തിരുനബിയുടെ വഫാത്തിന് ശേഷം നീണ്ടുനിന്ന ദാമ്പത്യമായിരുന്നു നാലാമത്തെ മകൾ ഫാത്തിമയുടെത്. മാതൃകാ ദാമ്പത്യത്തിന്റെ ഉപമയായി പറയപ്പെടാറുള്ളതാണ് അലി ഫാത്തിമ ദമ്പതികളുടെ ജീവിതം. അലിയുടെ വിവാഹാന്വേഷണവും വിവാഹവും സദ്യയും വീടുകൂടലുമൊക്കെ മക്കളെ കുറിച്ചുള്ള ചർച്ചയിൽ വിശദീകരിച്ചിട്ടുണ്ട്. കയ്യിൽ ഒന്നുമില്ലായിരുന്ന അലിക്ക് ആവശ്യമായതൊക്കെയും തിരുനബി ചെയ്തു കൊടുക്കുകയായിരുന്നു.
പുഷ്കലമായ ദാമ്പത്യത്തിന്റെ അടയാളമാണ് സൗന്ദര്യപ്പിണക്കങ്ങൾ. അത് സ്നേഹത്തെ ശക്തിപ്പെടുത്തുകയും ബന്ധങ്ങളെ സുദൃഡമാക്കുകയും ചെയ്യും. അലി ഫാത്തിമ ദമ്പതികൾക്കിടയിലും അതൊക്കെ ഉണ്ടായിരുന്നു. അത്തരം സന്ദർഭങ്ങളിൽ തിരുനബി കക്ഷി ചേർന്നില്ല; അന്വേഷണങ്ങൾ നടത്തിയില്ല. എന്നാൽ പ്രശ്നങ്ങൾ പരിഹരിച്ചു. ഒരു സംഭവം:
ഒരു ദിവസം ഫാത്തിമയുടെ അടുത്ത് ചെന്നപ്പോൾ അലിയെ കാണാനില്ല.
“അലി എവിടെ?” നബി ചോദിച്ചു.
“ഞങ്ങൾക്കിടയിൽ ചെറിയ ഒരു പ്രശ്നം ഉണ്ടായി എന്നോട് ദേഷ്യം പിടിച്ചു, ഇറങ്ങിപ്പോയി, ഇവിടെ എൻ്റെ കൂടെ വിശ്രമിക്കാൻ കിടന്നിട്ടില്ല.”
അലി എവിടെയാണെന്ന് നോക്കാൻ നബി ഒരാളെ ഏൽപ്പിച്ചു. പള്ളിയിൽ കിടന്നുറങ്ങുകയാണ് അദ്ദേഹമെന്ന് അന്വേഷിച്ച് വിവരം പറഞ്ഞു. നബി അവിടെയെത്തി. ആൾ ചെരിഞ്ഞു കിടക്കുകയാണ്. തോളിലുണ്ടായിരുന്ന മുണ്ട് താഴെ വീണിട്ടുണ്ട്. ശരീരത്തിൽ മണ്ണുപുരണ്ടിട്ടുണ്ട്
നബി അവിടെ ഇരുന്നു, ശരീരത്തിൽ നിന്നും മണ്ണ് മെല്ലെ തട്ടിക്കൊട്ടി. “മണ്ണ് പുരണ്ടവനേ! (അബൂതുറാബ് ) എഴുന്നേൽക്കൂ..” എന്ന് രണ്ട് പ്രാവശ്യം പറഞ്ഞു. അന്നുമുതൽ അബൂതുറാബ് എന്ന ഓമനപ്പേര് അലിക്ക് വീണു.
എന്താണ് പ്രശ്നം എന്ന് നബി ഫാത്തിമയോട് ചോദിച്ചില്ല. അലിയോടും ഒന്നും അന്വേഷിച്ചില്ല. അതിൻറെ ശരാശരികൾ വിശകലനം ചെയ്തില്ല. ആരെയും ശകാരിച്ചില്ല. മരുമകനെ സാന്ത്വനിപ്പിച്ചു, മനസ്സ് സന്തോഷിപ്പിച്ചു, പ്രശ്നം പരിഹരിച്ചു. അങ്ങനെയായിരിക്കണം അമ്മോശൻ.
ഇണകൾ തമ്മിൽ പ്രശ്നമുണ്ടായാൽ ഭർത്താവ് വീട്ടിൽ നിന്ന് കുറച്ചുനേരത്തേക്ക് മാറി നിൽക്കുന്നതും ഭാര്യ സ്വന്തം വീട്ടിലേക്ക് പോകാതെ ഭർതൃവീട്ടിൽ തന്നെ തങ്ങുന്നതും നല്ലതാണെന്ന് ഈ സംഭവത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. ഭർത്താവ് പുറത്തു പോകുന്നത് ദേഷ്യം കൂടാതിരിക്കാനും, അങ്ങനെ ശകാരമോ അടിപിടിയോ ഇല്ലാതിരിക്കാനും നന്നാവും. ഒറ്റക്കിരിക്കുമ്പോൾ വീണ്ടുവിചാരമുണ്ടാകും. ഭാര്യ സ്വന്തം വീട്ടിലേക്ക് പോയാൽ പ്രശ്നം രൂക്ഷമാകും. ഫാത്തിമക്ക് സ്വന്തം വീട്ടിൽ നിന്ന് നബിയുടെ വീട്ടിലേക്ക് ഒരു കിളിവാതിൽ ഉണ്ടായിരുന്നു. ചേർന്നു നിൽക്കുന്ന വീടുകൾ ആയിരുന്നു! എന്നിട്ടും, ഫാത്തിമ ഉപ്പയോട് പോലും പരാതി പറഞ്ഞില്ല! അല്ലെങ്കിലും വൈവാഹിക ജീവിതത്തിൽ കുറച്ചൊക്കെ സൗന്ദര്യപ്പിണക്കങ്ങൾ ഉണ്ടാകണമല്ലോ.
മകളെയും മരുമകനെയും നിസ്കരിക്കാൻ പ്രേരിപ്പിക്കുന്ന രംഗം അലി (റ) വിവരിക്കുന്നുണ്ട്: “അർദ്ധരാത്രി എഴുന്നേറ്റു നിസ്കരിക്കുക സച്ചരിതരുടെ പതിവാണ്. നിസ്കാരത്തിന് മക്കളെ കാണാതിരിക്കുമ്പോൾ തിരുനബിക്ക് ആധിയാകും. അവരുടെ വാതിലിൽ ചെന്ന് മെല്ലെ മുട്ടും. ‘എന്താ നിങ്ങൾ നിസ്കരിക്കുന്നില്ലേ?’ എന്നൊരു ചോദ്യം.
ഞാനൊരിക്കൽ ഇങ്ങനെ മറുപടി പറഞ്ഞു കളഞ്ഞു: ‘നമ്മുടെ ആത്മാവുകൾ അല്ലാഹുവിൻറെ പക്കൽ അല്ലേ? അവൻ ഉദ്ദേശിച്ചാൽ മാത്രമേ എഴുന്നേൽക്കാനാവൂ..’ നബി മറുത്തൊന്നും പറഞ്ഞില്ല.
അവിടുത്തെ തുടയിൽ രണ്ട് കൊട്ട് കൊട്ടി. വിശുദ്ധ ഖുർആനിലെ സൂറത്തുൽ കഹ്ഫിലെ 54-ാം വചനത്തിൻ്റെ അവസാനഭാഗം പാരായണം ചെയ്തുകൊണ്ട് നബി പിന്തിരിഞ്ഞു പോയി. ‘മനുഷ്യൻ വല്ലാത്ത താർക്കികനാണ്’ എന്നാണ് ആ സൂക്തത്തിന്റെ സാരം.”
ഒരിക്കൽ മരുമകൻ അലിക്ക് ഒരു പട്ടുവസ്ത്രം നൽകി. അതും ചുറ്റിപ്പുതച്ച് അലി പുറത്തിറങ്ങി.
ഇത് കണ്ട് നബി പറഞ്ഞു: “അലി, നിനക്ക് ധരിക്കാനല്ല ഞാനത് നൽകിയത് (പട്ട് പുരുഷന്മാർക്ക് നിഷിദ്ധമാണല്ലോ). ഫാത്തിമക്ക് തല മറക്കാനായി അത് നൽകുക.’ കുടുംബത്തിൽ മൂന്നു ഫാത്തിമമാരുണ്ട്. അലിയുടെ ഭാര്യ, അലിയുടെ ഉമ്മ (ഫാത്തിമ ബിൻത് അസദ്, ) എളാപ്പ ഹംസയുടെ മകൾ ഫാത്തിമ.




