തിരുനബിക്ക് ഒരു രണ്ടാനുമ്മ ഉണ്ടായിരുന്നോ? അതെ. അതാരായിരുന്നു? അബവാഅ് എന്ന സ്ഥലത്തുവെച്ച് ഉമ്മ മരിക്കുമ്പോൾ കൂടെയുണ്ടായിരുന്ന ഏക സ്ത്രീ! തന്റെ പിതാവ് അബ്ദുല്ലയിൽനിന്ന് തനിക്ക് അനന്തരമായി കിട്ടിയ അടിമ സ്ത്രീയായിരുന്നു അവർ. അബ്സീനിയക്കാരി, പേര് ബറക. പിൽക്കാലത്ത് ഉമ്മു ഐമൻ എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. സ്വന്തം മകനെപ്പോലെ അവർ തിരുനബിയെ പോറ്റിവളർത്തി. അവർ ജീവിച്ചിരിക്കുമ്പോഴാണ് തിരുനബി ജനിക്കുന്നത്. അവർ ജീവിച്ചിരിക്കെ തന്നെയാണ് തിരുനബി ഈ ലോകത്തോട് വിടപറഞ്ഞത്. അഥവാ, തിരുനബിയുടെ ജീവിതകാലം മുഴുവനും അവരുണ്ടായിരുന്നു എന്നർത്ഥം. കുഞ്ഞിളം പ്രായത്തിൽ തന്നെ മഹതി അവിടുത്തെ പരിചരിച്ചു.
തിരുനബി വളർന്നു വലുതായി. 25-ാമത്തെ വയസ്സിൽ ഖദീജ ബീവിയെ വിവാഹം കഴിച്ചു. അപ്പോൾ ഉമ്മു ഐമനെ സ്വതന്ത്രയാക്കി. അതുവരെയും അതിനുശേഷവും അവരെ തിരുനബി ഉമ്മയെപ്പോലെ തന്നെ കണക്കാക്കി. അടിമകളെ കേവലം ഒരു കച്ചവട വസ്തുവായി മാത്രം കണക്കാക്കിയിരുന്ന കാലഘട്ടത്തിലായിരുന്നു ഇത് എന്നോർക്കണം.
'ഉമ്മ' എന്നായിരുന്നു അവരെ വിളിച്ചിരുന്നത്. "എന്റെ ഉമ്മാക്ക് ശേഷമുള്ള എന്റെ ഉമ്മ" എന്ന് അവരെക്കുറിച്ച് നബി പരിചയപ്പെടുത്താറുണ്ടായിരുന്നു. തിരുനബി പ്രവാചകത്വം പ്രഖ്യാപിച്ച ഉടനെ തന്നെ അവർ നബിയിൽ വിശ്വസിച്ചിരുന്നു. നബി തന്നെയാണ് അവരുടെ വിവാഹം നടത്തിക്കൊടുത്തത്. ഖസ്രജ് ഗോത്രത്തിൽപ്പെട്ട മുഹമ്മദ് ഉബൈദ് അൽ ഹാരിസ് എന്നയാളായിരുന്നു വരൻ. ആ ദാമ്പത്യത്തിൽ ഐമൻ എന്ന കുഞ്ഞു പിറന്നു. അങ്ങനെയാണ് ബറക, 'ഉമ്മു ഐമൻ' (ഐമന്റെ ഉമ്മ എന്നർത്ഥം) എന്ന് വിളിക്കപ്പെട്ടത്.
ഭർത്താവ് മരണപ്പെട്ടപ്പോൾ തിരുനബി ഇങ്ങനെ പ്രസ്താവിച്ചു: "സ്വർഗത്തിലെ സ്ത്രീയെ ആരെങ്കിലും കല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഉമ്മു ഐമനെ വിവാഹം കഴിക്കട്ടെ." ഇതുകേട്ട സൈദ് ബ്ൻ ഹാരിസ അവരെ വിവാഹം കഴിച്ചു. അതിൽ പിറന്ന കുഞ്ഞാണ് ഉസാമ. സൈദും നബിയുടെ അടിമയായിരുന്നല്ലോ; പിന്നീട് സ്വതന്ത്രമാക്കിയതാണ്. കറുകറുത്ത കുഞ്ഞായിരുന്നു ഉസാമ. ചപ്പിയ മൂക്ക്, വിരൂപൻ. പക്ഷേ, ഉസാമയെയും തന്റെ പേരക്കിടാങ്ങളായിരുന്ന ഹസൻ, ഹുസൈൻ എന്നിവരെപ്പോലെ തന്നെ തങ്ങൾ പൊന്നാരിച്ചിരുന്നു.
ഉസാമയോടുള്ള ഇഷ്ടം തിരുനബി പലപ്പോഴും പറയുകയും ചെയ്തിരുന്നു. ഉസാമയുടെ ഉമ്മയോടും ഉപ്പയോടുമുള്ള ഇഷ്ടം കൂടിയായിരുന്നു അതെന്ന് വേണം മനസ്സിലാക്കാൻ. അബൂബക്കറും ഉമറും അടക്കമുള്ള പ്രമുഖരായ അനുചരർ ഉണ്ടായിരിക്കെ, ഇരുപത് വയസ്സ് കവിയാത്ത ഉസാമയെയാണ് തിരുനബി സൈനിക മേധാവിയായി തെരഞ്ഞെടുത്തത്. ഉഹ്ദ് യുദ്ധത്തിൽ രോഗികളെ ശുശ്രൂഷിക്കാനും വെള്ളം കോരികൊടുക്കാനുമൊക്കെയായി ഉമ്മു ഐമനും കൂടെ പോയിരുന്നു. ഉഹ്ദിൽ ചിലർ പിന്തിരിഞ്ഞോടിയപ്പോൾ "ആ വാളിങ്ങ് തന്നേക്കൂ; നിങ്ങൾക്ക് വല്ല നൂൽ നൂൽപ്പുമാണ് നല്ലത്" എന്ന് പറഞ്ഞ് അവരുടെ മുഖത്തേക്ക് മണ്ണ് വാരിയെറിഞ്ഞു ഉമ്മു ഐമൻ. തിരുനബിക്ക് നേരെ വന്ന ശത്രുക്കളെ വാളുകൊണ്ട് വിരട്ടിയോടിക്കാനും ആ ധീരവനിത മുന്നിലുണ്ടായിരുന്നു.
യുദ്ധക്കളത്തിൽ വെച്ച് ഹിബ്ബാൻ ബിൻ ഇർഖ എന്ന ശത്രുവിന്റെ അമ്പേറ്റ് ഉമ്മു ഐമൻ നിലത്തുവീണു. ആ വീഴ്ചയിൽ അവരുടെ വസ്ത്രം മാറിപ്പോകുകയും ശരീരഭാഗം ദൃശ്യമാവുകയും ചെയ്തു. ഇത് കണ്ട് ശത്രു ആർത്തുചിരിച്ചു. ഇതിൽ തിരുനബി വല്ലാതെ വേദനിച്ചു. അപ്പോൾ മുനയില്ലാത്ത ഒരമ്പ് സൈദ് ബിൻ അബീ വഖാസിൻ്റെ കയ്യിൽ കൊടുത്ത് തിരുനബി അമ്പെയ്യാൻ പറഞ്ഞു. അത് അയാളുടെ പിരടിയിൽ തറച്ചു. അയാൾ മലർന്നടിച്ചു വീണു. അപ്പോൾ അയാളുടെ ശരീര ഭാഗങ്ങൾ ദൃശ്യമായി. അത് തിരിച്ചൊരു ചിരിക്ക് വകനൽകി.
ചില അക്ഷരങ്ങൾ ഉച്ചരിക്കാൻ പ്രയാസമായിരുന്നു ഉമ്മു ഐമന്. "അസ്സലാം ലാ ലൈക്കും" എന്നായിരുന്നു സലാം പറഞ്ഞിരുന്നത്. ഇനി "അസ്സലാം" എന്ന് മാത്രം പറഞ്ഞാൽ മതി എന്ന് അവർക്ക് ഇളവ് നൽകി തിരുനബി.
തിരുനബി അവരെ വീട്ടിൽ ചെന്ന് സന്ദർശിക്കാറുണ്ടായിരുന്നു. അവരെ ആദരിക്കുന്നതിന്റെ ഭാഗമായി ചിലപ്പോൾ അബൂബക്കറിനെയും ഉമറിനെയും കൂടെക്കൂട്ടും. മാതൃത്വത്തിന്റെ അധികാരം തന്റെ മേൽ പ്രയോഗിക്കാനുള്ള ഇടം തിരുനബി അവർക്ക് വകവെച്ചു നൽകിയിരുന്നു, അവർ ആ നിലക്ക് തന്നെ തിരുനബിയോട് പെരുമാറുകയും ചെയ്തിരുന്നു.
ഒരു സംഭവം: തിരുനബിയുടെ സേവകൻ അനസ് പറയുന്നു: “ധാരാളം ഈന്തപ്പന തോട്ടങ്ങളുള്ള ഒരു വ്യക്തി ബനൂ ഖുറൈള, ബനൂ നളീർ എന്നീ ജൂത ഗോത്രങ്ങളെ ജയിച്ചടക്കുന്നത് വരെ തിരുനബിക്ക് ഏതാനും ഈന്തപ്പനകളുടെ പഴങ്ങൾ നൽകാറുണ്ടായിരുന്നു. പിന്നീട് അതിന്റെ ആവശ്യം ഇല്ലാതായി. തിരുനബിക്ക് നൽകാറുള്ളത് മുഴുവനോ അല്ലെങ്കിൽ കുറച്ച് ഭാഗമോ ഇനി തനിക്ക് തന്നു കൂടെ എന്ന് ആ വ്യക്തിയോട് ചോദിക്കാൻ എൻ്റെ വീട്ടുകാർ എന്നോട് പറഞ്ഞു. തിരുനബി അത് നേരത്തെ ഉമ്മു ഐമന് കൊടുത്തിട്ടുണ്ടായിരുന്നു. പക്ഷേ, ഞാൻ ചോദിച്ചപ്പോൾ 'എന്നാൽ അത് നിനക്ക് തന്നു' എന്ന് അദ്ദേഹം പറഞ്ഞു. അപ്പോഴതാ ഉമ്മു ഐമൻ വരുന്നു! എൻ്റെ കഴുത്തിൽ ഒരു വസ്ത്രമിട്ട് അവർ പറയുകയാണ്:
'എനിക്കു നബി തന്നതാണിത്, അതെങ്ങനെ നീ എടുക്കും?'
ഉമ്മയെ അനുനയിപ്പിക്കാൻ തിരുനബി പറഞ്ഞു: "അത്രയും നിങ്ങൾക്കും നൽകാം. പോരെ?"
"പോരാ."
"''എന്നാൽ അതിന്റെ രണ്ടിരട്ടി നൽകാം.''
"അതും പറ്റില്ല."
''എന്നാൽ മൂന്നിരട്ടി നൽകാം."
അങ്ങനെ നബി പത്തിരട്ടി വരെ പറഞ്ഞു. എന്നിട്ടാണ് മഹതി സമ്മതിച്ചത്! ഇങ്ങനെ വാശി പിടിക്കാൻ ഉമ്മു ഐമന് എങ്ങനെ സാധിച്ചു? ഉമ്മ ആയതുകൊണ്ട് തന്നെ! അനസ് തന്നെ പറയട്ടെ: "ഞാൻ നബിയോടൊപ്പം ഉമ്മു ഐമൻ്റെ വീട്ടിൽ പോയി. അവർ ഒരു പാത്രത്തിൽ സ്വല്പം പാനീയം നബിക്ക് നൽകി. വേണ്ടാത്തതുകൊണ്ടോ നോമ്പായതുകൊണ്ടോ എന്ന് അറിയില്ല, കുടിക്കാൻ നബി വിമ്മിട്ടം കാണിച്ചു. ഉമ്മു ഐമൻ വിട്ടില്ല. അവിടുന്ന് ഒച്ചയുണ്ടാക്കുകയും നിർബന്ധിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഉമ്മാക്ക് മാത്രം പറ്റാവുന്ന കാര്യങ്ങൾ!"
ഹുനൈൻ യുദ്ധത്തിൽ മകൻ ഐമൻ രക്തസാക്ഷിയായി; മഹതി കരഞ്ഞില്ല. മുഅ്തത് യുദ്ധത്തിൽ ഭർത്താവ് സൈദും രക്തസാക്ഷിയായി; ക്ഷമിച്ചു, കരഞ്ഞില്ല. പക്ഷേ, തിരുനബി വിടപറഞ്ഞപ്പോൾ അവിടുന്ന് കരഞ്ഞു! തിരുനബിയുടെ വിയോഗ ശേഷം അവരെ ആദരിച്ചുകൊണ്ട്തിരുദൂതരുടെ അനുചരരായ അബൂബക്കറും ഉമറും അവരുടെ വീട്ടിൽ പോവാറുണ്ടായിരുന്നു. അവരെ കാണുമ്പോൾ നബിയെ ഓർമ്മവരും. സങ്കടങ്ങൾ പങ്കുവെക്കും. കരയാൻ തുടങ്ങും.
അവർ ചോദിച്ചു: "എന്തിനാണ് കരയുന്നത്? നബിക്ക് അല്ലാഹുവിൻ്റെ അടുക്കൽ നന്മ മാത്രമേ ഉണ്ടാകൂ എന്നറിയില്ലേ?"
"അതെനിക്കറിയാം. പക്ഷേ, വഹിയ് (ദിവ്യസന്ദേശം) നിലച്ചുപോയില്ലേ? അതോർത്തിട്ടാണ് ഞാൻ കരയുന്നത്."
അപ്പോൾ മഹതിയോടൊപ്പം അവരും കരയും.




