“നമ്മുടെ സഅലബ എവിടെ?” തിരുനബിയുടെ അന്വേഷണം.
“കുറച്ചുദിവസമായി കാണുന്നില്ല.”
“ഉമർ, സൽമാൻ നിങ്ങൾ രണ്ടു പേരും ഉടൻ പുറപ്പെടണം. മക്കയുടെയും മദീനയുടെയും ഇടയിലുള്ള കുന്നുകൾക്കിടയിൽ സഅലബയെ കാണാം. അന്വേഷിച്ചു നോക്കൂ, നരകം പേടിച്ചു ഓടുകയാണ് അയാൾ”
അവർ ആ കുന്നുകൾക്കിടയിൽ എത്തി. ദുഫാഫ എന്ന ഇടയനെ കണ്ടു. അദ്ദേഹത്തോട് അന്വേഷിച്ചു.
“നരകം പേടിച്ചോടുന്ന ആളെയാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്?” ദുഫാഫയുടെ ചോദ്യം!
“അതെന്താ അങ്ങനെ പറയുന്നത്?”
“രാത്രിയായി കഴിഞ്ഞാൽ ഒരാളെ ഈ കുന്നുകളിൽ കാണാറുണ്ട്. ‘എൻറെ ആത്മാവിനെ നീ സ്വീകരിക്കണേ! എനിക്കുള്ള ശിക്ഷ പരലോകത്തേക്ക് വെക്കരുതേ’ എന്നും പറഞ്ഞ് തലകയ്യിൽ വെച്ച് ഓടുന്ന ഒരാളെ കാണാറുണ്ട്”
“അദ്ദേഹത്തിനെ തന്നെയാണ് ഉദ്ദേശിച്ചത്”
സൂര്യൻ അസ്തമിച്ചു. രാത്രി ഇരുട്ടിൻറെ കരിമ്പടം പുതച്ചു. അതാ ഒരു ശബ്ദം കേൾക്കുന്നു: “എൻറെ ആത്മാവിനെ നീ സ്വീകരിക്കണേ! എനിക്കുള്ള ശിക്ഷ പരലോകത്തേക്ക് വെക്കരുതേ..”
അതെ അത് സഅലബ തന്നെ. അവർ ഉറപ്പിച്ചു. അവർ പരസ്പരം കണ്ടുമുട്ടി.
“തിരുനബി എൻ്റെ പാപത്തെക്കുറിച്ച് അറിഞ്ഞുവോ?!” ഇതായിരുന്നു അദ്ദേഹത്തിന് ചോദിക്കാനുണ്ടായിരുന്നത്.
എന്താണ് ഇത്ര വലിയ പാപം എന്ന് വായനക്കാർ ചിന്തിക്കുന്നുണ്ടാവും.
ഒരു അൻസാരിയുടെ വീടിനരികിലൂടെ നടന്നു പോകുമ്പോൾ, ഒരു സ്ത്രീ കുളിക്കുന്നത് കണ്ണിൽ പെട്ടു. അപ്പോൾ ഒന്നോ രണ്ടോ തവണ ബോധപൂർവ്വം നോക്കി. അത്രതന്നെ. ഉടനെ അല്ലാഹുവിനെ ഓർമ്മ വന്നു. വിശ്വാസികൾ അങ്ങനെയാണ് എന്തെങ്കിലും പൈശാചിക പ്രലോഭനങ്ങളിൽ പെട്ടുപോയാൽ ഉടനെ തന്നെ അല്ലാഹുവിനെ ഓർമ്മ വരും. ഉൾക്കാഴ്ച തിരിച്ചു കിട്ടും. നിഷിദ്ധമായ കാര്യം കണ്ട കണ്ണുകൊണ്ട് ഞാൻ എങ്ങനെയാണ് തിരുനബിയുടെ സദസ്സിൽ പോവുക? എങ്ങനെ ആ തിരുമുഖത്തേക്ക് നോക്കുക? ചിന്ത അദ്ദേഹത്തെ ഭരിച്ചുകൊണ്ടിരുന്നു.
ഇനി നബിയുടെ സദസ്സിലേക്ക് ഇല്ല എന്ന തീരുമാനത്തിലെത്തി. മക്കയുടെയും മദീനയുടെയും ഇടയിലുള്ള കുന്നുകളിൽ അഭയം തേടി. അവിടെ ചെന്ന് പശ്ചാത്തപിച്ച് അവിടെത്തന്നെ മരിച്ചു വീഴുക എന്നതായിരുന്നു അദ്ദേഹത്തിൻറെ തീരുമാനം! കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് തിരുനബിക്ക് ദിവ്യബോധനം മുഖേന ഇങ്ങനെ സന്ദേശം കിട്ടിയത്. അതിൻ്റെ അടിസ്ഥാനത്തിലാണ് രണ്ടാളുകളെ അന്വേഷിക്കാൻ വേണ്ടി പറഞ്ഞയച്ചത്. സഅലബക്ക് ഒരു അപേക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിരുനബി നിസ്കരിക്കുന്ന സമയത്തായിരിക്കണം നിങ്ങൾ എന്നെ അവിടുത്തെ സന്നിധിയിലേക്ക് കൊണ്ടുപോകേണ്ടത്. എനിക്ക് നേർക്കുനേർ നബിയെ കാണാൻ ഭയമാണ്!
സുബ്ഹി നിസ്കാരം നടന്നുകൊണ്ടിരിക്കുമ്പോഴാണ് അവർ അവിടെ എത്തുന്നത്. ‘കണ്ണും കാതും ഹൃദയവും ചോദ്യം ചെയ്യപ്പെടും’ എന്ന സൂക്തമായിരുന്നു നിസ്കാരത്തിൽ തിരുനബി ഓതിയിരുന്നത്. ഇത് കേട്ട് അദ്ദേഹം ബോധം കെട്ടു വീണു. നിസ്കാരം കഴിഞ്ഞ ഉടനെ തിരുനബിയുടെ ചോദ്യം വന്നു: “എവിടെ സഅലബ?”
“ദാ! ഇവിടെ വീണ് കിടക്കുന്നു!”
നബി സാഅലബയെ വിളിച്ചു. അദ്ദേഹം കണ്ണ് തുറന്നു.
“നീ ഇതുവരെ എവിടെയായിരുന്നു? എന്തേ നീ എന്നിൽ നിന്നും പോയി മറഞ്ഞു?”
“എൻറെ പാപങ്ങൾ കാരണം നബിയെ”
“പാപങ്ങൾ പൊറുക്കാവുന്ന ഒരു വചനം ഞാൻ നിനക്ക് പറഞ്ഞു തരട്ടെ..
رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّار
“അല്ലാഹുവേ ഐഹിക ലോകത്തും പാരത്രിക ലോകത്തും നീ എനിക്ക് നന്മ നൽകണേ.”
“നബിയെ, എന്റെ പാപം അതിലും വലുതാണ്!”
“അല്ല, ഒരിക്കലുമല്ല! അല്ലാഹുവിന്റെ വചനമാണ് ഏറ്റവും വലുത്”
സഅലബയെ വീട്ടിലെത്തിക്കാൻ സഹാബികളോട് നബി നിർദ്ദേശിച്ചു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ സൽമാൻ പറഞ്ഞു:
“നബിയേ, നമുക്ക് സഅലബയുടെ വീട്ടിൽ പോയാലോ?
അങ്ങനെ നബി സഅലബയുടെ വീട്ടിൽ ചെന്നു. കിടക്കുകയായിരുന്ന സഅലബയുടെഅടുത്തിരുന്നു. അദ്ദേഹത്തിന്റെ തലയെടുത്തു മടിയിൽ വെച്ചു. അദ്ദേഹം തൻ്റെ തല തിരുനബിയുടെ മടിയിൽ നിന്ന് മാറ്റി.
“എന്താണ് നീ അങ്ങനെ ചെയ്യുന്നത്?”
“ഇത് പാപങ്ങൾ നിറഞ്ഞ തലയാണ് ഈ വിശുദ്ധ മടിയിൽ വെക്കാൻ പറ്റില്ല”
“നിനക്കെന്താണ് വേണ്ടത്?”
“എൻറെ ദോഷം പൊറുത്തു കിട്ടണം”
“നിൻറെ ദോഷം പൊറുത്തതായി ജിബ്രീൽ അറിയിക്കുന്നു”
ഇതുകേട്ട അദ്ദേഹം ഒരു ശബ്ദം ഉണ്ടാക്കുകയും, ഉടൻ മരിച്ചു വീഴുകയും ചെയ്തു. അദ്ദേഹത്തിൻറെ ജനാസ (മൃതദേഹം) കൊണ്ടുപോകുമ്പോൾ തിരുനബി കാൽ പാദം മുഴുവൻ നിലത്ത് ചവിട്ടാതെ വിരലുകളിൽ ചവിട്ടിയാണ് നടന്നിരുന്നത്. അതിൻറെ കാരണം അന്വേഷിച്ചപ്പോൾ മലക്കുകളുടെ സാന്നിധ്യം കൊണ്ട് കാലുകുത്താൻ സ്ഥലമില്ലാതായിരുന്നു എന്നാണ് അവിടുന്ന് പ്രതികരിച്ചത്.
അനുചരരോടുള്ള തിരുനബിയുടെ പെരുമാറ്റങ്ങൾ എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ചുളള അന്വേഷണത്തിലാണ് നാം. അപ്പോഴാണ് ചിന്തനീയമായ ഈ കഥ നാം വായിക്കുന്നത്. നബി അനുയായികളെ എത്രത്തോളം സ്നേഹിച്ചിരുന്നു /ശ്രദ്ധിച്ചിരുന്നു /പരിചരിച്ചിരുന്നു /അവരെ എത്രത്തോളം സംസ്കരിച്ചു / അവരുടെ മനസ്സിൽ തിരുനബി എങ്ങനെ ആഴ്ന്നിറങ്ങി എന്നല്ലാം ഈ ചരിത്രത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. ഒപ്പം പശ്ചാതാപത്തിന്റെ പ്രാധാന്യവും രീതിയും ഫലവും ഈ ചരിത്രം നമ്മെ ഓർമിപ്പിക്കുന്നു.
തിരുനബി ഇഹലോകവാസം വെടിയുമ്പോൾ ഒരു ലക്ഷത്തിലേറെ അനുചരർ ഉണ്ടായിരുന്നു എന്നാണ് ചരിത്രം. തിരുനബി കൊണ്ടുവന്ന ആശയങ്ങളുടെ സൗന്ദര്യത്തിനൊപ്പം തന്നെ അവിടുത്തെ സ്വഭാവ ഗുണങ്ങളും പെരുമാറ്റ രീതികളും അനുചരരെ തങ്ങളുടെ ഹൃദയങ്ങളിലേക്ക് ആവാഹിച്ചു. ധാരാളം അനുയായികൾ ഉണ്ടെങ്കിലും ആരെയെങ്കിലും കാണാതായാൽ അവരെക്കുറിച്ച് അന്വേഷിക്കുമായിരുന്നു തിരുനബി.
അനസ് പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ തിരുനബിയുടെ ശബ്ദത്തേക്കാൾ ശബ്ദം ഉയർത്തി സംസാരിക്കരുത്. നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഒച്ചയുണ്ടാക്കുന്നത് പോലെ നബിയോട് ഉച്ചത്തിൽ സംസാരിക്കരുത്, നിങ്ങളറിയാതെ നിങ്ങളുടെ ആരാധനകൾ പൊളിഞ്ഞു പോകും. എന്ന ആശയം വരുന്ന സൂക്തം (ഹുജ്റാത്ത് 4) അവതരിച്ചപ്പോൾ സാബിത്ത് ബ്ൻ ഖൈസ് നബിയുടെ അടുക്കലേക്ക് വരുന്നത് നിർത്തി! അദ്ദേഹം ഉയർന്ന ശബ്ദത്തിൻ്റെ ഉടമയായിരുന്നു. ഞാൻ നരകവാസിയാണ് എന്ന് വിലപിച്ചുകൊണ്ട് അദ്ദേഹം വീട്ടിൽ തന്നെ ഇരുപ്പുറപ്പിച്ചു.
‘എന്തുപറ്റി സാബിത്തിന്? എന്തെങ്കിലും രോഗമുണ്ടോ?’ നബി സഅദിനോട് ചോദിച്ചു.
‘ഞാൻ അദ്ദേഹത്തിൻറെ അയൽവാസിയാന്നെന്നും രോഗമുള്ളതൊന്നും ഞാൻ അറിഞ്ഞിട്ടില്ല.’ സഅദ് പറഞ്ഞു
സഅദ് സാബിത്തിന്റെ വീട്ടിലേക്ക് ചെന്നു. തിരുനബി അന്വേഷിച്ചതിനെക്കുറിച്ച് പറഞ്ഞു.
‘ഒരു പുതിയ ഒരു സൂക്തം അവതരിച്ചിട്ടുണ്ടല്ലോ. ഞാൻ നിങ്ങളുടെ കൂട്ടത്തിൽ എറ്റവും ശബ്ദം കൂടിയ ആളാണെന്ന് നിങ്ങൾക്കൊക്കെ അറിയുമല്ലോ. അപ്പോൾ ഞാൻ നരകാവകാശിയാവുകയില്ലേ?’
സാബിത്തിന്റെ മറുപടി നബിയെ അറിയിച്ചു.
‘അല്ല, അവൻ സ്വർഗത്തിലാണ്’ നബി പ്രതികരിച്ചു. സാബിത്തിന് ആശ്വാസമായി.”
സ്വഹാബികളുടെ മക്കളെക്കുറിച്ച് പോലും തിരുനബി ചോദിച്ചിരുന്നു. ഖുർത് ബിൻ ഇയാസ് ഒരിക്കൽ തിരുനബിയുടെ അടുക്കൽ വന്നപ്പോൾ കൂടെ മോനെ കണ്ടു.
“ഇവനെ നിനക്ക് ഇഷ്ടമാണോ?” എന്ന് നബി ചോദിച്ചു.
“അല്ലാഹു നിങ്ങളെ സ്നേഹിച്ചത് പോലെ ഞാൻ അവനെ സ്നേഹിക്കുന്നുണ്ട്” എന്ന് അദ്ദേഹം മറുപടിയും പറഞ്ഞു.
പിന്നീട് ഒരിക്കൽ ഖുർത് വന്നപ്പോൾ കൂടെ മോൻ ഇല്ലായിരുന്നു. അപ്പോൾ തിരുനബി ചോദിച്ചു: “മോൻ എവിടെ?”
“മരിച്ചു!” അടക്കാനാവാത്ത ദുഃഖത്തോടെ അദ്ദേഹം പ്രതികരിച്ചു.
അപ്പോൾ തിരുനബി അദ്ദേഹത്തെ ആശ്വസിപ്പിച്ചത് ഇങ്ങനെയായിരുന്നു: “നീ സ്വർഗ്ഗത്തിന്റെ ഏതു വാതിലിൽ എത്തുമ്പോഴും നിന്നെ സ്വീകരിക്കാൻ അവിടെ നിൻ്റെ മോനുണ്ടാവും. അതു പോരെ നിനക്ക്?”
മരണത്തെ മുഖാമുഖം കാണുമ്പോഴും തിരുനബിയെ കുറിച്ച് വേവലാതി കൊള്ളുന്ന അനുയായിയുടെ മനസ്സ് അവിടുന്ന് അറിയുന്നു. അദ്ദേഹത്തിന് പറയാനുള്ളത് ലോകത്തിന് കേൾക്കാൻ തിരുനബി അവസരം ഒരുക്കുന്നു. സംഭവമിങ്ങനെ: ഉഹദ് യുദ്ധമാണ് രംഗം. രക്തസാക്ഷിയായവർ, മരണത്തോട് മല്ലിടുന്നവർ, ആഴത്തിൽ മുറിവ് പറ്റിയവർ, പ്രതിസന്ധിയെ അതി ജയിച്ചവർ, ശത്രുക്കളെ വകരുത്തിയവർ.. യുദ്ധം കഴിഞ്ഞപ്പോൾ തിരുനബിയുടെ കണ്ണുകൾ ഓരോരുത്തരെയായി തെരയുകയാണ്. സഅദ് ബിൻ റബിഇനെ കാണുന്നില്ല. അദ്ദേഹത്തെ അന്വേഷിക്കാൻ സൈദ് ബിൻ സാബിത്തിനെ നബി പറഞ്ഞു വിട്ടു. “സഅദിനെ കണ്ടുമുട്ടിയാൽ എൻറെ സലാം പറയണം. വിശേഷങ്ങൾ അന്വേഷിച്ചതായും പറയണം.”
സൈദ് പറയുന്നു: “കൊല്ലപ്പെട്ടവരുടെ അരികിലൂടെ ഞാൻ നടന്നുകൊണ്ടിരിക്കുമ്പോൾ ചക്രശ്വാസം വലിച്ചു കൊണ്ടിരിക്കുന്ന സഅദിനെ കണ്ടു. അമ്പു തറച്ചതും വെട്ടും കുത്തുകൊണ്ടതുമൊക്കെയായി ശരീരത്തിൽ 70 ഓളം മുറിവുകൾ ഉണ്ടായിരുന്നു.” തിരുനബി സലാം പറയുന്നുണ്ടെന്നും വിശേഷം അന്വേഷിക്കുന്നുണ്ടെന്നും ഞാൻ സഅ്ദിനോട് പറഞ്ഞു സലാം മടക്കി: “സ്വർഗ്ഗത്തിന്റെ വാസന ഞാൻ അനുഭവിക്കുന്നുണ്ട്” എന്ന് തിരു നബിയോട് പറയാൻ ഏൽപ്പിച്ചു. അവസാനമായി ഒരു ഒസ്യത്തും പറഞ്ഞു: “അൻസാരികളായ എൻ്റെ ജനതയോട് പറയണേ. നിങ്ങളുടെ കൂട്ടത്തിൽ ഇമ വെട്ടുന്ന ഒരു കണ്ണ് ഉണ്ടായിരിക്കുന്ന കാലത്തോളം മുത്ത് നബിയുടെ അടുത്തേക്കെങ്ങാനും ശത്രുക്കൾ എത്തിയാൽ അല്ലാഹുവിൻറെ അടുക്കൽ നിങ്ങൾക്ക് ഒരു കാരണവും ബോധിപ്പിക്കാൻ സാധിക്കില്ല.”
വൈകാരികവും പഠനാർഹവുമായ ചരിത്ര നിമിഷമാണിത്. സഅദിന് മുത്ത്നബിയോടുള്ള അടങ്ങാത്ത ഇഷ്ടവും മതത്തിനോടുള്ള പ്രതിബദ്ധതയും രക്തസാക്ഷിയുടെ പരലോക രക്ഷയും ഇതിൽ വളരെ വ്യക്തമാണ്. എഴുപതിലേറെ മുറിവുകളും സ്വർഗ്ഗത്തിന്റെ വാസനയും ഒസ്യത്തും ആ കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നു. അനുചരരെ കുറിച്ച് നബിയുടെ ശ്രദ്ധയും കരുതലും ഈ ഹദീസ് പഠിപ്പിക്കുന്നു. അവരുടെ വിയോഗത്തിൽ പലപ്പോഴും തിരുനബി കരഞ്ഞു. മുഅ്തത് യുദ്ധത്തിലെ പതാക വാഹകരായ സൈദ്, ജാഫർ അബ്ദുല്ല ബിൻ റവാഹ എന്നിവരുടെ രക്തസാക്ഷിത്വത്തെ അറിയിക്കുമ്പോൾ അവിടുന്ന് കണ്ണ് നിറഞ്ഞൊഴുകിയിരുന്നു. ഉസ്മാനുബ്നു മള്ഊൻ മുലകുടി ബന്ധത്തിലെ നബിയുടെ സഹോദരനായിരുന്നു. ബദറിൽ പങ്കെടുത്ത സഹാബിയാണ്. ജാഹിലീയ്യ കാലത്ത് തന്നെ മദ്യപാനം ഉപേക്ഷിച്ചിരുന്നവർ. മദീനയിലേക്ക് പാലായനം ചെയ്തു വന്നവരിൽ ആദ്യമായി മരണപ്പെട്ടവർ. അദ്ദേഹം മരിച്ചപ്പോൾ അവിടുത്തെ കവിളിലൂടെ കണ്ണീർ ഒഴുകി.




