്നു തിരുനബി. ഖദീജയുടെ പോരിശകൾ കേൾക്കുമ്പോൾ ആയിശക്ക് ഈർഷ്യം വരും! "എന്നോ മരിച്ചുപോയ ഒരു കിളവിയേയും ഓർത്തിരിക്കുകയാണോ ഇപ്പോഴും? അതിനേക്കാൾ എത്രയോ നല്ല സ്ത്രീകളെ അല്ലാഹു നിങ്ങൾക്ക് നൽകിയിട്ടില്ലേ?"
ഇത് കേൾക്കുമ്പോൾ തിരുനബിയുടെ മുഖം ചുവന്നു തുടുക്കുമായിരുന്നു. അവിടുന്ന് പറയും: 'അവരെക്കാൾ നല്ലതിനെ എനിക്ക് പടച്ചവൻ തന്നിട്ടില്ല. ജനങ്ങളെല്ലാം എന്നെ നിഷേധിച്ചപ്പോൾ എന്നെ വിശ്വസിച്ചവരാണവൾ, എല്ലാവരും എന്നെ കളവാക്കിയപ്പോൾ എന്നെ അംഗീകരിച്ചവളാണവർ. ജനങ്ങൾ സമ്പത്ത് തടഞ്ഞുവച്ചപ്പോൾ എനിക്ക് സമ്പത്ത് വാരിക്കോരി തന്നവൾ! അവരിൽ നിന്ന് മാത്രമാണ് എനിക്ക് അല്ലാഹു മക്കളെ നൽകിയത്! എന്നിട്ട്, അവരേക്കാൾ നല്ലവരെ പകരം ലഭിച്ചു എന്നാണോ നീ പറയുന്നത്?'
പറഞ്ഞുവരുന്നത് ഇതാണ്, ദാമ്പത്യത്തിന്റെ എല്ലാ ചേരുവകളും അതിന്റെ അടിസ്ഥാനപരമായ അർത്ഥത്തിൽ മേളിച്ചത് ഖദീജക്കൊപ്പമായിരുന്നു. സാധാരണഗതിയിൽ ഒരു പുരുഷന്റെ ലൈംഗിക ചോദനകൾ അസ്തമിച്ചു തുടങ്ങുന്ന അമ്പതുകൾക്കു ശേഷമാണ് തിരുനബി മറ്റെല്ലാ വിവാഹങ്ങളും കഴിച്ചത്. മതപരവും സാമൂഹികവും രാഷ്ട്രീയവുമായ പല കാരണങ്ങളാലാണ് ആ വിവാഹങ്ങളൊക്കെയും നടന്നത്.
നബി രണ്ടാമതായി വിവാഹം കഴിച്ചത് വിധവയായ, 66 കാരിയായ, അഞ്ചോ ആറോ മക്കളുള്ള, തന്നെക്കാൾ നീളമുള്ള സൗദാ ബീവിയെ! വിവാഹം കഴിക്കുന്നതിലൂടെ അവരുടെ ജീവിത ഭാരം ഏറ്റെടുക്കുക എന്ന സാമൂഹിക ദൗത്യം നിർവഹിക്കുകയായിരുന്നു തിരുനബി. ഉമ്മു സലമ, സൈനബ് ബിൻത് ഖുസൈമ ഇവരുടെ വിവാഹത്തിന് പിന്നിലും വിധവ സംരക്ഷണമായിരുന്നു. വിധവയായ ഹഫ്സ ബീവിയുടെ വിവാഹത്തിലൂടെ രണ്ടാം ഖലീഫയായ ഉമറിനോടുള്ള ബന്ധം സുദൃഢമാവുക കൂടി ചെയ്തു. തിരുനബിയുടെ ഭാര്യമാരിൽ ഏക കന്യക ആയിശ ബീവിയാണ്. തന്റെ ജീവിതകാലത്തും ശേഷവും മതവിഷയങ്ങളിൽ പൊതുവെയും സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രത്യേകിച്ചും മതവിധികൾ വിവരിച്ചു കൊടുക്കാൻ ശേഷിയുള്ള ഒരു ഇളം പ്രായക്കാരി അനിവാര്യമായിരുന്നു. കാണാനും തൊടാനും പറ്റുന്നവൾ, ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പോലും ചർച്ച ചെയ്യാൻ പറ്റുന്നവൾ. അതിനായി അല്ലാഹുവിൻ്റെ പ്രത്യേകമായ നിർദ്ദേശപ്രകാരമാണ് ആ വിവാഹം നടന്നത്. അത് സംഭവിക്കുകയും ചെയ്തു.
തിരുനബിക്ക് ശേഷം 45 വർഷക്കാലം വൈജ്ഞാനിക വടവൃക്ഷമായി അവർ സമുദായത്തിന് തണലായി. 2010 ഹദീസുകൾ അവർ ഉദ്ധരിച്ചു. തിരുനബിയുടെ വിയോഗത്തിന് ശേഷവും പ്രമുഖ തിരുനബി അനുചരമാർ ഉൾപ്പടെ, സ്ത്രീകൾ പ്രത്യേകിച്ചും സംശയനിവാരണത്തിനായി ആയിശ ബീവിയുടെ ഉമ്മറപ്പടിയിൽ എത്തി. പ്രവാചകാനുചരനായ അബൂ മൂസ ഉദ്ധരിക്കുന്ന സംഭവം: മുഹാജിറുകളിലും (മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തുവന്നവർ) അൻസാരികളിലും (മദീനക്കാർ) ഉൾപ്പടെയുള്ള ഒരു സംഘം ആളുകൾ കുളി നിർബന്ധമാകുന്ന വിഷയത്തിൽ തർക്കത്തിലായി. ശുക്ലസ്ഖലനം ഉണ്ടായാൽ മാത്രമേ കുളിനിർബന്ധമാകൂ എന്നായി അൻസാരികൾ. ലൈംഗികബന്ധം നടന്നാൽ തന്നെ കുളി നിർബന്ധമാകും (സ്ഖലനം സംഭവിച്ചിട്ടില്ലെങ്കിലും) എന്ന് മുഹാജിറുകളും.
അബൂ മൂസ പറഞ്ഞു: "നമുക്ക് പ്രശ്നം പെട്ടന്ന് പരിഹരിക്കാം." അങ്ങനെ ആയിശ ബീവിയിൽ നിന്ന് ഒരു അപ്പോയ്മെന്റ് വാങ്ങി. സമ്മതം കിട്ടിയ സമയത്ത് ഞങ്ങൾ എത്തി.
"ഞാൻ ചോദിച്ചു: ഉമ്മാ, എനിക്കൊരു കാര്യം ചോദിക്കാനുണ്ട്. ചോദിക്കാൻ ലജ്ജയാകുന്നുമുണ്ട്."
"പ്രസവിച്ച ഉമ്മയോട് ചോദിക്കാൻ നിനക്ക് ലജ്ജ ഇല്ലാത്തതുപോലെ എന്നോട് ചോദിക്കാനും ലജ്ജ വേണ്ടതില്ല. ഞാൻ നിൻ്റെ ഉമ്മ മാത്രമാണ്."
"കുളി നിർബന്ധമാകുന്നത് എപ്പോഴാണ്?"
"അറിയുന്ന ആളോട് തന്നെയാണ് നീ ചോദിച്ചിരിക്കുന്നത്. തിരുനബി പറഞ്ഞിട്ടുണ്ട്: 'പുരുഷൻ സ്ത്രീയുടെ നാല് പാർശ്വങ്ങൾക്കിടയിൽ ഇരിക്കുകയും ലൈംഗിക ബന്ധം സംഭവിക്കുകയും ചെയ്താൽ കുളി നിർബന്ധമാകും.'"
ആയിശ ബീവിയുടെ ഈ വിവരണം ആ വിഷയത്തിലുള്ള അന്തിമ വിധിയായി! ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ!
തിരുനബിയുമായുള്ള വിവാഹത്തെ ആവേശത്തോടെയും അഭിമാനത്തോടെയുമാണ് ആയിശ ബീവി സ്വീകരിച്ചത്. തിരുനബി അവർക്ക് ജീവനായിരുന്നു. അവിടുത്തോടൊപ്പമുള്ള നിമിഷങ്ങൾ എത്ര അഭിമാനത്തോടു കൂടിയാണ് അവർ അയവിറക്കുന്നത്. ഒരിക്കൽ നബി ഒരു സംഘത്തോടൊപ്പം യാത്ര പോവുകയാണ്. കൂടെ ആയിശയും ഉണ്ട്. കൂടെയുള്ളവരോട് പറഞ്ഞു: "നിങ്ങൾ മുന്നേ നടന്നോളൂ." ഇപ്പോൾ ആയിശയും തിരുനബിയും ഒറ്റക്കായി.
നബി ചോദിച്ചു: "ഓട്ടമത്സരത്തിനുണ്ടോ?"
"തീർച്ചയായും!"
ഞങ്ങൾ രണ്ടുപേരും ഓടി. ഞാൻ ജയിച്ചു.
കാലങ്ങൾ കഴിഞ്ഞു. ഞാൻ വലുതായി, തടിച്ചു, ഭാരം കൂടി. മറ്റൊരു യാത്ര. നബി കൂടിയുള്ളവരോട് മുന്നേ നടക്കാൻ ആവശ്യപ്പെട്ടു. രണ്ടുപേരും ഒറ്റക്കായി.
നബി ചോദിച്ചു: "ഓട്ട മത്സരത്തിനുണ്ടോ?" രണ്ടുപേരും ഓടി. നബി ജയിച്ചു. ആയിശ തോറ്റു.
"ഇത് അന്നത്തെതിന് പകരമാണ്." നബി പറഞ്ഞു.
ഖദീജയെക്കുറിച്ച് പറയുമ്പോൾ എന്തിനാണ് ആയിശ ദേഷ്യം പിടിക്കുന്നത്? നബിയോട് പെരുത്തിഷ്ടം ഉണ്ടായതുകൊണ്ട്. നബിയുടെ ഇഷ്ടം കൂടുതലായി എനിക്ക് കിട്ടണമെന്ന് ആർത്തി ഉണ്ടായത്കൊണ്ട് പത്താം വയസ്സിൽ ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയ സമയത്ത് മാത്രമല്ല, ജീവിതാന്ത്യം വരെ തിരുനബി ആയിശക്ക് മുത്തായിരുന്നു, മാണിക്യമായിരുന്നു, എല്ലാമെല്ലാമായിരുന്നു. എല്ലാ ഭാര്യമാർക്കും. അതെ, ആ സ്നേഹത്തിന് വേണ്ടി അവർ ചിലപ്പോൾ 'കുശുമ്പുകൾ' കാട്ടി.
ഭക്ഷണമില്ലാതെ പ്രയാസപ്പെട്ടിട്ടും ഒഴിഞ്ഞുപോകാൻ അവസരം നൽകിയിട്ടും എന്തിനായിരുന്നു അവർ അവിടുത്തെ വിട്ടുപിരിയാതെ നിന്നത്?! ആയിശ പറയുന്നു:
ഒരിക്കൽ പിതാവിന്റെ കുടുംബത്തിൽ നിന്ന് ഒരാടിൻ മുൻകാല് (കുറക്) ഞങ്ങൾക്ക് കൊടുത്തയച്ചു. ഞാനത് പിടിച്ചുകൊടുത്തു; നബി മുറിച്ചെടുത്തു. കേൾവിക്കാരിൽ ഒരാൾ ചോദിച്ചു: 'വിളക്കത്തോ ഇരുട്ടത്തോ?'
'വിളക്ക് കത്തിക്കാൻ എണ്ണയുണ്ടായിരുന്നെങ്കിൽ അത് ഭക്ഷണത്തിൽ ചേർക്കാനായി ഞങ്ങൾ ഉപയോഗിക്കുമായിരുന്നു!'
യാ റബ്ബ്! തിരുനബിയുടെ വീട്ടിൽ അടുപ്പു പുകയാത്ത, പത്തിരി ചുടാത്ത മാസങ്ങൾ വരെ കഴിഞ്ഞു പോയിട്ടുണ്ട്! ഈത്തപ്പഴവും വെള്ളവുമായി ഞെരുങ്ങിക്കഴിഞ്ഞ ദിനരാത്രങ്ങൾ. വേണമെന്നു വിചാരിച്ചാൽ സമ്പത്ത് കുന്നുകൂട്ടാമായിരുന്നു നബിക്ക്. ഭൗതിക പരിത്യാഗത്തിന്റെ ഉൽകൃഷ്ട പാഠങ്ങൾ തൻ്റെയും കുടുംബത്തിന്റെയും ജീവിതത്തിലൂടെ പ്രകാശിതമാവട്ടെ എന്ന് അവിടുന്ന് ആഗ്രഹിച്ചിട്ടുണ്ടായിരിക്കണം.
വളർത്തു മകന്റെ ഭാര്യയെ അവരുടെ ത്വലാഖിന് (വിവാഹ മോചനം) ശേഷം വിവാഹം കഴിച്ചു കൂടാ എന്ന അന്ധവിശ്വാസത്തെ ഉച്ഛാടനം ചെയ്യുന്നതിൻ്റെ ഭാഗമായിട്ടാണ് സൈനബ ബിൻത് ജഹ്ശ് ബീവിയുമായുള്ള വിവാഹം ഉണ്ടായത്. സൈനബും സൈദും തമ്മിലുള്ള ദാമ്പത്യം സുഖകരമായിരുന്നില്ല. ഒരു വേർപാട് രണ്ടുപേരും ആഗ്രഹിച്ചിരുന്നു. പിരിയുവാൻ നിരന്തരം അവർ ആവശ്യപ്പെടുകയും ചെയ്തു. അല്ലാഹുവിൻ്റെ കല്പന വന്നപ്പോൾ അവർക്ക് പിരിയുവാൻ തിരുനബി അനുവാദം നൽകി. സൈദ്, നബിയുടെ വളർത്തു പുത്രനായിരുന്നല്ലോ. വളർത്തു പുത്രന്മാരെ സ്വന്തം പുത്രന്മാരെ പോലെയായിരുന്നു അവർ കരുതിയിരുന്നത്. അതിനാൽ ദത്തു പുത്രൻ്റെ ഭാര്യയെ വിവാഹമോചനത്തിന് ശേഷം വളർത്തു പിതാവിന് വിവാഹം ചെയ്യാൻ പാടില്ലെന്ന് അവർ വിശ്വസിച്ചു. മൂടുറച്ചുപോയ ആ അന്ധവിശ്വാസത്തിനെ പിഴുതെറിയാൻ ഒരു വിവാഹം തന്നെ നടക്കണമായിരുന്നു. അത് അല്ലാഹു തന്നെ നേരിട്ട് നടത്തുകയായിരുന്നു.
തിരുനബിയുടെ അമ്മായി ഉമയ്മയുടെ മകളാണ് സൈനബ്. സൈനബിനെ നേരത്തെ തിരുനബിക്കറിയാം. നേരത്തെ കണ്ടുപരിചയവുമുണ്ട്. അവരെ പെട്ടെന്നൊരു നാളിൽ കണ്ട് ആകൃഷ്ടയാവേണ്ട കാര്യമൊന്നുമില്ല. അങ്ങനെ കണ്ടു / ആകൃഷ്ടയായി എന്നൊക്കെ പറയുന്ന നിവേദനങ്ങളെല്ലാം ദുർബലങ്ങളാണ്.
തടവുകാരിയായി പിടിക്കപ്പെട്ട സഫിയക്ക് കുടുംബത്തിലേക്ക് തിരിച്ചുപോകാൻ തിരുനബി സമ്മതം നൽകിയെങ്കിലും തിരുനബിയെ ഭർത്താവായി സ്വീകരിക്കാൻ അവർ താൽപര്യപ്പെടുകയായിരുന്നു. സഫിയ, മൈമൂന, ജുവൈരിയ, റംല എന്നിവരുടെ വിവാഹങ്ങൾ പ്രബോധന പ്രവർത്തനങ്ങൾ എളുപ്പമാക്കുന്ന രാഷ്ട്രീയ നീക്കങ്ങൾ കൂടെയായിരുന്നു. ഉഭയകക്ഷി സമ്മതമുണ്ടെങ്കിൽ എന്തുമാവാം എന്നു പറയുന്നവരാണ് പത്നിമാർക്ക് പറുദീസയും നാട്ടുകാർക്ക് മാതൃകാപരവും ലോകത്തിന് വിജ്ഞാന സമ്പന്നവുമായ തിരുവിവാഹങ്ങളെ അധിക്ഷേപിക്കുന്നത്!




