ദിവസമേറെയായി ഗ്രാമത്തിൽ ഒരു നായ അലഞ്ഞുനടക്കുന്നു. അതിൻ്റെ കാലു പതിഞ്ഞ മണ്ണിലും വഴുപ്പുള്ള ഒരു നനവ്. നീരും ചോരയും പൊറ്റ കെട്ടിയ മുറിവുകൾ. കണ്ടവർ വഴി മാറിനിന്നു. മനം മടുപ്പിക്കുന്ന മണം. ഈച്ചയും കൊത്തളങ്ങയും മുറിവിലിരുന്നു. വേദന അരിച്ചിറങ്ങുന്ന ശരീരത്തിൽ പ്രാണികളും പുഴുക്കളും പാർത്തു. ഒന്ന് ദീർഘമായി ശ്വസിക്കാൻ പോലും കഴിയാത്തത്ര അത് നിസ്സഹായനായി. ദാഹവും വിശപ്പും തിങ്ങിവരണ്ട വയറിൽ ആളുകൾ കല്ലെറിഞ്ഞു മുറിവ് വരുത്തി. കിതച്ചു കിതച്ചത് ഓടുമ്പോൾ അറപ്പുളവാക്കുന്ന ഒരു സ്രവം അതിൻ്റെ വായിൽ നിന്ന് ഉറ്റിവീണു കൊണ്ടിരുന്നു.
ശൈഖ് അഹ്മദ് രിഫാഈ അവിചാരിതമായിട്ടാണ് ആ നായയെ കാണുന്നത്. ഗ്രാമത്തിലെ വീടുകളെല്ലാം നായ കയറാതിരിക്കാൻ ഭദ്രമാക്കി കൊട്ടിയടച്ച് വെച്ചിരിക്കുകയാണ്. ഒരാളും അതിനെ ഗൗനിക്കുന്നില്ല. എന്റെ നാഥാ! എന്തൊരു പരീക്ഷണമാണിത്. ഇത് നിൻ്റെ സൃഷ്ടിയാണല്ലോ. ശുശ്രൂഷിക്കേണ്ടത് എൻ്റെ കടമയാണെന്ന് മഹാൻ ആലോചിച്ചു. ശൈഖ് രിഫാഇയുടെ മനസ്സ് ആർദ്രമായി. നനഞ്ഞ ഹൃദയത്തിൻ്റെ പ്രതീകമെന്നോണം കണ്ണിൽ കാരുണ്യത്തിൻ്റെ തിളക്കം. അതു കണ്ണുനീരായി ഉരുണ്ടുകൂടി. വത്സല്യത്തോടെ ആ നായയെയും എടുത്ത് വിജനമായ ഒരു മരുപ്രദേശത്തേക്ക് മഹാനവർകൾ നടന്നു.
ജനവാസമില്ലാത്ത വെളിപ്രദേശം. ശൈഖ് രിഫാഈ ഒരു കുറ്റിപ്പന്തൽ വെച്ചുകെട്ടുകയാണ്. തീക്ഷ്ണമായ അന്തരീക്ഷത്തിൽ നിന്നും തണുപ്പ് കായാൻ നിമിഷനേരം കൊണ്ട് ഒരു കുടത്തണൽ ഒരുങ്ങി. നായയെ അതിന് ചുവടെ കിടത്തി. വേദനയിൽ കിടന്ന് പുളയുമ്പോഴും ആ നായയുടെ മനസ്സ് ഒരു സഹസ്നേഹിയുടെ കൈ തണുപ്പിൽ പുതഞ്ഞു. ശൈഖ് രിഫാഈ അതിന് അൽപാൽപമായി തണുത്ത വെള്ളം കൊടുത്തു; ദാഹമകറ്റി. വിശപ്പകറ്റാൻ ഭക്ഷണം കൊടുത്തു. ആർത്തിയോടെ അത് മുഴുവനും കഴിച്ചു.
പച്ചില മരുന്നുകൾ വെച്ചുകെട്ടിയാണ് മുറിവുണക്കുന്നത്. നായ നജസാണ്, തൊട്ടാൽ അശുദ്ധമാണ്. ഒന്നും മഹാനെ അലട്ടിയില്ല. സ്നേഹത്തിൽ മധുരം ചേർത്ത് വിളമ്പുന്ന സുകൃതക്കാഴ്ച. നായക്കുട്ടിയുടെ കണ്ണിലിപ്പോൾ തെളിച്ചം വന്നിട്ടുണ്ട്. ശരീരം മെല്ലെ പുഷ്ടിപ്പെടുന്നുമുണ്ട്. മുറിവിന് വാട്ടമുണ്ടെങ്കിലും ശരീരം പൂർവസ്ഥിതിയിലാവാൻ സമയമെടുക്കും. ശൈഖ് രിഫാഈ എന്നും മരുന്നുകെട്ട് മാറ്റി കൊടുക്കും. മുറിയിൽ ഈച്ച ഇരിക്കാതിരിക്കാൻ നോക്കും.
ദിവസങ്ങൾ ഓരോന്ന് കൊഴിഞ്ഞു. നായ ആരോഗ്യം വീണ്ടെടുത്തു. നാൽപത് ദിവസം തികഞ്ഞനാൾ, ചെറുചൂടുള്ള വെള്ളത്തിൽ നായയെ കുളിപ്പിച്ചു. അഴുക്കെല്ലാം ഒലിച്ചിറങ്ങി. ഒരഴകുള്ള കാഴ്ച. പുതിയ ഭംഗിയിൽ ആ നായയെ കാണാൻ നല്ല ചന്തമുണ്ടായിരുന്നു. നായയെയും പിടിച്ച് ശൈഖ് രിഫാഈ നാട്ടിലേക്ക് നടന്നു. നാടിൻ്റെ അതിർത്തി കടന്ന മഹാനോട് നാട്ടുകാർ ചോദിച്ചു: “നിങ്ങളെന്തിനാണീ നായയെ ശുശ്രൂഷിച്ചത്. അത് നജസല്ലെ?!” മന്ദസ്മിതം തൂകി മഹാൻ പ്രതിവചിച്ചു: “അതെന്റെ നാഥന്റെ സൃഷ്ടിയാണ്. ഞാനെൻ്റെ നാഥനെ ഭയപ്പെടുന്നു”

