മഹാഗുരുവും പ്രിയശിഷ്യനും ആത്മീയചർച്ചകളിലാണ്. അപ്പോൾ ഒരാൾ അങ്ങോട്ടേക്ക് വന്നു. ശൈബാനുർറാഈ എന്നാണ് ആഗതന്റെ നാമം. ഗുരുവിനോട് ശിഷ്യൻ പറഞ്ഞു: "നോക്കൂ, ഈ വന്നയാളുടെ വിവരക്കുറവ് ഞാൻ അങ്ങേക്ക് ബോധ്യപ്പെടുത്താം. തനിക്ക് പല കാര്യങ്ങളും അറിയില്ല എന്ന് മനസ്സിലായാൽ, ഈ മനുഷ്യൻ കൂടുതൽ പഠിക്കാനും ജീവിതം മികവുള്ളതാക്കാനും ഉത്സാഹിക്കുമല്ലോ"
ഗുരു, അതുവേണ്ട എന്ന് പറഞ്ഞ് നിർത്തും മുന്നേ, ശിഷ്യൻ വന്നയാളോട് ചോദ്യങ്ങൾ ആരംഭിച്ചുകഴിഞ്ഞു: "ഒരാൾ അഞ്ച് നേരത്തെ നിസ്കാരങ്ങളിൽ ഒന്ന് നിർവഹിക്കാൻ മറന്നുപോയി. പക്ഷേ, ഏതെന്ന് ഓർമയില്ല. എന്താണ് അയാൾ ചെയ്യേണ്ടത്? താങ്കളുടെ ഈ വിഷയത്തിലെ മറുപടിയെന്താണ്?”
ശൈബാനുർറാഈ പറഞ്ഞു: "അല്ലാഹുവിനെക്കുറിച്ച് അശ്രദ്ധമായ ഹൃദയമാണ് അയാളുടെത്. അതിനാൽ ആ ഹൃദയത്തിനാണ് പരിഹാരം വേണ്ടത്. എങ്കിൽ ഒരിക്കലും അയാൾ തന്റെ യജമാനനെ മറന്നുപോകുകയില്ല". മറുപടി കേട്ട മാത്രയിൽ ശിഷ്യൻ ബോധരഹിതനായി വീണു.
പിന്നീട് ഗുരു ശിഷ്യനോട് പറഞ്ഞു: "അദ്ദേഹത്തെ വെറുതെ വിടാൻ ഞാൻ പറഞ്ഞിരുന്നില്ലേ, ശൈബാനി നിരക്ഷരനായ സാധാരണക്കാരനാണ്. അദ്ദേഹത്തിന്റെ സ്ഥാനം ഇങ്ങനെയാണെങ്കിൽ അവരുടെ നേതാക്കളുടെ പദവി ആലോചിച്ചുനോക്കൂ." ഇമാം ശാഫിയായിരുന്നു ആ ഗുരുവര്യൻ. ശിഷ്യൻ മഹാനായ അഹ്മദ് ബിൻ ഹമ്പലും.
യജമാനനെ മറന്നു പോകുന്നതിന്റെ ദൗർഭാഗ്യമാണ് ഇമാം ശൈബാനി പറഞ്ഞത്. എപ്പോഴും രക്ഷിതാവിനെ ഓർക്കുവാൻ സൂഫിലോകം പഠിപ്പിക്കുന്ന ഒരു മാർഗമുണ്ട്; ദുഃഖം, പരലോക ദുഃഖം. ഒരു മൊഴി ഇങ്ങനെ: "ദുഃഖം; ഭയം ഇല്ലാതാക്കുകയും ഭക്ഷണത്തോട് വിരക്തി തോന്നിക്കുകയും പാപങ്ങളിൽ നിന്ന് തടയുകയും ചെയ്യും”
അസ്സരി അസ്സഖാതി പറയുന്നു: “മനുഷ്യവംശത്തിന്റെ മുഴുവൻ ദുഃഖവും എൻ്റെ മേൽ പതിച്ചെങ്കിലെന്ന് ഞാൻ കൊതിക്കുന്നു”
“സുഖം തേടുന്നതിൽ നിന്ന് സ്വന്തത്തെ തടഞ്ഞു വെക്കലാണ് ദുഃഖം” എന്ന് ഇബ്നു ഖഫീഫ്.
റാബിഅതുൽ അദവിയ്യ ഒരാളുടെ വിലാപം കേട്ടു, മഹതി പറഞ്ഞു: “ഹാ, എത്ര മധുരമായ ദുഃഖം, നമ്മുടെ ദുഃഖത്തിന്റെ നിസാരതയിൽ ദുഃഖിക്കുക. യഥാർഥ ദുഃഖമുള്ളയാൾക്ക് ശ്വാസം വിടാൻ പോലും കഴിയുകയില്ല”
മഹാനായ അബൂഫുളൈൽ മരണപ്പെട്ടു. അപ്പോൾ അന്തരീക്ഷമാകെ ഈ വാക്കുകൾ നിറഞ്ഞു: "ഇന്ന് ഭൂമിയിൽ നിന്ന് ദുഃഖം മറഞ്ഞുപോയിരിക്കുന്നു"
സൗഭാഗ്യവാനായ അബൂഫുളൈലിന് അലങ്കാരമായിരുന്നു ദു:ഖം. ദുഃഖമതികൾ ഭാഗ്യം ചെയ്തവരാണോ? സുഫ് യാനുബ്നു ഉയൈയ്നയുടെ മറുപടി നോക്കൂ: “ഒരു സമുദായത്തിൽ ദുഃഖം കൊണ്ട് കരയുന്ന ഒരാളുണ്ടെങ്കിൽ അയാളുടെ കണ്ണീർ കാരണമായി ആ സമുദായത്തോട് അല്ലാഹു കരുണകാണിക്കും”
വിസ്മൃതിയുടെ താഴ്വരയിൽ നിന്ന് ലക്ഷ്യമില്ലാതെ അലയുന്നവരുടെ ഹൃദയത്തെ രക്ഷിക്കുന്ന അവസ്ഥയാണ് ദുഃഖം. ഗുരു അബൂ അലിയ്യ് അദ്ദഖാഇഖ് വിശദമാക്കി: “ദുഃഖത്താൽ തരളിതമായ ഒരാൾക്ക് ദൈവമാർഗത്തിൽ ഒരു മാസം കൊണ്ട് നടക്കാൻ കഴിയുന്നത്ര ദൂരം, ദുഃഖമില്ലാത്ത ഒരാൾക്ക് ഒരു വർഷം കൊണ്ട് തരണം ചെയ്യാൻ സാധിക്കുകയില്ല”. തിരുനബി അരുൾചെയ്തു: "വ്യഥിതമാനസങ്ങളെ നാഥൻ ഇഷ്ടപ്പെടുന്നു"

