അയൽവാസികളായ രണ്ടുപേർ. ഒരാൾ ദേശം മുഴുവൻ പ്രകീർത്തിക്കുന്ന ജ്ഞാനി. അടുത്തയാൾ ഒരു വലിയ പ്രശ്നക്കാരൻ. സമീപവാസികൾ മുഴുവൻ അയാളുടെ ശല്യത്താൽ കുഴങ്ങി. രാത്രി മുഴുവൻ അവിടെ നിന്ന് ബഹളമാണ്. ആർക്കും സ്വസ്ഥതയോടെ ഒന്നിനും സാധ്യമല്ല. അയാളും കൂട്ടുകാരും ചേർന്ന് ലഹരിയും ആഘോഷവും പാട്ടും.... ഒരു രാത്രി, രാജാവിന്റെ സംഘം അയാളെയും കൂട്ടരെയും പിടികൂടി. ശല്യം കാരണം ജയിലിലടച്ചു.
ജ്ഞാനി ഈ വിഷയമറിഞ്ഞില്ല. രണ്ട് രാത്രികളിൽ ശബ്ദം ഒന്നും കേൾക്കാതെയായപ്പോൾ മഹാൻ അയൽവാസിയെപ്പറ്റി അന്വേഷിച്ചു. വിവരമറിഞ്ഞ ഉടനേ ശിഷ്യരോട് പറഞ്ഞു: “വരൂ നമുക്ക് അദ്ദേഹത്തെ മോചിപ്പിക്കാം. അയൽവാസിയെ മാനിക്കുക നമ്മുടെ ബാധ്യതയാണ്. തിരുനബിയോട് ജിബ്രീൽ ഉടമ്പടി ചെയ്ത കാര്യമാണത്.” അവർ കൊട്ടാരത്തിലേക്ക് പുറപ്പെട്ടു. ചക്രവർത്തി ജ്ഞാനിയും സംഘവും വരുന്നത് കണ്ട് വിസ്മയിച്ചു. ബഹുമാനപുരസരം അവരെ വരവേറ്റു.
“ഗുരോ, അങ്ങയുടെ വരവിന്റെ ലക്ഷ്യം?"
"എൻ്റെ അയൽവാസിയെയാണ് നിങ്ങൾ ഇന്നലെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. അദ്ദേഹത്തിൻ്റെ കുറ്റങ്ങൾ ഞാൻ ഏറ്റെടുക്കാം. എന്റെ ജാമ്യത്തിൽ അവരെ മോചിപ്പിക്കണം"
"ഗുരോ, അങ്ങയെ മാനിച്ച് ഇവരെ മോചിപ്പിക്കാം. ഈ ചെറിയ കാര്യത്തിനു വേണ്ടിയാണെങ്കിൽ ഒരു ദൂതനെ അയച്ചാൽ മതിയായിരുന്നല്ലോ". ശേഷം രാജാവ് പ്രതികളോട് പറഞ്ഞു:
"നോക്കൂ, ഈ മഹാഗുരുവിനാൽ നിങ്ങളെല്ലാവരും മോചിതരാകുകയാണ്. അദ്ദേഹത്തോട് നന്ദി കാണിക്കുക, ഗുരുവിന് വേണ്ടി പ്രാർഥിക്കുക"
ജ്ഞാനി ആ കൂട്ടത്തിൽ നിന്ന് തന്റെ അയൽവാസിയെ തിരിച്ചറിഞ്ഞു. അദ്ദേഹത്തിൻ്റെ കൈപിടിച്ച് ചോദിച്ചു: "കൂട്ടുകാരാ, ഇനി ആ പഴയ അവസ്ഥ തുടരില്ലല്ലോ.."
"ഇല്ല. ഒരിക്കലുമില്ല. അങ്ങനെ ഒരു ജീവിതം ഇനി എന്നിൽനിന്ന് അങ്ങേക്ക് കാണേണ്ടി വരില്ല. വിഷമിപ്പിക്കുന്ന ഒന്നും ഇനിയുണ്ടാകില്ല”
അവർ പരസ്പരം കരംപുണർന്ന് നാട്ടിലേക്ക് തിരിച്ചു. വീടെത്തിയപ്പോൾ ജ്ഞാനി തന്റെ മകൻ ഹമ്മാദിനോട് പണക്കിഴി കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അതിൽനിന്ന് പത്ത് ദീനാർ അയൽവാസിയുടെ കൈയ്യിൽ കൊടുത്തു. "ജയിലിലായ സമയത്ത് നിങ്ങൾക്ക് വന്ന നഷ്ടം പരിഹരിക്കാൻ ഈ പണം ഉപയോഗിക്കുക. ഇനിയും എന്ത് ആവശ്യമുണ്ടെങ്കിലും ചോദിക്കാൻ മടി വേണ്ട!” ആ മനുഷ്യൻ അമ്പരന്നുപോയി. കാലം സാക്ഷി. ആ മനുഷ്യൻ പിൽക്കാലത്ത് കൂഫയിലെ വലിയ പണ്ഡിതനായി. അദ്ദേഹത്തിന്റെ കരം പിടിച്ച ആ മഹാജ്ഞാനിയുടെ പേരാണ് ഇമാം അബൂഹനീഫ.
ഒരിക്കൽ, ഒരു കൂട്ടം ചെറുപ്പക്കാർ ആയുധങ്ങളുമായി ഇമാം അബൂ ഹനീഫയുടെ അരികിലേക്ക് പാഞ്ഞുചെന്നു. ആശയസമരത്തെ ആയുധം കൊണ്ട് തോൽപിക്കുകയാണ് അവരുടെ ലക്ഷ്യം. ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവില്ല എന്നാണ് വന്നവരുടെ പ്രധാന വാദം. ആകാശവും ഭൂമിയും ഈ ലോകം മുഴുവനും സ്വയം ഉണ്ടായിവന്നതാണെന്ന് ആ യുവാക്കൾ പറയുന്നു. ഇവരുടെ തെറ്റിദ്ധാരണയിൽ നിന്ന് സമൂഹത്തെ രക്ഷിക്കുകയാണ് മഹാപണ്ഡിതനായ അബൂഹനീഫ. ഈ ഇടപെടലാണ് പ്രകോപനത്തിന് നിദാനം. അവർ വാളുമായി അദ്ദേഹത്തെ വളഞ്ഞു.
ഈ കടന്നാക്രമണം കണ്ടപ്പോൾ ശാന്തനായി വിടർന്ന പുഞ്ചിരിയോടെ ഇമാം പറഞ്ഞു: "കുറഞ്ഞ സമയം നിങ്ങൾ എനിക്ക് തരൂ.. ചെറിയ ഒരു കാര്യം ചോദിക്കാനുണ്ട്. ശേഷം നിങ്ങൾ കരുതുന്നതുപോലെ പ്രവർത്തിക്കാം” ആയുധധാരികൾക്ക് സമ്മതമായി. ഇമാം തുടർന്നു: “മനുഷ്യരും ചരക്കുവസ്തുക്കളും നിറയെയുള്ള ഒരു കപ്പൽ. ചുറ്റും കാറ്റ് വലിയ ശക്തിയിൽ അടിച്ചുവീശുന്നു. ആ കാലാവസ്ഥയിലൂടെ ഒരു കപ്പിത്താനില്ലാതെ സമുദ്രത്തിലൂടെ അത് സഞ്ചരിക്കുന്നു. ഇത് സാധ്യമാണോ?”
“ഒരിക്കലും അത് നടക്കില്ല” എന്നായിരുന്നു അവരുടെ മറുപടി.
“എങ്കിൽ, വിപുലവും വിശ്വസനീയവുമായ ഈ പ്രപഞ്ചം വ്യത്യസ്ത ഗോളങ്ങളാൽ നിറഞ്ഞതാണ്. ഒരു നിയന്ത്രകനില്ലാതെ, ഒരു പടച്ചയാളില്ലാതെ എല്ലാം വെറുതെ നിലനിൽക്കുമെന്ന് ബുദ്ധി എങ്ങനെ സമ്മതിക്കുന്നു?” ഈ ചോദ്യത്തിൽ അവർ അമ്പരുന്നു. മനസ്സുകൾ ആലോചനയിലാണ്ടു. അവർക്ക് തൃപ്തമായ മറുപടി ഉണ്ടായിരുന്നില്ല. ആലോചനക്ക് ശേഷം അവർ പ്രഖ്യാപിച്ചു: "ഞങ്ങൾ സത്യമതത്തിലേക്ക് മടങ്ങുന്നു."

