രക്ഷിതാവിനെ ഓർക്കുമ്പോൾ പ്രതീക്ഷകളാകുമോ മുന്നിൽ വന്നുനിൽക്കുക? അതോ ഭയമോ? എന്താണ് ഉള്ളിലെ പ്രതീക്ഷ? ഒരു ഗുരുവിൻ്റെ വാക്ക് നോക്കൂ: "അല്ലാഹുവിലേക്കുള്ള മടക്കത്തിൽ ഹൃദയത്തിന്റെ ആഹ്ലാദമാണ് പ്രതീക്ഷ, സൗന്ദര്യത്തിന്റെ കണ്ണുകൊണ്ട് രക്ഷിതാവിൻ്റെ മഹത്വം മോഹിക്കലാണത്.”
അബൂഅലിയ്യ് അർറുദ്ബാരിയുടെ വാക്കുകൾ മനോഹരം; "ഭയവും പ്രതീക്ഷയും ഒരു പക്ഷിയുടെ രണ്ടു ചിറകുകൾ. അവ ഒരുപോലെ നിൽക്കുമ്പോൾ പറക്കൽ പൂർണമാകും. ഒന്നിന്റെ ചെറിയ ശേഷിക്കുറവ് പറക്കാനുള്ള കഴിവ് തന്നെ ഇല്ലാതാക്കും. ഭയവും പ്രതീക്ഷയും നശിച്ച പക്ഷിയുടെ ജീവിതം നാശത്തിൽ ഒടുങ്ങും”
അബൂഉസ്മാൻ അൽമഗ് രിബിയുടെ താക്കീത് ശ്രദ്ധേയം: "പ്രതീക്ഷ എന്ന ചിന്തയിൽ മാത്രം മുമ്പോട്ട് പോകുന്ന ഒരാൾ മടിയുടെ വഴികളിലേക്ക് പ്രവേശിക്കാൻ ഇടയുണ്ട്. അലസനാകും ആ മനുഷ്യൻ. എന്നാൽ, ഭയം മാത്രം ഉള്ളിൽ നിറഞ്ഞ ഒരാൾ നിരാശനാകും. പ്രതീക്ഷകൾക്കും ഭയത്തിനും അതിന്റെതായ സ്ഥാനങ്ങളുണ്ട്"
ഒരു മനോഹരമായ പ്രാർഥന പരിചയപ്പെടുത്താം: "രക്ഷിതാവേ, ഞാൻ പാപം ചെയ്യുമ്പോൾ നിന്നിൽ അർപ്പിക്കുന്ന പ്രതീക്ഷയാണ്, ഞാൻ നന്മ ചെയ്യുമ്പോൾ നിന്നിൽ വെക്കുന്ന ആശയെക്കാൾ വലുത്. കാരണം, നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അത് ചെയ്യുന്നതിനുള്ള ആത്മാർഥതയെ ഞാൻ ആശ്രയിക്കുന്നതായി കാണുന്നു. എന്നാൽ, ഞാൻ പാപങ്ങളിൽ ഏർപ്പെടുമ്പോൾ നിൻ്റെ മാപ്പിൽ മാത്രമാണ് പ്രതീക്ഷ. കാരുണ്യവാനായ നിനക്ക് എൻ്റെ പാപങ്ങൾ പൊറുത്തു തരാതിരിക്കാൻ എങ്ങനെ കഴിയും!" യഹ്യ ബ്നു മുആദാണ് ഈ ഈ പ്രാർഥനയുടെ ഉടമ.
ഭയം ഉള്ളപ്പോൾതന്നെ ആ അളവിൽ പ്രതീക്ഷയും വിശ്വാസിക്ക് അനിവാര്യം. സൂഫിവര്യനായ ദുന്നൂറിൽ മിസിരി മരണശയ്യയിലാണ്. ചില സുഹൃത്തുക്കൾ അദ്ദേഹവുമായി സംസാരിച്ചു. അവരോടായി അദ്ദേഹം പറഞ്ഞു. "എൻ്റെ കാര്യത്തിൽ നിങ്ങൾ ഭയക്കണ്ട, അല്ലാഹുവിന് എന്നോടുള്ള കരുണ വളരെ അധികമാണെന്ന കാര്യം എന്നെ വല്ലാതെ വിസ്മയിപ്പിക്കുന്നു"
നബി അനുചരനായ അബൂദ്ദർദാഅ്, പിൽക്കാലത്തെ മനുഷ്യർക്ക് പഠിപ്പിച്ചു കൊടുക്കുന്നു: “തിരുനബിയോട് ജിബ്രീൽ വന്ന് പറഞ്ഞു. ‘അങ്ങയുടെ നാഥൻ അരുൾ ചെയ്തിരിക്കുന്നു: എൻ്റെ ദാസാ, എന്നെ ആരാധിക്കുകയും എന്നെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുകയും, എന്നിൽ പങ്കു ചേർക്കാതിരിക്കുകയും ചെയ്താൽ നീ എന്ത് ചെയ്തിട്ടുണ്ടെങ്കിലും അത് ഞാൻ പൊറത്തുതരും. ഈ ഭൂമി നിറയെ പാപങ്ങളുമായാണ് നീ എൻ്റെ അടുത്ത് വന്നതെങ്കിലും എല്ലാം മാപ്പ് ചെയ്തുകൊണ്ട് ഞാൻ നിന്നെ സ്വീകരിക്കും. പാപങ്ങൾ ഞാൻ കണക്കിലെടുക്കുകയില്ല’. ഭയമുള്ള മനസ്സിൽ, പ്രതീക്ഷയുടെ വിത്തുകൾ പാകി ജീവിക്കുന്ന വിശ്വാസിക്ക് ഈ വാക്കുകൾ നൽകുന്ന ആനന്ദം ചെറുതല്ല.

