ചക്രവർത്തി മഹാജ്ഞാനിയെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. ഒടുവിൽ, മഹാരാജന് പണ്ഡിതശ്രേഷ്ഠനെ അങ്ങോട്ടുപോയി കാണേണ്ടിവന്നു. അതിനുപിന്നിൽ ഒരു ചരിത്രമുണ്ട്. അറിവിന്റെ തിളക്കമുള്ള ജീവിതകഥ! മദീനയിലെ ആ ജ്ഞാനിയുടെ പാഠശാലയിൽ ശിഷ്യരുടെ വലിയ സാന്നിധ്യമുണ്ട്. പഠനവും മനനവുമായി ഒരു വലിയലോകം അറിവിന്റെ വെളിച്ചം നേടുന്നു. ആയിടക്ക് ചക്രവർത്തി ഹാറൂൻ റശീദ് നാട്ടിൽ സന്ദർശനത്തിനെത്തി.
അദ്ദേഹം ഉത്തരവിറക്കി: "ആ പണ്ഡിതനോട് എന്നെ വന്നുകാണാൻ പറയുക. അദ്ദേഹത്തിൻ്റെ രചന വായിച്ചു കേൾപ്പിക്കണം". അനുചരൻ ബർമകിക്കാണ് ആ ചുമതല. ആ മനുഷ്യൻ ഓടി പണ്ഡിതശ്രേഷ്ഠന്റെ അരികിലെത്തി, വിഷയം പറഞ്ഞു.
"അറിവ് ആരെയും അങ്ങോട്ടു വന്ന് സന്ദർശിക്കുകയില്ല. ഇങ്ങോട്ട് വരണം. ആവശ്യക്കാരൻ തേടിച്ചെല്ലണം. തിരിച്ചൊരു മോഹം പാടില്ല". മറുപടി ആഗതനെ വിസ്മയിപ്പിച്ചു. ബർമകി ഭയത്തോടെ വിഷയം രാജാവിനെ അറിയിച്ചു. സദസ്സിൽ നിന്ന് പ്രതിഷേധങ്ങൾ ഉയർന്നു.
"മഹാരാജൻ! ഈ വാർത്ത നമ്മുടെ നാട്ടുകാരായ ഇറാഖുകാർ അറിയുന്നത് നാണക്കേടാണ്. ഒരു കടുത്ത തീരുമാനം എടുക്കൂ. അങ്ങോട്ട് പോകുകയേ ചെയ്യരുത്.” അബൂയുസുഫ് എന്നയാൾ പറഞ്ഞു. രാജാവ് മൗനം പാലിച്ചു.
നാളുകൾ കഴിഞ്ഞു. ജ്ഞാനിയെ ചക്രവർത്തി കാണാനിടയായി. എന്തുകൊണ്ട് ഉത്തരവ് പാലിച്ചില്ല എന്ന ചോദ്യമുണ്ടായി. ജ്ഞാനിയുടെ മറുപടി ഒരു ചരിത്രസന്ദർഭമായിരുന്നു. അദ്ദേഹം പറഞ്ഞുതുടങ്ങി: “ഖാരിജത് തന്റെ പിതാവായ സൈദുബ്നു സാബിതിൽ നിന്ന് ഉദ്ധരിക്കുന്നു, ‘ഞാനായിരുന്നു തിരുനബിക്ക് വന്ന ദിവ്യസന്ദേശങ്ങൾ അധികവും എഴുതിയിരുന്നത്. ഒരുദിവസം തിരുദൂതർ പറഞ്ഞത് പ്രകാരം ഇപ്രകാരം എഴുതി; വിശ്വാസികളിൽ നിന്ന് സമരത്തിനിറങ്ങുന്നവരും അല്ലാതെ വീട്ടിലിരിക്കുന്നവരും സമമല്ല.
അന്നേരം, അന്ധനായ നബിയനുചരൻ ഉമ്മുമക്തൂം അരികിലുണ്ട്. അദ്ദേഹത്തിന് ആശങ്കയായി. അത് തിരുനബിയോട് പറഞ്ഞു: ‘ദൂതരേ, എനിക്ക് കണ്ണ് കാണില്ല. ധർമസമരത്തിന്റെ വലിയ പ്രതിഫലമാണ് അങ്ങ് പറഞ്ഞത്. വീട്ടിൽ ഇരിക്കാനല്ലാതെ എനിക്ക് മറ്റെന്തിന് കഴിയും!’ അപ്പോൾ തിരുനബിയിൽ ചില മാറ്റങ്ങളുണ്ടായി. ദിവ്യസന്ദേശം അവതരിക്കുകയാണ്. അവിടുന്ന് പറഞ്ഞു: ‘സൈദ്, എഴുതൂ.. അന്ധത പോലുള്ള പ്രശ്നങ്ങളാൽ വീട്ടിലിരിക്കേണ്ടി വരുന്നവർ ഒഴികെ’”
ഇത്രയും പറഞ്ഞ് ജ്ഞാനി ചക്രവർത്തിയോട് പറഞ്ഞു: "ഒരു വാക്ക് അവതരിപ്പിക്കുവാൻ വേണ്ടി മലക്കുകൾ സഞ്ചരിച്ചത് അയ്യായിരം കൊല്ലത്തെ ദൂരം. ആ അറിവിനെ ആദരിക്കുക എന്നാണ് പറഞ്ഞത്. അതിന് വില കൽപ്പിക്കണം. പ്രപഞ്ചരക്ഷിതാവായ അല്ലാഹുവാണ് ഈ അധികാരം നൽകിയത്. അങ്ങ് ഈ ജ്ഞാനത്തെ വിലകുറച്ചു കാണരുത്." ചക്രവർത്തിയുടെ മനസ്സിൽ ആശ്വാസവും സ്നേഹവും നിറഞ്ഞു. പാഠശാലയിലേക്ക് പോകാൻ അദ്ദേഹത്തിൻ്റെ മനസ്സ് തുടിച്ചു.
വീട്ടിലെത്തിയ രാജാവിനെ ഇമാം തന്റെ അരികിൽ വേദിയിൽ ഇരുത്തി. അവിടെ ഒരുപാട് സാധാരണക്കാർ പഠനത്തിന് വന്നിരുന്നു. "നോക്കൂ, ഒരുപാട് പേർ അറിവിനായി വന്നിരിക്കുന്നു. സാധാരണക്കാർക്കുള്ള പഠനം കഴിഞ്ഞിട്ടേ പ്രമുഖരെ പരിഗണിക്കാൻ കഴിയൂ.. അല്ലെങ്കിൽ പ്രധാനികൾക്ക് ആ പഠനം കൊണ്ട് യാതൊരു ഉപകാരവും ഉണ്ടാകില്ല”. ക്ലാസ് തുടങ്ങുമ്പോൾ ചക്രവർത്തി, ജ്ഞാനിയുടെ അരികിൽ നിന്ന് സദസ്സിലേക്ക് ഇറങ്ങിയിരുന്നു. ലോകവിശ്വാസികളുടെ നേതാവ് ഇമാം മാലികായിരുന്നു ആ പണ്ഡിതതേജസ്സ്!

