“ബിലാൽ, ഈ മാസം കഴിയാൻ എത്ര ദിവസം മാത്രമാണ് ബാക്കിയുള്ളതെന്നറിയുമോ?”
“കുറച്ചേ ഉള്ളൂ.”
“വെറും നാല് ദിവസം മാത്രം! അപ്പോഴേക്കും എനിക്ക് തരാനുള്ള പണം തന്നിട്ടില്ലെങ്കിൽ നിന്നെ ഞാൻ പിടികൂടും. നിന്നോടുള്ള ആദരവ് കൊണ്ടാണ് നിനക്ക് പണം തന്നതെന്ന് നീ വിചാരിച്ചോ? ഒരിക്കലുമല്ല! നിന്നെയോ മുഹമ്മദിനെയോ കണ്ടിട്ട് തന്നതല്ല. നിന്നെ എനിക്ക് അടിമയാക്കണം. എൻറെ ആടുകളെ നീ മേയണം. അതായിരുന്നല്ലോ ഒരുകാലത്ത് നിനക്ക് പണി. അതിനായി ഞാനെടുത്തൊരു തന്ത്രമാണത്. ഹും!” ബിലാലിനെ പരുഷമായി നോക്കി അയാൾ അലറി.
സംഭവം ഇതാണ്. തിരുനബിയുടെ സാമ്പത്തിക കാര്യങ്ങളൊക്കെ ക്രയവിക്രയം ചെയ്തിരുന്നത് അനുചരനായ ബിലാൽ ആയിരുന്നു. അദ്ദേഹം പറയുന്നു: “തിരുനബിക്ക് പ്രവാചകത്വം കിട്ടിയതു മുതൽ വഫാത്താകുന്നതുവരെ അവിടുത്തെ സാമ്പത്തിക കാര്യങ്ങളെല്ലാം ഏറ്റെടുത്തു നടത്തിയിരുന്നത് ഞാനാണ്. ഏതൊരു മനുഷ്യനും മുസ്ലിമായി അവിടുത്തെ അടുക്കൽ വന്നാലും അയാൾക്ക് ആവശ്യമുള്ളതെല്ലാം ചെയ്തുകൊടുക്കാൻ എന്നെ നബി ഏൽപ്പിക്കും. ചിലർക്ക് മാന്യമായ വസ്ത്രം ഉണ്ടായിരിക്കില്ല, ഭക്ഷണം ഇല്ലാത്തവരും ഉണ്ടാകും. അവർക്ക് ആവശ്യമുള്ള ഭക്ഷണവും വസ്ത്രവും എല്ലാം ഞാൻ വാങ്ങിച്ചു കൊടുക്കും. അതിനാവശ്യമുള്ള പണം ഞാൻ കടം വാങ്ങും. അങ്ങനെയായിരുന്നു നബി എന്നോട് കൽപ്പിച്ചിരുന്നത്.
ഒരിക്കൽ ഒരു അവിശ്വാസിയായ മനുഷ്യൻ എന്നോട് പറഞ്ഞു: ‘നീ എന്തിനാണ് ഇങ്ങനെ എല്ലാവരോടും കടം ചോദിച്ചു പ്രയാസപ്പെടുന്നത്? എൻറെ കയ്യിൽ ആവശ്യമായ പണമുണ്ട്. എത്ര വേണമെങ്കിലും എന്നോട് ചോദിച്ചോളൂ, ഞാൻ കടം തരാം.’ എനിക്ക് സുഖമായി. പലരോടും ചോദിക്കേണ്ടതില്ലല്ലോ. ഞാൻ ആവശ്യമുള്ളപ്പോൾ എല്ലാം അദ്ദേഹത്തിൽ നിന്ന് കടം വാങ്ങി. ദിവസങ്ങൾ കഴിഞ്ഞു. ഒരു ദിവസം അംഗസ്നാനം ചെയ്തു ബാങ്ക് വിളിക്കാൻ വേണ്ടി ഞാൻ എഴുന്നേറ്റ് നിന്നതാണ്. ഒരുകൂട്ടം കച്ചവടക്കാരെയും കൂട്ടി അയാൾ എൻറെ പിന്നാലെ വന്നിരിക്കുന്നു. എന്നെ കണ്ടതും ‘എടാ ഹബ്ശി’ എന്ന് വിളിച്ചു. ഞാൻ വിളിക്കുത്തരം നൽകി! അപ്പോൾ അയാൾ എൻ്റെ നേരെ രൂക്ഷമായി നോക്കിയിട്ട് പറഞ്ഞ വാക്കുകളാണ് മുകളിൽ.
അടിമത്തത്തിന്റെ തീ ചൂളയിൽ നിന്ന് രക്ഷപ്പെട്ട് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കുന്ന ഘട്ടത്തിലാണ് അടിമത്ത ഭീഷണിയുമായി ഒരാൾ വന്നിരിക്കുന്നത്! അയാൾ ബോധപൂർവ്വം കെണി ഒരുക്കിയതാണ്. ഇത്തരം ഘട്ടത്തിൽ ഒരു മനുഷ്യന് ഉണ്ടാകാനിടയുള്ള മാനസിക സമ്മർദ്ദം എനിക്കും അനുഭവപ്പെട്ടു. ഇശാ നിസ്കാരം കഴിഞ്ഞ് തിരുനബി വീട്ടിലേക്ക് പോയി. ഞാൻ നബിയുടെ വീട്ടിൽ ചെന്നു.
‘തിരുനബിയേ! എനിക്ക് പണം കടം തന്നിരുന്ന ഒരു ബഹുദൈവവിശ്വാസി ഉണ്ടായിരുന്നു. അവനെന്നെ ഭീഷണിപ്പെടുത്തിയിരിക്കുന്നു. തങ്ങളുടെ കയ്യിൽ പണമില്ല എന്ന് എനിക്കറിയാം. എന്റെ കയ്യിലും ഇല്ല. അവനാണെങ്കിൽ എന്നെ വഷളാക്കുന്നു. മുസ്ലികളായ നല്ല മനുഷ്യരുള്ള തെരുവുകളിൽ ഞാനൊന്നു പോയി നോക്കട്ടെ. തിരുനബിക്ക് കടം വീട്ടാൻ ആവശ്യമായ ധനം അല്ലാഹു എങ്ങനെയെങ്കിലും സാധിപ്പിച്ചു തന്നേക്കാം.’
അതിരാവിലെ തന്നെ പുറപ്പെടാൻ ഉറച്ച് ഞാൻ നേരെ വീട്ടിലെത്തി. എൻറെ വാളും പരിചയും തോൽപാത്രവും ചെരുപ്പും തലപുറത്തു വെച്ച് ഞാൻ കിടന്നു. ഉറക്കം വരുന്നില്ല. ഒന്നുറങ്ങും; ഉടനെ ഉണരും. അപ്പോഴും കനത്ത രാത്രി തന്നെയായിരിക്കും. വീണ്ടും ഉറങ്ങും, പെട്ടെന്ന് തന്നെ ഉണരും. രാത്രി എന്റെ മുമ്പിൽ നീണ്ടുകിടക്കുന്നുണ്ടാവും. അങ്ങനെ ഉറങ്ങിയും ഉണർന്നും ഞാൻ കഴിച്ചു കൂട്ടി. സമയം സുബഹിയോട് അടുത്തപ്പോൾ ഞാൻ ഇറങ്ങി. അപ്പോഴതാ ഒരാൾ എൻറെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നു.
“ബിലാൽ, മുത്ത്നബി വിളിക്കുന്നു വേഗം ചെല്ലൂ” ഞാൻ തിരിച്ചു നടന്നു.
തിരുനബിയുടെ സന്നിധിയിൽ എത്തി. അപ്പോഴതാ 4 ഒട്ടകങ്ങൾ അവിടെ മുട്ടുകുത്തിയിരിക്കുന്നു! നാലിന്റെയും പുറത്ത് അവയ്ക്ക് വഹിക്കാവുന്ന പരമാവധി സാധനങ്ങൾ ഉണ്ട്. ഞാൻ സമ്മതം ചോദിച്ചു അകത്തു കടന്നു. ‘ബിലാൽ സന്തോഷിച്ചു കൊള്ളുക! കടം വീട്ടാനുള്ള സാധനങ്ങളൊക്കെ റെഡിയാണ്. അല്ലാഹു അത് എത്തിച്ചു തന്നിരിക്കുന്നു.’ ഞാൻ അല്ലാഹുവിനെ സ്തുതിച്ചു. ‘കണ്ടില്ലേ, നാല് ഒട്ടകങ്ങൾ? ആ ഒട്ടകങ്ങളും അവക്ക് മുകളിലുള്ളതും നിനക്കുള്ളതാണ്. അവ നിറയെ ഭക്ഷണങ്ങളും വസ്ത്രങ്ങളുമാണ്. ഫദക്കിലെ ഭരണാധികാരി എനിക്ക് കൊടുത്തയച്ചതാണ്. അതുകൊണ്ടു മുഴുവൻ കടങ്ങളും വീട്ടി ക്കൊള്ളുക.’ ഞാൻ ചെന്ന് ഒട്ടകപ്പുറത്ത് ഉണ്ടായിരുന്ന എല്ലാ ചുമടുകളും ഇറക്കിവെച്ചു. ഒട്ടകങ്ങളെ കെട്ടിയിട്ടു സുബഹി ബാങ്ക് വിളിക്കാൻ പോയി. നിസ്കാരം കഴിഞ്ഞപ്പോൾ ഞാൻ ബഖീഇലേക്ക് പുറപ്പെട്ടു. വിരലുകൾ ചെവിയിൽ തിരുകി ഞാൻ ഉറക്കെ വിളിച്ചുപറഞ്ഞു:
‘നബി ആർക്കെങ്കിലും കടം വീട്ടാൻ ഉണ്ടെങ്കിൽ ഉടൻ വരിക.’ അങ്ങനെ, ഞാൻ ആ സാധനസാമഗ്രികൾ പ്രദർശിപ്പിക്കാനും വിൽക്കാനും തുടങ്ങി. കിട്ടുന്ന പണം കൊണ്ട് കടം വീട്ടാനാരംഭിച്ചു. എല്ലാ കടങ്ങളും വീട്ടിക്കഴിഞ്ഞു. ഇനിയും ഒന്നര അല്ലെങ്കിൽ രണ്ട് ഊഖിയ സാധനങ്ങൾ (ഒരു അളവ്) ബാക്കിയുണ്ട്. ഞാൻ പള്ളിയിലേക്ക് വന്നു. പകലിന്റെ വലിയ സമയം കഴിഞ്ഞു പോയിട്ടുണ്ട്. പള്ളിയിൽ തിരുനബി ഒറ്റക്കിരിക്കുകയാണ്. ഞാൻ സലാം ചൊല്ലി.
‘എന്തൊക്കെയുണ്ടായി?’ നബി അന്വേഷിച്ചു.
‘തിരുനബിക്ക് മേൽ ബാധ്യതയായിരുന്ന എല്ലാ കടങ്ങളും വീട്ടിക്കഴിഞ്ഞു. ഇനി ഒന്നും ബാക്കിയില്ല.’
‘സാധനങ്ങൾ വല്ലതും മിച്ചമുണ്ടോ?’
‘അതെ’
‘എന്നാൽ നീ അതും കൂടി കൊടുത്ത് തീർക്കണം. ഞാൻ വീട്ടിലേക്ക് പോകുമ്പോഴേക്കും ഒന്നും ബാക്കി ഉണ്ടാകരുത്. എങ്കിലേ എനിക്ക് സമാധാനമാവു..’ വൈകുന്നേരമായിട്ടും ആരും ഒരു ആവശ്യവും പറഞ്ഞു വന്നില്ല. ഇശാ നിസ്കാരം കഴിഞ്ഞു. നബി ചോദിച്ചു:
‘ഇനി എന്തൊക്കെയുണ്ട്?’
‘നേരത്തെ ഉണ്ടായിരുന്ന ആ സാധനങ്ങൾ എൻറെ കയ്യിൽ ഉണ്ട്. ആരും ഇതുവരെ വന്നിട്ടില്ല.’
നബി വീട്ടിലേക്ക് പോയില്ല പള്ളിയിൽ രാപാർത്തു. രണ്ടാം ദിവസമായി. അന്ന് വൈകുന്നേരമാകുമ്പോൾ രണ്ടാളുകൾ വരുന്നു. പാവങ്ങൾ! അവർക്ക് ആവശ്യമുള്ള ഭക്ഷണവും വസ്ത്രവും ഞാൻ നൽകി. ഇശാ നിസ്കാരം കഴിഞ്ഞപ്പോൾ നബി എന്നെ വിളിച്ചു.
‘എന്താണ് വിശേഷം?’
‘നിങ്ങളെ അല്ലാഹു ആശ്വാസപ്പെടുത്തിയിരിക്കുന്നു നബിയേ..’ (എല്ലാം കൊടുത്തു തീർന്നിരിക്കുന്നു എന്നർത്ഥം). ഇത് കേട്ട ഉടനെ തിരുനബി അല്ലാഹുവിനെ മഹത്വപ്പെടുത്തി അവന് സ്തുതികൾ പറഞ്ഞു.”
വിഭവങ്ങൾ കയ്യിലിരിക്കെ മരിച്ചുപോകുമോ എന്ന ഭയമുണ്ടായിരുന്നു നബിക്ക്. കൊടുത്തുതീർന്നപ്പോൾ ഉള്ള സമാധാനം കൊണ്ടാണ് തക്ബീർ മുഴക്കിയതും അല്ലാഹുവിനെ സ്തുതിച്ചതും. പിന്നീട് നബി ഓരോ ഭാര്യമാരുടെയും വീട്ടിൽ ചെന്ന് എല്ലാവർക്കും സലാം ചൊല്ലി. കിടക്കാനുള്ളിടത്ത് കിടന്നു. നബിയുടെ സാമ്പത്തിക ക്രിയ വിക്രയങ്ങൾ ഇങ്ങനെയൊക്കെയായിരുന്നു.
അനുചരരോടുള്ള നബിയുടെ പെരുമാറ്റ രീതികളെ കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യുന്നത്. ബിലാൽ അവരിൽ ഒഴിവാക്കാനാവാത്ത വ്യക്തിത്വമാണ്. അവർണ്ണനും അധകൃതനും അടിമയും പീഡിതനുമായിരുന്ന ബിലാലിനെ ആഗോള മുസ്ലീങ്ങളുടെ കേന്ദ്രമായ കഅ്ബയിൽ കയറ്റി ബാങ്ക് വിളിപ്പിച്ചു നബി. സാമൂഹിക അസമത്വങ്ങളുടെയും അധിനിവേശങ്ങളുടെയും അടിവേരറുക്കുന്ന വിപ്ലവത്തിന്റെ പ്രഘോഷണമാണ് ബാങ്കിലെ ആദ്യ വചനങ്ങൾ തന്നെ. അല്ലാഹുവാണ് വലിയവൻ എന്നാൽ മറ്റുള്ളവയല്ലാം ചെറുത് എന്നാണർത്ഥം. വലുപ്പങ്ങളെ നിർണയിച്ചിരുന്ന സമൂഹിക മാപിനികളെ ഗളഛേദം ചെയ്ത പ്രഖ്യാപനമായിരുന്നു അത്.
അസ്പൃശ്യനായ ബിലാലിനെ നബി ചേർത്ത് നിർത്തി. തൻ്റെ ധന്യകാര്യങ്ങളുടെ ഉത്തരവാദിത്തം ഏൽപ്പിച്ച് പ്രൈവറ്റ് സെക്രട്ടറി ആക്കി ഉയർത്തി. ബിലാലിൻ്റെ പണിയെന്തായിരുന്നു? പാവങ്ങളെ സഹായിക്കൽ തന്നെ. അതിന് പണമില്ലങ്കിൽ കടം വാങ്ങുക. വെളിച്ചം പരന്നു വരുമ്പോഴും ദുഷ്പ്രഭുത്വം തലനീട്ടാനും ഫണം വിടർത്താനും ശ്രമിക്കുന്നത് നാം കണ്ടു. അത് അതിമനോഹരമായി തകർക്കപ്പെടുന്നതും നാം ആസ്വദിച്ചു. തനിക്കും കുടുംബത്തിനുമായി ഒന്നും മിച്ചം വേണ്ട, എല്ലാം പാവങ്ങൾ അനുഭവിക്കട്ടേ എന്ന തിരുനബിയുടെ ആ വിശലമായ മനസ്സാണ് ഈ ചരിത്രത്തിൻ്റെ ന്യൂക്ലിയസ്. ഭൗതിക ലോകത്തിൻ്റെ സുഖ സൗകര്യങ്ങൾ തൻ്റെ പിന്നാലെ വരുമ്പോഴും സമൂഹ്യ പ്രവർത്തനത്തിൻ്റെ അനുപമമായ പ്രകാശങ്ങളിലേക്ക് തിരുനബി അവയെ തിരിച്ച് വിട്ടു.
മനസ്സ് തകർന്നവർക്ക് ഒപ്പം നിന്നു സമാശ്വസിപ്പിച്ചു, പ്രതീക്ഷകൾ നൽകി. അവർക്ക് വേണ്ടി ദുഖിച്ചു. അലി പറയുന്നു: “മരം കോച്ചുന്ന തണുപ്പുള്ള ഒരു രാത്രി. അതി കഠിനമായ വിശപ്പും. ഞാനൊരു മുണ്ടും മൂടിപ്പുതച്ച് പുറത്തിറങ്ങി. തിരുനബിയുടെ വീട്ടിൽ വല്ലതും ഉണ്ടെങ്കിൽ കഴിക്കാമായിരുന്നു. പക്ഷേ അവിടെ ഒന്നുമില്ലായിരുന്നു. വല്ലതും കിട്ടുമോ എന്ന് അന്വേഷിക്കാനായി ഞാൻ നടന്നു നീങ്ങി. വഴിയിൽ വെച്ച് ഒരു ജൂതനെ കണ്ടുമുട്ടി. അദ്ദേഹം അയാളുടെ തോട്ടത്തിൽ വെള്ളം നനക്കുകയായിരുന്നു. ചുമരിന്റെ ഒരു ദ്വാരത്തിലൂടെ ഞാൻ അദ്ദേഹത്തെ എത്തിനോക്കി
അയാൾ എന്നെ നോക്കി പറഞ്ഞു: ‘എന്താടാ നോക്കുന്നു.? എനിക്ക് വെള്ളം കോരിത്തരണോ? ഒരു ബക്കറ്റിന് ഒരു ഈത്തപ്പഴം നൽകാം.’
ഞാൻ പറഞ്ഞു; ‘അതെ, വാതിൽ തുറക്കൂ, ഞാൻ അങ്ങോട്ട് കടക്കട്ടെ.’
അദ്ദേഹം വാതിൽ തുറന്നു. ഞാൻ പ്രവേശിച്ചു. അദ്ദേഹത്തിൻറെ ബക്കറ്റ് എനിക്ക് നൽകി. ഓരോ ബക്കറ്റ് കോരിയെടുക്കുമ്പോഴും അദ്ദേഹം ഓരോ കാരക്ക എനിക്ക് നൽകി. അങ്ങനെ എൻറെ കൈ നിറയെ കാരക്ക ലഭിച്ചു.
ഞാൻ പറഞ്ഞു: ‘എനിക്ക് മതി.’
ബക്കറ്റ് ഞാൻ തിരിച്ചു കൊടുത്തു. ഞാനത് ഭക്ഷിക്കുകയും വെള്ളം കുടിക്കുകയും ചെയ്തു.
അങ്ങനെ ഞാൻ പള്ളിയിൽ എത്തി. അപ്പോൾ അവിടെ തിരുനബിയുണ്ട്. ഞങ്ങൾ ഇങ്ങനെ ഇരിക്കവേ മിസ്അബ് ബ്നു ഉമൈർ അവിടേക്ക് കയറി വന്നു. തോലുകൊണ്ട് നിർമ്മിച്ച ഒരു പുതപ്പു മാത്രമേ അദ്ദേഹത്തിൻറെ ശരീരത്തിൽ ഉള്ളൂ. അദ്ദേഹത്തെ കണ്ട തിരുനബി പൊട്ടിക്കരഞ്ഞു. എന്തൊരു സമൃദ്ധിയുടെ / സമ്പന്നതയുടെ രാജകീയതയിലായിരുന്നു അദ്ദേഹം. നാട്ടിലെ അറിയപ്പെട്ട സമ്പന്നന്റെ മകൻ. സുമുഖൻ. സുന്ദരൻ. തിരുനബിയെ കുറിച്ച് കേട്ട് സത്യാന്വേഷണത്തിനായി അവിടുത്തെ സമീപിച്ച് ബോധ്യപ്പെട്ട് ഇസ്ലാം സ്വീകരിച്ചതാണ്. ഇതറിഞ്ഞ് ഉമ്മ വീട്ടിൽ നിന്ന് പുറത്താക്കി. ധരിക്കാൻ ഒരു കരിമ്പടം മാത്രം ഓശാരമായി കിട്ടി. അതും ധരിച്ചാണ് വരവ്! അത് കണ്ടപ്പോൾ കരുണക്കടലായ ആറ്റൽ നബി കരഞ്ഞു പോയി. മിസ്അബിന്റെ വരവ് കണ്ട് കരഞ്ഞ തിരുനബി സമുദായത്തിന്റെ ഭാവിയെക്കുറിച്ച് പ്രവചിച്ചു.
كيف بكم إذا غدا أحدكم في حلة ، وراح في حلة ؟ ووضعت بين يديه صحفة ورفعت أخرى ، وسترتم بيوتكم كما تستر الكعبة ؟ " ، قالوا : يا رسول الله ! نحن يومئذ خير منا اليوم ، نتفرغ للعبادة ، ونكفى المؤنة . قال : " لا أنتم اليوم خير منكم يومئذ "
ആ പ്രവചനത്തെ ഇങ്ങനെ വിശദീകരിക്കാം. ദാരിദ്ര്യമൊക്കെ പോയി മറയും. സമൃദ്ധിവരും. രാവിലെ ധരിക്കുന്ന വസ്ത്രമായിരിക്കില്ല വൈകുന്നേരം ധരിക്കുന്ന വസ്ത്രങ്ങൾ. ഒരു ദിവസം തന്നെ വിവിധ വസ്ത്രങ്ങൾ ധരിക്കുന്ന കാലം വരും. വിവിധ തരം ഭക്ഷണപദാർത്ഥങ്ങൾ മേശയിൽ നിരത്തപ്പെടും. ഒരു പ്ലേറ്റ് എടുക്കുമ്പോൾ മറ്റൊരു പ്ലേറ്റ്. വീടുകളൊക്കെ കഅ്ബ അലങ്കരിക്കപ്പെടുന്നതുപോലെ അലങ്കരിക്കപ്പെടും. വിരികളും മറകളും വരും.”
തിരുനബിയോ സ്വഹാബികളോ ഭൗതികമായ എന്തെങ്കിലും സമൃദ്ധി ആഗ്രഹിച്ചായിരുന്നില്ല ഈ പ്രസ്ഥാനത്തിൽ ചേർന്നതെന്ന് ഈ സംഭവത്തിൽ വ്യക്തമാണ്. തിരുനബിയിൽ അവർ സത്യം നേർക്കുനേർ കണ്ടു. അതിനുവേണ്ടി എന്ത് ത്യാഗവും സഹിക്കാൻ അവർ തയ്യാറായി. മുത്തുനബി അവരുടെ പ്രയാസമോർത്ത് കരഞ്ഞു. അവരിൽ ഒരാളായി. തണുപ്പും വിശപ്പും സഹിച്ചു തന്നെ ജീവിച്ചു. തിരു പ്രവചനങ്ങൾ പകൽ വെളിച്ചം പോലെ പുലർന്നു. ടെക്സ്റ്റൈൽസുകളും ഹോട്ടലുകളും സ്വന്തം വീടുകളും ആർഭാടങ്ങളുടെ, അമിതവ്യയങ്ങളുടെ, ദുരഭിമാനങ്ങളുടെ, ദുർവ്യയങ്ങളുടെ കൂത്തരങ്ങായി മാറി.
‘അന്ന് നല്ലൊരു കാലമായിരിക്കും അല്ലേ, ചെലവിന്റെ കാര്യം ഒന്നും നോക്കേണ്ടതില്ലല്ലോ അല്ലാഹുവിനെ ആരാധനക്കായി ഒഴിഞ്ഞിരിക്കാമല്ലോ.’ എന്ന അവരുടെ ചോദ്യത്തിനു മറുപടിയായി അതൊരു നല്ല മാറ്റം ആയിരിക്കില്ല എന്ന് തിരുനബി സൂചിപ്പിച്ചു. ‘അന്നത്തെതിനേക്കാൾ എത്രയോ നല്ല അവസ്ഥയിലാണ് ഇപ്പോൾ നിങ്ങൾ ഉള്ളത്’ എന്നായിരുന്നു അവിടുത്തെ മറുപടി. ‘മറ്റൊരു ഹദീസിൽ ഇക്കാര്യം വളരെ വ്യക്തമായി നബി പറഞ്ഞിട്ടുണ്ട് “അല്ലാഹുവാണെ! നിങ്ങളുടെ മേലിൽ ഞാൻ ദാരിദ്ര്യം അല്ല ഭയപ്പെടുന്നത്. മുൻ സമുദായങ്ങളിലുണ്ടായ പോലെ ഐഹിക സുഖസൗകര്യങ്ങൾ നിങ്ങൾക്കുമേൽ സമൃദ്ധിയായി തുറക്കപ്പെടുകയും അതിൻറെ പേരിൽ നിങ്ങൾ കലഹിക്കുകയും അവർ നശിച്ചത് പോലെ നിങ്ങളും നശിക്കുമോ എന്നാണ് എൻറെ പേടി.”
فَوَاللَّهِ مَا الفَقْرَ أَخْشَى عَلَيْكُمْ، وَلَكِنْ أَخْشَى عَلَيْكُمْ أَنْ تُبْسَطَ عَلَيْكُمُ الدُّنْيَا كَمَا بُسِطَتْ عَلَى مَنْ كَانَ قَبْلَكُمْ، فَتَنَافَسُوهَا كَمَا تَنَافَسُوهَا، وَتُلْهِيَكُمْ كَمَا أَلْهَتْهُمْ
അനുചരനുമായുള്ള തിരുനബിയുടെ ബന്ധത്തെക്കുറിച്ച് മാത്രമല്ല സമ്പത്തിനോടുള്ള അവിടുത്തെ സമീപനവും അതേക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഈ തിരു പാഠങ്ങളിൽ വ്യക്തമാണ്. സമ്പന്നർക്കിടയിൽ കറങ്ങി തിരിയാൻ ഉള്ളതല്ല ധനം. അത് പാവങ്ങളിലേക്ക് കൂടി ഒഴുകേണ്ടതുണ്ട് എന്നും തിരുനബി പഠിപ്പിച്ചു. അതിൻ്റെ പ്രായോഗിക രീതി ശാസ്ത്രമാണ് സകാത്.




