പരസ്പരം അഗാധമായി സ്നേഹിച്ചിരുന്ന രണ്ടു പേർ. ഒരാൾ മറ്റൊരാളെ പിരിയുന്ന സമയം വന്നുചേർന്നു. പോകുന്നയാളോട് യാത്ര പറയാൻ സ്നേഹിതൻ തുനിഞ്ഞു. അദ്ദേഹത്തിൻ്റെ മിഴി നിറഞ്ഞൊഴുകി. വിസ്മയമെന്തെന്നാൽ, ഒരു കണ്ണിലൂടെ മാത്രമാണ് കണ്ണുനീർ പെയ്തത്. നനയാത്ത ആ കണ്ണ് അവിടെവെച്ച് അദ്ദേഹം ഇറുകിയടച്ചു. സ്നേഹഭാജനം പിരിയുമ്പോൾ കരഞ്ഞില്ല എന്ന കുറ്റത്തിന് എൺപത്തിനാല് വർഷം അദ്ദേഹം ആ കണ്ണ് തുറക്കാതെവെച്ചു.
പിൽക്കാലത്ത് ഇതിനെക്കുറിച്ച് സൂഫികൾ പാടി: “ഞങ്ങൾ വേർപിരിയുന്ന ദിവസം / എൻ്റെ ഒരു കണ്ണ് മാത്രം കണ്ണുനീരാൽ നനഞ്ഞു / എന്നാലും എൻ്റെ പിശുക്കനായ മറുകണ്ണ് / കരയാൻ തുനിഞ്ഞില്ല / വിടപറഞ്ഞ നാൾ മുതൽ / ആ കണ്ണടച്ച് അതിനു ഞാൻ അർഹിക്കുന്ന ശിക്ഷ നൽകി”
സൂഫിലോകത്തെ മഹാഗുരു ശിബിലിയെ ബുദ്ധിഭ്രമം വന്നവരെ പാർപ്പിക്കുന്ന സ്ഥലത്ത് വെച്ച് ഒരു സംഘം ആളുകൾ കണ്ടുമുട്ടി. മഹാൻ ചോദിച്ചു: “നിങ്ങളൊക്കെ ആരാണ്?” അവർ മറുപടി കൊടുത്തു: “ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നവരാണ്." ഇമാം ശിബിലി അവരെ കല്ലെടുത്തെറിഞ്ഞു. അവർ ഓടിമാറി. മഹാൻ പറഞ്ഞു: "നിങ്ങൾ യഥാർഥത്തിൽ എന്നെ സ്നേഹിക്കുന്നവരാണെങ്കിൽ ഓടില്ലായിരുന്നു. ക്ഷമയോടെ സഹിക്കും". ശേഷം ഗുരു ഒരു കവിത ചൊല്ലി: “അത്രയും ഉദാരനായ നാഥാ / നിന്നോടുള്ള സ്നേഹം എൻ്റെ ഹൃദയത്തിൽ ഉദിച്ചിരിക്കുന്നു / എൻ്റെ കൺപോളകളിൽ നിന്ന് നിദ്രയെ നീക്കം ചെയ്തവനേ / ഞാൻ എത്രമാത്രം സഹിക്കുന്നു എന്ന് നിനക്കറിയാം”
ഗുരുനാഥനായ അബൂഅലി അദ്ദഖാഖിന് ഫൈറൂസ് എന്ന് പേരുള്ള ഒരു അടിമയുണ്ടായിരുന്നു. ഒരുപാട് കാലം ഗുരുവിനെ അദ്ദേഹം സേവിച്ചു. ഒരിക്കൽ ഗുരുനാഥൻ തന്റെ ഒരു ശിഷ്യനോട് പറഞ്ഞു: "ഒരിക്കൽ ഫൈറൂസ് എന്നെ അവഹേളിച്ചു. എന്നെ പലതും പറയുകയും ശകാരിക്കുകയും ചെയ്തു. രംഗം കണ്ട, അബുൽഹസൻ അടിമയോട് ചോദിച്ചു: ‘നീ എന്തിനാണ് ഗുരുവിനെ വിഷമിപ്പിക്കുന്നത്.’ അടിമയുടെ മറുപടി: ‘കാരണം ഞാൻ അദ്ദേഹത്തെ വല്ലാതെ സ്നേഹിക്കുന്നു’”
ഒരിക്കൽ മുഹമ്മദ് നബി ശിഷ്യരോട് പറഞ്ഞു: "അല്ലാഹു ഒരു ദാസനെ പ്രിയം വെക്കുമ്പോൾ ആ കാര്യം മലക് ജിബിരീലിനോട് പറയും. ‘ജിബിരീലേ, ഇദ്ദേഹത്തെ ഞാൻ സ്നേഹിക്കുന്നു. അതിനാൽ നീയും ആ മനുഷ്യനെ ഇഷ്ടപ്പെടുക’. അപ്പോൾ ആദരണീയനായ മലക് ജിബ്രീലും അദ്ദേഹത്തെ വല്ലാതെ പ്രിയം വെക്കും. എന്നല്ല, അദ്ദേഹം മറ്റു മാലാഖമാരോട് പറയും. ‘അല്ലാഹു ഈ വ്യക്തിയെ വല്ലാതെ സ്നേഹിക്കുന്നു. അതിനാൽ നിങ്ങളും സ്നേഹിക്കുക.’ അങ്ങനെ എല്ലാ മാലാഖമാരും അവരുടെ ഇഷ്ടം അദ്ദേഹത്തിന് നൽകും. ഭൂമിയിലെ മനുഷ്യർക്ക് അദ്ദേഹത്തോട് ഇമ്പം തോന്നും”
ദാസരുടെ പ്രധാന ഗുണമായി അല്ലാഹു അംഗീകരിച്ച ഒന്നാണ് സ്നേഹം. ദാസരോടുള്ള സ്നേഹം അല്ലാഹു വെളിപ്പെടുത്തിയിരിക്കുന്നു. തൻ്റെ പ്രിയപ്പെട്ടവരെ സ്നേഹിക്കുന്നവനെന്ന് അല്ലാഹുവിനെയും, അല്ലാഹുവിനെ അങ്ങേയറ്റം പ്രിയം വെക്കുന്നവരെന്ന് അടിമകളെയും വിശേഷിപ്പിക്കാം. അല്ലാഹുവിന് തൻ്റെ ദാസന്മാരോടുള്ള സ്നേഹമെന്നത് അവൻ്റെ പ്രവർത്തികളുടെ ഗുണവുമായി ബന്ധപ്പെട്ടതാണ്. അത് പ്രത്യേക അനുഗ്രഹവും അവർക്ക് നൽകുന്ന വലിയ പദവിയുമാണ്.

