ഇബ്റാഹീമുബ്നു അദ്ഹമിനെ അറിയുമോ? ഒരിക്കൽ മഹാനോട് ഒരു ചോദ്യം: “നിങ്ങൾ എപ്പോഴെങ്കിലും സന്തോഷിച്ചിട്ടുണ്ടോ?”
"അതെ, രണ്ട് തവണ: ഒരിക്കൽ ഞാൻ ഒരു സ്ഥലത്തിരിക്കുമ്പോൾ ഒരാൾ വന്ന് ദേഹത്ത് മൂത്രമൊഴിച്ചു. മറ്റൊരു സമയത്ത് ഒരാൾ എന്റെ മുഖത്തടിച്ചു. ഏറെ സന്തോഷിപ്പിച്ച രണ്ട് സമയങ്ങൾ”, മഹാന്റെ മറുപടി. ഇനി നമുക്ക് ഏറെ സന്തോഷമുണ്ടായ സമയങ്ങളെ ഓർത്തുനോക്കൂ. നമ്മുടെ മോഹങ്ങളിലും പെരുമാറ്റങ്ങളിലും എന്തെങ്കിലും പ്രശ്നമുണ്ടോ?
ഉവൈസുൽ ഖർനിയെ കാണുമ്പോൾ കുട്ടികൾ കല്ലെടുത്തെറിയും. അദ്ദേഹം കുട്ടികളോട് ഇങ്ങനെ പറയും: “നിങ്ങൾക്ക് ഇത് ചെയ്തേ പറ്റൂ എങ്കിൽ ചെറിയ കല്ലുകൊണ്ട് എറിയൂ, വലിയ മുറിവ് പറ്റിയാൽ എനിക്ക് നിസ്കരിക്കാൻ പ്രയാസമാകും”. ഉപദ്രവിക്കുന്നവരോട് എത്ര സ്നേഹത്തോടെയാണ് ഇവർ പെരുമാറുന്നത്. ചുറ്റുമുള്ള ലോകത്തെ മുഴുവൻ സന്തോഷിപ്പിക്കാൻ നിങ്ങൾക്ക് മോഹമുണ്ടാകും. പക്ഷേ, സമ്പത്തോ സൗകര്യങ്ങളോ ഇല്ല. തിരുനബിയുടെ വാക്കുകൾ നോക്കൂ: “നിങ്ങൾക്ക് ആളുകളെ സാമ്പത്തികമായി സഹായിക്കാൻ കഴിയില്ലെങ്കിൽ നല്ല വാക്കു കൊണ്ടും ഉത്തമ സ്വഭാവം കൊണ്ടും അവരെ സന്തോഷിപ്പിക്കുക”
ഒരുദിവസം നമ്മൾ എത്ര മനുഷ്യരെ കണ്ടുമുട്ടുന്നു. അവരൊക്കെ സന്തോഷത്തോടെയാണോ നമ്മിൽ നിന്ന് മടങ്ങുന്നത്. ദീർഘമായ വാക്കുകൾ ഒന്നും വേണ്ട ഒരാൾ വേദനിക്കാൻ. ഒരു നോട്ടമോ ചിന്തയോ മതി. അപ്പോൾ ഉള്ളിൽ കൂട്ടിനോക്കൂ. ഒരുദിവസം എത്ര പേരെ നാം വേദനിപ്പിക്കുന്നു? സമാധാനമുള്ളവർക്ക് ചുറ്റിലേക്കും സമാധാനം പകരാൻ പറ്റും.
ആദ്യം നമ്മുടെ അസ്വസ്ഥതകളെ തിരിച്ചറിഞ്ഞ് ചികിത്സിക്കണം. ഒരു മരുന്ന് തരാം. ടെൻഷൻ മാറാനുള്ള മരുന്ന്. ദുന്നൂറുൽ മിസ്രിയോട് ഒരാൾ ചോദിച്ചു: “ഏറ്റവും ടെൻഷനുള്ള ആൾ ആരാണ്?”
“ഏറ്റവും മോശം സ്വഭാവമുള്ളവൻ” മഹാൻ മറുപടി നൽകി.
അപ്പോൾ, ജീവിത ദുഃഖങ്ങൾക്കുള്ള പരിഹാരം ഉള്ളിൽ തന്നെയുണ്ട്. അകം കഴുകുക. വിശുദ്ധ ഖുർആനിലെ 'നീ നിന്റെ വസ്ത്രം ശുദ്ധിയാക്കുക' എന്ന വചനത്തെ ഇമാം ഹസനുൽ ബസ്വരി വായിക്കുന്നത് ഇങ്ങനെ: “നീ നിന്റെ സ്വഭാവം സുന്ദരമാക്കുക”
ഒരു മഹാന്റെ ജീവിതം കേട്ട് നോക്കൂ, നമ്മെ അത്ഭുതപ്പെടുത്തുന്നത്. പേര്, അൽ അഹ് നഫ്. ഉത്തമ സ്വഭാവത്തിനുടമയായിരുന്നു. മഹാനോട് ഒരാൾ ചോദിച്ചു. “ആരാണ് നിങ്ങൾക്ക് ഈ നല്ല സ്വഭാവം പകർന്നുതന്നത്?”
“ഖൈസു ബ്നു ആസ്വിം അൽ മുനഖറി” എന്ന് മറുപടി.
“എന്തായിരുന്നു അദ്ദേഹത്തിൻ്റെ സ്വഭാവം?” വീണ്ടും ചോദ്യം.
അഹ് നഫ് പറഞ്ഞു: “മഹാൻ വീട്ടിലായിരുന്നപ്പോൾ, ഒരു അടിമ ബാലിക അങ്ങോട്ട് കയറിവന്നു. അവരുടെ കയ്യിൽ വലിയ കറിപ്പാത്രം ഉണ്ടായിരുന്നു. പെട്ടന്ന് ആ പാത്രം നിലത്തുവീണു. അദ്ദേഹത്തിൻ്റെ ചെറിയ മകന്റെ പുറത്തേക്കായിരുന്നു വീണത്. ആ കുഞ്ഞു മരിച്ചു. അപ്പോൾ അദ്ദേഹം ആ അടിമയോട് പറഞ്ഞു: ‘വിഷമിക്കണ്ട, അല്ലാഹുവിന്റെ മാർഗത്തിൽ ഞാൻ നിന്നെ സ്വതന്ത്രയാക്കിയിരിക്കുന്നു, ഒരു സാമ്പത്തിക ഉപാധിയും ഇല്ലാതെ.’”
ഫുദൈൽ എന്നവരുടെ അഭിപ്രായം നോക്കൂ: “സൽസ്വഭാവിയായ തെമ്മാടിയെ സുഹൃത്തായി കിട്ടുന്നതാണ്, ദു:സ്വഭാവിയായ ഭക്തനെ കൂട്ടുകാരനായി ലഭിക്കുന്നതിനെക്കാൾ നല്ലത്.” സൽസ്വഭാവത്തെയും ദു:സ്വഭാവത്തെയും കുറിക്കുന്ന ചില മൊഴികൾ പരിചയപ്പെടുത്താം.
"ദു:സ്വഭാവം ഹൃദയത്തെ ഇടുക്കുന്നു. അതുവഴി ഹൃദയം അതിന്റെ ഉടമസ്ഥന് മാത്രമുള്ള ചെറിയ ഇടമായി ചുരുങ്ങുന്നു"
“പ്രാർഥിക്കുമ്പോൾ നിന്റെ അടുത്ത് നിൽക്കുന്നത് ആരാണ് എന്ന് നോക്കാതിരിക്കലാണ് സൽസ്വഭാവം"
"ഒരാളുടെ ദു:സ്വഭാവത്തിന്റെ ലക്ഷണം, അയാളുടെ നോട്ടം മറ്റുള്ളവരുടെ ദു:സ്വഭാവത്തിൽ പതിയലാണ്”
സൽസ്വഭാവിയായ ഒരാൾക്ക് ആരെയും വെറുപ്പോടെ മാറ്റിനിർത്താനാവില്ല. നന്മയിലേക്ക് വരേണ്ട സൗഹൃദമായി അവർക്ക് എല്ലാവരെയും കാണാനാകും. ക്ഷമയുടെ കുപ്പായം എപ്പോഴും കൂടെയുണ്ടാകും. അപ്പപ്പോൾ എല്ലാത്തിനും അവർ വിട്ടുവീഴ്ച ചെയ്യും.
മഅറൂഫുൽ ഖർഖിയുടെ ഒരു സംഭവം കൂടി പറയാം. അംഗശുദ്ധി വരുത്തുന്നതിനായി ടൈഗ്രീസ് നദിയിലേക്ക് മഹാൻ ഇറങ്ങിച്ചെന്നു. തന്റെ കുപ്പായവും ഖുർആനും കരയിൽ വച്ചു. അപ്പോൾ ഒരു സ്ത്രീ വന്ന് അത് മോഷ്ടിച്ചു കൊണ്ടുപോയി. അദ്ദേഹം അവരെ പിന്തുടർന്നു.
"സഹോദരീ, ഞാൻ മഅറൂഫ്. ഞാൻ നിങ്ങളെ ശാസിക്കുകയില്ല. നിങ്ങൾക്ക് ഖുർആൻ ഓതുന്ന മകനോ ഭർത്താവോ ഉണ്ടോ"
“ഇല്ല" എന്നായിരുന്നു മറുപടി.
"എങ്കിൽ ഖുർആൻ തിരിച്ചുതരൂ. കുപ്പായം എടുത്തോളൂ"
ഹാതിമുൽ അസ്വമ്മിനോട് ഒരു ചോദ്യം: “ഒരു മനുഷ്യന് എല്ലാവരിൽ നിന്നും ഉപദ്രവം ഏൽക്കേണ്ടതുണ്ടോ?”
“ഉണ്ട്, അവനിൽ നിന്നൊഴികെ”

