‘’വീട് വിൽക്കാനുണ്ട് “
‘’എത്ര വേണം?’”
“രണ്ടായിരം ദീനാർ “
“ആ വീട് ആയിരം ദീനാറിനേ ഉള്ളൂ “
“ശരിയാണ്, പക്ഷേ 2000 കിട്ടിയാലേ കൊടുക്കൂ”
‘അതെന്താ അങ്ങനെ ?’
‘ആയിരം വീടിൻറെ വില. ആയിരം അബ്ദുല്ലാഹിബ്നു മുബാറക്കിന്റെ അയൽപക്കതാണെന്നതിന്റെ വില!’
രണ്ടാം നൂറ്റാണ്ടിലെ വിശ്വവിഖ്യാത പണ്ഡിതനും ആത്മീയ നേതാവും കവിയും കച്ചവടക്കാരനും ഒക്കെയായിരുന്ന അബ്ദുല്ലാഹിബ്നു മുബാറക്കിന്റെ അയൽവാസിയായിരുന്ന ഒരു ജൂതൻ തന്റെ വീട് 2000 ദിനാറിന് വിൽക്കാൻ വെച്ച കഥയാണ് നാം വായിച്ചത്.
ചോദ്യം ഇതാണ്. അബ്ദുല്ലാഹിബ്നു മുബാറക്കിന്റെ അയൽപക്കത്തിന് എന്താണിത്ര വില അയൽവാസിയായി അദ്ദേഹം ഉണ്ടെങ്കിൽ, വീട് പട്ടിണിയാകുമോ എന്ന് ഭയപ്പെടേണ്ടതില്ല’ രോഗിയായാൽ വിഷമിക്കേണ്ടതില്ല, പുറത്തുപോകുമ്പോൾ മോഷ്ടാക്കളെക്കുറിച്ച് ബേജാറാകേണ്ടതില്ല! ഒന്നും പേടിക്കേണ്ടതില്ല!
അയൽവാസിയായി അബ്ദുല്ലാഹിബ്നു മുബാറക്ക് ഉണ്ടാകുമ്പോൾ, എല്ലാം അദ്ദേഹം തന്നെ ചെയ്തുകൊള്ളുമെങ്കിൽ വീടിൻറെ അത്രയും വില ചോദിച്ചതിൽ അത്ഭുതപ്പെടാൻ എന്തുണ്ട്?
അയൽവാസിയിൽ നിന്ന് എന്തെങ്കിലും ശല്യം ഉണ്ടാകുമോ എന്ന് ഇനി ആലോചിക്കേണ്ടത് പോലുമില്ലല്ലോ.
സഹ്ലുത്തുസ്തരിയുടെ കഥ കേട്ടിട്ടുണ്ടോ?
അദ്ദേഹത്തിന് അഗ്നി ആരാധകനായ ഒരു അയൽവാസി ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ വീട്ടിലെ മൂത്രപ്പുരയിൽ നിന്ന് മാലിന്യങ്ങൾ സഹ്ലിൻ്റെ വീട്ടിലെ റൂമിലേക്ക് കിനിഞ്ഞിറങ്ങിയിരുന്നു. ദിനേന ഇത് ഒരു പാത്രത്തിലേക്ക് എടുത്ത് പുറത്തുകൊണ്ടുപോയി ഒഴിവാക്കലായിരുന്നു സഹ്ലിൻ്റെ ഒരു സുപ്രധാന ഏർപ്പാട്. ഇത് സംബന്ധമായി എന്തെങ്കിലും ഒരു പരാതി പോലും അയൽവാസിയോട് പറഞ്ഞില്ല, അദ്ദേഹം അങ്ങനെയൊരു പ്രശ്നം അറിഞ്ഞതുമില്ല.
പിന്നീട് സഹ്ല് രോഗിയായി. റൂം വൃത്തിയാക്കാൻ പറ്റാതായി. അപ്പോൾ അയൽവാസിയെ വിളിച്ചു. വിഷയങ്ങളെല്ലാം ധരിപ്പിച്ചു. കൂട്ടത്തിൽ ഇങ്ങനെ കൂടി പറഞ്ഞു: ഇത് ഞാൻ പറയാൻ ഉദ്ദേശിച്ചതായിരുന്നില്ല. രോഗിയായപ്പോൾ എനിക്ക് വൃത്തിയാക്കാൻ പറ്റാതായി. ഞാൻ ചെയ്തതുപോലെ എൻറെ മക്കൾ ചെയ്യുമോ എന്ന് എനിക്കുറപ്പില്ല. അത് അയൽവാസികൾ തമ്മിലുള്ള പ്രശ്നത്തിന് കാരണമാകുമോ എന്ന് ഞാൻ ഭയപ്പെടുന്നു. അതിനാൽ നിങ്ങൾ ഒരു പരിഹാരം കാണണം. വിശദീകരണം കേട്ട് അയൽവാസിയായ മജൂസി (അഗ്നിആരാധകൻ ) ഞെട്ടിത്തരിച്ചു .
നിങ്ങൾ എന്തുകൊണ്ട് ഈ പ്രശ്നം എന്നോട് മുമ്പേ പറഞ്ഞില്ല! ഇത്രയും കാലം നിങ്ങളെന്നെ സഹിച്ചുവോ? നിങ്ങളെ ഇത്രയും വലിയ സാംസ്കാര സമ്പന്നനാക്കിയ പ്രത്യയശാസ്ത്രത്തിൽ ഇനി ഞാനെന്തിന് കൂടാതിരിക്കണം? ആ മതം ഞാനും സ്വീകരിക്കുന്നു. ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ ജീവിച്ച വിശ്രുത സൂഫി പണ്ഡിതനാണ് സഹ്ലുത്തുസ്തരി. അയൽവാസിക്ക് ഇത്രമേൽ പരിഗണനയും പ്രാധാന്യവും നൽകിയ ആശയപരമായ അടിത്തറ ഏതാണ് ? മുത്ത് നബിയുടെ പാഠങ്ങൾ തന്നെ; തീർച്ച. അയൽവാസികളെ കുറിച്ചുള്ള ചില തിരുവരുളുകൾ ശ്രദ്ധിക്കു:
അബൂശുറൈഹ് അൽ അദ്വി പറയുന്നു:
തിരുനബി പറയുന്നത് എന്റെ രണ്ട് ചെവികൾ കേട്ടിട്ടുണ്ട്, അവിടുന്ന് പറയുന്നത് എന്റെ ഈ രണ്ട് കണ്ണുകൾ കണ്ടിട്ടുണ്ട്: ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ അയൽവാസിയെ ആദരിക്കട്ടേ.
അപ്പോൾ തിരുനബിയോട് ചോദിക്കപ്പെട്ടു: എന്താണ് അയൽവാസിക്കുള്ള അവകാശങ്ങൾ?'
‘നിന്നോട് എന്തെങ്കിലും സഹായം ചോദിച്ചാൽ സഹായിക്കുക, കടം ചോദിച്ചാൽ കടം കൊടുക്കുക. അവന് വല്ല ആവശ്യങ്ങളും ഉണ്ടെങ്കിൽ നിർവഹിച്ചു കൊടുക്കുക, അവൻ രോഗിയായാൽ സന്ദർശിക്കുക, അവന് എന്തെങ്കിലും നന്മ വന്നാൽ അനുമോദിക്കുക, അവൻ എന്തെങ്കിലും വിപത്ത് വന്നാൽ ആശ്വസിപ്പിക്കുക, അവൻ മരിച്ചാൽ അവൻറെ ജനാസ സംസ്കരണത്തിൽ പങ്കെടുക്കുക, അവൻറെ സമ്മതമില്ലാതെ നിൻറെ കെട്ടിടം ഉയർത്തി അവന് കാറ്റ് തടയരുത്നീ, പാചകം ചെയ്യുന്നതിൽ നിന്ന് സ്വൽപ്പം അവന് കൊടുക്കാൻ നീ സന്നദ്ധനല്ലെങ്കിൽ, നിൻ്റെ ചട്ടിയിൽ നിന്ന് വരുന്ന പാചകത്തിന്റെ ഗന്ധം കൊണ്ട് അവനെ നീ ബുദ്ധിമുട്ടിക്കരുത്, നീ പഴം വാങ്ങുകയാണെങ്കിൽ അവനും കൊടുക്കണം. അതിന് നിനക്ക് സൗകര്യമില്ലെങ്കിൽ, രഹസ്യമായി അത് വീട്ടിലേക്ക് കൊണ്ടുപോകുക. അതുമായി നിൻറെ കുട്ടികൾ പുറത്ത് വന്നു അവൻറെ കുട്ടിക്ക് പ്രയാസം ഉണ്ടാക്കരുത്.”
എത്ര മനോഹരമായ നിർദ്ദേശങ്ങൾ! അയൽവാസിയുടെ അവകാശങ്ങളെ കുറിച്ച് ഇത്രയും വിശദവും കൃത്യവുമായി പറഞ്ഞ ആരെങ്കിലും ചരിത്രത്തിൽ കഴിഞ്ഞുപോയിട്ടുണ്ടോ? മാനവികതയുടെ ഭാഗമായിട്ട് മാത്രമല്ല മതത്തിന്റെ അവിഭാജ്യ ഘടകമായി അയൽവാസിയെ ആദരിക്കുന്നതിനെ ഇസ്ലാം എണ്ണി. "ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ അയൽവാസിയെ ആദരിക്കട്ടെ'' എന്ന് തിരു നബി പ്രസ്താവിച്ചു. ഒരിക്കൽ അവിടുന്ന് പറഞ്ഞു:
"അവൻ സത്യവിശ്വാസിയല്ല, അവൻ സത്യവിശ്വാസിയല്ല, അവൻ സത്യവിശ്വാസിയല്ല!" അനുചരർ ചോദിച്ചു: ''ആരെക്കുറിച്ചാണ് പറയുന്നത്?''
''തന്റെ ശല്യങ്ങളിൽ നിന്ന് അയൽവാസി നിർഭയനല്ലെങ്കിൽ, അയാൾ സത്യവിശ്വാസിയല്ല." നിൻ്റെ അയൽവാസിക്ക് നിന്നെ ഭയമാണന്ന് സങ്കൽപ്പിക്കുക.
നിനക്കെതിരെ കേസ് കൊടുക്കുമോ?'
അയാളുടെ മാലിന്യങ്ങൾ നിൻ്റെ പറമ്പിൽ തള്ളുമോ? അയാളുടെ വളർത്തുമൃഗത്തെ കയറൂരി വിട്ട് നിൻ്റെ കൃഷി നശിപ്പിക്കുമോ? ഈ ജാതി ഭയങ്ങൾ!
എന്നാൽ നീ പരിപൂർണ്ണനായ സത്യവിശ്വാസി ആയിട്ടില്ല എന്നാണ് തിരുവചനത്തിന്റെ അർത്ഥം. അത്തരക്കാർ സ്വർഗ്ഗത്തിൽ കടക്കുകയില്ല എന്നുതന്നെ മറ്റൊരു നിവേദനത്തിൽ വന്നിട്ടുണ്ട്.
ഒരു തെറ്റ് അയൽവാസിയോട് ചെയ്യുമ്പോൾ മറ്റുള്ളവരോട് ചെയ്യുന്നതിനേക്കാൾ കടുപ്പം കൂടും. ഇതും തിരുമൊഴിയിൽ വന്നതാണ്. ഒരിക്കൽ നബി അനുചരരോട് ചോദിച്ചു:
"വ്യഭിചാരത്തെക്കുറിച്ച് എന്താണ് അഭിപ്രായം?"
അവർ പറഞ്ഞു: "അല്ലാഹുവും റസൂലും അത് നിഷിദ്ധമാക്കിയിട്ടുണ്ട്. അന്ത്യനാൾ വരെ അത് നിഷിദ്ധമാണ്."
അപ്പോൾ തിരുനബി പറഞ്ഞു: "പത്ത് സ്ത്രീകളെ വ്യഭിചരിക്കുന്നതിനേക്കാൾ വലിയ തിന്മയാണ് തൻറെ അയൽക്കാരന്റെ ഭാര്യയുമായി കിടപ്പറ പങ്കിടുന്നത്."
"മോഷണത്തെക്കുറിച്ച് നിങ്ങൾ എന്തു പറയുന്നു?" അവിടുന്ന് വീണ്ടും ചോദിച്ചു.
"അല്ലാഹുവും റസൂലും അത് നിഷിദ്ധമാക്കിയിരിക്കുന്നു."
"ഒരാൾ പത്തു വീട്ടിൽ നിന്ന് മോഷ്ടിക്കുന്നതിനേക്കാൾ ഗുരുതരമാണ് തന്റെ അയൽവാസിയിൽ നിന്ന് വല്ലതും മോഷ്ടിക്കൽ!" തിരുനബി കൂട്ടിച്ചേർത്തു."
അയൽവാസിയുടെ ശല്യത്തെക്കുറിച്ച് പരാതി പറഞ്ഞ ഒരാൾക്ക് തിരുനബി നൽകിയ പ്രായോഗികമായ ഒരു പരിഹാരം ശ്രദ്ധേയമാണ്.
രണ്ടുമൂന്നു പ്രാവശ്യം അദ്ദേഹം പരാതി പറഞ്ഞപ്പോഴൊക്കെയും ‘പോകൂ ! ക്ഷമിക്കൂ ‘ എന്ന് മാത്രമാണ് നബി പറഞ്ഞത്. വീണ്ടും അതേ പരാതിയുമായി വന്നപ്പോൾ, “നിന്റെ കൈവശമുള്ള വസ്തുക്കളല്ലാം വഴിയിൽ ഉപേക്ഷിച്ചിടൂ” എന്ന് പറഞ്ഞു. അയാൾ അങ്ങനെ ചെയ്തു. വഴിയിൽ ഉപേക്ഷിക്കപ്പെട്ട വിഭവങ്ങൾക്ക് സമീപത്ത് അയാൾ നിന്നു.
വഴിയിലൂടെ പോകുന്നവരെല്ലാം അദ്ദേഹത്തോട് ഇതേക്കുറിച്ച് അന്വേഷിക്കുന്നു, ആളുകളൊക്കെ അതിന് കാരണക്കാരനായ വ്യക്തിയെ ശപിച്ചുകൊണ്ടിരിക്കുന്നു.
അപ്പോഴേക്കും അയൽവാസിയായ മനുഷ്യൻ തിരുനബിയുടെ അടുക്കൽ പരാതിയുമായി വന്നു.
ജനങ്ങൾ തന്നെ ശപിക്കുന്നുണ്ട് എന്നായിരുന്നു അദ്ദേഹത്തിൻറെ പരാതി.
"ജനങ്ങൾ ശപിക്കുന്നതിന് മുമ്പ് അല്ലാഹു തന്നെ നിന്നെ ശപിച്ചിട്ടുണ്ട്” എന്നായിരുന്നു തിരുനബിയുടെ പ്രതികരണം.
അയൽവാസിയുടെ കാര്യത്തിൽ ഇത്രയും ഗൗരവത്തിൽ തിരുനബി പറയാൻ എന്തെങ്കിലും കാരണമുണ്ടോ?
ഉണ്ട്, അത് അല്ലാഹുവിൻറെ നിർദേശമാണ്. “തിരുനബി പറയുന്നതൊക്കെയും അല്ലാഹുവിന്റെ നിർദ്ദേശങ്ങൾ തന്നെയാണല്ലോ.
ഒരു അൻസാരി യുവാവ് പറയുന്നു: “തിരുനബി തങ്ങളെ കാണാൻ വേണ്ടി ഞാൻ വീട്ടിൽനിന്ന് ഇറങ്ങി. അപ്പോൾ അതാ തിരുനബി നിൽക്കുന്നു; അഭിമുഖമായി മറ്റൊരാളും ഉണ്ട്.
അയാൾ എന്തോ ആവശ്യം പറയാൻ വേണ്ടി വന്നതാകുമെന്ന് ഞാൻ കരുതി. ആ നിൽപ്പ് ഒരുപാട് നീണ്ടു. അതുകണ്ട് എനിക്ക് വല്ലാത്ത വേദന തോന്നി.
ആഗതൻ പോയപ്പോൾ ഞാൻ തിരുനബിയുടെ അടുക്കലേക്ക് ചെന്ന് പറഞ്ഞു:
'അല്ലാഹുവിൻറെ ദൂതരേ, എത്ര സമയമാണ് അദ്ദേഹം നിങ്ങളെ നിർത്തിയത്! സമയദൈർഘ്യം കാരണം എനിക്ക് വല്ലാത്ത വേദന തോന്നി.'
‘നീ അയാളെ കണ്ടോ?’ തിരുനബി ചോദിച്ചു.
‘അതെ’,
‘അത് ആരാണെന്ന് അറിയുമോ?’
‘ഇല്ല!’,
‘അതാണ് ജിബ്രീൽ എന്ന മാലാഖ!’ “ജിബ്രീൽ അയൽവാസിയുടെ കാര്യത്തിൽ എന്നോട് ഉപദേശിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. അയൽവാസി സമ്പത്തിൽ അനന്തരം എടുക്കുമോ എന്ന് പോലും എനിക്ക് തോന്നിപ്പോയി”.
അയൽവാസിയെ ബുദ്ധിമുട്ടിച്ച് എത്ര നിസ്കരിച്ചിട്ടോ നോമ്പെടുത്തിട്ടോ മറ്റു ആരാധനാക്രമങ്ങൾ ചെയ്തിട്ടോ കാര്യമില്ല എന്നാണ് മതത്തിൻറെ പക്ഷം.
ധാരാളം ആരാധനാകർമ്മങ്ങൾ അനുഷ്ഠിക്കുന്ന ദാനധർമ്മങ്ങൾ നൽകുന്ന എന്നാൽ നാവുകൊണ്ട് അയൽവാസികളെ ബുദ്ധിമുട്ടിക്കുന്ന ഒരു സ്ത്രീയെക്കുറിച്ച് നബിയോട് പറഞ്ഞപ്പോൾ ‘അവൾ നരകത്തിലാണ്’ എന്ന് അവിടുന്ന് പറയുകയുണ്ടായി.
എന്നാൽ ആരാധനാകർമങ്ങളിലും ദാനധർമ്മങ്ങളിലുമൊക്കെ താരതമ്യേന കുറവാണെങ്കിലും അയൽവാസികളെ പ്രയാസപ്പെടുത്താത്ത ഒരു സ്ത്രീയെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ ‘അവൾ സ്വർഗ്ഗത്തിലാണെ’ന്നും അവിടുന്ന് അരുളുകയുണ്ടായി.
ആരാണ് അയൽവാസി?
നമ്മുടെ വീടിൻറെ എല്ലാ ദിശകളിലേക്കുള്ള നാല്പത് വീട്ടുകാർ അയൽവാസികൾ ആണെന്നാണ് ഇമാം ശാഫിയും ഇമാം ഹംബലിയും അഭിപ്രായപ്പെടുന്നത്. അയൽവാസിക്ക് ആരെങ്കിലും എന്തെങ്കിലും ഒസ്യത്ത് ചെയ്താൽ നാല് ദിശകളിലേക്കുമുള്ള നാല്പത് വീടുകളിൽ ആർക്കെങ്കിലും കൊടുത്താൽ മതി എന്നാണ് ശാഫിഈ കർമ്മ സരണി. അതിന് അവർ തെളിവായി ഉദ്ധരിക്കുന്നത്: ‘അയൽവാസിയുടെ അവകാശം നാല്പത് വീടുകൾക്കാണ്’ നാല് ഭാഗത്തേക്കും ചൂണ്ടി തിരുനബി പറഞ്ഞു എന്ന തിരുവചനമാണ്. ബാങ്ക് വിളിച്ചാൽ കേൾക്കുന്ന ദൂരത്തിലുള്ളവരെല്ലാം അയൽവാസികളാണെന്ന് പറഞ്ഞവരും വീടിൻറെ തൊട്ടടുത്തെ പരിസരവാസികൾ മാത്രമാണെന്ന് പറഞ്ഞവരുമുണ്ട്.
അയൽവാസിക്ക് വർണ-വർഗ-ലിംഗ-ജാതി-മത ഭേദങ്ങളില്ല. ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി പറയുന്നു: "വിശ്വാസിയും അവിശ്വാസിയും, സാത്വികനും ദുഷ്ടനും,
സുഹൃത്തും ശത്രുവും, (നമ്മുടെ തൊട്ടടുത്ത് താമസമാക്കിയ) വിദേശിയും സ്വദേശിയും, ബന്ധുവും അന്യനും, ഉപകാരിയും ഉപദ്രവകാരിയും, അടുത്ത വീട്ടുകാരനും അകന്ന വീട്ടുകാരനും, എല്ലാം അയൽവാസികൾ തന്നെയാണ്."
പക്ഷേ, ചിലർക്ക് പദവി കൂടും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഉദാഹരണത്തിന്, ബന്ധുവായ അയൽവാസിക്ക് അയൽവാസി എന്ന അവകാശം മാത്രമല്ല, ബന്ധുത്വത്തിന്റെ അവകാശവും കൂടിയുണ്ടാകും. അദ്ദേഹം മുസ്ലിം കൂടി ആണെങ്കിൽ, മുസ്ലിമീങ്ങൾ തമ്മിലുള്ള പരസ്പര അവകാശവും അദ്ദേഹത്തിനുണ്ടാകും.
ഇതൊക്കെ കേവലം തത്ത്വങ്ങളായി പറഞ്ഞുപോയതല്ല; മറിച്ച്, അതിനെ ജീവിതത്തിലേക്ക് ആവിഷ്കരിക്കാൻ അക്കാലം മുതൽ ഇക്കാലം വരെ ആളുകൾ ഉണ്ടായിരുന്നു. അവിടുത്തെ അക്ഷരംപ്രതി അനുസരിക്കുന്ന ലക്ഷക്കണക്കിന് അനുയായികൾ ഇപ്പോഴുമുണ്ടല്ലോ.
തുടക്കത്തിൽ പറഞ്ഞ രണ്ട് സംഭവങ്ങൾ അതിൻറെ രണ്ടും മൂന്നും നൂറ്റാണ്ടിലെ സാക്ഷ്യങ്ങളാണ്. ഒന്നാം നൂറ്റാണ്ടിൽ അനുഭവങ്ങൾ കൂടുതലായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഒരിക്കൽ അബ്ദുല്ലാഹിബിന് ഉമറിൻ്റെ വീട്ടിൽ ഒരു ആടിനെ അറുത്തു. വീട്ടിൽ വന്നപ്പോൾ അദ്ദേഹം ആദ്യമായി സഗൗരവം തൻറെ കുടുംബത്തോട് ചോദിച്ചത് എന്താണെന്നോ? നമ്മുടെ യഹൂദിയായ അയൽവാസിക്ക് ആട് കൊടുത്തില്ലേ? മുത്ത് നബി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: ''അയൽവാസിയുടെ കാര്യത്തിൽ ജിബ്രീൽ എന്നെ ഉപദേശിച്ചു കൊണ്ടേയിരുന്നു; അയൽവാസിക്ക് അനന്തരം കൊടുക്കുമോ എന്ന് ഞാൻകരുതുവോളം”
ചെറുതെങ്കിലും അയൽവാസിക്ക് കൊടുക്കണം, അയൽവാസി തന്നാൽ സ്വീകരിക്കണം. ഒന്നിനെയും നിസ്സാരമായി കാണരുത്. ഒരിക്കൽ തിരുനബി പറഞ്ഞു ‘മുസ്ലിം സ്ത്രീകളേ! ഒരു അയൽവാസിനിയും തന്റെ അയൽവാസിനിക്ക് ഒരു കാര്യവും ചെറുതായി കാണരുത്; ഒരാടിൻറെ കുളമ്പാണ് നല്ലതെങ്കിൽ പോലും.’
ഉപ്പും മുളകും തീയും സൂചിയും നൂലുമൊക്കെ ചിലപ്പോൾ അങ്ങോട്ടുമിങ്ങോട്ടും കൊടുക്കേണ്ടിവരും. ഒരു അയൽവാസി നൽകുന്നത് കുറവാണെന്നതോ നിസ്സാരമാണെന്നതോ പ്രശ്ന വൽക്കരിക്കരുത്. പ്രത്യേകിച്ചും ഭക്ഷണസാധനങ്ങൾ, സവിശേഷമായ എന്തുണ്ടാക്കിയാലും അയൽവാസിക്ക് കൂടി പങ്കുവെക്കുന്നത് വളരെ നല്ല ശീലമാണ്. മുത്ത് നബി പറഞ്ഞു:
‘അബൂദർ, നീ കറി ഉണ്ടാക്കിയാൽ സ്വല്പം വെള്ളം കൂട്ടിയിട്ടെങ്കിലും നിൻറെ അയൽവാസിയെ കൂടി പരിഗണിക്കുക’
ആവശ്യമുള്ളതിലേറെ ഉണ്ടാക്കുകയും അയൽവാസിയെ കുറിച്ച് ചിന്തിക്കുകയോ ആലോചിക്കുകയോ ചെയ്യാതെ എല്ലാം വേസ്റ്റ് ബോക്സിൽ തട്ടുകയും ചെയ്യുന്ന പുതിയ കാലത്ത് തിരുനബിയുടെ ഈ ഹദീസ് നക്ഷത്ര ശോഭയോടെ തിളങ്ങുന്നു.
‘അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറക്കുന്നവൻ എന്നിൽ വിശ്വസിച്ചിട്ടില്ല (ത്വബ്റാനി ഹന 781).
ഒരാൾ അയൽവാസിയോടുള്ള കടമ വീട്ടിയിട്ടുണ്ടെന്നറിയാൻ വല്ല മാർഗവും ഉണ്ടോ? നബിയോട് ഇങ്ങനെ ഒരു ചോദ്യം ഇബ്ൻ മസ്ഊദ് ചോദിച്ചു:
നമ്മുടെ അയൽവാസി നമ്മെക്കുറിച്ച് നല്ലത് പറയുന്നുവെങ്കിൽ നമ്മൾ നല്ല അയൽവാസി ആണെന്നും മോശം പറയുന്നുവെങ്കിൽ മോശമായ അയൽവാസി ആണെന്നും മനസ്സിലാക്കാം എന്നായിരുന്നു മറുപടി.
ഒരാൾക്ക് തൻ്റെ അയൽവാസിയിൽ നിന്നും അയാൾക്ക് വലിയ പരിക്ക് പറ്റാത്തതും ഇയാൾക്ക് വലിയ ഉപകാരപ്പെടുന്നതുമായ പല ആവശ്യങ്ങളും ഉണ്ടാകും. കല്യാണം ഉണ്ടാവുമ്പോൾ അടുത്ത വീട്ടിൽ പന്തലിടുക,, അടുപ്പുണ്ടാക്കുക, കയറ് നമ്മുടെ തെങ്ങിലേക്ക് വലിച്ച് കെട്ടുക, ഒരു ആണി നമ്മുടെ ചുമരിൽ തറക്കുക വാട്ടർ പൈപ്പ് / സർവ്വീസ് വയറ് നമ്മുടെ വായുവിലൂടെ കൊണ്ടുപോകുക എന്നിവ ഉദാഹരണം. ഇത്തരം സന്ദർഭത്തിൽ എന്തു ചെയ്യണം? അതിനും തിരുനബി മറുപടി പറഞ്ഞിട്ടുണ്ട്!
അബൂഹുറൈറ ഉദ്ധരിക്കുന്നു: തിരുനബി പറഞ്ഞു:
നിങ്ങളുടെ അയൽവാസി അവൻറെ ഒരു കമ്പ് നിങ്ങളുടെ ചുമരിൽ തറക്കാൻ സമ്മതം ചോദിച്ചാൽ അവരെ തടയരുത്.
ഈ ഹദീസ് അബൂഹുറൈറ സ്വഹാബികളോട് പറഞ്ഞപ്പോൾ അവരെല്ലാവരും തലകുനിച്ചിരുന്നു. ഇതുകണ്ട് അബൂഹുറൈറ പ്രകോപിതനായി.
അവിടുന്ന് പറഞ്ഞു: ‘എന്താണ് നിങ്ങൾ മുഖം തിരിക്കുന്നത്? നിങ്ങളുടെ തോളിലേക്ക് ഇത് ഞാൻ എറിഞ്ഞു തരും തീർച്ച!’
കുറച്ചുകൂടി വിശാലമായി ചിന്തിച്ചാൽ വീടുകൾ മാത്രമല്ല ഗ്രാമങ്ങളും നഗരങ്ങളും ജില്ലകളും സംസ്ഥാനങ്ങളും രാജ്യങ്ങളും അയൽപക്കങ്ങൾ ഉള്ളവരാണ്. ഇന്ത്യയുടെ അയൽവാസിയാണ് പാക്കിസ്ഥാൻ. കേരളത്തിൻറെ അയൽവാസിയാണ് കർണാടക. അയൽവാസികൾ തമ്മിൽ നല്ല ബന്ധം ഉണ്ടാവുക എന്നത് അനിവാര്യമാണ്. അയൽനാട്ടിൽ നിന്ന് തനിക്ക് ഒരു ആക്രമണം ഉണ്ടാവുകയില്ല എന്ന നിർഭയത്വം ഏതു നാടിനെ കുറിച്ചാണോ ഒരു നാടിനുള്ളത് അവരാണ് നല്ല അയൽ രാജ്യം എന്ന് നമുക്ക് മേൽ ഹദീസിൻ്റെ വെളിച്ചത്തിൽ മനസ്സിലാക്കാം.
ഇതൊക്കെ ലോകത്ത് പാലിക്കപ്പെടുകയാണെങ്കിൽ പിന്നെ അശാന്തി എന്ന ഒരു അവസ്ഥ തന്നെ ഉണ്ടാകുമോ? അയൽവാസിക്ക് അവകാശത്തിന് വേണ്ടി ഇത്രയധികം ഒച്ചവച്ച നബിയെ സലാം!




