“നമ്മുടെ പള്ളി അടിച്ചു വാരിയിരുന്ന സ്ത്രീ എവിടെ? അവളെ കാണുന്നില്ലല്ലോ.”
“അവൾ മരിച്ചു”
“ശ്ശോ! നിങ്ങളെന്താ ചെയ്തത്? എന്നെ അറിയിച്ചില്ലല്ലോ!”
“അതിപ്പോ അറിയിക്കാൻ മാത്രം ഉണ്ടോ എന്ന് കരുതി”
“ആഹാ! അവളുടെ കബർ എവിടെ?”
അവർ തിരുനബിക്ക് ഖബർ കാണിച്ചുകൊടുത്തു. അങ്ങനെ തിരുനബി ആ ഖബറിനടുത്തു ചെന്നു, പിറകെ അനുചരരും. നബി അവിടെവെച്ച് ആ സ്ത്രീക്ക് വേണ്ടി മയ്യത്ത് നിസ്കരിച്ചു. പലരും നബിയെ തുടർന്ന് നിസ്കരിച്ചു. അവസാനം നബി പ്രാർത്ഥിച്ചു. “ഈ കബറുകളിൽ ഇരുട്ടായിരുന്നു എൻറെ നിസ്കാരവും പ്രാർത്ഥനയും കാരണമായി അല്ലാഹു അവയെ പ്രകാശിപ്പിക്കും.”
ഒരു രാഷ്ട്രത്തിൻറെ മേധാവി പള്ളി അടിച്ചു വാരുന്ന സ്ത്രീയുടെ വിവരം അന്വേഷിക്കുന്നു, അവർ മരണപ്പെട്ടു എന്ന് അറിയുമ്പോൾ, തന്നെ അറിയിക്കാത്തതിന് ക്ഷോഭിക്കുന്നു, അവരുടെ കുഴിമാടം എവിടെ എന്ന് അന്വേഷിക്കുന്നു, അവർക്കായി നിസ്കരിക്കുന്നു, നിസ്കരിപ്പിക്കുന്നു, ആളുകളെ കൂട്ടുന്നു, പ്രാർത്ഥിക്കുന്നു!
മദീനയിലെ പ്രായപൂർത്തിയാവാത്ത അടിമപ്പെൺകുട്ടികൾ തിരുനബിയുടെ കൈയും പിടിച്ച് അവർ ഉദ്ദേശിക്കുന്നിടത്തെല്ലാം പോകുമായിരുന്നു! ഇസ്ലാമിക സാമ്രാജ്യത്തിൻ്റെ അധിപനാണ് നബി. ഇരുണ്ട കാലഘട്ടത്തിലെ ഏറ്റവും അധ:കൃതരായിരുന്നു അടിമകൾ. സമൂഹത്തിൽ തീരെ വില കല്പിക്കപ്പെടുത്തവരായിരുന്നു സ്ത്രീകൾ! അവരിൽ തന്നെ ഏറ്റവും അവഗണിക്കപ്പെട്ടവർ കുട്ടികൾ! അടിമയാണ്, പെണ്ണാണ്, കുട്ടിയാണ്. കറുത്ത, അറേബ്യയിലെ എല്ലാ അവഗണനയും പേറിയ അവർ അവിടുത്തെ രാജാവിൻ്റെ കയ്യുപിടിച്ച് അവർക്കിഷ്ടമുള്ളിടത്ത് പോകുന്നു!
രാജാവിനെ കാത്തുപാർത്തിരിക്കണ്ട. ഉയർന്ന ഉദ്യോഗസ്ഥരോട് മാത്രമേ സംസാരിക്കുകയുള്ളൂ എന്ന് പേടിക്കേണ്ട. തൊടാനോ കാണാനോ സംസാരിക്കാനോ സമയം കിട്ടുമോ എന്ന് ആശങ്കയില്ല. അടിമയാണെന്ന അപകർഷതാബോധത്തിന്റെ ആവശ്യമില്ല. കുട്ടികളെ പരിഗണിക്കുമോ എന്ന് പേടിക്കേണ്ടതില്ല. പെണ്ണാണല്ലോ എന്ന ജാള്യതവേണ്ട. കുറഞ്ഞ സമയം മാത്രമേ കിട്ടുകയുള്ളൂ എന്ന ഭയമില്ല! നിശ്ചിത സ്ഥലത്ത് വച്ചു മാത്രമേ കാണാൻ പറ്റൂ എന്ന തിട്ടൂരമില്ല! മുന്നപേക്ഷകളോ അപ്പോയിൻമെൻ്റോ ശുപാർശകളോ കൈകാൽ പിടിക്കലുകളോ വേണ്ടതില്ല. ഇതാണ് നബി. വിനയത്തിന്റെ ആൾരൂപം. തിരുവചനം ഇങ്ങനെ:
إن كانت الوليدة من ولائد أهل المدينة لتجيء فتأخذ بيد رسول الله - صلى الله عليه وسلم - فما ينزع يده من يدها حتى تذهب به حيث شاءت أخرجه ابن ماجه
“പാചകക്കാരനായ സേവകന്റെ അടുപ്പിലെ ചൂടിനെക്കുറിച്ചും അവന്റെ ജോലി ഭാരത്തെ ക്കുറിച്ചും ബോധ്യപ്പെടുത്തി അവരെ പരിഗണിക്കേണ്ട കാര്യം അതിസുന്ദരമായി ആഖ്യാനിച്ചു തിരുനബി. അന്ത്യനാൾ വരെയുള്ള സേവകർക്ക് ഉയർന്ന മൂല്യം നൽകിയ ആ വചനങ്ങൾ ഇതാ: “ആർക്കെങ്കിലും വേണ്ടി അവൻറെ സേവകൻ ഭക്ഷണം ഉണ്ടാക്കിയാൽ അവൻറെ കൂടെ തന്നെയിരുന്നു ഭക്ഷിക്കുക -അവനാണ് അതിൻറെ ചൂടും പുകയും ഏറ്റവൻ. എല്ലാവർക്കും തികയാൻ മാത്രം ഭക്ഷണം ഇല്ലെങ്കിൽ ഒന്നോ രണ്ടോ ഉരുളയെങ്കിലും എടുക്കുക.”
തിരുനബിയുടെ സർവ്വകാലികമായ മറ്റൊരു പ്രഖ്യാപനം ഉണ്ട്. ആഗോള തൊഴിലാളി സംഘടനകളെല്ലാം ആ പ്രസ്താവനക്ക് മുമ്പിൽ നമ്രശിരസ്കരായി നിൽക്കണം. “തൊഴിലാളിക്ക് അവൻറെ വിയർപ്പ് വറ്റുന്നതിന് മുമ്പ് വേതനം നൽകുക.”
അടിമകളെയോ മറ്റ് സേവകരെയോ ചീത്ത പറയാനോ അടിക്കാനോ പാടില്ല. തിരുനബി ഭാര്യമാരെയോ സേവകരെയോ അടിമകളെയോ ഒരിക്കലും അടിച്ചിട്ടില്ല. അടിച്ചവരോട് വളരെ രോഷപ്പെട്ടിട്ടുമുണ്ട്. ഒരിക്കൽ ഒരാൾ നബിയോട് വന്നു ചോദിച്ചു:
“എനിക്കൊരു സേവകനുണ്ട്. ആള് വളരെ മോശമാണ്; ആക്രമിക്കുകയും ചെയ്യും. എനിക്ക് അവനെ അടിക്കാമോ?” നബി മൗനിയായി. അദ്ദേഹം വീണ്ടും ചോദിച്ചു. അപ്പോഴും ഒന്നും മിണ്ടിയില്ല. മൂന്നാമതും ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു:
“എല്ലാ ദിവസവും 70 പ്രാവശ്യം അവന് മാപ്പും കൊടുക്കുക!”
സേവകരോട് മോശമായി പെരുമാറാതിരിക്കുക എന്ന് മാത്രമല്ല സമ്മാനങ്ങളും സംഭാവനകളും നൽകി അവരുടെ മനസ്സ് സന്തോഷിപ്പിക്കണം. ഇതാണ് മുത്ത് നബി പഠിപ്പിച്ചത്.
عن أبي هريرة رضي الله عنه قال: أمر النبي صلى الله عليه وسلم بصدقة، فقال رجل : عندي دينار. قال: أنفقه على نفسك. قال: عندي آخر. قال: أنفقه على زوجتك. قال: عندي آخر. قال: أنفقه على خادمك، ثم أنت أبصر رواه البخاري .
അബൂഹുറൈറ പറയുന്നു: “ദാനം ചെയ്യാൻ തിരുനബി ആവശ്യപ്പെട്ടു. അപ്പോൾ ഒരാൾ പറഞ്ഞു:
‘എൻറെ കയ്യിൽ ഒരു ദീനാർ ഉണ്ട്’
നബി പറഞ്ഞു: ‘അത് നിനക്ക് തന്നെ ചെലവഴിച്ചു കൊള്ളുക’
‘എൻറെ കയ്യിൽ ഒന്നു കൂടെയുണ്ട്’ അയാൾ വീണ്ടും പറഞ്ഞു.
‘അത് നിൻറെ ഭാര്യക്ക് ചെലവാക്കുക’ തിരുനബി പ്രതിവചിച്ചു.
‘എൻറെ കയ്യിൽ മറ്റൊന്നു കൂടെയുണ്ട്’ അയാൾ മൂന്നാമതും പറഞ്ഞു.
‘അത് നിന്റെ സേവകന് നൽകുക’ എന്നായിരുന്നു നബിയുടെ പ്രതികരണം.”
സ്വന്തത്തിൻ്റെയും കുടുംബത്തിന്റെയും ചെലവ് കഴിഞ്ഞാൽ പിന്നെ സേവകനെയാണ് പരിഗണിക്കേണ്ടത്! സ്വന്തം സേവകരോട് അവിടുന്ന് പുലർത്തിയിരുന്ന പെരുമാറ്റ രീതികൾ വേറെ തന്നെ പഠിക്കണം.
തിരുനബിയുടെ സേവകരിൽ ഒന്നാം സ്ഥാനം അനസിന് തന്നെയാണ്. പത്താം വയസ്സിൽ സേവകനായി എത്തി. പത്തുകൊല്ലം രാവും പകലും യാത്രയിലും അല്ലാത്തപ്പോഴും അനസ് തിരുനബിയെ സേവിച്ചു. തിരുനബി വിടപറയുമ്പോൾ അനസ്സിന് 20 വയസ്സായിരുന്നു. മദീനയിലെ രണ്ട് ദിനങ്ങൾ അനസിന് മറക്കാൻ കഴിയില്ലന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒന്ന് നബിയുടെ സേവകനായി വന്ന ദിവസം. ജീവിതത്തിലെ ഏറവും വലിയ സന്തോഷത്തിൻ്റെ മധുരപ്പെരുന്നാൾ ദിനം. മറ്റൊന്ന് ആ സേവനം അവസാനിക്കുന്ന ദിനം. നബി വിയോഗത്തിൻ്റെ ദുഃഖസാന്ദ്രമായ കറുത്ത ദിനം! ഒരു ബാധ്യതയായിട്ടല്ല, പ്രത്യുത ഒരു ആവേശവും സൗഭാഗ്യവുമായിട്ടാണ് ഈ സേവന ജീവിതത്തെ അനസ് നെഞ്ചേറ്റിയത് എന്ന് പറയാനാണ് അക്കാര്യം ഉണർത്തിയത്.
എത്ര ആർദ്രതയോടെയും പിരിശത്തോടെയുമാണ് തിരുനബി സേവകരോട് പെരുമാറിയിരുന്നതെന്ന് അനസിൻറെ വാക്കുകളിൽ പ്രകടമാണ്. “ജനങ്ങളിൽ അത്യുൽകൃഷ്ട സ്വഭാവത്തിൻ്റെ ഉടമയയിരുന്നു തിരുനബി. ഒരു ദിവസം എന്നെ ഒരാവശ്യത്തിന് പറഞ്ഞയച്ചു. അങ്ങനെ ഞാൻ പുറത്തിറങ്ങി. അപ്പോൾ കുറച്ചു കുട്ടികൾ അങ്ങാടിയിൽ കളിച്ചുകൊണ്ടിരിക്കുന്നു. ഞാനത് നോക്കി നിന്നു. കുറച്ചു കഴിഞ്ഞ് എന്നെ കാണാതായപ്പോൾ പിറകിൽ നബി വന്നു എൻറെ പിരടിയിൽ തടവി. ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അവിടുന്ന് ചിരിക്കുകയാണ്.
‘കുഞ്ഞനസേ, അല്ല, നീ ഞാൻ പറഞ്ഞയച്ച കാര്യത്തിന് പോയോ?’ നബി ചോദിച്ചു.
‘അതേ, ഞാനിതാ പോകുന്നു’ എന്ന് ഞാനും പറഞ്ഞു.
(അനസ് എന്ന് ഓമനത്വത്തോടുകൂടി വിളിക്കുമ്പോഴാണ് കുഞ്ഞനസാക്കുന്നത്. അടിയില്ല, ശകാരമില്ല, ക്ഷോഭമില്ല, അസംതൃപ്തിയില്ല, ഉപദേശമില്ല. കരുതൽ, പിരിശം, വാത്സല്യം, അന്വേഷണം, ശുഭം! മംഗളം…!)
പത്തുവർഷത്തെ സേവന നൈരന്തര്യത്തിനിടയിൽ ഒരിക്കൽ പോലും നബിയെന്നെ ചീത്ത പറഞ്ഞില്ല, നെറ്റി ചുളിച്ചില്ല. ഛെ, എന്നു പോലും പറഞ്ഞില്ല. ഞാൻ ചെയ്ത ഒരു കാര്യത്തെക്കുറിച്ച് നീ എന്തിനാണത് ചെയ്തതെന്നോ, ഞാൻ ചെയ്യാതെ പോയ കാര്യത്തെക്കുറിച്ച് എന്തുകൊണ്ടാണ് നീ അത് ചെയ്യാതിരുന്നതെന്നോ ചോദിച്ചില്ല.” ഇതിൽനിന്ന് അനസിൻ്റെ മിടുക്കും മനസ്സിലാകുന്നുണ്ട്. കാരണം വൈയക്തികമായ കാര്യങ്ങളിൽ എത്ര വിട്ടുവീഴ്ചകൾ ആവാമെങ്കിലും മതപരമായ വിഷയത്തിൽ ഉപദേശങ്ങളും കല്പനകളും ചോദ്യങ്ങളുമൊക്കെ വേണ്ടി വരുമല്ലോ. അതിന് അനസ് അവസരം കൊടുത്തില്ല എന്ന് വേണം മനസ്സിലാക്കാൻ.
തിരുനബി അനസിനെ ആക്ഷേപിച്ചില്ല എന്ന് മാത്രമല്ല, വീട്ടുകാരെയൊന്നും അനസിനെ ആക്ഷേപിക്കാൻ അനുവദിച്ചില്ല. അനസ് തന്നെ പറയട്ടെ: “ഞാൻ നബിക്ക് 10 കൊല്ലം സേവനം ചെയ്തു. എന്നോട് അവിടുന്ന് കൽപ്പിച്ച ഏതെങ്കിലും ഒരു കാര്യത്തിൽ ഞാൻ അവധാനത വരുത്തുകയോ പാഴാക്കിക്കളയുകയോ ചെയ്താൽ അവിടുന്ന് എന്നെ ആക്ഷേപിക്കുമായിരുന്നില്ല. ഇനി മറ്റാരെങ്കിലും ആക്ഷേപിച്ചാൽ അവിടുന്ന് പറയും: ‘അവനെ വിട്ടേക്കൂ! അല്ലാഹു കണക്കാക്കിയിട്ടുണ്ടെങ്കിൽ അത് നടന്നേനെ’”
സേവകരെ ഒന്നും നബി വെറുതെയാക്കിയില്ല. അവർക്കൊക്കെ പ്രാർത്ഥിച്ചു. അതിൻ്റെ ഗുണ ഫലങ്ങൾ അവർ അനുഭവിച്ചു. ഒരിക്കൽ നബി അനസിന്റെ വീട്ടിൽ ചെന്നു. അനസിൻറെ ഉമ്മ ഉമ്മുസുലൈം നബിക്ക് ഈന്തപ്പഴവും നെയ്യും നല്കി. അവിടുന്ന് പ്രതികരിച്ചു:
“എനിക്ക് നോമ്പാണ്. ഈന്തപ്പഴമൊക്കെ പാത്രത്തിൽ തന്നെ വച്ചോളൂ.”
പിന്നെ നിസ്കരിക്കാൻ തുടങ്ങി. നിർബന്ധ നിസ്കാരത്തിൻറെ സമയമായിരുന്നില്ല. പിറകിൽ ഞങ്ങളും നിസ്കരിച്ചു. നിസ്കാര ശേഷം ഉമ്മു സുലൈമിനും വീട്ടുകാർക്കും വേണ്ടി പ്രാർത്ഥിച്ചു. ഉമ്മുസുലൈം പറഞ്ഞു:
“അങ്ങയുടെ കൊച്ചു സേവകൻ അനസിന് വേണ്ടി പ്രത്യേകം ദുആ ചെയ്യണേ..”
അനസ് പറയുന്നു: "ഐഹികവും പാരത്രികവുമായ മുഴുവൻ കാര്യങ്ങൾക്ക് വേണ്ടിയും എനിക്ക് പ്രാർത്ഥിച്ചു. അവസാനം ഇങ്ങനെ പറഞ്ഞു: ‘അല്ലാഹുവേ, അനസിന്റെ സമ്പത്തിനും സന്താനങ്ങളിലും വയസ്സിലും നീ അഭിവൃദ്ധി നൽകണേ’ എനിക്ക് ഇന്ന് സമ്പത്ത് ധാരാളമുണ്ട്, മക്കളും മക്കളുടെ മക്കളുമൊക്കെയായി നൂറോളം പേർ ഇപ്പോൾ തന്നെയുണ്ട്.” തിരുനബിയുടെ ആ പ്രാർത്ഥന ഫലിച്ചു. അൻസാരികളിൽ ഏറ്റവും കൂടുതൽ സമ്പത്തും സന്താനങ്ങളും ഉണ്ടായിരുന്നത് അനസിനായിരുന്നു. പ്രവാചകാനുചരരുടെ കൂട്ടത്തിൽ ഏറ്റവും അവസാനം മരിച്ചത് അനസാണ്. 103 വയസ്സുവരെ ജീവിച്ചു.
നബിക്ക് ജൂതനായ ഒരു സേവകനുണ്ടായിരുന്നു. ഒരു ബാലൻ. അവന് അസുഖമായപ്പോൾ നബി സന്ദർശിച്ചു. അവൻ മരണാസന്നനായിട്ടുണ്ട് എന്ന് നബിക്ക് മനസ്സിലായി. നബിക്ക് അവനോട് ദാക്ഷിണ്യം തോന്നി. തന്നെ സേവിച്ചവനല്ലേ, അവൻ മരിച്ചാൽ ശിക്ഷ ലഭിക്കരുതെന്ന് അവിടുന്ന് ആഗ്രഹിച്ചു. അതിനു സത്യസാക്ഷ്യം മൊഴിയണം. നിർബന്ധിക്കാനൊന്നും വയ്യ; നിർബന്ധിച്ചിട്ട് കാര്യവുമില്ല. എങ്കിലും ഒന്നു പറഞ്ഞുനോക്കി.
“മോനേ, ഇസ്ലാം സ്വീകരിച്ചോ” ഇത് കേട്ടപ്പോൾ അവൻ തന്റെ അച്ഛനെ നോക്കി.
“അബുൽ ഖാസിമിനെ അനുസരിച്ചോളൂ..” എന്ന് പിതാവ് സമ്മതം പറഞ്ഞപ്പോൾ അവൻ സത്യസാക്ഷ്യം മൊഴിഞ്ഞു; വിശ്വാസിയായി മരിച്ചു! ഒരാളുടെ അവസാന വാക്ക് ‘ലാഇലാഹ ഇല്ലല്ലാഹു’ (അല്ലാഹു അല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്നായാൽ അവൻ സ്വർഗത്തിലാണെന്ന് നബി പറഞ്ഞിട്ടുണ്ടല്ലോ. മറ്റൊരു സേവകന് സ്വർഗ്ഗം തന്നെ ഓഫർ ചെയ്തു നബി!
റബീഅയാണ് കഥാപുരുഷൻ. നബിക്ക് കൊച്ചു കൊച്ചു വിഷയങ്ങളിൽ സഹായങ്ങൾ ചെയ്യാൻ അവൻ മുന്നിൽ തന്നെ ഉണ്ടാകും. അംഗസ്നാനം ചെയ്യാനും ശൗച്യം ചെയ്യാനുമുള്ള വെള്ളം തയ്യാറാക്കി കൊടുക്കുക, ബ്രഷ് ചെയ്യാനുള്ള ബ്രഷ് എടുത്തു കൊടുക്കുക ഇതൊക്കെയാണ് റബീഅ സ്വയം ഏറ്റെടുത്ത പണികൾ. പകൽ മുഴുവൻ നബിയോടൊപ്പം ഉണ്ടാവും. ഇശാ നിസ്കാരം കഴിഞ്ഞാൽ നബിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിലോ എന്ന് കരുതി റബീഅ നബിയുടെ വീടിൻറെ വാതിൽക്കൽ ഇരിക്കും. നബി അല്ലാഹുവിനെ നിരന്തരമായി പുകഴ്ത്തുന്നതിങ്ങനെ കേൾക്കാം.
കുറേയാവുമ്പോൾ റബീഅക്ക് ചടപ്പ് വരും. അങ്ങനെ വീട്ടിലേക്ക് മടങ്ങിപ്പോകും. അല്ലെങ്കിൽ ഉറക്കം വന്ന് ഉറങ്ങും. നബിയോടുള്ള അവരുടെ പിരിശവും സേവനവും ഒക്കെ കണ്ട് വല്ലാതെ സന്തോഷമായ നബി ഒരിക്കൽ അവനോട് പറഞ്ഞു:
“റബീഅ! നിനക്ക് എന്തുവേണമെങ്കിലും ചോദിച്ചോ..”
“ഒന്ന് ആലോചിക്കട്ടെ എന്നിട്ട് അറിയിക്കാം.” എന്ന് മറുപടി പറഞ്ഞു.
റബീഅ പറയുന്നു: “ഞാൻ കുറെ ചിന്തിച്ചു; ഈ ഐഹിക പ്രപഞ്ചം ക്ഷണഭംഗുരമാണെന്ന് എനിക്ക് മനസ്സിലായി. അത്യാവശ്യം ജീവിക്കാനുള്ള വകയൊക്കെയുണ്ട്. അതുകൊണ്ട് തൽക്കാലം ദുനിയാവിന്റെ കാര്യം ചോദിക്കേണ്ട. പാരത്രിക ജീവിതത്തെക്കുറിച്ച് ചോദിക്കാം എന്ന് ഞാൻ തീരുമാനിച്ചു. പിറ്റേ ദിവസം ഞാൻ ചെന്നപ്പോൾ നബി ചോദിച്ചു:
‘അല്ല എന്തായി?’”
“എന്നെ അല്ലാഹു നരകത്തിൽ നിന്ന് മോചിപ്പിക്കണം. അതിന് നിങ്ങൾ ശുപാർശ ചെയ്യണം. സ്വർഗ്ഗത്തിൽ നിങ്ങളുടെ സഹവാസം വേണം. അതാണ് എനിക്ക് ചോദിക്കാനുള്ളത്.”
“ഇങ്ങനെയൊക്കെ പറയാൻ ആരാണ് നിന്നോട് നിർദ്ദേശിച്ചത്?”
“അല്ലാഹുവാണെ! ആരും എന്നോട് കൽപ്പിച്ചിട്ടൊന്നുമില്ല. എന്തും ചോദിക്കാം എന്ന് പറഞ്ഞപ്പോൾ ഐഹിക ലോകം നീങ്ങിപ്പോകുന്നതല്ലേ എന്ന് ഞാൻ മനസ്സിലാക്കി. ഭക്ഷണമൊക്കെ ഇപ്പോൾ ഉണ്ടല്ലോ, പാരത്രിക ലോകത്തെക്കുറിച്ച് ചോദിക്കാമെന്ന് വെച്ചു.” ഇത് കേട്ട് നബി കുറേനേരം മൗനിയായി. എന്നിട്ട് പറഞ്ഞു:
“ഞാൻ ചെയ്യാം. നീ സുജൂദ് (സാഷ്ടാംഗം) വർധിപ്പിച്ചുകൊണ്ട് എന്നെ ഒന്ന് സഹായിക്കണം!” (ഇമാം അഹ്മദും, ഇമാം മുസ്ലിമും ഉദ്ധരിച്ച തിരുവചനങ്ങളുടെ സാരാംശം) തിരുനബിയോട് സ്വർഗത്തിലെ ഉന്നത സ്ഥാനം ചോദിച്ചു കരസ്ഥമാക്കിയ റബീഅ.




