ഒരു കുഞ്ഞുസംഘത്തിനൊപ്പമാണ് യാത്ര. പഠിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. ഉമ്മയെ പിരിയുന്നതാണ് വേദന. എങ്കിലും, അറിവിനായുള്ള സഞ്ചാരം എല്ലാം മറക്കാൻ സഹായിക്കും. ഉമ്മാക്കും ഉള്ളിന്റെയുള്ളിൽ സന്തോഷം തന്നെ! ഇറങ്ങുമ്പോൾ അകത്തെഴുതേണ്ട ഉപദേശവാക്യമെന്നോണം അബ്ദുൽ ഖാദിറിന് മാതാവിന്റെ വാക്കുകൾ: "പ്രിയപ്പെട്ട മകനേ, ജീവിതവഴിയിൽ പലവിധ സാഹചര്യങ്ങളുണ്ടാകും. എന്തുതന്നെ സംഭവിച്ചാലും സത്യം മാത്രം പറയുക. അല്ലാഹുവിനായി, ഞാൻ നിന്നെ യാത്രയാക്കുന്നു. ഇനി അന്ത്യദിനം വരെ എനിക്ക് നിന്റെ മുഖം കാണാനാകില്ലെന്ന് ഉറപ്പാകുന്നു" അവസാനമുത്തവും നൽകി മകൻ ഉമ്മയെ പിരിഞ്ഞു. അവരുടെ കണ്ണുകൾ നിറഞ്ഞു.
യാത്രാസംഘം ഹമദാനിലേക്ക് പ്രവേശിച്ചു. അവിടെ കുറഞ്ഞനേരം വിശ്രമിച്ച് യാത്ര തുടർന്നു. അൽപമകലെ ഒരു കൊള്ളസംഘം യാത്രികരെ ലക്ഷ്യമാക്കി തക്കം കാത്തു നിൽക്കുന്നുണ്ടായിരുന്നു. ആയുധവുമായി അവർ ആ ചെറിയ സംഘത്തെ വളഞ്ഞു. അറുപത് കുതിരക്കാരുണ്ടായിരുന്നു അവർ. എല്ലാ ആളുകളെയും അക്രമികൾ പരിശോധിച്ചു; സമ്പത്ത് കവർന്നു. ഒരു ഫഖീറായി തോന്നിയതിനാൽ അബ്ദുൽ ഖാദിറിനെ സംഘം വെറുതെവിട്ടു. എങ്കിലും, ഒരാൾ വെറുതെയെന്നോണം ചോദിച്ചു. "കൈയ്യിലെന്തുണ്ട്?"
"നാൽപതു ദീനാർ"
"എവിടെയത്?"
"കുപ്പായത്തിന്റെ കക്ഷഭാഗത്ത് തുന്നിവെച്ചിട്ടുണ്ട്!" കുട്ടി തന്നെ കളിയാക്കുകയാണെന്ന് തോന്നിയാവണം, പരിശോധനയ്ക്കൊന്നും നിൽക്കാതെ അയാൾ കടന്നുപോയി. മറ്റൊരാൾ കടന്നുവന്നു. ചോദ്യവും ഉത്തരവും അതുപോലെ ആവർത്തിക്കപ്പെട്ടു. വിശ്വാസമാകാതെ അയാളും വഴിമാറി. എങ്കിലും, വിസ്മയത്തോടെ ഈ കാര്യം അവർ തലവനോട് ഉണർത്തി. അയാളിലും ആ കുട്ടിയുടെ കാര്യം ആശ്ചര്യമുണ്ടാക്കി.
തലവൻ കുട്ടിയെ വിളിപ്പിച്ചു. കൊള്ളമുതൽ ഓഹരി ചെയ്യുന്നതിനിടയിൽ അയാൾ അബ്ദുൽഖാദിറിനെ നോക്കി: "നിന്റെ പക്കൽ എന്താണുള്ളത്?”
"നാൽപത് സ്വർണനാണയം"
"എവിടെയാണുള്ളത്?"
"കക്ഷഭാഗത്ത്"
പരിശോധനയിൽ അവർ സ്വർണനാണയങ്ങൾ കണ്ടെത്തി. എണ്ണി നോക്കുമ്പോൾ നാൽപത് ദീനാർ കൃത്യമായുണ്ട്. അക്രമികളുടെ നേതാവിൽ വലിയ വിസ്മയം! "കൂട്ടീ, ഇങ്ങനെ സത്യം പറയാൻ എന്താണ് കാരണം?"
“ഉമ്മയാണ്. ഉമ്മാക്ക് ഒരിക്കലും കള്ളം പറയില്ലെന്ന് ഞാൻ വാക്കു നൽകി. ആ വാക്ക് ലംഘിക്കാൻ, ഉമ്മയെ ചതിക്കാൻ ഞാൻ ഒരുക്കമല്ല!" അബ്ദുൽ ഖാദിറിന്റെ മറുപടി.
ആ വാക്കുകൾ അയാളുടെ ഹൃദയഭിത്തികളിൽ മാറ്റൊലി കൊണ്ടു. അയാളുടെ കണ്ണുകൾ നിറഞ്ഞു. "മകനേ, നീ ഉമ്മയ്ക്ക് നൽകിയ വാക്ക് ലംഘിക്കുന്നത് ഭയക്കുന്നു. വർഷങ്ങളായി ഞാൻ എൻ്റെ രക്ഷിതാവുമായുള്ള കരാർ ലംഘിച്ച് ജീവിതം ആഘോഷിക്കുന്നു. ചതിയനായി വിലസുന്നു"
അദ്ദേഹം കരഞ്ഞുകൊണ്ട് പശ്ചാത്തപിച്ചു. അനുയായികളായ കൊള്ളസംഘവും അദ്ദേഹത്തെ പിന്തുടർന്നു. "താങ്കൾ കൊള്ളയിൽ ഞങ്ങളുടെ നേതാവായത് പോലെ, പാപ പരിഹാരത്തിലും ഞങ്ങളുടെ തലവനാകുന്നു", അവർ പ്രഖ്യാപിച്ചു. പിൽക്കാലത്ത്, ഔലിയാക്കളുടെ നേതാവായി മാറിയ ശൈഖ് മുഹ്യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനിയെന്ന ആ കുട്ടിയുടെ കരം പുണർന്ന് അവർ നന്മയുടെ വഴിയിലേക്ക് നടന്നു.

