“നമുക്ക് തിരുനബിക്ക് സലാം ചൊല്ലാൻ പോകാം; നീ വരുന്നോ?”
“അതെ, ഞാനുണ്ട്.” എന്റെ കൈയ്യും പിടിച്ച് ശൈഖ് ജസൂലി പുറത്തിറങ്ങി.
“ആദ്യം നമുക്ക് വുളു (അംഗസ്നാനം) ചെയ്ത് വരാം.” അങ്ങനെ മദീനയിലെ തിരുനബി പള്ളിയുടെ പച്ച താഴികക്കുടത്തിന്റെ തൊട്ടടുത്ത ശൗചാലയത്തിൽ പോകാതെ കുറച്ചപ്പുറമുള്ളതിലേക്ക് അദ്ദേഹം നീങ്ങി. നടക്കുന്നതിനിടെ അതിന്റെ കാരണവും പറഞ്ഞു: “മുത്തുനബിയുടെ സാമീപ്യത്തിനുവേണ്ടി പ്രാർഥിക്കുന്നതോടൊപ്പം അവിടുത്തെ സാമീപ്യത്തോടുള്ള ആദരവ് (അദബ്) നിലനിർത്താനും പ്രാർത്ഥിക്കണം. നേരെ മുന്നിലിരുന്ന് വിസർജിക്കുന്നത് അനാദരവാണ്.”
അംഗസ്നാനം ചെയ്ത് നേരെ 'ബാബുസ്സലാം' (തിരുനബിയുടെ പള്ളിയിലെ ഒരു കവാടത്തിന്റെ പേര്) കവാടത്തിലൂടെ അകത്തേക്ക് പ്രവേശിച്ചു. തിരക്ക് കുറവായിരുന്നു. അവിടുത്തോട് അഭിമുഖമായി നിന്ന് സലാം ചൊല്ലി. ഞങ്ങൾ അപ്പോൾ നിൽക്കുന്നതിന്റെ പിൻഭാഗത്തേക്ക് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അവിടെ ഒരു ജനവാതിൽ ഉണ്ടായിരുന്നു. പുറത്തിറങ്ങിയിട്ട് ശൈഖ് പറഞ്ഞു: “ആ ജനവാതിലിന് ഒരു കഥയുണ്ട്. അത് ഹഫ്സ ബീവിയുടെ വീടായിരുന്നു. അവിടെനിന്ന് തിരുനബിക്ക് സലാം ചൊല്ലാനുള്ള ഒരു കിളിവാതിൽ ഉണ്ടായിരുന്നു. അതിപ്പോഴും അങ്ങനെ നിലനിർത്തിയതാണ്.”
ഹഫ്സ ബീവിക്ക് മാത്രം അവിടെ എങ്ങനെ ഒരു വീട് വന്നു എന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചു. ഒരു ദിവസം നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ, കുറേക്കാലമായി മദീനയിൽ താമസിക്കുന്ന ഒരു സുഹൃത്ത് ബാബുസ്സിദ്ദീഖിനെക്കുറിച്ച് (പ്രവാചകാനുചരൻ അബൂബക്കർ സിദ്ധീഖിന്റെ പേരുള്ള കവാടം) പുതിയ അറിവുകൾ പറഞ്ഞുതന്നു. ഹുജ്റ ശരീഫിന്റെ (തിരുനബിയുടെ പുണ്യശരീരം അടക്കപ്പെട്ട സ്ഥലം) റൗളയോട് ചേർന്ന ഭാഗത്ത് മധ്യത്തിൽ വിശുദ്ധ ഖുർആൻ അട്ടിയായി വെച്ച സ്ഥലം ചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു:
“അവിടെ ഹുജ്റയിലേക്ക് ഒരു വാതിലുണ്ട്. അത് മുമ്പ് കാണാമായിരുന്നു; ഇപ്പോൾ അത് വിശുദ്ധ ഖുർആൻ കൊണ്ട് മറച്ചുവെച്ചതാണ്. അബൂബക്കറിന്റെ പേരിലുള്ള ബാബുസ്സിദ്ദീഖിന്റെ നേരെയാണത്. ആ വാതിലിലൂടെയായിരിക്കണം അബൂബക്കർ മകളുടെ വീട്ടിലേക്ക് കടന്നിരുന്നത്. ബാബുസ്സിദ്ദീഖിൽ ‘ഇത് സിദ്ദീഖ് തങ്ങളുടെ കുടിലാണ്’ എന്ന് ഇപ്പോഴും എഴുതിവെച്ചിട്ടുണ്ട്. അവിടെയായിരുന്നു അബൂബക്കർ സിദ്ദീഖിന്റെ വീട് സ്ഥിതി ചെയ്തിരുന്നത് എന്നർത്ഥം. ആ വീട്ടിൽനിന്ന് പള്ളിയിലേക്ക് തുറക്കപ്പെട്ട ഒരു വാതിൽ തിരുനബിയുടെ കാലത്ത് തന്നെ ഉണ്ടായിരുന്നു. ആ വാതിലിലൂടെ അവിടുന്ന് പള്ളിയിലേക്ക് കടന്നുവരും. സിദ്ദീഖ് തങ്ങളുടെ പാദസ്പർശം കൊണ്ട് അനുഗ്രഹീതമായ സ്ഥലമാണെന്ന് ഉറപ്പുള്ള ഇടമാണിത്. അതുകൊണ്ട് കൂടിയാണ് ഇവിടെ ഇരിക്കുവാൻ ആളുകൾ തിരക്ക് കാണിക്കുന്നത്.”
ആ വീടിനെക്കുറിച്ച് പിന്നീട് വായിച്ചു. പള്ളിയോട് ചേർന്നായിരുന്നു ആ വീട്. തന്റെ വീട്ടിൽ വന്ന ഒരു പ്രതിനിധി സംഘത്തിന് സാമ്പത്തികമായി സഹായിക്കേണ്ട ആവശ്യം വന്നപ്പോൾ സിദ്ദീഖ് വീട് വിറ്റു. അന്ന് ഹഫ്സ ബീവി 4000 ദിർഹമിന് വീട് വാങ്ങി. പള്ളി വികസനത്തിന്റെ ഭാഗമായി വീട് പൊളിക്കാൻ ഉസ്മാൻ സമ്മതം ചോദിച്ചു. മഹതി സമ്മതിച്ചില്ല. അതിനേക്കാൾ നല്ല വീട് നൽകാമെന്നും ആ വീട്ടിൽനിന്ന് തിരുനബിക്ക് സലാം ചൊല്ലാൻ വേണ്ടി സംവിധാനമൊരുക്കാമെന്നും ഉസ്മാൻ വാഗ്ദാനം ചെയ്തു.
ഈ വിശദീകരണത്തെ ശൈഖ് പറഞ്ഞതിനോട് ഞാൻ ചേർത്തുവായിച്ചു. അപ്പോൾ എന്റെ ചോദ്യത്തിന് ഉത്തരം കിട്ടി. അങ്ങനെയായിരിക്കണം ഇവിടെ ഒരു വീടുണ്ടായത്. പിന്നീട് വികസനങ്ങൾ ഉണ്ടായപ്പോഴൊക്കെയും ആ കിളിവാതിൽ നിലനിർത്തി. ഇന്നും അവിടെ ആ കിളിവാതിൽ ഉണ്ട് എന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ലക്ഷക്കണക്കിന് അനുചരർ ഉണ്ടായിട്ടും പള്ളിയിലേക്ക് സിദ്ദീഖിന്റെ വീട്ടിൽനിന്ന് മാത്രം എന്തേ ഒരു വാതിൽ? അതായിരുന്നു എന്റെ അടുത്ത സംശയം. അതിനുത്തരം അറിയാൻ ഈ സംഭവം വായിക്കുക:
അബു സഈദ് ഉദ്ധരിക്കുന്നു: തിരുനബിയുടെ വിയോഗം സംഭവിച്ച് രോഗാവസ്ഥയിലായിരിക്കെ അവിടുന്ന് നടത്തിയ വെള്ളിയാഴ്ച പ്രഭാഷണത്തിൽ ഇങ്ങനെ പറഞ്ഞു: “അല്ലാഹു ഒരു അടിമയ്ക്ക് സ്വാതന്ത്ര്യം കൊടുത്തു; ഒന്നുകിൽ ഭൗതിക ലോകത്തിന്റെ സുഖസമൃദ്ധി, അല്ലെങ്കിൽ തന്റെ അടുക്കൽ ഉള്ളത് തിരഞ്ഞെടുക്കാം എന്ന്. അടിമ അല്ലാഹുവിന്റെ അടുക്കലുള്ളത് തിരഞ്ഞെടുത്തു.”
ഇതുകേട്ട ഉടനെ അബൂബക്കർ കരയാൻ തുടങ്ങി. “ഞങ്ങളുടെ ഉപ്പമാരെയും ഉമ്മമാരെയും അങ്ങേക്ക് സമർപ്പിക്കുന്നു നബിയേ” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു വിലപിച്ചു.
ഇതുകേട്ട് ഞാൻ മനസ്സിൽ പറഞ്ഞു: ‘ഒരു അടിമയ്ക്ക് ഇച്ഛാസ്വാതന്ത്ര്യം നൽകി എന്നും അദ്ദേഹം അല്ലാഹുവിന്റെ അടുക്കലുള്ളത് തിരഞ്ഞെടുത്തു എന്നും പറഞ്ഞതിന് ഇയാൾ എന്തിനാണ് ഇങ്ങനെ കരയുന്നത്?’ പിന്നെ എനിക്ക് ബോധ്യമായി; തിരുനബി ഉദ്ദേശിച്ച അടിമ അവിടുന്ന് തന്നെയായിരുന്നു. ഇത് ഞങ്ങളുടെ കൂട്ടത്തിൽ ആദ്യം മനസ്സിലാക്കിയത് അബൂബക്കർ ആയിരുന്നു. അബൂബക്കറിന്റെ കരച്ചിലിനോട് പ്രതികരിച്ച് തിരുനബി ഇങ്ങനെ പറഞ്ഞു:
“കരയാതെ അബൂബക്കർ! സൗഹൃദത്തിലും സമ്പത്തിലും എനിക്ക് ഏറ്റവും ഉദാരത ചെയ്തത് അബൂബക്കറാണ്. സൃഷ്ടികളിൽനിന്ന് ഒരു ആത്മ സുഹൃത്തിനെ ഞാൻ സ്വീകരിക്കുകയായിരുന്നെങ്കിൽ അബൂബക്കറിനെ ആക്കുമായിരുന്നു. പക്ഷേ, ഇസ്ലാമികമായ സാഹോദര്യവും സ്നേഹവും നിലനിൽക്കുക തന്നെ ചെയ്യും. പള്ളിയിലേക്ക് തുറക്കപ്പെടുന്ന ഒരു വീടിന്റെ വാതിലും ഇനി ഉണ്ടാവരുത്; അബൂബക്കറിന്റെ വാതിലൊഴികെ.”
എന്ത് മനസ്സിലായി? ഒന്ന്: തൊട്ടടുത്ത് ധാരാളം അനുചരരുടെ വീടുകൾ ഉണ്ടായിരുന്നു. അവരുടെയൊക്കെ വീടുകളിൽനിന്ന് പള്ളിയിലേക്ക് തുറക്കപ്പെടുന്ന വാതിലുകളും ഉണ്ടായിരുന്നു. എല്ലാ വാതിലുകളും അടയ്ക്കുവാൻ നിർദ്ദേശിച്ചു; അബൂബക്കറിന്റെ വാതിൽ അവിടെത്തന്നെ നിലനിർത്തി. രണ്ട്: തിരുനബിയുടെ വാക്കുകളുടെ ഉന്നം, ഉദ്ദേശ്യം ഇതൊക്കെയും ഝടുതിയിൽ മനസ്സിലാക്കാൻ അബൂബക്കറിന് സാധിക്കുമായിരുന്നു. മൂന്ന്: അനുചരരിൽ അബൂബക്കറിന് തിരുനബിയുടെ അടുക്കൽ അദ്വിതീയമായ സ്ഥാനം ഉണ്ടായിരുന്നു. അവിടുത്തെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ പ്രഥമനായിരുന്നു അബൂബക്കർ.
അതെ! സിദ്ദീഖ് അറിഞ്ഞത്ര തിരുനബിയെ മറ്റൊരു അനുചരനും അറിഞ്ഞിട്ടില്ല; സിദ്ദീഖ് സഹായിച്ചത്ര തിരുദൂതരെ ആരും സഹായിച്ചിട്ടില്ല. സിദ്ദീഖ് സ്നേഹിച്ചത്ര അവിടുത്തെ ആരും സ്നേഹിച്ചിട്ടില്ല.
നബിയും അബൂബക്കറും തമ്മിലുള്ള ആത്മബന്ധം മനസ്സിലാക്കാൻ പറ്റുന്ന ഇനിയും ഒരുപാട് ചരിത്രനിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ അബൂബക്കറും ഉമറും തമ്മിൽ ഒരു സംസാരമുണ്ടായി. അബൂബക്കറിന്റെ സംസാരം ഉമറിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം കുപിതനായി ഇറങ്ങിപ്പോയി. അപ്പോൾ അബൂബക്കറിന് പശ്ചാത്താപം തോന്നി. പൊരുത്തപ്പെടീക്കാൻ വേണ്ടി ഉമറിന്റെ പിന്നാലെ ചെന്നു. ഉമർ പൊരുത്തപ്പെട്ടില്ല; വീട്ടിൽ കയറി വാതിലടച്ചു! വ്യഥിതചിത്തനായി അബൂബക്കർ നേരെ തിരുനബിയുടെ ചാരത്തേക്ക്! തുണിയുടെ ഒരു തല പൊക്കിപ്പിടിച്ചിട്ട് മുട്ടോളം എത്തിയിരിക്കുന്നു.
ഇത് കണ്ടപ്പോൾ തന്നെ നബി പറഞ്ഞു: “നിങ്ങളുടെ കൂട്ടുകാരൻ ആരോടോ തർക്കിച്ച് വരികയാണ്.”
അബൂബക്കർ പറഞ്ഞു തുടങ്ങി: “എനിക്കും ഉമറിനും ഇടയിൽ ഒരു പ്രശ്നമുണ്ടായി. ഞാനൊന്ന് കടുപ്പത്തിൽ പറഞ്ഞു. പിന്നെ എനിക്ക് പശ്ചാത്താപം വന്നു. എനിക്ക് പൊരുത്തപ്പെട്ടു തരാൻ വേണ്ടി ഞാൻ ഉമറിനോട് ആവശ്യപ്പെട്ടു; പക്ഷേ അദ്ദേഹം സമ്മതിച്ചില്ല. അപ്പോൾ ഞാൻ നിങ്ങളുടെ അടുത്തേക്ക് വന്നതാണ്.”
“അല്ലാഹു നിങ്ങൾക്ക് പൊറുത്തുതരും അബൂബക്കർ,” എന്ന് നബി മൂന്നുപ്രാവശ്യം പറഞ്ഞു. വീട്ടിൽ കയറി വാതിലടച്ച ഉമറിന് പിന്നീട് പശ്ചാത്താപം തോന്നി. ഉമർ അബൂബക്കറിനെ തേടിയിറങ്ങി; വീട്ടിൽ അന്വേഷിച്ചു, അവിടെയില്ല എന്ന് ബോധ്യപ്പെട്ടു. അപ്പോൾ നബിയുടെ അടുത്ത് ഉണ്ടാകുമെന്ന് കരുതി അവിടേക്ക് പുറപ്പെട്ടു; അഭിവാദ്യം ചെയ്തു. തിരുനബിയുടെ മുഖം മ്ലാനമായിരുന്നു. ഉമറിനെതിരെ നബി എന്തെങ്കിലും പറഞ്ഞുപോകുമോ എന്ന ഉൾഭയം അബൂബക്കറിന്റെ ഉള്ളിലേക്ക് അരിച്ചുകയറി. അബൂബക്കർ നബിയുടെ മുമ്പിൽ മുട്ടുകുത്തിയിരുന്നു.
“അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവാണ് സത്യം. എന്റെ ഭാഗത്താണ് തെറ്റ്. ഞാനാണ് തെറ്റ് ചെയ്തത്!” എന്ന് അബൂബക്കർ ആവർത്തിച്ചു പറഞ്ഞു.
നബി എല്ലാവരോടുമായി പറഞ്ഞു: “തീർച്ചയായും അല്ലാഹു എന്നെ നിയോഗിച്ചപ്പോൾ നിങ്ങളൊക്കെ എന്നെ കളവാക്കി. അബൂബക്കർ മാത്രമാണ് എന്നെ അംഗീകരിച്ചത്. സ്വന്തം ശരീരം കൊണ്ടും സമ്പത്തുകൊണ്ടും അബൂബക്കറാണ് എന്നെ സമാശ്വസിപ്പിച്ചത്. നിങ്ങൾ എനിക്ക് എന്റെ കൂട്ടുകാരനെ വിട്ടുതരുന്നുണ്ടോ? നിങ്ങൾ എനിക്ക് എന്റെ കൂട്ടുകാരനെ വിട്ടുതരുന്നുണ്ടോ?”
ഇതെന്തൊരു കഥയാണ്! നിഷ്കളങ്കരായ കൊച്ചുകുട്ടികൾക്കിടയിൽ ചിലപ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കാം. അത്രയും നിസ്വാർത്ഥമായ നിഷ്കളങ്കതയിലേക്ക് ഇവരെ എത്തിച്ചത് ആരാണ്? എന്താണ്?
ഇസ്ലാമിക ചരിത്രത്തിലല്ലാതെ ഇങ്ങനെ ഒരു കഥ ഉണ്ടാകുമോ? രണ്ടാളുകൾ പരസ്പരം സംസാരിക്കലും ദേഷ്യം പിടിക്കലും ഒക്കെ സാധാരണമാണ്. പക്ഷേ ദേഷ്യം പിടിച്ച ആൾ ഉടനെത്തന്നെ മറ്റേയാളുടെ പിന്നാലെ ചെന്ന് പൊരുത്തപ്പെടീക്കുക; അദ്ദേഹം പൊരുത്തപ്പെട്ടു തരാത്തതിന് മറ്റൊരാളുടെ അടുക്കൽ പോയി പരാതി പറയുക; അപ്പോഴേക്കും പൊരുത്തപ്പെടാത്ത ആൾക്ക് പശ്ചാത്താപം വരിക; അദ്ദേഹം ദേഷ്യം പിടിച്ച ആളെ തിരഞ്ഞു നടക്കുക; മധ്യസ്ഥം പറയുന്നയാൾ തന്റെ എതിർവശത്തുള്ള ആൾക്കെതിരെ എന്തെങ്കിലും കേടായി സംസാരിക്കുമോ എന്ന് ഭയപ്പെട്ട് ആദ്യം ദേഷ്യം പിടിച്ചയാൾ കുറ്റം ഏറ്റുപറയുക; അദ്ദേഹത്തിന്റെ മുൻകാല പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞ് ആരുമില്ലാത്ത കാലത്ത് അദ്ദേഹം ചെയ്ത ഒറ്റയാൾ പോരാട്ടത്തിന്റെ കഥ പറഞ്ഞ് ആ മഹത്വം എല്ലാവർക്കും അറിയിച്ചുകൊടുക്കുക. വൗ!
സമാനമായ മറ്റൊരു സംഭവം ഉണ്ട്; റബീഅയാണ് വിവരിക്കുന്നത്: എനിക്കും അബൂബക്കറിനും അടുത്തടുത്തായി തിരുനബി ഭൂമി നൽകി. അതിൽനിന്ന് നല്ല വരുമാനം ഉണ്ടാകാൻ തുടങ്ങി. ഒരു ഈന്തപ്പനയുടെ കാര്യത്തിൽ ഞങ്ങൾക്കിടയിൽ തർക്കമുണ്ടായി. എന്റെ അതിരിലാണെന്ന് ഞാനും അബൂബക്കറിന്റെതാണെന്ന് അദ്ദേഹവും വാദിച്ചു. സംസാരത്തിനിടയിൽ അനിഷ്ടകരമായ ഒരു വാക്ക് അബൂബക്കറിൽനിന്ന് വീണുപോയി. ഉടനെ അദ്ദേഹം പറഞ്ഞു: “റബീഅ, അതുപോലൊരു വാക്ക് എന്നെയും പറയൂ; അങ്ങനെ അത് പ്രതിക്രിയയാവട്ടെ.”
“പറയില്ല” എന്നായി ഞാൻ.
“നീ പറഞ്ഞേ തീരൂ! അല്ലെങ്കിൽ തിരുനബിയോട് ഞാൻ കേസ് പറയും.” ഇതും പറഞ്ഞ് ആ ഭൂമിയുടെ കാര്യവും വിട്ട് അദ്ദേഹം നേരെ നബിയുടെ ചാരത്തേക്ക്. ഞാൻ പിന്നാലെ ചെന്നു. അവിടെയുണ്ടായിരുന്ന അസ്ലം ഗോത്രക്കാരായ ചിലർ എന്നോട് പറഞ്ഞു: “അബൂബക്കറിന് അല്ലാഹു കരുണ ചെയ്യട്ടെ. എന്ത് കേസാണ് അദ്ദേഹം നിങ്ങളെക്കുറിച്ച് നബിയോട് പറയാൻ പോകുന്നത്? അദ്ദേഹമല്ലേ നിങ്ങളോട് ക്ഷോഭിച്ചത്?”
ഞാൻ പറഞ്ഞു: “ഇതാരാണെന്ന് നിങ്ങൾക്കറിയുമോ? ഇതാണ് അബൂബക്കർ. അന്ന് സൗർ ഗുഹയിൽ ഉണ്ടായിരുന്ന ‘രണ്ടിലൊരാൾ’ എന്ന് ഖുർആൻ പരിചയപ്പെടുത്തിയ ആൾ! ആദ്യമായി ഇസ്ലാമിലേക്ക് കടന്നുവന്നയാൾ! നിങ്ങൾ നിങ്ങളുടെ പണിക്ക് പോവുക; ആരും എന്റെ കൂടെ വരേണ്ട. എങ്ങാനും അബൂബക്കർ തിരിഞ്ഞുനോക്കുമ്പോൾ നിങ്ങളെല്ലാവരും എന്റെ കൂടെ വരുന്നത് കണ്ടാൽ നിങ്ങൾ എന്നെ സഹായിക്കാൻ വരികയാണെന്ന് തോന്നാൻ സാധ്യതയുണ്ട്. അത് അദ്ദേഹത്തെ കുപിതനാക്കിയേക്കാം. അങ്ങനെ തിരുനബിയെ സമീപിച്ചാൽ അദ്ദേഹത്തെ ദേഷ്യം പിടിപ്പിച്ചതിന് തിരുനബി ദേഷ്യം പിടിച്ചേക്കാം. അതുകാരണമായി അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങിയേക്കാം; അതിന് കാരണമായ ഈ റബീഅ നാശമടയും!”
“ഞങ്ങൾ എന്തുവേണമെന്നാണ് നിങ്ങൾ പറയുന്നത്?” അവർ ചോദിച്ചു.
“നിങ്ങൾ മടങ്ങണം.” അങ്ങനെ അബൂബക്കർ തിരുനബിയുടെ അടുക്കലെത്തി; പിന്നാലെ ഞാനും. അബൂബക്കർ കഥ ഉള്ളതുപോലെ പറഞ്ഞു. തിരുനബി തലയുയർത്തി ചോദിച്ചു: “റബീഅ! നിനക്കും അബൂബക്കറിനും ഇടയിൽ എന്താണ്?”
“അങ്ങനെയും ഇങ്ങനെയും ഒക്കെ ഉണ്ടായി. അതിനിടെ അബൂബക്കർ അദ്ദേഹത്തിന് തന്നെ ഇഷ്ടപ്പെടാത്ത ഒരു വാക്ക് എന്നോട് പറഞ്ഞു. അതിന് പ്രതിക്രിയയായിട്ടെന്നോണം എന്നോടും അദ്ദേഹത്തിനെതിരെ അപ്രകാരം ഒരു വാക്ക് ഉപയോഗിക്കാൻ അബൂബക്കർ ആവശ്യപ്പെട്ടു. ഞാൻ അതിന് വിസമ്മതം പ്രകടിപ്പിച്ചു. ഇതാണ് സംഭവിച്ചത്.”
തിരുനബി പ്രതികരിച്ചു: “ശരി. അതിനോട് അതേ നാണയത്തിൽ നീ പ്രതികരിക്കേണ്ട. മറിച്ച് നീ ഇങ്ങനെ പറഞ്ഞാൽ മതി: ‘നിനക്ക് അല്ലാഹു പൊറുത്തുതരട്ടെ അബൂബക്കറേ’.”
അപ്പോൾ ഞാൻ അങ്ങനെ പറഞ്ഞു. ഇതുകേട്ടപ്പോൾ അബൂബക്കർ കരഞ്ഞുകൊണ്ട് അവിടെനിന്ന് പിരിഞ്ഞുപോയി! ഹാ! ഇതെന്തൊരു വിനയമാണ്! ഇതെന്തൊരു താഴ്മയാണ്! ഇതെന്തൊരു സ്നേഹമാണ്! പരസ്പരം കൊന്നുകൊലവിളിച്ചിരുന്ന, കുടിച്ചു മദിച്ച് കൂത്താടിയിരുന്ന ഒരു സമൂഹത്തെ എങ്ങനെയാണ് തിരുനബി ഇങ്ങനെ മാറ്റിയെടുത്തത്!
തിരുനബിക്ക് അബൂബക്കറിനോടുള്ള സ്നേഹം ഈ രണ്ടു സംഭവത്തിലും വളരെ പ്രകടമായി നമുക്ക് മനസ്സിലാക്കാം. ഈ സ്നേഹത്തിന്റെ കാരണം തിരുനബി തന്നെ പറയുന്നുണ്ടല്ലോ. അത് വ്യക്തമായി മനസ്സിലാക്കാൻ ഹിജ്റയുടെ അനുഭവങ്ങളിലൂടെ നാം കടന്നുപോകണം; സൗർ ഗുഹ വരെ ഒന്ന് കയറി നോക്കണം.
നമുക്ക് അബൂബക്കറിന്റെയും തിരുനബിയുടെയും കൂടെ ആ മല ഒന്ന് കയറിയാലോ? സമുദ്രനിരപ്പിൽനിന്നും 760 മീറ്റർ ഉയരത്തിലാണ് സൗർ ഗുഹ. രണ്ടുപേരും ആ ചെങ്കുത്തായ മല കയറുന്നു. ഇന്ന് പാകിസ്ഥാനികളും മറ്റും ഉണ്ടാക്കിയ സ്റ്റെപ്പുകൾ അന്ന് അവിടെയില്ലായിരുന്നു. മനുഷ്യർക്ക് എളുപ്പത്തിൽ നടന്നുപോകാൻ കഴിയുന്ന വഴികളേ ഇല്ലായിരുന്നു. അള്ളിപ്പിടിച്ച് കൊത്തിവലിഞ്ഞ് കയറേണ്ട മല. നബി ക്ഷീണിച്ചുവോ? അവിടുത്തെ കാലിൽ കല്ല് തറയ്ക്കുന്നുണ്ടാകുമോ? അബൂബക്കറിന് സംശയം. അപ്പോൾ അബൂബക്കർ നബിയെ എടുത്ത് തോളിലേറ്റിക്കൊണ്ട് മല കയറി!
തന്നെക്കാൾ രണ്ടു വയസ്സ് കൂടുതലുള്ള തിരുനബിയെ തോളിലേറ്റിക്കൊണ്ട് ഒരാൾ ഈ മല കയറുന്നത് എങ്ങനെയാണ്? നിങ്ങൾക്കത് സങ്കൽപ്പിക്കാൻ പോലുമാവുന്നുണ്ടോ? തോളിലേറ്റുന്നതിനുമുമ്പ് അബൂബക്കർ എവിടെയാണ് നടന്നിരുന്നത്? മുന്നിലും പിന്നിലും വലത്തും ഇടത്തുമായി കറങ്ങിക്കൊണ്ടൊരു നടത്തം! ഇങ്ങനെ വട്ടം ചുറ്റി നടക്കുന്ന അബൂബക്കറിനോട് തിരുനബി ചോദിച്ചുവത്രെ: “എന്താ അബൂബക്കറേ ഇതൊക്കെ?”
അബൂബക്കറിന്റെ മറുപടി: “ശത്രുക്കളാരെങ്കിലും മുന്നിൽ പതിയിരിക്കുന്നുണ്ടാകുമോ എന്ന് തോന്നുമ്പോൾ ഞാൻ അങ്ങയുടെ മുന്നിൽ നടക്കുന്നു. മുന്നിൽ നടക്കുമ്പോൾ ശത്രുക്കൾ പിറകിലൂടെ വരുമോ എന്ന് പേടിയാവും. പിറകിൽ നടക്കുമ്പോൾ വലതിലൂടെ വന്നാലോ, വലതുഭാഗത്ത് നടന്നാൽ ഇടതുഭാഗത്തിലൂടെ കടന്നുവന്നാലോ എന്ന് തോന്നുന്നു.”
വെറുതെയാണോ ഉമർ പറഞ്ഞത്: “അബൂബക്കറിന്റെ ജീവിതത്തിലെ ഒരു ദിവസം എനിക്ക് നൽകിയാൽ എന്റെ മുഴുവൻ ദിവസങ്ങളും ഞാൻ അബൂബക്കറിന് നൽകാം.” ഹാവൂ! എന്തൊരു സ്നേഹമായിരുന്നു അത്!
അതാ! ഗുഹ കാണാറായി! അതിലൂടെ ഒരാൾക്ക് ഇഴയാനേ കഴിയൂ; നിവർന്നു കടക്കാനാവില്ല. പ്രവേശന കവാടത്തിന് അഞ്ചു ചാൺ നീളം കാണും. ഉൾഭാഗം പതിനെട്ടു ചാൺ നീളം. ഒരാൾക്ക് കഷ്ടിച്ച് നിൽക്കാം, നിസ്കരിക്കാം. അവിടെ തിരുനബി അബൂബക്കറിന്റെ മടിയിൽ കിടക്കുന്നു. തന്റെ കുപ്പായം കീറി അബൂബക്കർ മാളങ്ങൾ മുഴുവൻ ഭദ്രമായി അടച്ചു. ശ്ശോ! ഒരു മാളം കൂടി ബാക്കിയുണ്ട്! അതിലൂടെ ഏതെങ്കിലും ക്ഷുദ്രജീവി വന്ന് എന്റെ ഹബീബിനെ വേദനിപ്പിക്കുമോ? ഒരു പോംവഴിയുണ്ട്; കാൽമടമ്പ് അവിടെ അമർത്തിവെക്കാം!
കുറച്ചു കഴിഞ്ഞ് അബൂബക്കറിന്റെ കാലിൽ പാമ്പ് കൊത്തി! കാൽ വലിച്ചില്ല; പാമ്പ് അവിടുത്തെയും കൊത്തും! മുറുക്കിപ്പിടിച്ചു. വേദന! ഹാവൂ!! അസഹ്യമായ വേദന. അലറിക്കരഞ്ഞാലോ? അരുത്; ഒച്ചകേട്ട് തിരുനബി ഉണരും! വേദന കടിച്ചുപിടിച്ചു. എങ്കിലും കണ്ണീർ സമ്മതം ചോദിക്കാതെ പൊട്ടിയൊഴുകി. ഒരിറ്റ് തിരുനബിയുടെ മുഖത്ത് വീണുവോ? അതെ! അവിടുന്ന് കണ്ണുതുറന്നു. അബൂബക്കർ കരയുന്നു.
“എന്തുപറ്റി അബൂബക്കർ?”
“പാമ്പ് കടിച്ചു...!!”
തിരുനബി അവിടുത്തെ ഉമിനീർ മുറിവിൽ പുരട്ടുന്നു; വേദന ഏതോ മാളത്തിൽ പോയി ഒളിച്ചു. സൂര്യൻ അസ്തമിച്ചു.
നമുക്ക് തിരുനബിയുടെയും കൂട്ടുകാരന്റെയും കൂടെ രാത്രി ഒന്നിരിക്കാൻ ശ്രമിച്ചാലോ? ഭൂമി കരിമ്പടം പുതച്ചിരിക്കുന്നു. കൂരാകൂരിരുട്ട്. ഘനാന്ധകാരം! ഭൂമിക്ക് മുകളിലെ ഒരു കുഴിമാടമായിരുന്നോ അത്? പാനൂസും മെഴുകുതിരിയുമില്ല; വിരിപ്പും തലയിണയുമില്ല; വെള്ളവും റൊട്ടിയുമില്ല. ഏതോ ജന്തുക്കളുടെ കരച്ചിലും ഭീതിപ്പെടുത്തുന്ന ഒച്ചയും മാത്രം. ഒപ്പം പ്രാവുണ്ട്, ചിലന്തിയും! ഒരു റബീഉൽ അവ്വൽ വെള്ളിയാഴ്ച വൈകുന്നേരമാണ് ഇവിടെ എത്തിയത്. തിങ്കളാഴ്ച രാത്രിയാണ് മലയിറങ്ങുന്നത്. മൂന്ന് രാവും മൂന്നു പകലും തിരുനബി പാർത്തത് ആ ഗുഹയിലാണ്!
ഗുഹയുടെ പത്തുമീറ്റർ അപ്പുറത്ത് ഒരു പാറയുണ്ട്. അതിന്റെ മുകളിൽ വരെ ശത്രുക്കൾ അന്വേഷിച്ച് എത്തിയിരുന്നു. ഗുഹയിൽ പരതിനോക്കാൻ ഒരാൾ ഉത്തരവിടുകപോലും ചെയ്തു. അപ്പോൾ ഉമയ്യത്തുബ്നു ഖലഫാണ് പറഞ്ഞത്: “മുഹമ്മദ് ജനിക്കുന്നതിന് മുമ്പുള്ള ചിലന്തി വലകെട്ടിയ ഗുഹയിൽ നിങ്ങളെന്തിനു പരതുന്നു.”
“ശത്രുക്കളുടെ കാലുകൾ കാണുന്നുണ്ട്. ഒച്ചകൾ കേൾക്കുന്നുണ്ട്. അവരെങ്ങാനും അവരുടെ കാൽപാദങ്ങളിലേക്ക് നോക്കിയാൽ നമ്മെ കാണും നബിയേ,” അബൂബക്കർ പരിഭവപ്പെട്ടു.
“ദുഃഖിക്കരുത്. അല്ലാഹു നമ്മോടൊപ്പമുണ്ട്,” എന്നായിരുന്നു തിരുനബിയുടെ മറുപടി.
നേരം പുലർന്നു. എന്തൊരു ദാഹം! വല്ലാതെ ദാഹിക്കുന്നു! അബൂബക്കർ തിരുനബിയോട് സങ്കടപ്പെട്ടു. “അതേയോ, ഗുഹയുടെ മുകൾഭാഗത്തേക്ക് ചെല്ലൂ; അവിടെനിന്ന് ഊമ്പിക്കുടിച്ചോളൂ,” തിരുനബി അരുളി. അബൂബക്കർ അത് ചെയ്തു. നിർഭയം അബൂബക്കർ ചുണ്ട് പാറയിൽ വെക്കുന്നു; വലിച്ചുകുടിക്കുന്നു.
ഹായ്! എന്തു രസം! തേനിനേക്കാൾ മധുരം! പാലിനേക്കാൾ വെൺമ! കസ്തൂരിയെക്കാൾ സുഗന്ധം! ഭൂമിയിൽനിന്ന് ഒരിക്കലും ഇങ്ങനെയൊരു പാനീയം കുടിച്ചിട്ടില്ല. ഇതെന്തൊരു പാനീയമാണ് റബ്ബേ!
“കുടിച്ചോ അബൂബക്കറേ?”
“ഉം! എന്തൊരു സ്വാദ്!”
“അതേയ്, സ്വർഗത്തിലെ പാനീയമാണ്! സ്വർഗത്തിലെ ആറുകൾ ഏൽപ്പിച്ച മലക്കിനോട് അല്ലാഹു ഒരു ചാൽ ഇങ്ങോട്ടൊഴുക്കിവിടാൻ ഉത്തരവിട്ടു! പരലോകത്തും എനിക്ക് ഈ പദവി ഉണ്ടാകുമോ നബിയേ? തീർച്ചയായും; ഇതും ഇതിനേക്കാൾ ശ്രേഷ്ഠമായതും. അല്ലാഹുവാണെ! നിങ്ങളെ വെറുപ്പിക്കുന്നവർ സ്വർഗത്തിൽ കടക്കുകയില്ല. അവർ എഴുപത് നബിമാരുടെ ആരാധനകൾ ചെയ്താലും.” അപ്പോൾ ഭൂമിയിൽനിന്ന് സ്വർഗത്തിലെ പാനീയം കൊടുത്തതാര്? തിരുനബി. അത് ചോദിച്ചതാര്? അബൂബക്കർ. അതിന് സൗകര്യം ചെയ്തതാര്? മാലാഖമാർ. അതിന് ഉത്തരവിട്ടതാര്? സർവ്വശക്തനായ അല്ലാഹു. ഈ അത്ഭുത സംഭവം ഉദ്ധരിച്ചത് പ്രശസ്ത ഹദീസ് വിശാരദനായ ഇമാം ഫാകിഹാനിയാണ്.
തിരുനബിയുടെ ഉറ്റ സുഹൃത്തുക്കളെക്കുറിച്ച് പറയാൻ തുടങ്ങിയതാണ് നമ്മൾ; പക്ഷേ പ്രഥമ സുഹൃത്തിൽതന്നെ തപ്പിത്തടഞ്ഞു നിൽക്കുകയാണ്. അത് പറഞ്ഞുതീർന്നിട്ടില്ല, വിശാലമാണ്. രണ്ടാമൻ, രണ്ടാം ഖലീഫ ഉമർ ആണെന്ന് പറയേണ്ടതില്ലല്ലോ.
ഉമർ ഒരിക്കൽ അബൂബക്കറിനെ കവച്ചുവെക്കാൻ ശ്രമിച്ച കഥയുണ്ട്; അതും കൂടി പറഞ്ഞ് നമുക്കിത് അവസാനിപ്പിക്കാം. ഉമർ പറയുന്നു: “ഒരിക്കൽ തിരുനബി ദാനം ചെയ്യാൻ ആവശ്യപ്പെട്ടു. എന്റെ കയ്യിൽ പണം ഉണ്ടായിരുന്ന സമയമായിരുന്നു. ഞാൻ എന്റെ സമ്പത്തിന്റെ പകുതിയുമായി തിരുനബിയുടെ അടുക്കൽ ചെന്നു. എന്നെങ്കിലും ഒരിക്കൽ അബൂബക്കറിനെ ഞാൻ പിന്നിലാക്കുമെങ്കിൽ അത് ഇന്നായിരിക്കും എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു. സംഭാവന സ്വീകരിച്ച ഉടനെ നബി ചോദിച്ചു:
‘വീട്ടുകാർക്കുവേണ്ടി നീ എന്താണ് ബാക്കിവെച്ചത്?’
‘ഇത്രതന്നെ വീട്ടിലുണ്ട്.’ ഞാൻ പ്രതികരിച്ചു.
പിന്നെ അബൂബക്കർ വന്നു. തന്റെ കൈവശമുള്ള സമ്പത്ത് മുഴുവനുമായിട്ടാണ് അദ്ദേഹം വന്നിട്ടുള്ളത്.
‘വീട്ടുകാർക്കുവേണ്ടി എന്ത് ബാക്കിവെച്ചു’ എന്ന് നബി ചോദിച്ചു.
‘അല്ലാഹുവിനെയും റസൂലിനെയും ബാക്കിവെച്ചിട്ടുണ്ട്.’ എന്നായിരുന്നു അബൂബക്കറിന്റെ മറുപടി!
എനിക്കൊരിക്കലും ഇനി അബൂബക്കറിനെ പിന്നിലാക്കാൻ സാധിക്കില്ല എന്ന് ഞാൻ ഉറപ്പിച്ചു.




