വീടും പരിസരവും തണുപ്പിൽ പുതഞ്ഞു. മഞ്ഞുരുകി പാടുവീണ മണ്ണിൻതിട്ടകൾ അടർന്നുവീണു. കുളിര് കോച്ചുന്ന തണുപ്പിലും ശൈഖ് രിഫാഈ വുളൂഅ് ചെയ്യാനിറങ്ങി. പൂർണ വുളൂഅ്. ഓരോ തുള്ളി വെള്ളവും ശരീരം തൊട്ട് തഴുകുമ്പോഴും ഹൃദയത്തിലേക്ക് തണുപ്പിറങ്ങുന്നു. ദൈവസ്മരണയുടെ അകനനവ്. ശൈഖ് വുളൂഅ് നിർവഹിച്ച് വെളിയിലിറങ്ങി. ശിഷ്യനായ യഅ്ഖൂബ് ഉസ്താദിനെ കാണാൻ വന്നതാണ്.
ഭവ്യതയോടെ അൽപം അകലേക്ക് മാറിനിന്നു. ഉസ്താദിനെ ഉറ്റുനോക്കി. എന്തൊരു വെളിച്ചമുള്ള മുഖം. ഉസ്താദ് നിശ്ചലനായി നിൽക്കുകയാണ്. കൈയനങ്ങാതെ പിടിച്ചു. കൈയിലെ വെള്ളം ഊർന്നിറങ്ങി. എന്തുപറ്റി ഉസ്താദിന്? പതിവില്ലാത്തതാണല്ലോ ഈ നിറുത്തം. നേരം ഒരുപാട് കഴിഞ്ഞു. ഈ നിശ്ചലത എത്ര നേരം തുടരും. ഗത്യന്തരമില്ലാതെ യഅ്ഖൂബ്, ശൈഖിൻ്റെ കൈ ചുംബിക്കാൻ മുന്നോട്ടാഞ്ഞു. പെടുന്നനെ ശൈഖ് പിന്മാറി. ഉസ്താദ് പറഞ്ഞു: “ഓ യഅ്ഖൂബ്, നീ എന്താണ് കാണിച്ചത്? ആ പാവം കൊതുകിനെ ഉപദ്രവിച്ചില്ലേ?” ഉസ്താദിൻ്റെ ചോദ്യം കേട്ട് യഅ്ഖൂബ് അന്ധാളിച്ചു. എന്താണ് സംഭവിച്ചതെന്നർഥത്തിൽ ഉസ്താദിൻ്റെ കണ്ണിലേക്ക് ഉറ്റുനോക്കി.
ശൈഖ് പറഞ്ഞു: “മോനേ, നീ വരുമ്പോൾ ഒരു കൊതുക് എന്റെ കൈയ്യിൽ നിന്നും അതിൻ്റെ ഭക്ഷണം ശേഖരിക്കുയായിരുന്നു. എൻ്റെ കൈ ചലിച്ചപ്പോൾ അത് പറന്നുപോയി.” ഉസ്താദിൻ്റെ മുഖം വിവർണമായി. ഒരു സഹജീവിയുടെ അന്നം മുടങ്ങിയ വേവലാതി. കൊതുക് രക്തം ഊറ്റി കുടിക്കുന്ന ആർത്തി കണ്ടാവണം, അതിൻ്റെ വിശപ്പിൻ്റെ ആഴം അറിഞ്ഞാവണം ശൈഖ് കൈ നീട്ടി പിടിച്ചത്. യഥേഷ്ടം കുടിക്കട്ടെ എന്ന് വിചാരിച്ചത്. സഹജീവി സ്നേഹത്തിൻ്റെ പര്യായമാണല്ലോ ശൈഖ് അഹ്മദുൽ കബീർ രിഫാഈ. എത്ര മഹോന്നത ജീവിതം. അപ്പോഴും ഉസ്താദിൻ്റെ അലിവിൻ്റെ നീരുറവ കണ്ട നിർവൃതിയിലായിരുന്നു യഅ്ഖൂബ്. ഒരു പതുങ്ങിയ ചിരി അവിടുത്തെ ചുണ്ടിൽ വിരിഞ്ഞു.

