"അരുത്! ഇത് നിങ്ങൾ ചെയ്യരുത്. നിങ്ങളെപ്പോലെയുള്ള ഒരു പണ്ഡിതൻ പാവപ്പെട്ട എന്റെ പാത്രം കഴുകുകയോ?" ചായകുടിച്ച് കഴിഞ്ഞശേഷം എൻ്റെ ഗ്ലാസും പാത്രവുമെടുത്ത് അത് കഴുകാൻ പോകുന്ന മതപ്രഭാഷകനായ പ്രസിദ്ധ പണ്ഡിതൻ്റെ കൈക്ക്പിടിച്ചു വലിച്ചു ഞാൻ പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ ഏറെ ചിന്തനീയമായിരുന്നു:
"നിങ്ങൾ എന്റെ അതിഥിയാണ്! നിങ്ങളുടെ പാത്രം കഴുകുന്നത് മൂന്ന് ദിവസം എൻ്റെ അവകാശമാണ്!".
1400 വർഷങ്ങൾക്ക് മുൻപ് 4000 കിലോ മീറ്ററുകൾക്കപ്പുറത്ത് ജീവിച്ച് കണ്മറഞ്ഞുപോയ ഒരാളുടെ വാക്കുകൾ വർത്തമാനകാലത്തെ മനുഷ്യരെ എത്രമേൽ സ്വാധീനിക്കുന്നു, അവർ എത്രമേൽ വിനീത വിധേയരാകുന്നു! അതിഥികളുടെ അവകാശങ്ങളെക്കുറിച്ച് മുഹമ്മദ് നബി പറഞ്ഞ വാക്കുകൾ എന്റെ സുഹൃത്തിനെ ഞാൻ കഴിച്ച പാത്രം കഴുകിപ്പിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. അതിഥികളുടെ കാര്യത്തിൽ തിരുനബി എന്തൊക്കെയാണ് പറഞ്ഞത്? പഠിപ്പിച്ചത്? ചില കാര്യങ്ങളിലേക്ക് നമുക്ക് എത്തി നോക്കാം.
അതിഥിയെ ഭക്ഷിപ്പിക്കുക എന്ന് പറഞ്ഞ് നിർത്തുകയായിരുന്നില്ല തിരുനബി. അതിഥിയെ ആദരിക്കണമെന്നാണ് തിരുവരുൾ. അത്തരമൊരു ആദരവിനെ മനസ്സിനുള്ളിലെ വിശ്വാസത്തിന്റെ സാന്നിധ്യത്തോടാണ് തിരുനബി കണക്ട് ചെയ്തത്. “ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുണ്ടെങ്കിൽ, അവൻ അതിഥിയെ സൽക്കരിച്ചു കൊള്ളട്ടേ" എന്ന ഹദീസ് നൽകുന്ന സന്ദേശമതാണ്.
ഒരു ഹദീസിൽ ഇങ്ങനെ കാണാം: “തിന്മകളിൽ നിന്ന് വിട്ടുനിൽക്കുന്ന, തന്റെ കുതിരയുടെ കടിഞ്ഞാൺ പിടിച്ച് ദൈവ മാർഗ്ഗത്തിൽ പോരാടുന്ന മനുഷ്യനെപ്പോലെയും തന്റെ ആട്ടിൻപറ്റവുമായി മലഞ്ചെരുവിൽ കഴിഞ്ഞു കൂടുകയും അതിഥിയെ സൽക്കരിക്കുകയും അതിഥിയുടെ അവകാശങ്ങൾ പൂർത്തിയാക്കി വീട്ടി കൊടുക്കുകയും ചെയ്യുന്നവനെ പോലെയും സുകൃതം ചെയ്ത വേറെ ആരുമില്ല!” ജീവൻ പണയം വെച്ച് ധർമ്മസമരം നടത്തുന്നത് പോലെ ശ്രേഷ്ഠമാണ് അതിഥിയെ സൽക്കരിക്കുന്നത് എന്നാണ് ഇമാം അഹ്മദ് റിപ്പോർട്ട് ചെയ്ത ഈ ഹദീസിൽ നിന്ന് വ്യക്തമാവുന്നത്.
മൂന്നുദിവസമാണ് അതിഥി സൽക്കാരമെന്നും ഒന്നാം ദിവസം സവിശേഷമായി ആദരിക്കേണ്ടതാണെന്നും മൂന്നുദിവസത്തിനു ശേഷമുള്ളവ ദാനമായിട്ടാണ് പരിഗണിക്കപ്പെടുകയെന്നും പഠിപ്പിച്ച തിരുനബി ആതിഥേയനെ കുറ്റത്തിൽ അകപ്പെടുത്തരുതെന്ന് അനുയായികളെ ഓർമ്മപ്പെടുത്തി. ആതിഥേയനെ എങ്ങനെയാണ് കുറ്റത്തിൽ അകപ്പെടുത്തുക എന്ന് അവർ വിശദീകരണം ചോദിച്ചു. സൽക്കരിക്കാൻ ഒന്നുമില്ലാത്തയാളുടെ വീട്ടിൽ ചെല്ലുന്നത് അദ്ദേഹം അതിഥിയെ സൽക്കരിക്കാത്തവനാക്കി തീർക്കുന്നു! അതുകൊണ്ട് ആതിഥേയനെ പ്രയാസപ്പെടുത്തുന്ന കാര്യങ്ങളിലേക്ക് നീങ്ങി പോകരുതെന്ന് നിർദ്ദേശിക്കുകയായിരുന്നു തിരുനബി.
അതിഥിയെ സൽക്കരിക്കാൻ തിരുനബി എപ്പോഴും മുന്നിലുണ്ടായിരുന്നു! എന്നാൽ, അവിടുത്തെ വീട്ടിൽ ഒന്നും ഇല്ലാത്ത സന്ദർഭങ്ങളിൽ ആവേശത്തോടെ അക്കാര്യം തന്റെ അനുയായികൾ ഏറ്റെടുത്തു. മുഴുപ്പട്ടിണിയും അരപ്പട്ടിണിയുമായി കഴിഞ്ഞിരുന്ന നാളുകളിൽ അതിഥിയെ സൽക്കരിക്കുക എന്ന ബാധ്യത അവർ ഏറ്റെടുത്തതിന്റെ സുവർണ്ണ കഥകൾ ചരിത്രത്തിൽ വായിക്കാം.
ഇത് അബൂത്വൽഹ. വിശ്രുതനും ധനാഢ്യനുമായ അബുത്വൽഹയല്ല. അൻസാരികളിൽ പെട്ട മറ്റൊരാൾ. (മക്കയിൽ നിന്ന് പലായനം ചെയ്ത് മദീനയിലെത്തിയ തിരുനബിയേയും അനുയായികളെയും സാവേശം സ്വീകരിച്ചതിനാൽ മദീനയിലെ വിശ്വാസികൾക്ക് തിരുനബി നൽകിയ നാമമാണ് അൻസാറുകൾ) അദ്ദേഹമാണ് സൽക്കാരവുമായി ബന്ധപ്പെട്ട തിരുനബിയുടെ ആവശ്യത്തോട് ആദ്യമായി പ്രതികരിച്ചത്.
സംഭവം ഇങ്ങനെ: ക്ഷീണിച്ച് വലഞ്ഞ ഒരാൾ ഒരിക്കൽ തിരുനബിയുടെ മുൻപിലെത്തി. തൻ്റെ ക്ഷീണം പ്രകടിപ്പിക്കുകയും ചെയ്തു. തിരുനബി തന്റെ ഭാര്യമാരുടെ അടുക്കലേക്ക് ആളെ പറഞ്ഞയച്ചു. ഒരു അതിഥിയുണ്ട്, വല്ലതും കൊടുക്കണം. പക്ഷേ ആ വീടുകളിൽ ഒന്നുമുണ്ടായിരുന്നില്ല! മാസങ്ങളോളം അടുപ്പ് പുകയാത്ത അവസ്ഥ തങ്ങളുടെ വീടുകളിൽ ഉണ്ടായിരുന്നുവെന്ന് പ്രിയ പത്നി ആയിശ തന്നെ സ്ഥിരീകരിക്കുന്നുണ്ട്. അപ്പോൾ പിന്നെ എങ്ങനെയായിരുന്നു നിങ്ങൾ ജീവിച്ചിരുന്നത് എന്നതിന് മഹതിയുടെ മറുപടി ഇങ്ങനെയായിരുന്നു “വെള്ളവും കാരക്കയും കൊണ്ട്. ചിലപ്പോൾ ചില അൻസാരി വനിതകൾ അവരുടെ ആടുകളെ കറന്ന പാലുമായി വന്ന് ഞങ്ങളെ കുടിപ്പിക്കാറുണ്ടായിരുന്നു.”
ഒരു വീട്ടിലും ഒന്നുമില്ലന്നറിഞ്ഞ തിരുനബി അനുചരരോടായി ചോദിച്ചു: “ആരാണ് ഇയാളെ സൽക്കരിക്കുക, അദ്ദേഹത്തിന് അല്ലാഹു കാരുണ്യം ചെയ്യട്ടെ.”
മുത്ത് നബിയുടെ പ്രാർത്ഥനയിൽ പ്രതീക്ഷയർപ്പിച്ച് അബു ത്വൽഹ അതേറ്റെടുത്തു.അതിഥിയുമായി വീട്ടിൽ ചെന്ന് ഭാര്യയോടായി ഇങ്ങനെ പറഞ്ഞു:
“മുത്ത് നബിയുടെ അതിഥിയെ സൽക്കരിക്കണേ.”
“കുട്ടികൾക്ക് കൊടുക്കാനായി നീക്കിവെച്ച ഭക്ഷണം മാത്രമേ ഇവിടെയുള്ളൂ! എന്ത് ചെയ്യും?” ഭാര്യ വേവലാതിപ്പെട്ടു.
“ആ ഭക്ഷണം നമുക്ക് അതിഥിക്ക് കൊടുക്കാം. കുട്ടികളെ നമുക്ക് നേരത്തെ ഉറക്കാം.
അതിഥി ഭക്ഷണത്തിനായി ഇരുന്നാൽ വിളക്ക് നന്നാക്കാനെന്ന വ്യാജേന നീ വിളക്ക് മെല്ലെ അങ്ങ് അണച്ചേക്കണം. അങ്ങനെ നമ്മളും അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കുന്നുണ്ട് എന്ന് തോന്നിപ്പിക്കുകയും അദ്ദേഹത്തെ വിരുന്നൂട്ടുകയും വേണം.”
അങ്ങനെ അതിഥിയെ വിരുന്നൂട്ടി അവർ പട്ടിണി കിടന്നു. പിറ്റേ ദിവസം അബൂ ത്വൽഹയെ കണ്ടപ്പോൾ തിരുനബി പറഞ്ഞു: “നിങ്ങളുടെ കാട്ടിക്കൂട്ടൽ കണ്ട് അല്ലാഹുവിന് സന്തോഷമായിരിക്കുന്നു!” വിശുദ്ധ ഖുർആനിലെ സൂറത്തുൽ ഹഷ്ർ ഒമ്പതാം സൂക്തം അപ്പോഴാണ് അവതരിച്ചത്
{ وَٱلَّذِینَ تَبَوَّءُو ٱلدَّارَ وَٱلۡإِیمَـٰنَ مِن قَبۡلِهِمۡ یُحِبُّونَ مَنۡ هَاجَرَ إِلَیۡهِمۡ وَلَا یَجِدُونَ فِی صُدُورِهِمۡ حَاجَةࣰ مِّمَّاۤ أُوتُوا۟ وَیُؤۡثِرُونَ عَلَىٰۤ أَنفُسِهِمۡ وَلَوۡ كَانَ بِهِمۡ خَصَاصَةࣱۚ وَمَن یُوقَ شُحَّ نَفۡسِهِۦ فَأُو۟لَـٰۤىِٕكَ هُمُ ٱلۡمُفۡلِحُونَ }[Surah Al-Ḥashr: 9]
“മുഹാജിറുകൾക്ക് മുന്നേ തന്നെ വീടും വിശ്വാസവും കൈമുതലാക്കിയവർ(അൻസാറുകൾ) അവരിലേക്ക് പലായനം ചെയ്തെത്തിയവരെ (മുഹാജിറുകളെ) അവർ ഇഷ്ടപ്പെടുന്നു. അവർക്ക് (മുഹാജിറുകൾക്ക്) നൽകപ്പെട്ട ബഹുമതികളിൽ അവർക്ക് കുശുമ്പില്ല; തങ്ങൾക്ക് ആവശ്യങ്ങൾ ഉണ്ടെങ്കിലും തങ്ങളുടെ കാര്യത്തേക്കാൾ മറ്റുള്ളവരുടെ കാര്യങ്ങൾ അവർ പരിഗണിക്കുന്നു. പിശുക്കിൽ നിന്ന് രക്ഷപ്പെട്ടവൻ വിജയിച്ചവൻ തന്നെ.”
മിഖ്ദാദുബിൻ അംറിൻ്റെ അനുഭവം രസകരമാണ്. അദ്ദേഹവും രണ്ടു കൂട്ടുകാരും ഒരിക്കൽ വിശന്നു പൊരിഞ്ഞ് കണ്ണു കാണാത്ത അവസ്ഥയിലെത്തി. എന്ത് ചെയ്യും? സുഹൃത്തുക്കളെ പലരെയും സമീപിച്ചു. ആരുടെ കയ്യിലും ഒന്നുമില്ലാത്തത് കൊണ്ടായിരിക്കാം ആരും അവരെ സൽക്കരിച്ചില്ല. ഗത്യന്തരമില്ലാതെ തിരുനബിയുടെ സന്നിധിയിൽ എത്തി. തിരുനബി അവരെയും കൂട്ടി വീട്ടിലെത്തി. അവിടെ മൂന്ന് ആടുകളുണ്ടായിരുന്നു. “നമുക്ക് ഇവകളെ കറന്നു പാല് കുടിക്കാം” നബി നിർദേശിച്ചു. അങ്ങനെ ഞങ്ങൾ പാൽ കറന്നു. ഓരോരുത്തരും അവർക്കുള്ള വിഹിതം കുടിച്ചു. തിരുനബിയുടെ വിഹിതം അവിടുത്തേക്ക് നൽകി.
രാത്രി തിരുനബി വരുമ്പോൾ പതുക്കെ സലാം ചെല്ലും. ഉറങ്ങാത്തവർ ആ സലാം കേട്ടിട്ടുണ്ടാവും. ഉറങ്ങിയവർ ആ സലാം കൊണ്ടു ഉണരുകയുമില്ല. പിന്നീട് പള്ളിയിൽ പോകും. കുറെ നിസ്കരിക്കും ശേഷം വന്ന് തനിക്കുള്ള പാൽ കുടിക്കും. ഒരിക്കൽ ഞാൻ എനിക്കുള്ള വിഹിതം കുടിച്ചിരിപ്പാണ്. അപ്പോൾ ഒരു പൈശാചിക ചിന്ത എന്റെ മനസ്സിലൂടെ കടന്നുപോയി. നബി അൻസാറുകളുടെ വീടുകളിൽ കറങ്ങിയിട്ടായിരിക്കും വരിക. പാലൊക്കെ കുറെ കിട്ടിയിട്ടുണ്ടാകും. നബിക്ക് ഇതിന്റെയൊന്നും ആവശ്യമുണ്ടാവില്ല. അങ്ങനെ ചിന്തിച്ച് ഞാനത് കുടിച്ചു കളഞ്ഞു! കുടിച്ചു കഴിഞ്ഞപ്പോഴാണ് എനിക്ക് ബോധം വന്നത്. തിരുനബി വന്നു പാൽ കുടിക്കാൻ ഒരുങ്ങുമ്പോൾ അതിൽ പാൽ ഇല്ലെങ്കിൽ എന്തു ചെയ്യും? എനിക്കെതിരെയെങ്ങാനും തിരുനബി പ്രാർത്ഥിച്ചാൽ എന്നെ പിന്നെ എന്തിന് പറ്റും? എന്റെ ഭൗതിക ലോകവും പാരത്രിക ലോകവും നഷ്ടപ്പെടില്ലേ?
തല മറച്ചാൽ കാലും കാൽമറച്ചാൽ തലയും മറയാത്ത ഒരു പുതപ്പാണെന്റെ കയ്യിലുള്ളത്. അത് പുതച്ച് ഞാൻ ഉറങ്ങാൻ ശ്രമിക്കുമ്പോഴും എനിക്കുറക്കം വരുന്നില്ല. എന്റെ കൂട്ടുകാർ ഉറങ്ങി. അവർ തെറ്റൊന്നും ചെയ്തിട്ടില്ല. ഞാനാണ് അപരാധി! അപ്പോഴതാ തിരുനബി വരുന്നു. സലാം ചൊല്ലുന്നു. പള്ളിയിൽ പോകുന്നു. നിസ്കരിക്കുന്നു. തിരിച്ചുവരുന്നു. പാൽ ഒഴിച്ച് വെക്കാറുള്ള പാത്രം തുറന്നു നോക്കുന്നു! നബി പ്രാർത്ഥിക്കാനായി കൈ ഉയർത്തി!
എന്റെ മനസ്സിലൂടെ ഒരു കൊള്ളിയാൻ മിന്നി! എനിക്കെതിരെയെങ്ങാനും പ്രാർത്ഥിച്ചാൽ…..! പക്ഷേ നബി ദുആ ചെയ്ത് ഇങ്ങനെയായിരുന്നു: "അല്ലാഹുവേ എന്നെ ഊട്ടിയവരെ നീ ഊട്ടണമേ! എന്നെ കുടിപ്പിച്ചവരെ നീ കുടിപ്പിക്കണമേ."
പ്രാർത്ഥന കേട്ട് ഞാൻ ഹർഷ പുളകിതനായി! അതിലൊന്ന് പെട്ടു കിട്ടണം. അതിനായി എന്തുചെയ്യും? ഞാൻ ആലോചിക്കാൻ തുടങ്ങി. ആടുകളെ കറന്നിട്ടേയുള്ളൂ. ഇനി പാൽ ഉണ്ടാകാൻ സാധ്യതയില്ല; പിന്നെ എന്ത് ചെയ്യും? ആടുകളിൽ ഒന്നിനെ പിടിച്ച് അറുത്ത് അത് നബിക്ക് ഭക്ഷണമായി കൊടുത്താലോ? പക്ഷെ ആടുകൾ എന്റേത് മാത്രമല്ലല്ലോ! പ്രാർത്ഥന നഷ്ടപ്പെടാനും ഇടവരരുത്.
എന്നാലും ഞാൻ കത്തിയുമായി പുറത്തിറങ്ങി. ഒരാടിനെ പിടിച്ചു നോക്കിയപ്പോൾ അതിന്റെ അകിടിൽ നിറയെ പാൽ! എല്ലാ ആടുകളുടെ അകിടിലും പാൽ നിറഞ്ഞിരിക്കുന്നു! പിന്നെ കൂടുതൽ ആലോചിച്ചില്ല. ഒരു പാത്രവുമെടുത്ത് ഞാൻ പാൽ കറന്നെടുത്തു! നിറഞ്ഞ പാൽപ്പാത്രവുമായി തിരുനബിയെ സമീപിച്ചു.
“നിങ്ങൾ പാൽ കുടിച്ചോ?” തിരുനബി ചോദിച്ചു.
"അങ്ങ് കുടിക്കൂ നബിയെ" ഞാൻ പ്രതികരിച്ചു.
തിരുനബി കുടിച്ച ശേഷം പാത്രം എനിക്കു നേരെ നീട്ടി. എന്നാൽ നബിയോട് വീണ്ടും കുടിക്കാൻ ഞാൻ ആവശ്യപ്പെട്ടു. നബി വീണ്ടും കുടിച്ച ശേഷം എനിക്ക് നേരെ പാത്രം നീട്ടി. നബിക്ക് ദാഹം തീർന്നു എന്നെനിക്ക് മനസ്സിലായി. അഥവാ എനിക്ക് അവിടുത്തെ പ്രാർത്ഥന ലഭിച്ചു എന്ന് ബോധ്യപ്പെട്ടു. ഞാൻ കുലുങ്ങി ചിരിച്ചു നിലത്തുവീണു.
"നീ വല്ല ഗുരുത്തക്കേടും കാണിച്ചോ?" ഇതു കണ്ട് അവിടുന്ന് ചോദിച്ചു. ഞാൻ സംഭവിച്ചത് അതുപോലെ പറഞ്ഞു.
"ഇതൊക്കെ അല്ലാഹുവിന്റെ കാരുണ്യമാണ്. നിനക്ക് മറ്റുള്ളവരെ കൂടി വിളിച്ചു കൂടായിരുന്നോ? എന്നാൽ അവർക്കും ഇത് കുടിക്കാമായിരുന്നല്ലോ!" തിരുനബി പറഞ്ഞു.




