നബി തിരുമേനി തന്റെ കുടുംബക്കാരുടെ നൈപുണികൾ മനസ്സിലാക്കുകയും അത് വളർത്തിയെടുക്കാനാവശ്യമായ ജോലികൾ അവരെ ഏല്പിക്കുകയും ചെയ്തു. ഉദാഹരണമായി തന്റെ പിതൃ സഹോദരനും മരുമകനുമായ അലിയെയാണ് ഖൈബർ യുദ്ധത്തിൽ സൈനിക മേധാവിയാക്കിയത്. അലി അൽഭുതം സൃഷ്ടിച്ചു. ഖൈബറിന്റെ മേധാവിയായ ധീരനായ മുറഹിബിൻ്റെ വെട്ട് തടുക്കാൻ കോട്ടവാതിൽ പറിച്ചെടുത്തു. ഖൈബർ ജയിച്ചടക്കിയ ശേഷമാണു അലി മദീനയിലേക്ക് തിരിച്ചത്. ശത്രുക്കൾ മുഴുവനും സർവ്വായുധ വിഭൂഷിതരായി വീട് വളഞ്ഞപ്പോൾ, നബി ഇലാഹി കൽപന പ്രകാരം ഒരു പിടി മണൽ വാരിയെറിഞ്ഞ് ശത്രുക്കൾക്കിടയിലൂടെ പുറത്ത് കടന്ന് മദീനയിലേക്ക് പലായനം ചെയ്തു. അന്ന് തനിക്ക് പകരം തൻ്റെ വിരിപ്പിൽ അലിയെ കിടത്തിയത് അലിയുടെ ധീരതയെക്കുറിച്ച് നല്ല ധാരണയുള്ളത് കൊണ്ടായിരിക്കണം. ഹജ്ജതുൽ വദാഇൽ (പ്രവാചകന്റെ വിടവാങ്ങൽ ഹജ്ജ്) നൂറ് ഒട്ടകങ്ങളെ നബി ബലിക്കായി കൊണ്ട് വന്നിരുന്നു. 63 എണ്ണം നബി അറുത്തു. ബാക്കി 37 എണ്ണം അറുക്കാനും അവയുടെ മാംസം വിതരണം ചെയ്യാനുമൊക്കെ ഏൽപിച്ചത് ഇതേ അലിയെ ആയിരുന്നു. അർഹതയുടെ അംഗീകാരമായിരുന്നു അതൊക്കെ.
അലിയുടെ സഹോദരൻ ജാഫറിനെ ഹബ്ശയിലേക്ക് പലായനം ചെയ്ത സംഘത്തിന്റെ നേതാവായി നബി നിശ്ചയിച്ചു. ജാഫർ നജ്ജാശി രാജാവിന് കത്ത് നല്കി. ശത്രുക്കൾ അവിടെ വന്നും കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിച്ചപ്പോൾ ഇസ്ലാമിനെ ഹൃസ്വമായി പരിചയപ്പെടുത്തി ജാഫർ കിടിലൻ പ്രഭാഷണം നടത്തി. അതിങ്ങനെയായിരുന്നു:
“മഹാരാജാവേ, ഞങ്ങൾ സ്വന്തമായി ഒരു മതമുണ്ടാക്കിയതല്ല; തീർച്ച. അബ്ദുള്ളയുടെ മകൻ മുഹമ്മദ് സ്രഷ്ടാവിന്റെ പക്കൽ നിന്നും സത്യത്തിന്റെയും സന്മാർഗത്തിന്റെയും മതവുമായി ഞങ്ങളിലേക്ക് വന്നു. അദ്ദേഹം ഞങ്ങളെ ഇരുളിൽ നിന്നും വെളിച്ചത്തിലേക്ക് വഴി നടത്തി. ഞങ്ങൾ അന്ധകാരത്തിലായിരുന്നു, കുടുംബബന്ധങ്ങൾ മുറിക്കുന്നവർ! ശവം ഭക്ഷിച്ചിരുന്നവർ! വൻപാപങ്ങൾ ചെയ്തു കൊണ്ടിരുന്നവർ! അയൽവാസികളെ ദ്രോഹിക്കുകയും ദുർബലരുടെ മേൽ അധികാരം പ്രവർത്തിക്കുകയും ചെയ്തിരുന്നവർ!
അങ്ങനെ അല്ലാഹു തിരുദൂതരെ നിയോഗിച്ചു. ഞങ്ങളിൽ നിന്ന് തന്നെയാണ് ദൂതനെ നിയോഗിച്ചത്. അവിടുത്തെ കുടുംബത്തെ ഞങ്ങൾക്ക് നന്നായി അറിയാം. അവിടുത്തെ സത്യസന്ധതയും വിശ്വസ്തതയും കൃപയും എല്ലാം ഞങ്ങൾക്ക് വളരെയധികം ബോധ്യമാണ്. അദ്ദേഹം ഞങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിച്ചു. അവനെ മാത്രം ആരാധിക്കുവാനും ഏകദൈവ വിശ്വാസം പുലർത്തുവാനും ഞങ്ങളോട് കൽപ്പിച്ചു. എല്ലാ ദിവസവുമുള്ള നിർബന്ധ പ്രാർത്ഥന നിലനിർത്തുവാനും സക്കാത്ത് (നിർബന്ധിത ദാനം) നൽകുവാനും റമദാനിൽ വൃതമനുഷ്ഠിക്കാനും ഞങ്ങൾ ആരാധിച്ചിരുന്ന കല്ലുകളും ബിംബങ്ങളും വെടിയാനും ഞങ്ങളെ പ്രേരിപ്പിച്ചു. സത്യസന്ധത പാലിക്കാനും വിശ്വസ്തത പുലർത്താനും കുടുംബബന്ധം ചേർക്കാനും അയൽവാസികളോട് ഗുണം ചെയ്യാനും രക്തത്തിന് വിലക്കൽപിക്കാനും ഞങ്ങളോട് കൽപ്പിച്ചു. വൻപാപം ചെയ്യരുത്, കളവ് പറയരുത്, അനാഥകളുടെ സമ്പത്ത് അപഹരിക്കരുത് എന്നൊക്കെ ഞങ്ങളോട് ഉപദേശിച്ചു.
അദ്ദേഹം പറയുന്നത് സത്യമാണെന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടു. അവിടുത്തെ പ്രവാചകത്വം ഞങ്ങൾ അംഗീകരിച്ചു. അവിടുന്ന് കൊണ്ടുവന്ന കാര്യങ്ങൾക്ക് വഴിപ്പെട്ടു. അതോടെ ഞങ്ങൾ ഏകനായ അല്ലാഹുവിനെ ആരാധിക്കാൻ തുടങ്ങി. ഞങ്ങൾക്ക് നിഷിദ്ധമാക്കിയ കാര്യങ്ങളെ പൂർണ്ണമായും വെടിഞ്ഞു. അനുവദിച്ചവ മാത്രം പ്രവർത്തിച്ചു. എന്നാൽ, ഞങ്ങളുടെ സമൂഹം ഞങ്ങളോട് അതിയായ ശത്രുത വച്ചുപുലർത്തി. ഞങ്ങളുടെ മതത്തിന്റെ നാശത്തിന് വേണ്ടി അവർ പീഡന മുറകൾ ആരംഭിച്ചു. ഏകനായ നാഥനെ വിട്ട് വിഗ്രഹങ്ങളെ ആരാധിക്കാനായി അവർ ഞങ്ങളെ നിർബന്ധിച്ചു. ഞങ്ങളെ ആക്രമിച്ചു. ജീവിതം ഞങ്ങൾക്ക് അവിടെ ക്ലേശകരമായി. മതമനുഷ്ഠിച്ചു ഞങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയായി. ഞങ്ങൾ അങ്ങയുടെ പക്കൽ അഭയവും അങ്ങയുടെ വസതിയിൽ നിലനിൽപ്പും പ്രതീക്ഷിച്ചു. മറ്റൊരാളെക്കാളും അങ്ങയെ തിരഞ്ഞെടുത്തു. അങ്ങയുടെ അടുക്കൽ ഞങ്ങൾ ആക്രമിക്കപ്പെടുകയില്ല എന്ന് വിശ്വസിക്കുന്നു”.
പ്രഭാഷണം രാജാവിനെ പിടിച്ചു കുലുക്കി. അദ്ദേഹം അതുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിച്ചു.
വിശുദ്ധ ഖുർആൻ പാരായണം ചെയ്തുകൊണ്ട് ജാഫർ കൃത്യമായ മറുപടികൾ പറഞ്ഞു. രാജാവ് വിസ്മയപ്പെട്ടുപോയി.
അബ്സീനിയയിൽ നിന്ന് ജാഫർ വന്നപ്പോൾ തിരുനബി പെരുത്ത് സന്തോഷിച്ചു. ഖൈബർ മുസ്ലിംകൾ ജയിച്ചടക്കിയ സമയമായിരുന്നു അത്. ജഅഫർ വരുന്നുണ്ടന്നറിഞ്ഞപ്പോൾ വസ്ത്രം വാരിവലിച്ചെടുത്ത് വീടിന് പുറത്തേക്കിറങ്ങി. ജാഫറിനെ കെട്ടിപ്പിടിച്ചു കണ്ണുകൾക്കിടയിൽ ഉമ്മ വെച്ചു: “ഖയ്ബർ ജയിച്ചതിലാണോ ജാഫർ വന്നതിനാലാണോ എനിക്കേറ്റവും സന്തോഷമെന്ന് അറിയുന്നില്ല” എന്ന് അവിടുന്ന് പറഞ്ഞു.
മുഅതത് യുദ്ധത്തിൽ പതാക വാഹകനായി അവിടുത്തെ പോറ്റുമകനായിരുന്ന സൈദിന് ശേഷം നബി നിർദേശിച്ചത് ജാഫറിനെയായരുന്നു. ജാഫറിൻ്റെ രക്തസാക്ഷിത്വം നബി ദീർഘദർശനം ചെയ്തു. മകൻ അബ്ദുല്ല ഉദ്ധരിക്കുന്ന തിരുമൊഴി ഇങ്ങനെ:
“ഒരു സൈന്യത്തിൻ്റെ നേതാവായി സൈദ്ബിൻ ഹാരിസിനെ നബി നിർദേശിച്ചു. എന്നിട്ട് പറഞ്ഞു:
‘സൈദ് രക്തസാക്ഷിയായാൽ ജാഫർ നേതൃത്വം ഏറ്റെടുക്കണം, ജഅ്ഫർ രക്തസാക്ഷിയായാൽ അബ്ദുല്ലാഹി ബിൻ റവാഹ’. യുദ്ധത്തിൽ സൈദ് രക്തസാക്ഷിയായി. പിന്നെ ജഅഫറും പിന്നെ അബ്ദുല്ലാഹിബ്നു റവാഹയും. ശേഷം സൈഫുല്ലാഹ് ഖാലിദാണ് നേതൃത്വം ഏറ്റെടുത്ത് യുദ്ധം വിജയിപ്പിച്ചത്. ഇതെല്ലാം തിരുനബി തന്നെയാണ് അനുചരരെ ഔദ്യോഗികമായി അറിയിച്ചത്.
നബി ജാഫറിന്റെ വീട്ടിലേക്ക് ചെന്നു മക്കളെ അണച്ചു ചേർത്ത് ചുംബിച്ചു. അവിടുത്തെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഇത് കണ്ട് അവരുടെ ഉമ്മ അസ്മ നബിയോട് ചോദിച്ചു:
‘ജാഫറിന്റെ വല്ല വിവരവും?’
‘ അതെ! ജാഫർ രക്തസാക്ഷിയായിരിക്കുന്നു!’
ഇത് കേട്ടതും അവർ വാവിട്ടു കരയാൻ തുടങ്ങി. ആ വീട് ദുഃഖസാന്ദ്രമായി എന്ന് പറയേണ്ടതില്ലല്ലോ.
അവർക്ക് ഭക്ഷണമുണ്ടാക്കി നല്കാൻ തിരുനബി നിർദ്ദേശിച്ചു. സമാശ്വസത്തിൻ്റെ വചനങ്ങളുമായി തിരുനബി പിന്നെയും ജഅഫറിൻ്റെ വീട്ടിലെത്തി.
‘നിങ്ങൾ ഇനിയും കരയല്ലേ. എൻറെ സഹോദരൻറെ മക്കൾ എവിടെ? ഇങ്ങോട്ട് പറഞ്ഞയക്കൂ..’ (ജഅ്ഫറിനെ സഹോദരൻ എന്ന് പറഞ്ഞത് പിതൃസഹോദരന്റെ മകൻ എന്ന അർത്ഥത്തിലല്ല. നബിയും ജാഫറും തമ്മിൽ മുലകുടി ബന്ധത്തിലെ സഹോദരന്മാരാണ്. ജാഫർ സുവൈബത്തുൽ അസ്ലമിയ്യയുടെ മുല കുടിച്ചിട്ടുണ്ട്.) മൂന്ന് മക്കളായിരുന്നു അദ്ദേഹത്തിന്; അബ്ദുല്ല, മുഹമ്മദ്, ഔൻ. അവരെല്ലാവരും നബിയുടെ ചാരത്തെത്തി. അവരുടെ മുടി അശ്രദ്ധമായ കോലത്തിൽ കണ്ടപ്പോ ക്ഷുരകനെ വിളിച്ച് മുടി കളഞ്ഞു. പിന്നെ നബി കുടുംബത്തിൻ്റെ ക്ഷേമത്തിനു വേണ്ടി മൂന്നുതവണ ആവർത്തിച്ച് പ്രാർത്ഥിച്ചു. അബ്ദുല്ല തൻ്റെ കരം കൊണ്ട് നടത്തുന്ന കച്ചവടങ്ങളിലൊക്കെ അഭിവൃദ്ധി (ബറകത്ത്) ഉണ്ടാകട്ടെ എന്ന് അദ്ദേഹം പ്രത്യേകം പ്രാർത്ഥിച്ചു.
നബിയുടെ പ്രാർത്ഥന ഫലിച്ചു. അബ്ദുള്ള ചരിത്രത്തിൽ അറിയപ്പെട്ട കച്ചവടക്കാരനായി. കച്ചവടത്തിന്റെ കാര്യത്തിൽ ഉപമ പറയുന്ന അവസ്ഥയിലേക്ക് വരെ എത്തി. അവരുടെ ഉമ്മ വന്ന് ‘കുട്ടികൾ അനാഥകളായല്ലോ’ എന്ന് സങ്കടം പറഞ്ഞു. നബി പ്രതിവചിച്ചു.
“കുട്ടികളുടെ കാര്യത്തിലാണോ നിങ്ങൾക്ക് വേവലാതി? ഇഹത്തിലും പരത്തിലും ഞാൻ അവരുടെ കാര്യം എറ്റെടുത്തിരിക്കുന്നു.!’”
ഇതിനേക്കാൾ വലിയ എന്ത് ആശ്വാസവാക്കാണ് ഒരാൾക്ക് ഇനി ലഭിക്കാനുള്ളത്? കേവലം വാഗ്ദാനമായിരുന്നില്ല അത്; നബി തന്നെ മക്കളുടെ കാര്യങ്ങൾ ഏറ്റെടുത്ത് നടത്തി. അവരെ താലോലിച്ചും അവർക്കൊരു പിതാവായി നിലകൊണ്ടും നബി അവർക്ക് തണലായി. അവരുടെ ചെലവുകൾ വഹിച്ചു. അബ്ദുല്ല തന്നെ പറയുന്ന ഒരനുഭവം ഇങ്ങനെ:
“ഒരിക്കൽ നബി ഒരു മൃഗത്തിന് പുറത്ത് വരികയായിരുന്നു. അപ്പോൾ ഞാനും എളാപ്പ അബ്ബാസിൻ്റെ മകൻ ഖസ്അമും കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. എന്നെ മുന്നിലും ഖസ്അമിനെ ബാക്കിലും പിടിച്ച് കയറ്റി. എന്നെ മൂന്ന് തവണ തലയിൽ തടവിയിട്ട് ഇങ്ങനെ പ്രാർത്ഥിച്ചു: ‘അല്ലാഹ്, ജഅഫറിന് അവൻ്റെ കുടുംബത്തിൽ നല്ല പകരക്കാരനെ നൽകണേ.’
കുടുംബ ബന്ധം ചേർക്കുന്നതിൻ്റെ ഭാഗമാണ് അവർക്ക് വേണ്ടി പ്രാർത്ഥിക്കുക എന്നത്.
ഒരിക്കൽ തിരുനബി, അബ്ബാസിനോട് പറഞ്ഞു: ‘തിങ്കളാഴ്ച രാവിലെ എൻ്റെ അടുത്തൊന്ന് വരണം, കുട്ടികളെയും കൂട്ടണം! നിനക്കും നിൻ്റെ കുട്ടികൾക്കും ഉപകാരപ്പെടുന്ന നല്ലൊരു പ്രാത്ഥന ഞാൻ ചെയ്തു തരാം’ അവിടുന്ന് പറഞ്ഞതുപോലെ ഞങ്ങൾ എത്തി.
‘അല്ലാഹ്! അബ്ബാസിൻ്റെ രഹസ്യവും പരസ്യവുമായ എല്ലാ ദോഷങ്ങളെയും ഒന്നും ബാക്കി വെക്കാതെ നീ പൊറുത്തു കൊടുക്കണേ! കൂട്ടികളുടെ കാര്യങ്ങൾ വേണ്ടവിധം നിർവഹിച്ചു കൊടുക്കുന്നതിൽ അബ്ബാസിന് നീ കാവലാളാകണേ’”
മക്കളുടെ കൂട്ടത്തിൽ ഇബ്നു അബ്ബാസ് കൂടുതൽ പ്രതിഭയും വിനയാന്വിതനുമായിരുന്നു. നബിക്ക് അവനെ ഏറെ ഇഷ്ടമായിരുന്നു. ഇബ്നു അബ്ബാസ് തന്നെ പറയട്ടെ:
“ഒരിക്കൽ തിരുനബി മൂത്രമൊഴിക്കാൻ പോയപ്പോൾ ഞാൻ അവിടുത്തേക്ക് അംഗസ്നാനം ചെയ്യാനുള്ള വെള്ളം തയ്യാറാക്കി വെച്ചു. ഇതാരാണ് ചെയ്തതെന്ന് തിരുനബി ചോദിച്ചു. ഞാനാണന്ന് അറിഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവേ! അവനെ നല്ലൊരു മത പണ്ഡിതനാക്കണേ!’ ഒരിക്കൽ തിരുനബി അവിടുത്തെ നെഞ്ചിലേക്ക് ചേർത്തുവെച്ച് ഇങ്ങനെ പ്രാർത്ഥിച്ചു; ‘അല്ലാഹുവേ! ഇവന് നീ ഖുർആൻ പഠിപ്പിക്കണേ’ ഈ പ്രാത്ഥനകളുടെ ഉത്തരമാണ് 'റഈസുൽ മുഫസ്സിരീൻ' (ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവ്) എന്ന സ്ഥാനപ്പേരിൽ ഇബ്നു അബ്ബാസിനെ വിശ്രുതനാക്കിയത്.”
ഉമർ അടക്കമുള്ള പ്രമുഖ തിരുനബി അനുചരർ ഇളം പ്രായക്കാരനായ ഇബ്നു അബ്ബാസിനെ ആദരിച്ചിരുന്നു, സംശയങ്ങൾ ചോദിച്ചു പഠിച്ചിരുന്നു. ലോകത്ത് വിരചിതമായ ആയിരക്കണക്കായ ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളുണ്ട്. ഇബ്നു അബ്ബാസിനെ ഉദ്ധരിക്കാത്ത ഒരു ഗ്രന്ഥവും ഉണ്ടാകില്ല!.
തിരുനബിയുടെ പ്രാർത്ഥനയുടെ പവറാണത്. ഒരു പ്രാർത്ഥന പഠിപ്പിച്ചു തരുമോ എന്ന് അബ്ബാസ് ചോദിച്ചപ്പോൾ ആഫിയത് (സുഖം) ചോദിക്കാനാണ് പറഞ്ഞത്. കുറഞ്ഞ വാക്കും കൂടുതൽ ആശയവുമുള്ള പദമാണ് ആഫിയത്ത്. എപ്പോഴും മനുഷ്യന് ആവശ്യം സുഖമാണല്ലോ.
അബൂത്വാലിബ് അന്തരിച്ചപ്പോൾ മകൻ അലിയോട് തിരുനബി പറഞ്ഞു: “മൃതദേഹം (മയ്യത്ത്) ഉടൻ മറവു ചെയ്യുക, മറ്റെന്തെങ്കിലും കാര്യം ചെയ്യുന്നതിന് മുമ്പ് എന്റെ അടുത്തേക്ക് വരിക.”
മറമാടിയ ഉടനെ അലിയെത്തി. ഉടൻ കുളിച്ചു വരാൻ തിരുനബി അലിയോട് പറഞ്ഞു, കുളിച്ചു വന്ന അലിക്ക് വേണ്ടി നബി ദീർഘനേരം പ്രാർത്ഥിച്ചു. അലി പിന്നീട് ആ പ്രാർത്ഥനയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്: “എന്ത് മുന്തിയ തരം ഭൗതിക വിഭവവും ലഭിക്കുന്നതിനേക്കാളും എന്നെ സന്തോഷിപ്പിക്കുന്നതായിരുന്നു ആ പ്രാർത്ഥന.”
കുടുംബക്കാർ മതവിഷയങ്ങളിൽ ജാഗ്രത കാണിക്കുന്നില്ലേ എന്ന് അന്വേഷിക്കുകയും അവർക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. സുബൈറിന്റെ (തിരുനബിയുടെ പിതൃസഹോദരൻ) മകൾ ളുബാബയെ കണ്ടപ്പോൾ നബി ചോദിച്ചു:
‘അല്ല നീ ഹജ്ജിന് പോരുന്നില്ലേ?’
ഒരു പ്രേരണയായിരുന്നു അത്. ഇടയ്ക്കിടെ അസുഖം ഉണ്ടാകുന്നവളാണ് അവൾ. ഹജ്ജിനു പോയാൽ ഇടക്കെങ്ങാനും അസുഖം ബാധിച്ചാൽ എന്ത് ചെയ്യും? ഇഹ്റാം (ഹജ്ജ് നിർവഹിക്കാൻ വേണ്ടി കരുതുക) ചെയ്താൽ പലതും നിഷിദ്ധമാവില്ലേ? ഹജ്ജ് പൂർത്തിയാക്കാതിരുന്നാൽ ഇഹ്റാമിൽ നിന്ന് ഒഴിവാകുന്നതെങ്ങനെ? വല്ല പരിഹാരക്രിയ കൊടുക്കാൻ ഉണ്ടെങ്കിൽ തന്നെ അതും ഏറെ ചെലവുള്ള കാര്യമല്ലേ? ഇതൊക്കെയായിരിക്കണം അവരുടെ ആശങ്ക. അതുകൊണ്ട് തന്നെ ഹജ്ജിനു പോകാൻ തീരുമാനിച്ചിരുന്നില്ല. നബിയുടെ ചോദ്യത്തിന്, ‘ഞാൻ അസുഖമുള്ളവളല്ലേ നബിയെ ?’ എന്നവൾ പ്രതികരിച്ചു.
‘എനിക്ക് യാത്ര തുടരാൻ പറ്റാത്ത അവസ്ഥ സംജാതമായാൽ അവിടെവച്ച് ഞാൻ തഹല്ലുലാകും (ഹജ്ജിൽ നിന്ന് വിരമിക്കും) എന്ന് ഇപ്പോൾ തന്നെ കരുതിയാൽ മതി’ നബി മറുപടി നൽകി.
നബിയുടെ മറുപടി എല്ലാ കാലത്തേക്കുമുള്ള ഹജ്ജ്-ഉംറ യാത്രക്കാർക്ക് ഏറെ പ്രയോജനപ്രദമാണ്. ഇഹ്റാം ചെയ്തു ഒരാൾ ഹജ്ജിൽ / ഉംറയിൽ പ്രവേശിച്ചാൽ അതുവരെ അനുവദനീയമായിരുന്ന പല കാര്യങ്ങളും നിഷിദ്ധമാകും. അത് പിന്നീട് അനുവദനീയമാകണമെങ്കിൽ ചില കർമ്മങ്ങൾ ചെയ്തു തീർക്കേണ്ടതുണ്ട്. അതിനാണ് തഹല്ലുലാവുക എന്ന് പറയുന്നത്. തിരുനബി കുടുംബബന്ധം ചേർത്തപ്പോൾ സമുദായത്തിന് വലിയ ഗുണം ലഭിച്ചു!
ഒരിക്കൽ ഉമൈസിൻ്റെ മകൾ അസ്മായോട് നബി ചോദിച്ചു: “എൻ്റെ സഹോദരൻറെ മക്കളെന്താ മെലിഞ്ഞിരിക്കുന്നത്? അവർക്ക് വല്ല ദാരിദ്ര്യവും ബാധിച്ചിട്ടാണോ?”
“അല്ല; കണ്ണേറ്ബാധിച്ചിട്ടാണ്” അവർ പ്രതികരിച്ചു.
“അതിനെന്താ മന്ത്രിച്ചാൽ പോരെ? നിങ്ങൾ മന്ത്രിച്ചാൽ മതിയല്ലോ. നീ അങ്ങ് മന്ത്രിച്ച് കൊള്ളൂ” നബി പറഞ്ഞു.
കുടുംബത്തിൻറെ ആരോഗ്യസ്ഥിതി അന്വേഷിക്കുന്ന പ്രവാചകനെയാണ് നാം ഇവിടെ കാണുന്നത്. മന്ത്രത്തെ അംഗീകരിക്കുകയും മറ്റുള്ളവർക്ക് മന്ത്രിക്കാനുള്ള അനുവാദം നൽകുന്നതും ഈ സംഭവത്തിൽ വ്യക്തമാണ്.
ഒരിക്കൽ നബിയോട് കൂടെ ഒരു അൻസാരി വനിത ഉമ്മുൽ മുൻദിറിനെ സന്ദർശിച്ചു. തീരെ സുഖമില്ലാതെ ഇരിപ്പാണ്. വീട്ടിൽ പഴുക്കാറായ ഈന്തപ്പഴം തൂക്കിയിട്ടിട്ടുണ്ട്. നബി അതിൽ നിന്ന് തിന്നാൻ തുടങ്ങി, അലിയും തിന്നൻ വേണ്ടി എഴുന്നേറ്റു.
‘നിനക്ക് സുഖമില്ല; അത് കഴിക്കുന്നത് നിനക്ക് നല്ലതല്ല.’
“ഞാൻ കുറച്ചു ബാർലിയും സലഖും (വേവിച്ച് ഭക്ഷിക്കുന്ന ഒരുതരം ഇല) പാചകം ചെയ്തിരുന്നു. അത് കൊണ്ടുപോയി വെച്ചുകൊടുത്തു. അപ്പോൾ തിരുനബി അലിയോട് പറയുകയാണ് ‘ഇതു കഴിച്ചോ. നിനക്ക് ഉപകാരപ്പെടും’”
തിരുനബി ബന്ധുക്കളുമായി കൂടിയാലോചിക്കുകയും അവരുടെ അഭിപ്രായങ്ങൾ പരിഗണിക്കുകയും ചെയ്യുമായിരുന്നു. മക്കവിജയത്തിന്റെ ദിവസം നബിയുടെ പിതൃസഹോദരൻ അബ്ബാസ് മക്കയിലെ പൗരപ്രമുഖൻ അബൂ സുഫിയാനുമായി നബിയുടെ അടുക്കലേക്ക് കടന്നുവന്നു. അയാൾ മർളഹ്റാൻ എന്ന സ്ഥലത്ത് വെച്ച് ഇസ്ലാം സ്വീകരിച്ചു. അബ്ബാസ് തിരുനബിയോട് സ്വകാര്യമായി പറഞ്ഞു:
“അബൂ സുഫിയാൻ സ്വല്പം അഭിമാന ബോധമുള്ള ആളാണ്. അദ്ദേഹത്തിന് എന്തെങ്കിലും ഒരു പദവി കൊടുത്താൽ നന്നായിരുന്നു” അങ്ങനെയാണ് മക്കയിൽ ചെന്ന് ഇങ്ങനെ പ്രഖ്യാപിക്കാൻ നബി ഉത്തരവിട്ടത്. ‘സ്വന്തം വീട്ടിൽ കയറി വാതിൽ അടച്ചവൻ നിർഭയനാണ്, മസ്ജിദുൽ ഹറാമിൽ കയറിയവനും നിർഭയനാണ്, അബൂ സുഫിയാന്റെ വീട്ടിൽ കയറിയവരും നിർഭയരാണ്.’
ആ നിർദ്ദേശം ക്ലിക്കായി. അബൂ സുഫിയാന് പെരുത്ത് സന്തോഷമായി. മക്കാ നിവാസികൾക്ക് അതൊരു ഇടിമുഴക്കമായി.a
തിരുനബി ബന്ധുക്കളുടെ ആരാധനകളിൽ ഇടപെട്ടു; ബന്ധുക്കളാണെങ്കിൽ പോലും അവരുടെ ആരാധനാ കർമ്മങ്ങളിൽ വരുന്ന പിഴവുകളെ സൗമ്യ പൂർവ്വം തിരുത്താറുണ്ടായിരുന്നു. ആവശ്യമായ തിരുത്തലുകൾ നൽകി. ഒരു രാത്രി ഇബ്ൻ അബ്ബാസ് തിരുനബി നിസ്കരിക്കുമ്പോൾ ഇടതുഭാഗത്ത് ചെന്ന് തുടർന്നു. അപ്പോൾ നബി പതുക്കെ ചെവിക്ക് പിടിച്ചു. വലതുഭാഗത്തേക്ക് കൊണ്ടു വന്നു. വലതുഭാഗത്താണ് നിൽക്കേണ്ടത് എന്ന കർമ്മ ശാസ്ത്ര നിയമം പ്രായോഗികമായി പഠിപ്പിക്കുകയായിരുന്നു നബി.
ഒരു യാത്രയിൽ ഫള്ലുബ്നു അബ്ബാസ് നബിയോടൊപ്പം പോയി. അപ്പോൾ ഖുസ്അം ഗോത്രത്തിൽപെട്ട ഒരു സ്ത്രീ കടന്നുവന്നു. ഫള്ല് അവളെ നോക്കി. അവൾ ഫള്ലിനേയും. അപ്പോൾ എന്താണ് ചെയ്തതെന്നോ? മുഖം പിടിച്ചു മറ്റേ ഭാഗത്തേക്ക് തിരിച്ചു! ആ സ്ത്രീ ചോദിച്ചു:
“എൻറെ പിതാവ് വയോവൃദ്ധനാണ്. വാഹനത്തിൽ കയറാൻ കഴിയില്ല. അവർക്ക് വേണ്ടി ഞാൻ ഹജ്ജ് ചെയ്താൽ മതിയോ?”
“അതെ” നബി പ്രതികരിച്ചു.
നബിയുടെ വിടവാങ്ങൽ പ്രസംഗത്തിൽ ഇരുണ്ട യുഗത്തിന്റെ (ജാഹിലിയ്യതിൻ്റ )മുഴുവൻ സമ്പ്രദായങ്ങളും തന്റെ കാൽച്ചുവട്ടിൽ നബി കുഴിച്ചുമൂടി. ജാഹിലിയ്യത്തിന്റെ പ്രതികാരക്കൊലകളും പലിശയും നിർത്തലാക്കി. “ആദ്യമായി ഞാൻ അസാധുവാക്കുന്ന രക്തം എൻറെ പിതൃസഹോദരൻ ഹാരിസിന്റെ മകൻ റബീഅയുടെ മകൻ്റെതാണ്.” (അവൻ കൊച്ചുകുട്ടിയായ സമയത്ത് ഇഴഞ്ഞു നടക്കുമ്പോൾ ബനൂസഅദും ബനൂ ലൈസും തമ്മിലുണ്ടായ യുദ്ധത്തിനിടെ ഒരു കല്ല് ഈ കുഞ്ഞിൻറെ മുകളിൽ പതിക്കുകയും കുഞ്ഞ് തൽക്ഷണം മരിക്കുകയും ചെയ്തു)
ആ രക്തത്തിന് പ്രതികാരം ചോദിക്കാൻ ഇനി പറ്റില്ലെന്നർത്ഥം. “അതുപോലെ ജാഹിലിയ്യാ കാലത്ത് നിലനിന്നിരുന്ന മുഴുവൻ പലിശയും അസാധുവാണ്. അതിൻറെ കണക്ക് പറഞ്ഞ് ആരും വരേണ്ടതില്ല. ആദ്യമായി ഞാൻ അസാധുവാക്കുന്നത് എൻറെ പിതൃ സഹോദരൻ അബ്ബാസിന് കിട്ടാനുള്ള പലിശയാണ്!”
ധാർമിക പ്രവർത്തനങ്ങൾ തുടങ്ങേണ്ടത് സ്വന്തം കുടുംബങ്ങളിൽ നിന്ന് തന്നെയാണ്.




