നാൽപതുവയസ്സു വരെ ഒടുങ്ങാത്ത ജ്ഞാനദാഹമായിയുന്നു. ശേഷമായിരുന്നു വിവാഹം. ഉള്ളറിവിന്റെ തിളക്കങ്ങൾ ഏറ്റവും സന്തോഷമുള്ള വിവാഹജീവിതം നൽകി, ആ പണ്ഡിതന്. അബാസ എന്നാണ് പ്രിയപ്പെട്ടവളുടെ പേര്. മദീനയുടെ അതിർത്തിയിൽ ആ കുടുംബം ലളിതമായി കഴിഞ്ഞുപോന്നു. അവർക്കൊരു നല്ല സന്താനം പിറന്നു; സ്വാലിഹ്. മുപ്പതു കൊല്ലം അവർ ഒരുമിച്ചുജീവിച്ചു. ശേഷം മഹതി അബാസ മരണപ്പെട്ടു.
തന്റെ നല്ലപാതിയെപ്പറ്റി ആ ശ്രേഷ്ഠപണ്ഡിതൻ എല്ലാവരോടും പറഞ്ഞു: “സ്വാലിഹിന്റെ ഉമ്മ, അബാസ എന്റെകൂടെ മുപ്പത് കൊല്ലം ജീവിച്ചു. ഇടയിൽ ഒരു പ്രാവശ്യം പോലും ഞാനും പ്രിയപ്പെട്ടവളും തമ്മിൽ ഒരു വാക്കിലെങ്കിലും ഇടഞ്ഞതായി ഓർക്കുന്നില്ല”. ശേഷം ആ ജ്ഞാനി പിതൃവ്യപുത്രിയായ റയ്ഹാനയെ വിവാഹം ചെയ്തു. മഹതിക്ക് ഒരു കണ്ണേ കാണുമായിരുന്നൊള്ളുവെങ്കിലും അതൊന്നും അവരുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയില്ല. ഒരു വാക്കിൽ പോലും തർക്കം മുളച്ചുവന്നില്ല.
വിവാഹം കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഭാര്യ റയ്ഹാന പ്രിയപ്പെട്ട ഭർത്താവിനോട് തിരക്കി: "എൻ്റെ കാര്യങ്ങളിൽ അങ്ങേക്ക് പ്രയാസം വരുന്ന എന്തെങ്കിലും ഉണ്ടാകുന്നുണ്ടോ? ഇഷ്ടമില്ലാത്ത എന്തെങ്കിലും ഞാൻ തുടരുന്നുവോ?"
"ഒന്നുമില്ല. പക്ഷേ, നിന്റെ ഈ ചെരുപ്പിനോട് ഒരു താൽപര്യം തോന്നുന്നില്ല. തിരുനബിയുടെ കാലത്തെ മാതൃകയല്ലത്."
അതൽപം ആഡംബര സ്വഭാവത്തിലുള്ള പുതിയ മോഡൽ ചെരുപ്പായിരുന്നു. ബീവി റയ്ഹാന വേഗം അത് വിറ്റ് പഴയ രൂപത്തിലുള്ള ചെരുപ്പുകൾ വാങ്ങി. ഇമാം അഹ്മദ് ബ്ൻ ഹമ്പലാണ് ഈ മാതൃകാജീവിതത്തിനുടമയായ പണ്ഡിതപ്രഭ. കുഞ്ഞുങ്ങളോടും ഏറെ സ്നേഹമായിരുന്നു മഹാന്. ഖത്വാബ് ബ്നു ബിശ്ർ ഒരിക്കൽ ഇമാമിനെ കാണാൻ ചെന്നു. അപ്പോൾ ഒരു കുഞ്ഞ് വീട്ടിൽ നിന്ന് എങ്ങോട്ടോ ഇറങ്ങിപ്പോയതിനെച്ചൊല്ലിയുള്ള അന്വേഷണത്തിലായിരുന്നു അവിടുന്ന്. വീട്ടിലെ എല്ലാ കുട്ടികളെയും കൂട്ടിയിരുത്തി ക്ലാസുകൾ നടത്തുന്നത് പതിവാണ്.
ഇമാം അഹ്മദ് ബ്നു ഹമ്പലിന്റെ പേരക്കുട്ടിയാണ് സുഹൈർ. അദ്ദേഹം പറയുന്നു: "ഞങ്ങൾ എല്ലാ ആഴ്ചയും വലിയുപ്പയുടെ അരികിൽ പോകും. ഇമാം ഞങ്ങൾക്ക് രണ്ടു വീതം മിഠായികൾ നൽകും. എനിക്കൊരു കൊച്ചനുജൻ ഉണ്ടായിരുന്നു. അവനെ ചേലാകർമം ചെയ്യാൻ ഉദ്ദേശിച്ച സമയത്ത് പിതാവ് ഒരു സദസ്സ് സംഘടിപ്പിച്ചു. വല്യുപ്പ ഓർമപ്പെടുത്തി: ‘മോനേ നീ വലിയ സദ്യ ഒരുക്കുന്നതായി അറിഞ്ഞു. നല്ല കാര്യം. പ്രമുഖരെ ക്ഷണിച്ചിട്ടുണ്ടെന്നും വിവരം കിട്ടി. പക്ഷേ, ധൂർത്ത് അരുത്. പാവങ്ങൾക്കും ദുർബലർക്കും വേണം ആദ്യം ഭക്ഷണം വിളമ്പാൻ. അവരെ പ്രത്യേകം പരിഗണിക്കണം’
സന്തോഷകരമായി ആ ദിവസം ചടങ്ങുകൾ കഴിഞ്ഞു. അഹ്മദ് ബ്നു ഹമ്പൽ രണ്ട് ചെറിയ കിഴികൾ കൈയ്യിലെടുത്തു. ഒന്ന് ബാർബറായെത്തിയ ആൾക്ക് കൊടുത്തു. അടുത്തത് കൊച്ചനുജന് സമ്മാനിച്ചു. നിറയെ നാണയങ്ങളായിരുന്നു ആ സമ്മാനപ്പൊതിയിൽ". ഒരിക്കൽ അൽമുതവക്കിൽ എന്ന വ്യക്തി, ഇമാമിന് കുറേ ധനം കൊടുത്തയച്ചു. കിട്ടിയതു മുഴുവനും അപ്പോൾ തന്നെ ആവശ്യക്കാർക്ക് ദാനം ചെയ്തു.

