അയാൾ, നാട്ടിലെ അറിയപ്പെട്ട സമ്പന്നനാണ്. പെട്ടെന്നൊരുനാൾ അദ്ദേഹം ദരിദ്രനായി മാറി. കച്ചവടങ്ങൾ എല്ലാം നശിച്ചു. കയ്യിൽ ഒരു പൈസയുമില്ല. കുടുംബവും ആകെ വിഷമിച്ചു. എത്രനാൾ ഇങ്ങനെ വേദനയിൽ കഴിയും? ജീവിച്ചിരിക്കാൻ ഭക്ഷണം വേണമല്ലോ. ഭാര്യ മനസ്സ് തുറന്നു: "സമൃദ്ധിയുടെ നാളുകൾ കഴിഞ്ഞു. ഉള്ളപ്പോൾ നമ്മൾ നന്നായി ജീവിച്ചു. ഇനി യാചിക്കുക". പക്ഷേ ഗൃഹനാഥനെ ലജ്ജ വന്ന് മൂടി. അദ്ദേഹം പുറത്തിറങ്ങിയില്ല.
അയൽവീട്ടിൽ പൂത്ത് നിൽക്കുകയാണ് കക്കരി. വീട്ടിലെ ചെറിയ കുട്ടി അതുകണ്ട് വല്ലാതെ കരഞ്ഞു. ഉപ്പയോട് മോഹം പറഞ്ഞ് വാശി പിടിച്ചു. കുഞ്ഞിന്റെ കരച്ചിൽ അയാളുടെ മനസ്സുലച്ച് കളഞ്ഞു. തന്റെ ലജ്ജ മാറ്റിവെച്ച് അദ്ദേഹം പുറത്തിറങ്ങി. പക്ഷേ, എത്ര ശ്രമിച്ചിട്ടും നാവനങ്ങുന്നില്ല. യാചിക്കുന്നതിനായ് മനസ്സ് ഒട്ടും അനുവദിക്കുന്നില്ല. ആ വിഷമനേരങ്ങൾക്കിടയിലാണ് അദ്ദേഹം ഇമാം അബൂഹനീഫയെ കേൾക്കുന്നത്. മനുഷ്യരുടെ സങ്കടം കാണാനുള്ള ഹൃദയമുള്ള ദയാലുവാണ് അദ്ദേഹം. ഒന്ന് പോയാലോ! ആ മനുഷ്യൻ ഇമാമിന്റെ സദസ്സിലെത്തി. കാര്യം പറയാൻ എഴുന്നേൽക്കാൻ വിചാരിക്കും. പക്ഷേ അഭിമാനബോധം വീണ്ടും അവിടെ ഇരുത്തും.
വലിയ പണ്ഡിതനാണ് ഇമാം അബൂഹനീഫ. ഈ മനുഷ്യന്റെ വിഷമങ്ങളെല്ലാം ഇതിനകം മഹാൻ മനസ്സിലാക്കി. അദ്ദേഹം വീട്ടിലേക്ക് മടങ്ങിയപ്പോൾ അറിയാതെ പിന്നാലെ ഇമാമും നടന്നു. ഭവനം മനസ്സിലാക്കി തിരിച്ചുവന്നു. ഭാര്യ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. പക്ഷേ, ഭർത്താവിന്റെ മറുപടി നിരാശയുടെ നിഴലുകൾ പടർത്തി. അന്തിനേരത്ത്, ഇമാം അബൂഹനീഫ ആ വീട് ലക്ഷ്യമാക്കി നടന്നു. കയ്യിൽ അയ്യായിരം ദിർഹമുണ്ട്. വാതിലിൽ മുട്ടി. പണക്കിഴി അവിടെവച്ച് വേഗം സ്ഥലത്ത് നിന്ന് മറഞ്ഞു. അവർ വാതിൽ തുറന്നു. നോക്കുമ്പോൾ ഒരു സമ്മാനം.
ഇത് ഞങ്ങൾക്ക് അനുവദനീയമാകുമോ? ആ മനുഷ്യന്റെ സൂക്ഷ്മത അത് എടുക്കാൻ അനുവദിച്ചില്ല. പക്ഷേ, ഭാര്യ മറ്റൊരു നിലയ്ക്കാണ് ചിന്തിച്ചത്. "നമുക്കുള്ളത് തന്നെയാണത്, നിങ്ങൾ അത് തുറക്കൂ". ഭാര്യയുടെ നിർബന്ധപ്രകാരം അദ്ദേഹം കിഴി തുറന്നു. അതിൽ ഒരു എഴുത്ത്: “ഈ പണക്കിഴിയുമായി വന്നത് അബൂഹനീഫയാകുന്നു. നിങ്ങൾക്ക് ഈ പണം അനുവദനീയമാണ്. എന്റെ സമ്പത്താണിത്”. വിനയവും സമൂഹബോധവും ഉള്ളിൽ വിളക്കായ് തെളിഞ്ഞു നിന്നു ഇമാം അബൂഹനീഫയുടെ ഉള്ളിൽ. ലോകപണ്ഡിതനെന്ന വമ്പോ അഹംഭാവമോ ഒരു തരിയും മഹാനരെ തൊട്ടില്ല.
ഒരു ദിവസം ഇമാം ക്ലാസെടുക്കുകയാണ്. അപ്പോൾ ഒരാൾ കടന്നുവന്നു. സദസ്സിന്റെ ഒരു മൂലയിൽ ഇരുന്ന് അദ്ദേഹം ചീത്തവിളിക്കാൻ തുടങ്ങി. കഠിനമായ ശകാരങ്ങൾ. പക്ഷേ, ഇമാം ക്ലാസ് നിർത്തിയില്ല. അദ്ദേഹത്തെ നോക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ല. സദസ്സിലെ ആരും ഒന്നും മിണ്ടിയില്ല. അവിടെ നിന്ന് പിരിഞ്ഞ് ഇമാം വീട്ടിലേക്ക് പോകാൻ എഴുന്നേറ്റു. വീട്ടുപടിയിൽ വരെ അദ്ദേഹം ശകാരവുമായി കൂടെ വന്നു. ഒടുവിൽ വീട്ടിലേക്ക് കയറാൻ നേരം ഇമാം തിരിഞ്ഞുനിന്നു: "കൂട്ടുകാരാ, ഇതാണ് എൻ്റെ വീട്. ഞാൻ അകത്തേക്ക് പ്രവേശിക്കുകയാണ്. നിങ്ങൾ നേരത്തെ പറഞ്ഞ ശകാരങ്ങൾ ബാക്കിയുണ്ടെങ്കിൽ ഇപ്പോൾ തന്നെ പറഞ്ഞുതീർക്കുക. ഒന്നും ഇനി ബാക്കി വെക്കണ്ട. ഇനി എന്നെ ഇങ്ങനെ കിട്ടിയില്ലെന്ന് വരാം". ശകാരം തുടർന്ന് പിന്നാലെ വന്ന ആ മനുഷ്യന് ആ വാക്കുകൾ കേട്ടപ്പോൾ വല്ലാതെ വിഷമം തോന്നി. ആരെയാണ് താൻ ഇത്രനേരം ക്രൂരമായി അധിക്ഷേപിച്ചത്. അദ്ദേഹം മാപ്പിന് അപേക്ഷിച്ചു. അപ്പോൾ തന്നെ ഇമാം മാപ്പുനൽകി മറഞ്ഞു.

