“ഓമനമക്കളേ…” എന്ന് മധുരപൂർവം നീട്ടിവിളിച്ചാണ് ഗുരു എന്നും സംസാരം തുടങ്ങുക. കുട്ടികൾക്ക് ഓരോ വാക്കും പെറുക്കിയെടുക്കാം. അതിലെ സ്നേഹം ആസ്വദിക്കാം. അത്രയും ലളിതവും ഹൃദ്യവുമാണ്, ഗുരുമൊഴി.
അന്ന് മനുഷ്യജന്മത്തിലെ കടമകളെപ്പറ്റി ആഴത്തിൽ ഞങ്ങളോട് ആ സ്നേഹമുഖം സംസാരിച്ചു. ഏറെ ശോഭയോടെ ഉള്ളിൽവന്നു തട്ടിയ കുറച്ചു വാക്കുകൾ ഇങ്ങനെ സംഗ്രഹിക്കാം. “ഓമനമക്കളേ.. നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ, അയൽപക്കത്ത് നിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നു. നിങ്ങളത് നിസാരമായി അവഗണിക്കരുത്. ഒരുപക്ഷേ, വിശന്നിട്ടാകാം ആ കുഞ്ഞ് കരയുന്നത്. ആ നേരം വീട് എന്റെ മതക്കാരന്റെതല്ലല്ലോ എന്നൊന്നും ചിന്തിച്ച് പോകരുത്. അങ്ങോട്ട് പോകണം. കുഞ്ഞിന്റെ വിശപ്പടക്കാൻ വേണ്ടത് ചെയ്യണം”. അയൽവാസിയോട് ഒരാൾ എങ്ങനെയാകണമെന്നതിന്റെ ഏറ്റവും മനോഹരമായ വിശദീകരണമായിരുന്നു ശിറിയ ഉസ്താദ് എന്ന ഗുരുവര്യർ.
കാലങ്ങളായി പരസ്പരം ഒന്ന് മിണ്ടുക പോലും ചെയ്യാത്ത, വളരെ അടുത്ത് താമസിക്കുന്ന രണ്ട് കുടുംബങ്ങളെ കുറേകാലമായി പരിചയമുണ്ട്. “എന്താ നിങ്ങളുടെ പ്രശ്നം” എന്ന് ചോദിച്ചപ്പോൾ, “അയൽവീട്ടിലെ കോഴി ഇവിടത്തെ മുളകിൻ തൈകൾ നശിപ്പിച്ചു” എന്നായിരുന്നു മറുപടി. മനുഷ്യർ എത്ര നിസാരമായാണ് നല്ല ബന്ധങ്ങൾ നിറഞ്ഞ മനോഹര ജീവിതം ഉടച്ചുകളയുന്നത്. നിങ്ങൾ അങ്ങനെ ഒരാളാണെങ്കിൽ, അല്ലെങ്കിൽ നിങ്ങൾക്ക് ഈ വിധം ജീവിക്കുന്നവരെ പരിചയമുണ്ടെങ്കിൽ ഒരു കഥ പറയാം.
ആ രണ്ടു വീട്ടുകാരെ പറ്റി പറയുമ്പോൾ നാട്ടുകാർക്ക് നൂറ് നാവാണ്. വിദ്വേഷത്തിൽ കഴിയുന്ന അയൽക്കാരോടൊക്കെ ചുറ്റുമുള്ളവർ പറയും. 'ദാ അവരെ കണ്ടുപഠിക്ക്'. ഒരിക്കൽ ഒരു ചെറിയ കാര്യത്തിൽ അവർ തമ്മിൽ വലിയ തർക്കമുണ്ടായി. മുന്തിയ ഭക്ഷണം ചീയുമ്പോഴാണല്ലോ കൂടുതൽ ദുർഗന്ധം. ആ വിധം തർക്കം വഷളായി. ‘യാതൊരു ബന്ധവും ഇനി നമ്മൾ തമ്മിലില്ല’ എന്ന് അവർ നിഷ്കരുണം ശപഥം ചെയ്തു. പരസ്പരം കാണുന്നത് തന്നെ വെറുപ്പായി മാറിയ ആ സന്ദർഭത്തിൽ നിന്ന് രക്ഷപ്പെടാൻ, അവരിലൊരാൾ ഒരു ദീർഘയാത്ര പോകാൻ തീരുമാനിച്ചു. ആ സമയം മറ്റൊരു കാര്യം ചെയ്യാൻ കൂടി അദ്ദേഹം തീരുമാനിച്ചു. പ്രഗത്ഭനായ ഒരു പണിക്കാരനെ വിളിച്ച് രണ്ടുമാസം കഴിഞ്ഞു ഞാൻ മടങ്ങി വരുമ്പോഴേക്കും ഒരു വിധത്തിലും അപ്പുറത്തെ വീട് കാണാൻ കഴിയാത്ത രൂപത്തിൽ വലിയൊരു മതില് പണിയണം.
രണ്ടു മാസങ്ങൾക്കു ശേഷം, ഒന്നാമത്തെ വീട്ടുകാരൻ മടങ്ങി വന്നു. ദൂരെനിന്നേ മതിൽ എവിടെ എന്ന നിലക്കായിരുന്നു അയാളുടെ നോട്ടം. പക്ഷേ, ഒന്നും കാണുന്നില്ല. പകരം, അതിമനോഹരമായ ഒരു പാലം. ആ പണിക്കാരനെ തന്റെ കൈയിൽ കിട്ടട്ടെ, എന്ന നിലക്ക് ദേഷ്യപ്പെട്ട് നിൽക്കുമ്പോൾ ആ പാലത്തിലൂടെ രണ്ടാമത്തെ വീട്ടുകാരൻ അങ്ങോട്ട് വന്നു. “പ്രിയപ്പെട്ടവനേ, നിങ്ങൾ എന്നെ അദ്ഭുതപ്പെടുത്തി. നമുക്കിടയിൽ വലിയൊരു മതിൽ പണിത് ഈ ബന്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കാമെന്നായിരുന്നു ഞാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, നിങ്ങൾ ഒരു മനോഹരമായ പാലം പണിത് നമുക്കിടയിലെ ബന്ധം വീണ്ടും ശക്തിപ്പെടുത്തിയിരിക്കുന്നു. ഇനി ഒരിക്കലും നമ്മൾ അകന്നുകൂടാ.” അപ്പോഴാണ് പണിക്കാരൻ ചെയ്ത നല്ലകാര്യത്തിന്റെ ഉള്ള് അവർക്ക് മനസിലാകുന്നത്. രണ്ട് വീടുകൾക്ക് ഇടയിലൂടെ ഒരു ചെറിയ നദി ഒഴുകിയിരുന്നു. ഇവരുടെ നല്ല ബന്ധത്തെപ്പറ്റി ഒരുപാട് കേട്ടിട്ടുള്ള ആ പണിക്കാരൻ മതിലിനു പകരം മനോഹരമായ ഒരു പാലം പണിയുകയായിരുന്നു.
അയൽവാസി എന്ന പദത്തിനെപ്പറ്റി ഒരിക്കലെങ്കിലും ആഴത്തിൽ ആലോചിച്ചിട്ടുണ്ടോ? ഏറ്റവും അടുത്തു നിൽക്കുന്ന ഒരാൾ എന്നൊരർഥം അതിനില്ലേ? ഏറ്റവും പ്രിയപ്പെട്ടവൻ ആയിരിക്കേണ്ടയാൾ എന്ന അർഥവും സങ്കൽപിച്ചുകൂടേ? തീർച്ചയായും, ഒരു മനുഷ്യന് ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്ന്, ഒരു നല്ല അയൽവാസിയാണ്. കണ്ണ് നിറയുമ്പോൾ ഏറ്റവും അടുത്തു നിന്ന് കാണുന്ന, വീട്ടിലെ വെളിച്ചമണയുമ്പോൾ വിളക്കുമായി ഓടിവരുന്ന, വിരുന്നുകാർക്ക് വിളമ്പുന്ന ഭക്ഷണത്തിന്റെ ആദ്യഭാഗം നമുക്കായി നീക്കിവെക്കുന്ന, ഒരുപക്ഷേ ദൂരത്ത് താമസിക്കുന്ന രക്തബന്ധുവിനെക്കാൾ ഹൃദയം തുറന്ന് നമ്മോട് സംസാരിക്കുന്ന നന്മയെ അല്ലേ വെറും അയൽവാസി എന്ന് വിളിച്ച് പലപ്പോഴും നമ്മൾ മാറ്റിനിർത്തുന്നത്.
ആ മതില് പൊളിച്ചു മാറ്റിയേക്ക്. മണ്ണിലല്ല, മനസിലാണ് ആദ്യം മതിൽ മുളക്കുന്നതെന്ന് കേട്ടിട്ടില്ലേ. ഞാൻ തന്നെ ഉഷാർ, എന്നോളം ഇല്ല ഒരാളും, ഞങ്ങൾ വലിയ തറവാട്ടുകാരല്ലേ.. ഇത്തരം ചിന്തകളാണ് മനസിന്റെ മതിലിലെ കരിങ്കല്ലുകൾ. അത്യന്തം അപകടകാരിയായ, ഈ മതില് പണി പൂർത്തിയാകുന്നതോടെ അയൽവാസികൾ നമുക്ക് അതിദൂരവാസികളായി മാറുന്നു. എത്രമാത്രം ക്രൂരമാണത്!
ഖുർആനിലെ ‘അന്നിസാഅ്’ അധ്യായത്തിൽ അടുത്ത ബന്ധുക്കളോട് നല്ലനിലയിൽ പെരുമാറണം എന്ന് പറയുന്നിടത്ത് അയൽവാസിയെയും പ്രത്യേകം പരിഗണിക്കുന്നുണ്ട്. അടുത്തുനിൽക്കുന്ന മനുഷ്യരോട് സ്നേഹം പുലർത്തി രക്ഷിതാവിലേക്ക് അടുക്കാനാണ് ഇസ്ലാം പറയുന്നത്. അയൽപക്ക ബന്ധത്തിന് പ്രവാചകർ വലിയ മേന്മ നൽകി. അബ്ദുല്ലാഹിബ്നു ഉമറും ബീവി ആഇശയും റിപ്പോർട്ട് ചെയ്യുന്ന ഹദീസ് (തിരുവചനം): തിരുനബി പറഞ്ഞു: “ജിബ്രീൽ അയൽവാസിയുടെ കാര്യത്തിൽ എന്നെ ഉപദേശിച്ചുകൊണ്ടേയിരുന്നു, അദ്ദേഹം അയൽവാസിയെ അനന്തരാവകാശിയാക്കുമെന്ന് ഞാൻ വിചാരിക്കുവോളം” (ബുഖാരി, മുസ്ലിം).
മറ്റൊരു വചനത്തിൽ, തിരുനബി അയൽബന്ധത്തെ സത്യവിശ്വാസവുമായി ചേർത്ത് നിർത്തുന്നു. തിരുനബി പറഞ്ഞതായി അബൂ ഹുറയ്റ റിപ്പോർട്ട് ചെയ്യുന്നു: “അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ തന്റെ അയൽവാസിയെ ശല്യം ചെയ്യരുത്. അയൽവാസിയോട് ഏറ്റവും നല്ല നിലയിൽ വർത്തിക്കുന്നവനാണ് അല്ലാഹുവിങ്കൽ ഏറ്റവും നല്ല അയൽവാസി”
ഒരിക്കൽ മഹാനായ ഇമാം ഗസാലിയുടെ വീട്ടിൽ എലിശല്യം അസഹ്യമായി. ജനങ്ങളൊക്കെ അദ്ദേഹത്തോട് ഒരു പൂച്ചയെ വളർത്തിക്കുടേ എന്നന്വേഷിച്ചു. ഞാൻ പൂച്ചയെ വളർത്തിയാൽ എന്റെ വീട്ടിലെ എലികളൊക്കെ പൂച്ചയെ ഭയന്ന് അപ്പുറത്തെ വീട്ടിലേക്ക് പോകും, അപ്പോൾ അതവർക്ക് ബുദ്ധിമുട്ടാകുമെന്നായിരുന്നു മഹാനരുടെ മറുപടി. ഇല്ലായ്മകളിൽ താങ്ങാകണമെന്നും സന്തോഷങ്ങൾ പങ്കിടണമെന്നും അതിരുകളൊക്കെ മറന്നു കളയണമെന്നുമാണ് അയൽവാസിയുടെ വിഷയത്തിൽ ഇസ്ലാമിന്റെ അധ്യാപനം. അത്രമേൽ അടുത്ത ഹൃദയ ബന്ധുക്കളാകണം അയൽപക്കം. സുഹ്റാമ്മയോട് മകന്റെ പ്രായം ചോദിച്ചാൽ, നാണിയമ്മ പെറ്റതിന്റെ തലേന്നാണ് ഞാനവനെ പ്രസവിച്ചതെന്ന് മറുപടി പറഞ്ഞിരുന്നു നമ്മൾ.
ഇന്നോ, വലിയ വീട്ടിലെ വനാന്തരങ്ങളിൽ ഒരാൾ കാലങ്ങളായി ഒറ്റക്ക് കിടക്കുന്നത് ആരും അറിയുന്നില്ല! അയാൾ മരിച്ചു പോകുന്നത് ആരും അറിയുന്നില്ല! ഈ വിധം ഒരു വാർത്ത വന്ന സമയത്ത് പ്രചരിച്ച ഒരു വാക്യം ഇതാണ്. 'ഒറ്റക്ക് മരണം കാത്തു കിടക്കുന്നവർ ഏറ്റവും കുറഞ്ഞത് അതൊന്ന് പരസ്യപ്പെടുത്തുക. മരണം എങ്കിലും ആരെങ്കിലും അറിയട്ടെ'.
ചുറ്റുമുള്ള ലോകത്തേക്ക് നിസ്വാർഥമായ സ്നേഹം വിളമ്പുമ്പോൾ തീർച്ചയായും അത് ഇരട്ടിയായി തിരിച്ചുവരും. നാം കൂടുതൽ ശക്തരാകും. നമുക്ക് ശത്രുക്കൾ ഇല്ലാതാകും. നല്ല അയൽപക്കം സ്നേഹലോകങ്ങളിലേക്ക് നമ്മെ ക്ഷണിക്കുന്നു. വിഷാദങ്ങളിൽ നിന്ന് നമുക്ക് മോചനം ലഭിക്കും. നല്ല അയൽപക്കങ്ങൾ നല്ലൊരു ഗ്രാമം പണിയും. നന്മയുള്ള മനുഷ്യർ നല്ലൊരു രാജ്യത്തിന്റെ മികവുള്ള ആണിക്കല്ലുകളാകും. നല്ലൊരു മനുഷ്യനോട് ആർക്കും എല്ലാകാലത്തേക്കും മോശമായി പെരുമാറാൻ കഴിയില്ല. എത്ര ക്രൂര ഹൃദയമുള്ള അയൽവാസിയാണെങ്കിലും നമ്മുടെ ചില ചെറിയ സമ്മാനങ്ങൾ, കുശലങ്ങൾ ഒക്കെ അവരെ പുതിയ തിരിച്ചറിവുകളലേക്ക് ക്ഷണിക്കും.
നമുക്ക് ജീവിതമെന്ന ബിസിനസ് വിജയിപ്പിക്കണ്ട.. മനുഷ്യനായി ജീവിക്കാനും മനുഷ്യർക്കൊപ്പം സഞ്ചരിക്കാനും മനുഷ്യരുടെ സാന്നിധ്യത്തിൽ മരിക്കാനും കഴിയുക എന്നത് വലിയ ഭാഗ്യമാണ്. അതിന് നല്ല അയൽവാസിയായാൽ മാത്രം മതി! സുന്ദരമായ ഒരു ലോകം കാത്തുനിൽക്കുന്നു.

