“ദൂരെനിന്നു നോക്കുമ്പോൾ ഒരു വനം / അടുത്ത് ചെല്ലുമ്പോൾ ഓരോ മരങ്ങളും ഒറ്റയ്ക്കാണ്.” മനുഷ്യജീവിതത്തിലെ ഏകാന്തത എന്ന സത്യത്തെ കുറിക്കുകയാണ് ഈ വരികൾ. നന്മയുടെ ഏകാന്തതയെക്കുറിച്ചാണ് നമ്മുടെ സംസാരം. സമൂഹത്തെ ഉപേക്ഷിച്ച്, പ്രിയപ്പെട്ടവരിൽ നിന്നകന്നു കൊണ്ടുള്ള ഏകാന്തവാസമല്ല, ജനങ്ങളുടെ മധ്യത്തിൽ ആയിരിക്കുമ്പോഴും ഉള്ളിൽ അല്ലാഹുവിനോടൊപ്പം കഴിയലാണത്.
ഏകാന്തതയെ സംബന്ധിച്ച് അൽജുറൈരിയോട് അന്വേഷണം ഉണ്ടായി. മഹാൻ മറുപടി നൽകി: “ഉള്ളിലെ വ്യക്തിത്വത്തെ സുരക്ഷിതമാക്കി നിർത്തി ആൾക്കൂട്ടത്തിൽ പ്രവേശിക്കലാണത്. പാപങ്ങൾ ഉപേക്ഷിക്കലും ആന്തരികബോധത്തെ അല്ലാഹുവുമായി ബന്ധിപ്പിക്കലുമാണത്. പരിചാരകരും രക്ഷകരും ഉള്ള രാജാവിനും ഈ ഏകാന്തതയെ രുചിക്കാനാകും. പുറംജീവിതത്തെക്കാൾ അകംജീവിതമാണ് ഒരു മനുഷ്യന് എന്നും കൂടുതലായി ഉണ്ടാവുക. ഏകാന്തതയെ സമൃദ്ധമായ് ഉപയോഗിക്കുകയെന്നാൽ ശാന്തതയുടെ ജീവിതസമവാക്യം തിരിച്ചറിയുക കൂടിയാണ്”
ഒരു മഹാഗുരുവിനെ കണ്ടുമുട്ടി എന്ന് കരുതുക. നിങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെടുന്ന ഉപദേശം എന്താകും? മഹാജ്ഞാനിയായ അബൂബകർ അൽ വർറാഖിനെ കാണാൻ ഒരാൾ വന്നു. തിരികെപോകാൻ നേരം അദ്ദേഹം പറഞ്ഞു: “എന്നെ ഉപദേശിക്കൂ”. ഗുരു സമ്മതിച്ചു.
“ഈ ലോകത്തും പരലോകത്തും ഏറ്റവും മികച്ചതായി രണ്ട് കാര്യങ്ങളാണ് എനിക്ക് ബോധ്യപ്പെട്ടിട്ടുള്ളത്; ഏകാന്തതയും ദാരിദ്ര്യവും. ഈ ലോകത്തും പരലോകത്തും ഏറ്റവും മോശമായി ഞാൻ കാണുന്നത് ആളുകളുമായുള്ള കൂടിക്കാഴ്ചയും സമൃദ്ധിയുമാണ്”
ഉള്ളിലെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനും രക്ഷിതാവിലേക്ക് നടന്ന് ചെല്ലാനും ഏകാന്തതയെ മിത്രമാക്കുക, വിശപ്പിനെ ഭക്ഷണമാക്കുക, ഉള്ളഴിഞ്ഞ പ്രാർഥനയെ സംസാരമാക്കുക തുടങ്ങിയ ചര്യകൾ മഹാരഥന്മാരുടെ ശീലമായിരുന്നു. ശുഐബുൽ ഹർബിനെ കാണാനായി ഒരാൾ വന്നു.
“എന്താണ് വന്നത്?” മഹാൻ ചോദിച്ചു.
“നിങ്ങളോടൊത്ത് കൂടാൻ”, ആഗതന്റെ മറുപടി.
"സഹോദരാ, ആരാധനയ്ക്ക് ഒരാൾ വേറൊരാളോടൊപ്പം കൂടേണ്ടതില്ല. അല്ലാഹുവിനോട് അടുക്കാത്തവന് ആരുമായും അടുപ്പം ഉണ്ടാക്കാൻ കഴിയുകയില്ല"
ഏകാന്തയുടെ മറ്റൊരു വാക്ക് ‘വിട്ടുനിൽക്കൽ’ എന്നാണ്. എന്താണ് ഈ വിട്ടുനിൽക്കലിന്റെ ഉദ്ദേശ്യം? മറ്റുള്ളവരുടെ ഉപദ്രവത്തിൽ നിന്ന് തന്നെ രക്ഷിക്കലല്ല. താൻ മറ്റുള്ളവരെക്കാൾ കേമനാണ് എന്ന ചിന്തയിൽ നിന്നുണ്ടാകുന്നതാണ് ആ വിചാരം. മറിച്ച്, തന്നെക്കൊണ്ടുള്ള ഉപദ്രവത്തിൽ നിന്ന് മറ്റുള്ളവരെ രക്ഷിക്കലാണ് വിട്ടുനിൽക്കലിന്റെ, ഏകാന്തതയുടെ അർഥം. വിനയത്തിൽ നിന്നുണ്ടാകുന്നതാണത്. സന്യാസം സ്വീകരിച്ച ഒരാളോട് “നിങ്ങളൊരു സന്യാസിയാണ്”' എന്ന് മറ്റൊരാൾ പറഞ്ഞു. “അല്ല, ഞാനൊരു നായക്ക് കാവൽ നിൽക്കുകയാണ്. അതായത് ജനങ്ങളുടെ രക്ഷയ്ക്ക് വേണ്ടി എന്നെ ഞാൻ അവരിൽ നിന്ന് സംരക്ഷിക്കുന്നു” എന്നായിരുന്നു മറുപടി.
ഇനിയും തെറ്റിദ്ധാരണ വേണ്ട. ഈ ഏകാന്തത ഏതെങ്കിലും ഒരു ദേശം വിട്ട് മറ്റൊരു ദേശത്തേക്കുള്ള പലായനമല്ല; തെറ്റായ കാര്യങ്ങളിൽ നിന്നുള്ള വിട്ടുനിൽക്കലാണ്.
അബൂ അബ്ദില്ലാഹ് അദ്ദഖാഖിന്റെ ഉപദേശവാക്യം കേൾക്കൂ: “ജനങ്ങൾ ധരിക്കുന്നതു പോലെയുള്ള വസ്ത്രം ധരിക്കുക, അവർ ഭക്ഷിക്കുന്നത് ഭക്ഷിക്കുക. എന്നാൽ, ആന്തരികമായി അവരിൽ നിന്ന് അകന്നുനിൽക്കുക. ഒരിക്കൽ അദ്ദേഹത്തിന്റെ അടുക്കലേക്ക് ഒരാൾ വന്നുപറഞ്ഞു: “ഞാൻ വളരെ ദൂരത്തു നിന്നാണ് അങ്ങയുടെ അടുത്ത് വന്നിരിക്കുന്നത്.” മഹാൻ പ്രതിവചിച്ചു: “ജ്ഞാനത്തിന്റെ മാർഗത്തിൽ പ്രവേശിക്കുന്നതിന് നിങ്ങൾ എത്രദൂരെ നിന്നാണ്, എത്രദൂരം യാത്ര ചെയ്തുവന്നു എന്നത് ഒരു പ്രസക്തിയുള്ള കാര്യമല്ല. ഒരു ചുവടെങ്കിലും നിങ്ങൾ നിങ്ങളിൽ നിന്ന് അകലുക എങ്കിൽ ലക്ഷ്യസ്ഥാനത്തെത്തും”
ഒരേസമയം അടുത്തും അകന്നും കഴിയുന്ന ആളാണ് യഥാർഥ ജ്ഞാനി. അതായത്, പുറമേ ജനങ്ങളുടെ കൂടെയും അകമേ അവരിൽ നിന്ന് അകന്നും. ഒരു സൂഫിയുടെ അനുഭവചരിതം മനോഹരം. ഒരാൾ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു: “നിങ്ങൾക്ക് ആരോടെങ്കിലും അടുപ്പം തോന്നാറുണ്ടോ?” അതെ എന്ന് പറഞ്ഞ് ഖുർആൻ അദ്ദേഹം മടിയിൽവെച്ചു, തുടർന്ന് പാടി:
“നിന്റെ ഗ്രന്ഥങ്ങൾ / എൻ്റെ കിടക്ക വിട്ടു പോവുകയില്ല / കാരണം ഞാൻ മറച്ചുവെക്കുന്ന / രോഗങ്ങൾക്ക് അവയിൽ ശമനമുണ്ട്”

