ഇരുട്ട് മൂടികെട്ടിയ മാനം. അങ്ങിങ്ങായി പതുങ്ങി കത്തുന്ന നക്ഷത്രങ്ങൾ. കാനനത്തിലേക്കെന്ന പോലെ നീളുന്ന പാതകൾ. ശൈഖ് രിഫാഈ വീട്ടിലേക്ക് നടന്നു. ഉമ്മറത്തെത്തിയപ്പോഴാണ് വീടിൻ്റെ പടിവാതിൽ മലർക്കെ തുറന്നിട്ടിരിക്കുന്നത് കണ്ടത്. ശൈഖിന് ആശ്ചര്യമായി. പതിയെ അകത്തുകയറി. ഒരു തസ്കരൻ ഗോതമ്പ് മോഷ്ടിക്കുകയാണ്. ശൈഖിനെ കണ്ട കള്ളൻ അമ്പരന്നു. ശരീരമാകെ വിറക്കുന്നു. ഇനിയെന്തു ചെയ്യും! രക്ഷപ്പെടാൻ എന്താണ് മാർഗം. അവൻ ആലോചിച്ചു. നാട്ടിൽ ദുരിതമാണ്. ഭക്ഷ്യക്ഷാമവും വിലവർദ്ധനവും സഹിക്കാനാവുന്നില്ല. പട്ടിണി മരവിപ്പിച്ച വയറുമായി ഒരു നിവൃത്തിയുമില്ലാതെയാണ് മോഷ്ടിക്കാനിറങ്ങിയത്. അവന് കുറ്റബോധം തോന്നി.
കുടുങ്ങിയെന്ന് ഉറപ്പിച്ച നിമിഷം. വീട്ടുകാരൻ്റെ മുഖത്തേക്ക് വേദനയോടെ നോക്കി. ശൈഖിൻ്റെ മുഖത്ത് പുഞ്ചിരി വിരിയുന്നു. കോപമോ വെറുപ്പോ ഇല്ല. ശൈഖ് രിഫാഈ പതിയെ ചോദിച്ചു: “മോനെ, ഈ തൊലിയുള്ള ഗോതമ്പെടുക്കുന്നത് നിനക്ക് ഒരുപാട് അധ്വാനമാണ്? തൊലി കളയണം, ഉണക്കണം, പൊടിക്കണം. നീ നിൻ്റെ സഞ്ചി തരൂ.. എന്റെയടുത്ത് പൊടിച്ച ഗോതമ്പുണ്ട്.” ശൈഖ് സഞ്ചി വാങ്ങി മുന്നിൽനടന്നു. കള്ളൻ പിറകെ അനുഗമിച്ചു. ഈ മനുഷ്യൻ എന്നെ അത്ഭുതപ്പെടുത്തുന്നോ അതോ, പരിഹസിക്കുന്നോ?
അവർ ഗോതമ്പ് സൂക്ഷിച്ച മുറിയിലെത്തി. ശൈഖ് കുനിഞ്ഞിരുന്ന് സഞ്ചിയിൽ ഗോതമ്പ് നിറക്കുകയാണ്! അളവിലും കവിഞ്ഞു തന്നെ നിറക്കുന്നു. എന്തൊരു മനുഷ്യൻ! ഇതൊരു സാധാരണക്കാരനല്ല. സഞ്ചി മുഴുവൻ ഗോതമ്പ് നിറച്ച് ശൈഖ് രിഫാഈ കള്ളനു സമ്മാനിച്ചു. അയാൾ സന്തോഷത്തോടെയത് സ്വീകരിച്ചു. സലാം പറഞ്ഞിറങ്ങി. അദ്ദേഹത്തെ തനിച്ചു വിടാൻ ശൈഖിന് മനസ്സുവന്നില്ല. ഇവിടെ കൊള്ളയും കൊലയും സാധാരണമാണ്. അപരിചിതർക്ക് ഇതുവഴിയുള്ള യാത്ര ദുർഘടമാണ്. ബത്വാഇഹിന്റെ പ്രകൃതിയറിയുന്ന മഹാനവറുകൾ ഗ്രാമാതിർത്തിവരെ അദ്ദേഹത്തെ അനുഗമിച്ചു. യാത്രയയക്കാൻ നേരം പറഞ്ഞു: “നീ, എൻ്റെ വീട്ടിൽ അവിചാരിതമായി എന്നെ കണ്ടപ്പോൾ ഭയപ്പെട്ടെങ്കിൽ എനിക്ക് പൊറുത്ത് തരണം”
കള്ളൻ്റെ മനസ്സലിഞ്ഞു. ഞാനല്ലെ തെറ്റു ചെയ്തത്. പിന്നെ എന്തിനാണ് എന്നോട് മാപ്പ് ചോദിക്കുന്നത്. രിഫാഈ ശൈഖ് സ്വഭാവത്തിൻ്റെ മൃദുലത അയാളെ വല്ലാതെ സ്വാധീനിച്ചിരിക്കുന്നു. സ്വന്തം വീട്ടിൽ കളവ് നടത്തുന്ന കള്ളനെ ഊഷ്മളമായി സ്വീകരിക്കുന്നു. യാത്രയയക്കുന്നു. അദ്ദേഹം ഒരു സാധാരണക്കാരനല്ലെന്ന് കള്ളൻ്റെ മനസ്സ് മന്ത്രിച്ചു. മനസ്സ് കഴുകി വൃത്തിയാക്കി നാഥനിലേക്ക് മടങ്ങാൻ വെമ്പൽ കൊണ്ടു. ഖേദമുള്ള ഹൃദയവുമായി കള്ളൻ തിരിഞ്ഞുനടന്നു.

