“അങ്ങയെ വിട്ടു ഞാൻ എവിടെയും പോകില്ല. അങ്ങ് എനിക്ക് പിതാവും പിതൃ സഹോദരനുമാണ്” സൈദ് തിരുനബിയോട് പറഞ്ഞ മറുപടി കേട്ട് രക്ഷിതാക്കൾ ഞെട്ടി! “നിൻറെ വീട്ടുകാരെയല്ലാം ഉപേക്ഷിച്ചു നീ അടിമത്തം തെരഞ്ഞെടുക്കുകയാണോ?” അവർ അല്പം രോഷത്തോടെ സെയ്ദിനോട് ചോദിച്ചു. തിരുനബിയുടെ അടിമയായിരുന്ന സൈദിന്റെ കഥയാണ് നമ്മൾ പറയുന്നത്.
അടിമക്കച്ചവടം വളരെ വ്യാപകമായിരുന്ന കാലം. ഒരാളെ അടിമയാക്കാൻ പ്രത്യേക നിയമങ്ങളില്ലാത്ത കാലം. ഹാരിസയുടെ ഭാര്യ തന്റെ കുടുംബത്തിൽ പോയതായിരുന്നു. കൂടെ മകൻ സൈദുമുണ്ട്. അപ്പോൾ ഒരു കൊള്ളസംഘം ആ നാട്ടിൽ ആക്രമണം നടത്തി. അവർ കൊള്ള ചെയ്ത കൂട്ടത്തിൽ ഈ കുഞ്ഞിനെയും അപഹരിച്ചു ചന്തയിൽ കൊണ്ടുപോയി വിറ്റു. തൻ്റെ പിതൃസഹോദരി ഖദീജ ബീവിക്ക് വേണ്ടി ഹകീം ബ്നു ഹിസാം കുഞ്ഞിനെ വാങ്ങി. മഹതി തിരുനബിക്ക് സമ്മാനമായി സൈദിനെ കൊടുത്തു. തിരുനബിയുടെ പരിലാളനയിൽ സൈദ് വളർന്നു.
തങ്ങളുടെ മകൻ മക്കയിലെ ഒരു വീട്ടിൽ വളരുന്നുണ്ടെന്ന് ഹജ്ജിന് വന്ന ആളുകളിൽ നിന്ന് അറിഞ്ഞ ഹാരിസയും സഹോദരനും മകനെ തേടിയെത്തി. തിരുനബിയോട് ഇങ്ങനെ പറഞ്ഞു:
“നിങ്ങൾ ഹറമിൻ്റെ ആളുകളല്ലേ, അശരണരെ സഹായിക്കുന്നവർ. ബന്ധികൾക്ക് അന്നം നൽകുന്നവർ. നിങ്ങളുടെ അടിമയായ ഞങ്ങളുടെ മകൻറെ കാര്യം സംസാരിക്കാനാണ് ഞങ്ങൾ വന്നത്. അവനെ ഞങ്ങൾക്ക് വിട്ടു തരൂ. പണം തരാം.”
“ആരെക്കുറിച്ചാണ് നിങ്ങൾ പറയുന്നത്?”
“സൈദിനെ കുറിച്ച്.”
“അവനെ വിളിച്ചു അവനോട് തന്നെ ചോദിച്ചു നോക്കൂ. അവൻ നിങ്ങളുടെ കൂടെ പോരുകയാണെങ്കിൽ നിങ്ങൾ എനിക്ക് ഒരു പണവും നൽകേണ്ടതില്ല അവനെ കൊണ്ടുപോയി കൊള്ളൂ. അതല്ല, അവൻ എൻറെ കൂടെ നിൽക്കണം എന്നാണ് പറയുന്നതെങ്കിൽ അവനെ വിട്ടു തരാൻ എനിക്ക് പറ്റില്ല. അവനു പകരം ഞാൻ പണം സ്വീകരിക്കുകയും ഇല്ല. എന്നെ തെരഞ്ഞെടുത്ത ഒരാളെ ഞാൻ എങ്ങനെ കൈവെടിയും?” സൈദിനെ വിളിപ്പിച്ചു. തിരുനബി ചോദിച്ചു:
“ഇവരെ നീ അറിയുമോ?”
“എൻറെ പിതാവും പിതൃ സഹോദരനും.”
നബി പറഞ്ഞു: “എന്നെ നിനക്ക് നേരത്തെ അറിയാമല്ലോ. ഇനി ആരുടെ കൂടെ നിൽക്കണമെന്നത് നിൻ്റെ തീരുമാനമാണ്.”
ഇതു പറഞ്ഞപ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്: “അങ്ങയെ വിട്ടു ഞാൻ എവിടെയും പോകില്ല. അങ്ങ് എനിക്ക് പിതാവും പിതൃസഹോദരനുമാണ്.”
ഞങ്ങളെക്കാൾ പ്രിയങ്കരമായി നീ അടിമത്തം തെരഞ്ഞെടുക്കുകയാണോ? എന്ന രക്ഷിതാക്കളുടെ ചോദ്യത്തിനോട് സെയ്ദിൻ്റ മറുപടി ഉറച്ചതായിരുന്നു: “മറ്റൊരാളെയും തെരഞ്ഞെടുക്കാൻ പറ്റാത്ത വിധമുള്ള സ്വഭാവ മഹിമകൾ ഈ മനുഷ്യനിൽ ഞാൻ കണ്ടിട്ടുണ്ട്. അതിനാൽ എനിക്ക് മറ്റെവിടേക്കും പോകാൻ കഴിയില്ല; കട്ടായം.” എന്തുകൊണ്ടായിരിക്കും സൈദ് മാതാപിതാക്കൾക്കൊപ്പം ഉള്ള സ്വതന്ത്ര ജീവിതത്തേക്കാൾ അടിമ ജീവിതം തെരഞ്ഞെടുത്തത്? ഏറ്റവും ഉദാത്തമായ സ്വഭാവ സൗന്ദര്യമാണ് തിരുനബിയിൽ നിന്ന് അനുഭവിച്ചത് എന്നതാണ് കാര്യം!
പിന്നീട് തിരുനബി സൈദിനെ മോചിപ്പിച്ചു. പോറ്റുമകനായി വളർത്തി. സുന്ദരിയായ സൈനബിനെ വിവാഹം ചെയ്ത് കൊടുത്തു. ആ ദാമ്പത്യ ജീവിതത്തിൽ രണ്ടു പേരും അസംതൃപ്തി നിരന്തരമായി ഉണർത്തിയപ്പോൾ അല്ലാഹുവിൻറെ അനുവാദപ്രകാരം ഭാര്യയെ വിവാഹമോചനം ചെയ്യാൻ അനുവദിച്ചു. മറ്റൊരു ഭാര്യയെ - ഉമ്മു ഐമനെ - കല്യാണം ചെയ്തു കൊടുത്തു. ആ ദാമ്പത്യത്തിൽ പിറന്ന മകനാണ് ഉസാമ. മുഅ്തത് യുദ്ധത്തിൽ സൈനിക മേധാവിയായി തിരുനബി സെയ്ദിനെ നിയമിച്ചു. ആ യുദ്ധത്തിൽ അവിടുന്ന് രക്തസാക്ഷിയായി. അല്ലാഹു അവരെ തൃപ്തിപെട്ടിരിക്കുന്നു..
റോമാക്കാരുടെ ശല്യം രൂക്ഷമായപ്പോൾ അവരെ നേരിടുന്നതിനുവേണ്ടി സജ്ജമാക്കിയ സൈന്യത്തിന്റെ നായകത്വം തിരുനബി ഏൽപ്പിച്ചത് സൈദിൻറെ മകൻ ഉസാമയെ ആയിരുന്നു. ആദ്യമായി കഅബയുടെ മുകളിൽ കയറി വാങ്കു വിളിച്ചതും അടിമയായിരുന്ന ബിലാൽ ആയിരുന്നല്ലോ. അടിമകൾ പിന്നീട് രാജാക്കന്മാരായ സംഭവങ്ങൾ ഇന്ത്യൻ ചരിത്രത്തിൽ തന്നെയുണ്ട്. അടിമ വംശ സ്ഥാപകനായിരുന്നു കുതുബുദ്ദീൻ ഐബക് മുഹമ്മദ് ഗോറിയുടെ അടിമയായിരുന്നു. അടിമയാക്കപ്പെടാൻ എമ്പാടും വഴികൾ ഉണ്ടായിരിക്കുകയും അടിമത്വത്തിൽ നിന്ന് മോചനം നേടാൻ വഴികൾ ഇല്ലാതിരിക്കുകയും ചെയ്ത കാലഘട്ടത്തിൽ തിരുനബി മനുഷ്യൻ അടിമയാക്കപ്പെടുന്ന വഴികൾ വെട്ടിക്കുറക്കുകയും മോചന വഴികൾ വർദ്ധിപ്പിക്കുകയും ചെയ്തു.
അടിമകളെ മോചിപ്പിക്കുന്നതിനു മുമ്പ് അവരെ മാനസികമായി മോചിപ്പിക്കാൻ നബി തയ്യാറായി. അവർക്ക് മനുഷ്യത്വത്തിന്റെ ആദരവുകൾ നൽകി. ഒരു വ്യക്തിയായി അവരെ ഉയർത്തി കാണിച്ചു. മറ്റു മനുഷ്യരെപ്പോലെ തന്നെ അവർ മണ്ണിൽ നിന്ന് പടക്കപ്പെട്ടതാണെന്ന് അവരെ പഠിപ്പിച്ചു. എല്ലാവരുടെയും വാപ്പയും ഉമ്മയും ഒന്നാണ് എന്നും അല്ലാഹുവിൻറെ അടുക്കൽ മനുഷ്യർ ചീർപ്പിൻ്റെ പല്ലുകൾ പോലെ തുല്യരാണ് എന്നും ഭക്തിക്കൊണ്ടു മാത്രമേ അവൻറെ മുൻപിൽ സ്ഥാനം ലഭിക്കുകയുള്ളൂ എന്നും പഠിപ്പിക്കുക വഴി മാനസികമായ അടിമത്വത്തിൽ നിന്ന് അവർ വിമോചിതരായി തുടങ്ങി. ഖുർആൻ പറഞ്ഞു:
{ یَـٰۤأَیُّهَا ٱلنَّاسُ إِنَّا خَلَقۡنَـٰكُم مِّن ذَكَرࣲ وَأُنثَىٰ وَجَعَلۡنَـٰكُمۡ شُعُوبࣰا وَقَبَاۤىِٕلَ لِتَعَارَفُوۤا۟ۚ إِنَّ أَكۡرَمَكُمۡ عِندَ ٱللَّهِ أَتۡقَىٰكُمۡۚ إِنَّ ٱللَّهَ عَلِیمٌ خَبِیرࣱ }[Surah Al-Ḥujurāt: 13]
അല്ലയോ മനുഷ്യരെ, നിങ്ങളെല്ലാം ഒരാണിൽനിന്നും പെണ്ണിൽനിന്നുമാണ് നിങ്ങളെയെല്ലാം നാം സൃഷ്ടിച്ചിരിക്കുന്നത്. നിങ്ങളെ വ്യത്യസ്ത വർഗ്ഗങ്ങളും ഗോത്രങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാൻ വേണ്ടിയാണ്. അല്ലാഹുവിൻറെ അടുക്കൽ നിങ്ങളിൽ ആദരവുള്ളത് നിങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഭക്തിയുള്ളവർക്കാണ്.
മാനവിക ഐക്യത്തിന്റെ ഈ മഹദ് തത്വങ്ങൾ അടിമകൾക്ക് സ്വത്വബോധം നൽകി. വർണ്ണ വിവേചനത്തിനെതിരെ തിരുനബി ശബ്ദിച്ചു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കൂടെ നിന്നു.
മാനസിക അടിമത്വത്തിൽ നിന്ന് മോചിപ്പിക്കുകയോ പുനരധിവാസത്തിന് സംവിധാനം ഒരുക്കുകയോ ചെയ്യാതെ പെട്ടെന്നുള്ള അടിമ വിമോചന പ്രഖ്യാപനങ്ങൾ വിപരീതഫലമാണ് ഉണ്ടാക്കുക എന്നതിന് അമേരിക്കയിലെ അടിമത്ത നിരോധനം തന്നെ തെളിവാണ്. അബ്രഹാം ലിങ്കന്റെ കാലത്തുണ്ടായ അടിമ നിരോധനത്തെ തുടർന്ന് ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണി കിടന്ന് മരിക്കുന്ന അവസ്ഥയുണ്ടായതായി Connecticut College ചരിത്ര പ്രഫസറായ Jim Downs പറയുന്നു. (Paul Harris, New York 2012 June 16) മോചിപ്പിക്കപ്പെട്ട അടിമകൾ തങ്ങളെ അടിമകളായി തന്നെ സ്വീകരിക്കണമെന്ന് പറഞ്ഞു യജമാനന്മാരുടെ വീടുകൾക്കു മുമ്പിലേക്ക് തന്നെ ഒഴുകിയെത്തി. അടിമത്വ നിരോധന പ്രഖ്യാപനം നടന്ന് ഒന്നര നൂറ്റാണ്ട് പിന്നിട്ടിട്ടും അമേരിക്കയിൽ വർണ്ണ വിവേചനങ്ങൾ ഉണ്ടാകുന്നു. Derek Michael Chauvin എന്ന വെളുത്ത പോലീസുകാരന്റെ ബൂട്ട് ധരിച്ച കാല് കറുത്തവന്റെ കഴുത്തിൽ അമർത്തി അവനെ ശ്വാസം മുട്ടിച്ചു കൊന്നു.
ഇവിടെയാണ് തിരുനബിയുടെ അടിമ വിമോചന ശ്രമങ്ങൾ പ്രസക്തമാകുന്നത്. അടിമയുടെ അവകാശങ്ങളെ കുറിച്ച് അവിടുന്ന് സംസാരിച്ചു. അവരെ മനുഷ്യരായി കാണാൻ പഠിപ്പിച്ചു. അടിമകളും ഉടമകളും ഒരു ഉടമയുടെ അടിമകളാണെന്ന ബോധം ഉടമകളിൽ അങ്കുരിപ്പിച്ചു. തൻ്റെ അടിമക്ക് താൻ കഴിക്കുന്ന ഭക്ഷണം നൽകണമെന്നും, താൻ ധരിക്കുന്ന വസ്ത്രം നൽകണമെന്നും, ഭാരമുള്ള ജോലികൾ ചെയ്യിപ്പിക്കരുതെന്നും അടിമ എന്ന് സംബോധന ചെയ്യരുതെന്നും, അവർ നമ്മുടെ സഹോദരന്മാരാണെന്നും, തിരുനബി പഠിപ്പിച്ചു. ‘എൻ്റെ ചങ്ങാതീ’ എന്ന് സ്നേഹത്തോടെ വിളിക്കാനാണ് തിരുവരുൾ. ഈ പാഠങ്ങൾ നെഞ്ചിലേറ്റിയപ്പോൾ കറുത്തവന്റെ കാൽ വെളുത്തവൻ്റെ മുഖത്തേക്ക് ഉയർന്നു! അല്ല, ഉടമ അടിമയെ കൊണ്ട് തന്റെ മുഖത്ത് ചവിട്ടിച്ചു! കഥയിങ്ങനെ:
നബിയുടെ അനുചരൻ അബൂദറും അടിമയും ഒന്നിച്ച് നടന്നുപോകുമ്പോൾ നോക്കി നിന്നവർ അത്ഭുതപ്പെട്ടു. അബൂദർ ധരിച്ച അതേ വസ്ത്രമാണ് അടിമയും ധരിച്ചിരിക്കുന്നത്. ഇതെന്തു കഥ! അവർ ചോദിച്ചു അബൂദർ സംഭവം വിവരിച്ചു. “ഞാൻ എൻറെ അടിമയായിരുന്ന ഒരാളെ ചീത്ത വിളിച്ചു, ‘കറുത്തവളുടെ മകനേ‘ എന്നുവിളിച്ച് ആക്ഷേപിച്ചു. ഇത് തിരുനബി അറിഞ്ഞു. അവിടുന്ന് രോഷപ്പെട്ടു എന്നെ ഇങ്ങനെ ഉപദേശിച്ചു: ‘നിന്നിൽ ഇപ്പോഴും ജാഹിലിയ്യത്തിന്റെ അംശം ഉണ്ടല്ലേ? നിങ്ങളുടെ സഹോദരന്മാരാണ് നിങ്ങളുടെ അടിമകൾ. അല്ലാഹു അവരെ നിങ്ങളുടെ കീഴിലാക്കി തന്നുവെന്നെ ഉള്ളൂ. ആരുടെയെങ്കിലും കീഴിൽ അവൻറെ സഹോദരൻ ഉണ്ടെങ്കിൽ അവൻ ഭക്ഷിക്കുന്നത് അവർക്കും ഭക്ഷിപ്പിക്കട്ടെ. അവൻ ധരിക്കുന്നത് അവർക്കും ധരിപ്പിക്കട്ടെ. അവർക്ക് സാധിക്കാത്ത ജോലികൾ അവരെക്കൊണ്ട് ചെയ്യിപ്പിക്കാതിരിക്കട്ടെ. അവരെ എന്തെങ്കിലും ജോലി ഏൽപ്പിക്കുകയാണെങ്കിൽ തന്നെ ആ ജോലിയിൽ അവരെ സഹായിക്കട്ടെ.’ ഈ കൽപ്പന പാലിച്ചുകൊണ്ടാണ് ഞാൻ ധരിച്ച വസ്ത്രത്തിനോട് തുല്യമായത് എൻറെ അടിമക്കും ധരിപ്പിച്ചിരിക്കുന്നത്” എന്ന് അദ്ദേഹം അവരെ ഉണർത്തി.
മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. തിരുനബി രോഷപ്പെട്ടപ്പോൾ അബൂദറിന് വല്ലാത്ത സങ്കടമായി. അദ്ദേഹം നിലത്തു കിടന്നു, തന്റെ അടിമയെ വിളിച്ചു. എന്നിട്ട് പറഞ്ഞു. ‘എൻറെ കവിളിൽ ചവിട്ടു; ഞാൻ നിന്നോട് ചെയ്ത പാപം പൊറുപ്പിക്കട്ടെ.’ മനുഷ്യൻറെ മനസ്സിനെ മാറ്റുന്ന മാസ്മരികശക്തി തിരുനബിയുടെ അരുൾപ്പാടുകളിൽ നാം കാണുന്നു. ഡെറക് മിഷേൽ ഷോവിൻ എന്ന പോലീസുകാരൻ കാലുകൊണ്ട് കഴുത്ത് ഞെരിച്ച് കറുത്തവർഗ്ഗക്കാരനെ കൊന്നുതള്ളിയതിനെ തുടർന്ന് അമേരിക്കയിൽ 2013 ൽ പൊട്ടിപ്പുറപ്പെട്ട ‘black lives matter’ എന്ന ക്യാമ്പയിൻ്റെ 1400 വർഷങ്ങൾക്കു മുമ്പ് അടിമക്ക് ഉടമയുടെ നേരെ പ്രതികാരം എടുക്കാൻ പ്രത്യയശാസ്ത്രമായ അടിത്തറ പാകിയ സാമൂഹ്യ പരിഷ്കർത്താവാണ് മുഹമ്മദ് നബി!
അടിമകളെ കേവലം ഒരു വസ്തുവിനെപ്പോലെ കാണുകയും, മനുഷ്യത്വരഹിതമായി അവരോട് പെരുമാറുകയും, അവരെ മർദ്ദിക്കുകയും പരീക്ഷണ വസ്തു ആക്കുകയും, അവരുടെ അവകാശങ്ങളെ കുറിച്ച് അജ്ഞരാവുകയും ചെയ്ത കെട്ട കാലത്ത് അടിമകളെ അടിക്കുന്നതിതെതിരെ നബി ശക്തമായി ശബ്ദിച്ചു. അബു മസ്ഊദ് പറയുന്നു: “ഞാൻ ചാട്ടകൊണ്ട് എന്റെ അടിമയെ അടിക്കുകയായിരുന്നു. പിറകിൽ നിന്ന് ഒരു ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. ‘അബൂ മസ്ഊദ്, അറിഞ്ഞ് കൊള്ളുക’ എന്നായിരുന്നു ആ ഇടിമുഴക്കം. ദേഷ്യം കൊണ്ട് എനിക്ക് ആരാണ് ശബ്ദത്തിന്റെ ഉടമ എന്ന് തിരിച്ചറിയാൻ സാധിച്ചില്ല. അടുത്തെത്തിയപ്പോൾ മനസ്സിലായി അത് നബിയായിരുന്നു! ‘അബൂ മസ്ഉദ്, അറിഞ്ഞ് കൊള്ളുക’ എന്ന് ആവർത്തിച്ചു പറയുകയാണ് നബി. ഇത് കേട്ട് ഞാൻ ചാട്ട താഴെയിട്ടു നബി തുടർന്നു: ‘നിനക്ക് ഈ കുട്ടിയുടെ മേൽ കഴിവ് ഉള്ളതിനേക്കാൾ അല്ലാഹുവിന് നിൻറെ മേൽ കഴിവുണ്ടെന്ന് നീ അറിഞ്ഞു കൊള്ളണം.’ ഞാൻ പറഞ്ഞു: ‘ഇനിമേൽ ഞാനൊരു അടിമയെയും അടിക്കുകയില്ല; ഇവനെ ഞാൻ സ്വതന്ത്രനാക്കിയിരിക്കുന്നു’ തിരുനബി പ്രതികരിച്ചു: ‘നീ അങ്ങനെ ചെയ്തിട്ടില്ലായിരുന്നെങ്കിൽ നിന്നെ നരകം വിഴുങ്ങുമായിരുന്നു!’”
‘ആരെങ്കിലും എൻറെ അടിമയെ അടിച്ചാൽ അതിൻറെ പ്രായശ്ചിത്തം മോചിപ്പിക്കലാകുന്നു’ എന്ന് നബി പറഞ്ഞു. അതനുസരിച്ച് പല അനുചരരും അടിമകളെ മോചിപ്പിച്ചു. മുആവിയ ബ്ൻ സുവൈദ് പറയുന്നു: “ഞങ്ങളുടെ വീട്ടിലെ ഒരു അടിമചെറുക്കനെ ഞാൻ മുഖത്തടിച്ചു, എന്നിട്ട് ഞാൻ ഓടി. പിന്നെ ളുഹ്റിൻ്റെ തൊട്ടുമുമ്പാണ് ഞാൻ എത്തിയത്. ഞാൻ ഉപ്പാന്റെ പിറകിൽ നിന്ന് ളുഹ്റ് നിസ്കരിച്ചു. ഉപ്പ നിസ്കാരം കഴിഞ്ഞു ഞങ്ങൾ രണ്ടുപേരെയും വിളിച്ചു. തൻ്റെ മുഖത്തടിച്ചതിന് പകരം വീട്ടാൻ അടിമയോട് ഉപ്പ ആവശ്യപ്പെട്ടു. അവൻ എനിക്ക് മാപ്പ് തന്നു.”
ആയിശ ബീവി പറയുന്നു: “ഒരാൾ നബിയുടെ മുന്നിൽ വന്നിരുന്നു. പരാതി പറഞ്ഞു: ‘എനിക്ക് രണ്ട് അടിമകൾ ഉണ്ട്. അവർ എന്നെ നിഷേധിക്കുന്നു, എന്നെ വഞ്ചിക്കുന്നു, എന്നെ ധിക്കരിക്കുന്നു; ഞാൻ അവരെ ചീത്ത പറയുന്നു, അടിക്കുന്നു. ഇക്കാര്യത്തിൽ എൻറെ അവസ്ഥ നാളെ (പരലോകത്ത് ) എന്തായിരിക്കും?’
‘അവർ നിന്നെ വഞ്ചിച്ചതും, ധിക്കരിച്ചതും, നിഷേധിച്ചതും, നീ അവരെ ശിക്ഷിച്ചതും കണക്കാക്കപ്പെടും, നീ അവർക്ക് നൽകിയ ശിക്ഷ അവർ നിന്നോട് ചെയ്ത ധിക്കാരത്തിന് സമമാണെങ്കിൽ നിനക്ക് പ്രശ്നമുണ്ടാവില്ല. നീ അവർക്ക് നൽകിയ ശിക്ഷ അവർ ചെയ്ത തെറ്റിനേക്കാൾ കുറവാണെങ്കിൽ അത് നിനക്ക് മെച്ചമായിരിക്കും. എന്നാൽ അവർ ചെയ്ത തെറ്റുകളെക്കാൾ കൂടുതൽ ആണ് നിൻറെ ശിക്ഷ എങ്കിൽ മിച്ചം ഉള്ളതിന്, നിന്നിൽ നിന്നും പ്രതികാരക്രിയ സ്വീകരിക്കപ്പെടും.’
ഇത് കേട്ട് ആ മനുഷ്യൻ മാറിയിരുന്ന് കരയാൻ തുടങ്ങി. അപ്പോൾ തിരുനബി വിശുദ്ധ ഖുർആനിലെ സൂറ: അമ്പിയാഇലെ 47 സൂക്തം ഓതി:
{ وَنَضَعُ ٱلۡمَوَ ٰزِینَ ٱلۡقِسۡطَ لِیَوۡمِ ٱلۡقِیَـٰمَةِ فَلَا تُظۡلَمُ نَفۡسࣱ شَیۡـࣰٔاۖ وَإِن كَانَ مِثۡقَالَ حَبَّةࣲ مِّنۡ خَرۡدَلٍ أَتَیۡنَا بِهَاۗ وَكَفَىٰ بِنَا حَـٰسِبِینَ } [Surah Al-Anbiyāʾ: 47]
“അന്ത്യനാളിൽ നീതിപൂർവ്വകമായ ത്രാസുകൾ നാം സ്ഥാപിക്കും. ഒരു ആത്മാവും അന്ന് ആക്രമിക്കപ്പെടുകയില്ല. ഒരു കടുക്മണിയുടെ ഭാരം ഉള്ളതാണെങ്കിലും ഏതൊരു പ്രവർത്തനത്തെയും അന്ന് നാം കൊണ്ടുവരും. വിചാരണക്കായി നമ്മൾ തന്നെ മതി.” ഇതൊക്കെ കേട്ടപ്പോൾ ആ മനുഷ്യൻ പറഞ്ഞു: ‘എനിക്കും അവർക്കും ഏറ്റവും നല്ലത് പിരിയലാണ്. അതുകൊണ്ട് നിങ്ങളെ സാക്ഷി നിർത്തി ഞാൻ പറയുന്നു അവർ എല്ലാവരും ഇന്നുമുതൽ സ്വതന്ത്രരാകുന്നു.’”
ഇതൊക്കെ ഇസ്ലാമിക ചരിത്രത്തിൽ മാത്രം കേൾക്കാവുന്ന രസകരമായ കഥകളാണ്. അടിമ ചെയ്യാത്ത കുറ്റം അവൻ്റെ മേൽ ആരോപിക്കരുത്. ആരെങ്കിലും തന്റെ നിരപരാധിയായ അടിമയെ വ്യഭിചാരാരോപണം നടത്തിയാൽ, ആരോപകന്റെ മേൽ അന്ത്യനാളിൽ അതിനുള്ള ശിക്ഷ നടപ്പാക്കപ്പെടുമെന്നും തിരുനബി പറഞ്ഞു. അടിമകൾക്ക് സ്വന്തം വ്യക്തിത്വവും അവകാശങ്ങളും നൽകിയ നബി അവരെ മോചിപ്പിക്കാൻ ഉള്ള വിവിധ മാർഗങ്ങൾ സൃഷ്ടിച്ചു. അതിലെ ഏറ്റവും പ്രധാനം അടിമ മോചനത്തിന് നരകമോചനം എന്ന ഏറ്റവും വലിയ പ്രതിഫലം പ്രഖ്യാപിച്ചതായിരുന്നു.
തിരുനബി അനുചരർ അടിമ മോചനത്തിനായി മുന്നോട്ടുവന്നു. തങ്ങളുടെ കീഴിൽ ഉണ്ടായിരുന്ന അടിമകളെ മോചിപ്പിക്കുക മാത്രമല്ല മറ്റുള്ളവരുടെ കയ്യിൽ നിന്നും വാങ്ങി മോചിപ്പിക്കുകയും ചെയ്തു. കൂട്ടത്തോടെയുള്ള അടിമ മോചനമാണ് ഇതിലൂടെ ഉണ്ടായത്. നരകമോചനം അല്ലേ ലഭിക്കുന്നത്. പണക്കാർ ഇക്കാര്യത്തിൽ കൂടുതൽ ഉത്സാഹം കാണിച്ചു. ധനികനായിരുന്ന അബ്ദുറഹ്മാനുബ്നു ഔഫ് മുപ്പതിനായിരം അടിമകളെയാണ് മോചിപ്പിച്ചത്. അദ്ദേഹം ഒരു ദിവസം തന്നെ 8000 അടിമകളെ മോചിപ്പിച്ചുവത്രെ. ഉസ്മാൻ 2400. തിരുനബി 63 അടിമകളെ മോചിപ്പിച്ചു. ആയിശ ബീവി 96. അബ്ബാസ് 70. അങ്ങനെ ആ പട്ടിക നീളുന്നു.
മലമ്പാത താണ്ടി കടന്നാൽ മാത്രമേ പരലോകമോക്ഷം സാധ്യമാവുകയുള്ളൂ എന്ന് പഠിപ്പിക്കുന്ന ഖുർആൻ എന്താണ് മലമ്പാത താണ്ടി കടക്കുക എന്ന് വിശദീകരിക്കുന്നത് ഇങ്ങനെയാണ്:
{ وَمَاۤ أَدۡرَىٰكَ مَا ٱلۡعَقَبَةُ (12) فَكُّ رَقَبَةٍ (13) أَوۡ إِطۡعَـٰمࣱ فِی یَوۡمࣲ ذِی مَسۡغَبَةࣲ (14) یَتِیمࣰا ذَا مَقۡرَبَةٍ (15) أَوۡ مِسۡكِینࣰا ذَا مَتۡرَبَةࣲ (16) } [Surah Al-Balad: 12-16]
എന്താണ് ഈ മലമ്പാത? അടിമ മോചനമത്രെ അത്! ബന്ധുവായ അനാഥക്കും മണ്ണുപുരണ്ട അശരണനും അന്നം കൊടുക്കലുമാണത്.
പല പാപങ്ങളുടെയും പ്രായശ്ചിത്തമായി അടിമ മോചനത്തെ നിശ്ചയിച്ചു. അടിമകളെ ഉപയോഗിച്ചുകൊണ്ടുള്ള ലൈംഗിക വാണിഭം നിരോധിച്ചു. എണ്ണമറ്റ ആളുകളുമായി കിടപ്പറ പങ്കിടേണ്ട ദുർഗതിയായിരുന്നു അന്നത്തെ അടിമ സ്ത്രീകൾക്കുണ്ടായിരുന്നത്. അതിലുണ്ടാകുന്ന കുട്ടികളെല്ലാം ഉടമയുടെ സമ്പത്തായി കണക്കാക്കപ്പെട്ടു. ഈ സമ്പ്രദായം നിർത്തലാക്കപ്പെട്ടതോടെ അടിമകളുടെ തലമുറകൾ ഉണ്ടാകുന്നതിന് ഒരു പരിധിവരെ വിലങ്ങു തടിയായി. അടിമകളെ മറ്റുള്ളവർക്ക് വിവാഹം ചെയ്തുകൊടുക്കുകയോ ഉടമ മാത്രം ലൈംഗികമായി ഉപയോഗിക്കുക എന്ന നിയമം കൊണ്ടുവന്നു. ഉടമക്ക് അടിമയിൽ ഉണ്ടാകുന്ന സന്താനങ്ങളെ സ്വതന്ത്രരാക്കി. ഉടമയുടെ മരണത്തോടെ അവരുടെ ഉമ്മമാരെയും സ്വതന്ത്രരാക്കി. അങ്ങനെ കാലങ്ങളായി അടിമകളായിരുന്നവരുടെ തലമുറകൾ സ്വതന്ത്രരായി തീർന്നു.
അടിമകൾക്ക് സ്വയം സ്വതന്ത്രരാകാൻ നിയമവ്യവസ്ഥ ഉണ്ടാക്കി. മുക്കാത്തബ എന്നാണ് അതിൻറെ പേര്. നിശ്ചിതകാലയളവിനുള്ളിൽ ഉടമക്ക് നിശ്ചിത പണം നൽകിയാൽ മോചിതരാകുന്ന സംവിധാനമാണിത്. അതിലൂടെ അടിമയെ സ്വന്തം കാലിൽ നിൽക്കുവാൻ നബി പര്യപ്തനാക്കി. നിശ്ചിതകാലയളവിനുള്ളിൽ പണം പൂർത്തിയാക്കി സമ്പാദിക്കാൻ സാധിച്ചില്ലെങ്കിൽ അവരെ സഹായിക്കാനായി വിവിധ വകുപ്പുകൾ നബി നിശ്ചയിച്ചു. സക്കാത്തിന്റെ (നിർബന്ധിത ദാനം) അവകാശം അവനു നൽകി. പൊതുമുതലിൽ നിന്ന് അവരെ സഹായിക്കാൻ ഉത്തരവിട്ടു. പണക്കാരോട് അത്തരക്കാരെ സഹായിക്കാനുള്ള മാർഗനിർദേശം നൽകി. സൽമാൻ ഫാരിസി സ്വതന്ത്രനായത് മുക്കാത്തബയിലൂടെയാണ്. താങ്ങാൻ കഴിയാത്ത വലിയ സംഖ്യ പറഞ്ഞിട്ടും തിരുനബി എന്ന രാഷ്ട്രശില്പി അത് സംഘടിപ്പിച്ചു കൊടുത്തു. അങ്ങനെ അടിമത്തത്തിന്റെ ചങ്ങലകളിൽ നിന്നും മനുഷ്യർ വിമോചിതരായി.
യുദ്ധങ്ങളിൽ ശത്രുപക്ഷം നമ്മെ അടിമകളാക്കിയാൽ അതിനു തതുല്യമായ സാധ്യമായ ഒരേ ഒരു പ്രതിവിധി അവരെയും അടിമകളാക്കുക എന്നത് മാത്രമാണ്. അടിമത്തസമ്പ്രദായം എന്നന്നേക്കുമായി നിർത്തലാക്കിയാൽ ഇത്തരം സന്ദർഭങ്ങളിൽ പ്രായോഗിക പരിഹാരങ്ങൾ ഇല്ലാതെ വരും. ഇതെല്ലാം ദീർഘദർശനം ചെയ്തതു കൊണ്ടായിരിക്കണം അടിമ സമ്പ്രദായം നിയമം മുഖേന പൂർണമായി നിരോധിക്കാതിരുന്നത്.
തന്റെ അവസാന നിമിഷങ്ങളിൽ മരണത്തോട് മല്ലടിക്കുമ്പോൾ തിരുനബി സമുദായത്തിന് നൽകിയ ഉപദേശം രണ്ട് കാര്യങ്ങളിലാണ്. ഒന്ന്: ആരാധനകളിൽ അതിപ്രധാനമായ നിസ്കാരത്തിൻറെ കാര്യമാണ്. നിസ്കാരം അവഗണിക്കരുത് അത് കൃത്യമായി നിർവഹിക്കണം. രണ്ടാമത്തെ കാര്യം ഏതാണെന്നോ? അടിമകളുടെ കാര്യം! അടിമകളുടെ കാര്യത്തിൽ അല്ലാഹുവിനെ പേടിക്കണം. അവരോടുള്ള ബാധ്യതകൾ നിർവഹിക്കണം. അവരോട് നല്ല നിലയിൽ പെരുമാറണം!




