ലോകം മുഴുവൻ അറിവുനിറച്ച പണ്ഡിതനാണ്. അദ്ദേഹത്തോടാണ് ചോദ്യം: “ഒരു മനുഷ്യന് പരീക്ഷണമാണോ സുഖസൗകര്യമാണോ കൂടുതൽ നല്ലത്?” ഇമാം മറുപടി നൽകി: "പ്രയാസങ്ങൾ ഇല്ലാതെ ഒരാൾക്കും സൗകര്യങ്ങൾ ലഭിക്കില്ല. നൂഹ് നബി, ഇബ്റാഹിം നബി, മൂസ നബി, ഈസ നബി, മുഹമ്മദ് നബി എല്ലാവരും വലിയ പ്രയാസങ്ങൾ സഹിച്ചവരല്ലേ? അവർ നന്നായി പരിശ്രമിച്ചു. അല്ലാഹു വലിയ വിജയം നൽകി.
മക്കയിലെ ഖയ്ഫ് മലഞ്ചെരുവുകളിലായിരുന്നു ലോകത്തിനാകെ ജ്ഞാനവിളക്കായ ഇമാം ശാഫിയും ശിഷ്യരും കഴിഞ്ഞത്. എല്ലുകളായിരുന്നു എഴുത്ത് പലകകൾ. അവിടെ വലിയ മൺപാത്രങ്ങളുണ്ടായിരുന്നു. എഴുതിത്തീർന്ന എല്ലുകൾ അതിലിട്ട് സൂക്ഷിക്കും. തിളങ്ങുന്ന വിജ്ഞാനസദസ്സുകളായിരുന്നു ക്ലാസുകൾ. പ്രഭാതം മുതൽ ചർച്ചകൾ തുടങ്ങും. ആദ്യം ഖുർആൻ പഠനം. വിദ്യാർഥികൾ കൂട്ടമായെത്തും. സംവാദങ്ങൾ, സംശയങ്ങൾ, ആഴമുള്ള ചർച്ചകൾ, വ്യാഖ്യാനങ്ങൾ. സൂര്യോദയം കഴിഞ്ഞാൽ ഹദീസ് പഠിക്കുന്നവരെത്തും. സാഹിത്യം, വ്യാകരണം, കാവ്യരചന, ശാസ്ത്രം, സംവാദം, ഭാഷ.. ഗുരു എല്ലാ മേഖലയിലും അതുല്യൻ.
ഒരിക്കൽ ഗുരുവിനെ, ഒരു പ്രധാനശിഷ്യൻ വീട്ടിലേക്ക് ക്ഷണിച്ചു. അവിടെ അന്തിയുറങ്ങണം എന്നായി ശിഷ്യൻ. അതിനദ്ദേഹത്തിന് ഒരു പ്രത്യേക താൽപര്യം ഉണ്ടായിരുന്നു. മകളായിരുന്നു അതിന് പിന്നിൽ. രാത്രി ഒരുപാട് നിസ്കരിക്കുന്ന മകളാണത്. ഉപ്പ എപ്പോഴും ഉസ്താദിനെപ്പറ്റി പറയും. എന്തൊക്കെ ആരാധനകളാണ് രാത്രി ആ ഗുരുവിന്റെത് എന്ന് മനസ്സിലാക്കുകയാണ് കുഞ്ഞുമകളുടെ ലക്ഷ്യം.
അതിഥിയെത്തി. ഭക്ഷണം കഴിഞ്ഞ് എല്ലാവരും ഉറങ്ങാൻ കിടന്നു. പതിവുപോലെ ശിഷ്യൻ രാത്രി നിസ്കാരം തുടങ്ങി. ഇലാഹീ സ്മരണയിൽ മുഴുകി. പക്ഷേ, അതിഥിയായി എത്തിയ ഗുരു രാത്രി മുഴുവൻ കിടക്കുകയാണ്. ആരാധനാമുറകൾ പഠിക്കാൻ കാത്തിരുന്ന മകൾക്ക് വലിയ വിസ്മയം. സംശയം ഉപ്പയോട് പറഞ്ഞു: “എന്താണ് ഉസ്താദ് ഇങ്ങനെ? രാത്രി നിസ്കാരമോ മറ്റു ആരാധന കർമങ്ങളോ ഇല്ലല്ലോ!”
പിറ്റേന്ന് ശിഷ്യൻ ഗുരുവിനോട് തിരക്കി: “കഴിഞ്ഞ രാവ് എങ്ങനെയുണ്ടായിരുന്നു?”
മധുരമുള്ള മറുപടി: "വളരെ നല്ല രാത്രി. ഇത്രയും നല്ല ഒരു രാവ് ഉണ്ടായിട്ടില്ല. ആ മലർന്നു കിടന്നുള്ള മനനത്തിൽ സമുദായത്തിന് ഉപകാരപ്രദമായ നൂറ് വിഷയങ്ങൾ കണ്ടെത്താനായി”
ശിഷ്യൻ മകളോട് പറഞ്ഞു: “ഞാൻ നിന്ന് നിസ്കരിച്ചതിനെക്കാൾ എത്രയോ മടങ്ങ് മഹത്വമുള്ളതാണ് ഗുരു നിർവഹിച്ച ദൗത്യം”
ഒരിക്കൽ ഇമാം ശാഫിയും അനുചരൻ റബീഉം ഒരു വഴിയിലൂടെ സഞ്ചരിക്കുകയാണ്. അപ്പോൾ ഒരു യുവാവ് അവരുടെ നേരെ വന്നു. വിവാഹമാണ്, എന്തെങ്കിലും ദാനം തന്ന് സഹായിക്കണം എന്നാണ് വന്നയാളുടെ ആവശ്യം. ഗുരു പറഞ്ഞു: “റബീഅ്, അദ്ദേഹത്തിന് മുപ്പത് ദീനാർ നൽകുക. “ഇദ്ദേഹത്തിന് അത്രയും വലിയ തുക വേണമെന്ന് തോന്നുന്നില്ല. 10 ദിർഹം മതിയല്ലോ!” റബീഅ് ഉണർത്തി. ഗുരു ആ അഭിപ്രായം സ്വീകരിച്ചില്ല. മുപ്പത് ദിനാർ തന്നെ അദ്ദേഹത്തിന് തികയില്ല. ഈ സമയത്ത് പല ചെലവുകളും ഉണ്ടാകുമല്ലോ. ഗുരു തന്നെ ചെലവിന്റെ വഴികളും പറഞ്ഞുതീർത്തു.

