മനുഷ്യരോടും പ്രകൃതിയോടും നല്ല ബന്ധം പുലർത്തുന്നവരാണ് നന്മയുള്ള മനുഷ്യർ. മുന്നിലെത്തുന്നവരുടെ ഹൃദയം തൊടാൻ അവരുടെ വാക്കുകൾക്കും പുഞ്ചിരിക്കും കഴിയും. ആരും അവരെ ഓർത്തു വിഷമിക്കുകയില്ല. അൽഫുദൈൽ പറഞ്ഞു: “ഒരാൾ തന്റെ കോഴികളോട് മര്യാദയില്ലാതെ പെരുമാറുന്നു, മറ്റുകാര്യങ്ങളിലെല്ലാം നല്ല സ്വഭാവമാണ്. എങ്കിലും അദ്ദേഹത്തിന്റെത് നല്ല സ്വഭാവമാണെന്ന് പറയാനാവില്ല”
നന്നായി നമ്മോട് പെരുമാറുന്നവരോട് നല്ല സ്വഭാവത്തിൽ തിരിച്ചും ഇടപെടാനാവുന്നത് വലിയ കാര്യമല്ല. മോശം പറയുന്നവരെ, നിരന്തരമായി അവഹേളിക്കുന്നവരെ, ബുദ്ധിമുട്ടിക്കുന്നവരെ എങ്ങനെ കാണുന്നു എന്നതിലാണ് കാര്യം. ഈ വിഷയത്തിൽ നമുക്ക് മാതൃകയാക്കാവുന്ന ജീവിതമാണ് അഹ്നഫുബ്നു ഖൈസിന്റെത്. ഒരിക്കൽ ഒരാൾ പിന്തുടർന്ന് മഹാനെ ചീത്ത പറയാൻ തുടങ്ങി. അഹ്നഫ് തൻ്റെ നാടിന് അടുത്ത് എത്തിയപ്പോൾ തിരിഞ്ഞുനിന്ന് അസഭ്യം പറയുന്നയാളോട് പറഞ്ഞു: “പ്രിയമുള്ള ചെറുപ്പക്കാരാ, ഇനിയും എന്തെങ്കിലും പറയാനുണ്ടെങ്കിൽ വേഗം പറയൂ. ഈ നാട്ടിലെ ആരെങ്കിലും അത് കേട്ടാൽ ചിലപ്പോൾ നിന്റെ ഭാഷയിൽ മറുപടി ലഭിച്ചേക്കും”
ശൈഖ് അബൂ അബ്ദുറഹ്മാൻ അസ്സുല്ലമിയുടെ വീട്ടിൽ കള്ളൻ കയറി. എല്ലാ വസ്തുക്കളും മോഷ്ടിച്ചു കൊണ്ടുപോയി. പിന്നീട് ശൈഖ് പറഞ്ഞത് അനുചരൻ കേട്ടു: “ഞാൻ ചന്തയിലൂടെ നടന്നുപോകുമ്പോൾ എന്റെ കുപ്പായം അവിടെ ലേലം ചെയ്യുകയാണ്. ആ ഭാഗത്തേക്ക് ശ്രദ്ധിക്കാതെ ഞാൻ മാറിനടന്നു”
ഉള്ളിൽ നന്മയുടെ വിളക്കുള്ള മനുഷ്യർക്ക് ഉടമയെന്നോ അടിമയെന്നോ വ്യത്യാസമില്ല. എല്ലാവരും അവർക്ക് സഹോദരങ്ങൾ. എല്ലാവരുടെയും നന്മ മാത്രമാണ് അവരുടെ ലക്ഷ്യം. നാലാം ഖലീഫ അലിയ്യുബ്നു അബീ ത്വാലിബ് ഒരു ദിവസം തന്റെ അടിമയെ വിളിച്ചു. അടിമ വിളി കേട്ടില്ല. വീണ്ടും വിളിച്ചു. അപ്പോഴും പ്രതികരണമില്ല. വീണ്ടും വീണ്ടും വിളിച്ചുനോക്കി. ഫലമില്ല. അലി പോയി നോക്കുമ്പോൾ, അവൻ നിലത്ത് കിടക്കുന്നത് കണ്ടു. “വിളിച്ചത് കേട്ടിരുന്നില്ലേ?” അലി ചോദിച്ചു.
“അതെ, കേട്ടു”
“പിന്നെ എന്തുകൊണ്ട് പ്രതികരിച്ചില്ല?”
“നിങ്ങൾ എന്നെ ശിക്ഷിക്കുകയില്ലെന്ന് എനിക്കുറപ്പുള്ളതുകൊണ്ട്!”' അടിമയുടെ മറുപടി.
മതിലുകൾ ഇല്ലാത്ത മനുഷ്യർ മാപ്പുകൾക്ക് കാത്തുനിൽക്കുന്നില്ല. അവർക്കെതിരെ എന്തുണ്ടാകുമ്പോഴും അപ്പപ്പോൾ അവർ അതൊക്കെ പൊരുത്തപ്പെടുന്നു. ദേഷ്യമുള്ള മനസ്സോടെ ആരോടും അവർ പെരുമാറുന്നില്ല.
പ്രവാചകശിഷ്യനാണ് അബൂദർറ്. ഒരിക്കൽ അദ്ദേഹം ഒട്ടകത്തിന് വെള്ളം കൊടുക്കുകയാണ്. ഒരാൾ അതുവഴി ഓടി വന്നു. അയാൾ വെള്ളപ്പാത്രം തട്ടിമറിച്ചു. അബൂദർറ് ഉടനേ നിലത്തിരുന്നു. പിന്നീട് തറയിൽ കിടന്നു. ആരോ ഒരാൾ ഈ പ്രവർത്തികളുടെ രഹസ്യം തിരക്കി. ഇത് തിരുനബി പഠിപ്പിച്ച പാഠമാണ്. ‘ദേഷ്യം വരികയാണെങ്കിൽ ഇരിക്കണം. എന്നിട്ടും കോപം വിട്ടുപോകുന്നില്ലെങ്കിൽ പൂർണമായി മാറുന്നതുവരെ കിടക്കണം’

