ബിരുദം ലഭിക്കുന്ന സന്തോഷദിവസമാണിന്ന്. പക്ഷേ, തലപ്പാവ് വാങ്ങാനുള്ള ശേഷിയുണ്ടായില്ല നിസാമുദ്ദീന്. ഉമ്മയോട് കാര്യം പറഞ്ഞു. ആശ്വാസമേകുന്ന വാക്ക് നൽകി മാതാവ്. തലപ്പാവ് ഞാനൊരുക്കാം എന്നറിയിച്ചു. പരുത്തി വാങ്ങി, ഒരടിമയെക്കൊണ്ട് നെയ്തെടുപ്പിച്ചു. അയൽക്കാരനായ തുന്നൽക്കാരൻ തലപ്പാവ് തയ്യാറാക്കി. ശിരോവസ്ത്രമണിയിക്കുന്ന ചടങ്ങിൽ നിസാമുദ്ദീൻ നമ്രശിരസ്കനായി നിന്നു. തല ഉയർത്തിയതേയില്ല! ഉസ്താദ് അലി, തന്റെ സൗഹൃദങ്ങളോട് പറഞ്ഞു: "ഈ കുഞ്ഞ് വലിയവനാകും. തലപ്പാവ് ധരിച്ച് എത്ര ആദരവോടെയാണ് അവൻ നിൽക്കുന്നത്. എന്നല്ല, അവന്റെ ശിരോവസ്ത്രത്തിൽ പട്ടിന്റെ ഒരു പൊടിപോലുമില്ല!" അവരുടെ പ്രതീക്ഷകൾ പുലർന്നു. വിനയാന്വിതനായ പഠിതാവ് ഒരു ദേശത്തിനാകെ ഗുരുവായി, ഔലിയ പദവി നേടി. ശൈഖ് നിസാമുദ്ദീൻ ഔലിയ!
ഗിയാസ്പൂരെന്ന ഗ്രാമത്തിലാണ് നിസാമുദ്ദീൻ ഔലിയയുടെ പർണശാല. പലദിക്കുകളിൽ നിന്നുള്ള മനുഷ്യർ അവിടെ വന്ന് കൂടും. സ്ഥാപനത്തിൽ, അടുക്കള വിശ്രമമില്ലാതെ പ്രവർത്തിച്ചു. ഗുരുവിന് നോമ്പായിരിക്കും. വരുന്നവർക്ക് ജാതി മത ഭേദമില്ലാതെ ഭക്ഷണം ലഭിക്കും. പ്രായം ചെന്നവരാണ് അവിടെ അന്തേവാസികൾ. സാഹോദര്യം സൂക്ഷിക്കാനും മനുഷ്യരോട് വിവേചനം കാണിക്കാതിരിക്കാനും അതിഥികളോട് ഔലിയ ഓർമിപ്പിക്കും.
നിസാമുദ്ദീൻ ഔലിയയുടെ വ്യക്തിപ്രഭാവത്തോട് ഇഷ്ടം തോന്നിയ ഭരണാധികാരി ചില ഗ്രാമങ്ങൾ സൗജന്യമായി വിട്ടുകൊടുക്കാൻ തയ്യാറായി. എന്നാൽ ഔലിയ അത് കൈപ്പറ്റാൻ തയ്യാറായില്ല! "മുതിർന്നവർ നേടിയ ആത്മീയ സൗഭാഗ്യം കരഗതമാക്കാൻ നിങ്ങൾ ഭരണാധികാരികളിൽ നിന്ന് അകന്നുനിൽക്കുക"എന്നായിരുന്നു അദ്ദേഹം ശിഷ്യന്മാരെ പഠിപ്പിച്ചത്. "എന്റെ വീടിന് രണ്ടു വാതിലുകൾ ഉണ്ട്. ഒന്നിലൂടെ സുൽത്വാൻ കയറിവന്നാൽ രണ്ടാമത്തെതിലൂടെ ഞാൻ പുറത്തുകടക്കും", മഹാൻ പറയും. അത്രയും അധികാരത്തെയും സ്ഥാനവഴികളെയും മഹാൻ മാറ്റിനിർത്തി.
ഗുരുവിന്റെ ഈ ജനസമ്മതി കണ്ട് ഭരണാധികാരി ഭയന്നു. ചിലർ സുൽത്വാനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ രാജാവ് ഗവൺമെന്റിന്റെ ഉപദേഷ്ടാവായി നിസാമുദ്ദീൻ ഔലിയയെ നിശ്ചയിക്കാൻ തീരുമാനിച്ചു. ഇത് മനസ്സിലാക്കി ഗുരു പറഞ്ഞു: "ഞങ്ങൾ ദർവേശുകൾക്ക് ഭരണകാര്യങ്ങളിൽ ഒരു താൽപര്യവുമില്ല. നഗരത്തിരക്കുകളിൽ നിന്ന് മാറി ഒരുഭാഗത്ത്, സുൽത്വാനും മറ്റു മുസ്ലിംകൾക്കും വേണ്ടി പ്രാർഥിച്ച് ഞങ്ങൾ കഴിയുന്നു. ഭരണാധികാരിക്ക് അതിഷ്ടപ്പെടുന്നില്ലെങ്കിൽ ഞങ്ങൾ വേറെ എങ്ങോട്ടെങ്കിലും പോകാം”
ജീവിതത്തിന്റെ അവസാനകാലത്ത് ഔലിയ തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പ്രവർത്തകരെയും വിളിച്ചുവരുത്തി. മഹാന്റെ നിർദ്ദേശം അനുസരിച്ച് ഖാൻഖാഹിൽ ഉണ്ടായിരുന്നത് മുഴുവൻ പാവങ്ങൾക്ക് ദാനം ചെയ്തു. അന്തേവാസികളുടെ ആവശ്യത്തിനായി ചിലർ അൽപം ധാന്യം മാറ്റിവെച്ചു. അതറിഞ്ഞ ഗുരു ജനങ്ങൾക്ക് ധാന്യക്കലവറ തുറന്നുകൊടുത്തു. പരിഭവം പറഞ്ഞ സഹജനങ്ങളോട് ശൈഖ് ഉണർത്തി: "നിങ്ങളുടെ ഓഹരി ഒരാൾ ഏറ്റെടുത്തിട്ടുണ്ട്".
അവസാനനാളുകളിൽ രോഗശയ്യയിലായ ഔലിയയെ കാണാൻ ശൈഖ് റുഖ്നുദ്ദീൻ മുൽത്താനി വന്നു. അദ്ദേഹം പറഞ്ഞു: "മറ്റുള്ളവരെ സഹായിക്കാൻ വേണ്ടി ഈ ലോകത്ത് അൽപനാൾ കൂടി ആയുസ് നൽകണമെന്ന് പുണ്യാത്മാക്കൾ ആഗ്രഹിച്ചാൽ അതനുവദിക്കുന്നവനാണ് അല്ലാഹു". നിസാമുദ്ദീൻ ഔലിയയുടെ കണ്ണുകൾ നിറഞ്ഞു.

