മുള്ള് കൊണ്ടേറ്റ മുറിവിനെ കാലം ഉണക്കും. വാക്ക് കൊണ്ടേറ്റ മുറിവുണക്കാൻ മരണത്തിനും കഴിയില്ല. അതുകൊണ്ടാകും നല്ല മനുഷ്യർ ആവശ്യമില്ലാതെ സംസാരിക്കുകയില്ല; മൗനമാകും അവരുടെ നിത്യശീലം. ഒരു സൂഫി മൊഴി നോക്കൂ: “നാവ് ഒരു ഹിംസ്ര മൃഗമാണ്. അതിനെ ബന്ധിച്ചു നിർത്തിയില്ലെങ്കിൽ, അത് നിങ്ങളെ അക്രമിക്കും. നാവിന്റെ വിനയം അതിന്റെ മൗനമാണ്”
“സംസാരമാണോ മൗനമാണോ നല്ലത്?” ഈ ചോദ്യം അബൂഹഫ്സിനോട് ഒരാൾ ഉന്നയിച്ചു.
“സംസാരത്തിന്റെ ദൂഷ്യങ്ങൾ സംസാരിക്കുന്നവന് മനസ്സിലായാൽ അവൻ മൗനം പാലിക്കട്ടെ; സാധിക്കുമെങ്കിൽ നൂഹ് നബി ജീവിച്ചിരുന്ന അത്രയും കാലം. മൗനത്തിന്റെ അപകടങ്ങൾ മനസ്സിലാക്കിയ വ്യക്തി സംസാരിക്കട്ടെ. നൂഹ് നബി ജീവിച്ചിരുന്ന അത്രയും കാലം സംസാരിക്കുന്നതിനായി തനിക്ക് ആയുസ് അനുവദിച്ചുതരാൻ അല്ലാഹുവിനോട് പ്രാർഥിക്കുകയും ചെയ്യട്ടെ” എന്ന് മറുപടി ലഭിച്ചു.
എത്ര കാലമെടുത്താണ് നാം സംസാരം പഠിച്ചെടുത്തത്. ഒരുപാട് കാലം കണ്ടും കേട്ടും തിരുത്തുകൾ വാങ്ങിയും സംസാരം ശീലിച്ചത് പോലെ മൗനവും പഠിക്കേണ്ട ഒന്ന് തന്നെ. ഇപ്രകാരം ഒരു വാക്യമുണ്ട്: “സംസാരം പഠിച്ചത് പോലെ മൗനവും പഠിക്കുക. സംസാരം നിങ്ങളെ വഴി നടത്തുമെങ്കിലും മൗനമാണ് സംരക്ഷിക്കുക”
ഒരാൾ വാചാലമാകുമ്പോൾ നാവ്, അയാളുടെ പിടിയിൽ നിന്ന് പതിയെ കുതറിമാറും. ദേഷ്യം വരുമ്പോൾ ആളുകൾ മോശം പദങ്ങൾ ഉപയോഗിക്കുന്നതു കണ്ടിട്ടില്ലേ. ബോധപൂർവം ആയിരിക്കില്ല പലതും. പിന്നീട് അവർ വലിയ രീതിയിൽ ഖേദിക്കുന്നത് കാണാം. എന്ത് ഫലം! മൗനം ശീലിക്കുന്നതിന് മഹാന്മാർ ഒരുപാട് മാർഗങ്ങൾ പഠിപ്പിക്കുന്നുണ്ട്. ഒന്നാം ഖലീഫ അബൂബകർ സിദ്ദിഖ് സംസാരം കുറയ്ക്കുന്നതിന് വേണ്ടി വായിൽ കല്ലുകൾ ഇടുമായിരുന്നു. ഒരു കാര്യം അറിയാതെ പറയാൻ തുടങ്ങിയാൽ, ഈ കല്ലുകൾ തടയും. സംസാരം അത്രയും അനിവാര്യമാകുന്ന സന്ദർഭങ്ങളിൽ ആ കല്ല് ഒഴിവാക്കി മിണ്ടും.
ഏറെ വാക്ചാതുരിയുള്ള ആളാണ്, പ്രമുഖ സൂഫിവര്യനും പണ്ഡിതനുമായിരുന്ന അബൂഹംസ അൽ ബാഗ്ദാദി. ഒരിക്കൽ അദ്ദേഹത്തിന് ചില വാക്കുകൾ കേൾക്കാനായി: “ഇത്രയും കാലം നീ നന്നായി സംസാരിച്ചു. അതിൽ മികവ് ആർജിച്ചു. ഇനി മൗനം പരിശീലിക്കുക. അതിൽ നിപുണത നേടുക”. മരിക്കുന്നത് വരെ പിന്നീട് അദ്ദേഹം സംസാരിച്ചില്ല. സംസാരം പലപ്പോഴും മൂർച്ചയുള്ള അമ്പാകുമെന്ന് നമ്മൾ പറഞ്ഞു. ഇസ്ലാം പ്രത്യക്ഷത്തിലോ പരോക്ഷത്തിലോ ഒരാളെ വേദനിപ്പിക്കുന്ന വാക്കുകളുടെ പ്രയോഗം അനുവദിക്കുന്നില്ല.
സൂഫിവര്യനും മുഹദ്ദിസുമായിരുന്ന ഇബ്റാഹിം ഇബ്നു അദ്ഹം ഒരു സദ്യക്ക് ക്ഷണിക്കപ്പെട്ടു. സദസ്സിൽ ചിലർ പരദൂഷണം പറയാൻ തുടങ്ങി. മഹാൻ അവരോട് പറഞ്ഞു: “ആദ്യം റൊട്ടിയും പിന്നീട് ഇറച്ചിയും തിന്നുക എന്നതാണ് നമ്മുടെ രീതി. നിങ്ങൾ ആദ്യം തന്നെ ഇറച്ചി തിന്നുകയാണല്ലോ. മഹാൻ സൂചന നൽകിയത് വിശുദ്ധ ഗ്രന്ഥത്തിലെ ഒരു വചനത്തിന്റെ സാരമാണ്. 'നിങ്ങളിൽ ആരെങ്കിലും നിങ്ങളുടെ മരിച്ചുപോയ സഹോദരന്റെ മാംസം തിന്നാൻ ഇഷ്ടപ്പെടുന്നുവോ. ഇല്ല, നിങ്ങൾ അത് വെറുക്കുക തന്നെ ചെയ്യും’ (49:12).
പരദൂഷണം പറയുക, അങ്ങാടിയിൽ സൊറ പറയുമ്പോൾ അവിടെ ഇല്ലാത്തവരെപ്പറ്റി മോശമായ് വാചാലമാകുക ഇതെല്ലാം പലയിടങ്ങളിലും കാണാം. ഇന്നത് സോഷ്യൽ മീഡിയകളിലേക്ക് വഴിമാറി. ട്രോളും റോസ്റ്റിങും എവിടെയും സജീവം. അതിലെല്ലാം ഒരു പ്രത്യേകരസം പൈശാചികമായി മനസ്സുകളിൽ തോന്നിയേക്കാം. പരദൂഷണശ്രമങ്ങൾക്ക് മുതിരുമ്പോൾ ആത്മനിയന്ത്രണത്തിലൂടെ അതിനെ മറികടക്കാനാകണം. ആത്മനിയന്ത്രണത്തിന്റെ ഭാഷയാണ് മൗനം.
മൗനത്തിലേക്ക് വലിയ നിലയിൽ സൂചന ലഭിക്കുന്ന രൂപത്തിലാണ് സംസാരത്തിന്റെ അവയവമായ നാവിനെ നാഥൻ സംവിധാനിച്ചത് എന്നത് ശ്രദ്ധേയം. വലിയ ആത്മീയജ്ഞാനിയായിരുന്ന അലിയ്യുബ്നു ബുകാർ പറയട്ടെ: “സാധാരണ ഏതു കാര്യത്തിനും രണ്ടു വാതിലുകളാണ് അല്ലാഹു നിശ്ചയിച്ചത്. എന്നാൽ, നാവിനു മാത്രം നാലു വാതിലുകൾ ഉണ്ട്. രണ്ട് ചുണ്ടുകളും രണ്ടു ദന്തനിരകളും’
എന്താണ് പറഞ്ഞു വന്നതിന്റെ ഉൾസാരം? സംസാരിക്കുന്നതിനെക്കാൾ കൂടുതൽ മൗനിയായി അകവും പുറവും ശ്രദ്ധിക്കുക എന്നത് തന്നെ. ഒരു നാവും രണ്ടു കണ്ണുകളും രണ്ട് ചെവികളുമായാണ് മനുഷ്യസൃഷ്ടിപ്പ്. പറയുന്നതിനെക്കാൾ കൂടുതൽ കാണുകയും കേൾക്കുകയും പാഠം ഉൾക്കൊള്ളുകയും ചെയ്യുന്നതിന് വേണ്ടിയാണത് എന്ന് പണ്ഡിതർ പഠിപ്പിക്കുന്നു.
നാവിന് മാത്രമല്ല മൗനം വേണ്ടത്. ഹൃദയത്തിനും മറ്റ് അവയവങ്ങൾക്കും ആ മൗനം അനിവാര്യമാണ്. ഒരു കവി പാടുന്നത് നോക്കൂ: “യുവതയെ സംസാരം അലങ്കരിക്കുന്നത് / ഞാൻ കാണുന്നു / മൗനമാണ് ശാന്തമാനസർക്ക് അഭികാമ്യം / എത്ര അക്ഷരങ്ങളാണ് മരണം കൊണ്ടുവരുന്നത് / എത്ര വാചാലപ്രിയരാണ്, അവർ മൗനം പാലിച്ചിരുന്നെങ്കിൽ / എന്ന് ആഗ്രഹിക്കുന്നത്.

