ആത്മീയഗുരുവായിരുന്ന തേനു മുസ്ലിയാർ അങ്ങാടിയിൽ നിന്ന് മടങ്ങുകയാണ്. വഴിയരികിൽ ഒരു മരച്ചുവട്ടിൽ സഞ്ചി വെച്ച് അൽപം വിശ്രമിച്ചു. വീട്ടിലെത്തി സഞ്ചി തുറന്നു നോക്കുമ്പോൾ നിറയെ ഉറുമ്പുകൾ. ആ മരച്ചുവട്ടിൽ നിന്ന് കയറിയതാകും. തേനു മുസ്ലിയാർക്ക് വിഷമമായി. സഞ്ചിയിൽ കയറി വീട്ടിലെത്തിയ ഉറുമ്പുകളുടെ ഉമ്മയും ഉപ്പയും സഹോദരങ്ങളും ഒരുപക്ഷേ ആ മരച്ചുവട്ടിൽ ഇവരെ കാത്തിരിക്കുന്നുണ്ടാവും. അവരെ കാണാതെ ഇവരും വിഷമിക്കും. തേനുമുസ്ലിയാർ തിരികെ ആ മരച്ചുവട്ടിലേക്ക് നടന്നു!
സൂക്ഷ്മ ജീവിതത്തിന്റെ മധുരമറിഞ്ഞ ഒരുപാട് ആളുകൾ ചുറ്റുപാടുമുണ്ട്. അവരുടെ കാഴ്ച സാധാരണ കാഴ്ചയാകില്ല. അവരുടെ പ്രവൃത്തിയിലും നോട്ടങ്ങളിലും വിചിത്രമെന്ന് നമുക്ക് പ്രത്യക്ഷത്തിൽ തോന്നുന്ന പലതും ഉണ്ടാകും. ഏത് കാര്യമാണ് അവരെ ആ നിലയിലേക്ക് ഉയർത്തിയത്? 'ഉൾക്കാഴ്ച' എന്നാണുത്തരം. അറബി ഭാഷയിൽ 'ഫിറാസ' എന്നാണ് ഉൾക്കാഴ്ചയുടെ വിളിപ്പേര്. വന്യമൃഗത്തിന്റെ ഇര എന്ന് അർഥമുള്ള 'ഫരീസ' എന്ന വാക്കുമായി അതിനു ബന്ധമുണ്ട്. വന്യമൃഗത്തിനു മുമ്പിൽ പെട്ട ഇരയുടെ അവസ്ഥ എന്താണ്! അതുപോലെ ആഴമുള്ള ഉൾക്കാഴ്ചയെ എതിർക്കാൻ ആത്മാവിനും കഴിയില്ല.
സൂഫിവര്യനായ അൽ ഹുസൈൻ ബ്നു മൻസൂർ പറഞ്ഞു: “ഉൾക്കാഴ്ചയുള്ള ആൾ തൊടുത്തുവിടുന്ന ആദ്യ അസ്ത്രം തന്നെ ലക്ഷ്യത്തിലേക്കെത്തും. അയാൾ ഒരിക്കലും വ്യാഖ്യാനത്തിലേക്കോ ഊഹാപോഹങ്ങളിലേക്കോ പോകുന്നില്ല”
ആത്മീയ ശാസ്ത്രത്തിലെ ഏറ്റവും പ്രമുഖരായ പണ്ഡിതന്മാരിൽ ഒരാളായ അബൂ സഈദ് അൽഖർറാസിന്റെ അനുഭവം കാണുക: “ഞാൻ വിശുദ്ധ മസ്ജിദിലേക്ക് (മുസ്ലിം ആരാധനാലയം) ചെന്നു. അവിടെ രണ്ടു വസ്ത്രങ്ങൾ മാത്രം ധരിച്ച ഒരു ദർവീശ് ജനങ്ങളോട് യാചിക്കുന്നുണ്ടായിരുന്നു. എനിക്ക് മനസ്സിൽ തോന്നി; ഇയാളെപ്പോലുള്ളവർ ജനങ്ങൾക്ക് ഭാരം തന്നെയെന്ന്. ആ മനുഷ്യൻ എന്നെ നോക്കി പറഞ്ഞു: ‘സൂക്ഷിക്കുക, നിങ്ങളുടെ മനസ്സിലുള്ളതെല്ലാം അല്ലാഹു അറിയുന്നുണ്ട്.’ ഞാൻ അപ്പോൾ തന്നെ മനസ്സുകൊണ്ട് പശ്ചാത്തപിച്ചു. ദർവീശ് പറഞ്ഞു: ‘അല്ലാഹുവാണ് തന്റെ അടിമയുടെ പശ്ചാത്താപം സ്വീകരിക്കുന്നത്’”
വിശ്വാസത്തിന്റെയും സൂക്ഷ്മജീവിതത്തിന്റെയും ഫലമാണ് ഒരു മനുഷ്യന് ലഭിക്കുന്ന അകക്കാഴ്ച. അത്തരം ആളുകൾക്ക് ചുറ്റുമുള്ള മനുഷ്യരെ സ്വാധീനിക്കാനാകും. അകത്ത് അറിവിന്റെ പ്രഭ തിളങ്ങുന്ന വലിയ മനുഷ്യർക്ക് സാധാരണ ജീവിതങ്ങൾക്ക് വെളിച്ചമാകാനാകും. ഉൾക്കാഴ്ചയുള്ള മനുഷ്യരുടെ നേതാവാണ് മൂന്നാം ഖലീഫ ഉസ്മാനുബ്നു അഫ്ഫാൻ. ഒരാൾ മഹാനരെ കാണാനായി പുറപ്പെട്ടു.
വഴിയിൽ വെച്ച് അദ്ദേഹം സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടു. ഏറെനേരം അവളെ നോക്കിനിന്നതിനു ശേഷം യാത്ര തുടർന്ന് ഉസ്മാൻ തങ്ങളുടെ അരികിലെത്തി. അപ്പോൾ ഉസ്മാൻ സദസ്സിനോടായി പറഞ്ഞു: “കണ്ണിൽ നിറയെ വ്യഭിചാരത്തിന്റെ പാടുകളുമായാണ് നിങ്ങളിൽ ഒരാൾ ഇവിടെ വന്നത്.” വിസ്മയത്തോടെ ആ മനുഷ്യൻ ചോദിച്ചു: “തിരുനബിക്ക് ശേഷവും ദിവ്യവെളിപാട് ഉണ്ടാകുമോ?” “ഇല്ല. പക്ഷേ ഉൾക്കാഴ്ചയും സൂക്ഷ്മദർശനവും വിവേചനബുദ്ധിയും ഉണ്ടാകും.”
അല്ലാഹു അരുളുന്നു: “അടയാളങ്ങൾ വായിക്കുന്നവർക്ക് നിശ്ചയമായും അതിൽനിന്ന് പലതും ഉൾക്കൊള്ളാനുണ്ട്” (15/75). അടയാളങ്ങൾ മനസ്സിലാക്കുക എന്നാൽ ഉൾക്കാഴ്ച നേടുക എന്നാണെന്ന് ചില ജ്ഞാനികൾ വിശദീകരിക്കുന്നു.
എങ്ങനെയാണ് ഉൾക്കാഴ്ചയുള്ള ഒരു മനുഷ്യനാകുക? വിലക്കപ്പെട്ട വസ്തുക്കളിൽ നിന്ന് നോട്ടം പിൻവലിക്കുക, ആത്മാവിനെ മോഹങ്ങളെത്തൊട്ട് അടക്കി നിർത്തുക, തെറ്റുകുറ്റങ്ങൾക്കെതിരെ എപ്പോഴും ജാഗ്രത പുലർത്തുക, തിരുനബിയുടെ ചര്യ മുറുകെപ്പിടിക്കുക, അനുവദനീയമായത് മാത്രം ഭക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നവർക്ക് ശരിയായ ഉൾക്കാഴ്ച ലഭിക്കുമെന്ന് ഒരിക്കലും ഉൾക്കാഴ്ച പിഴച്ചിട്ടില്ലാത്ത ശാഹ് അൽകിർമാനി പറയുന്നു.
ജീവിതത്തിൻ്റെ ശരിയായ ദിശ നിർണയിക്കുന്ന ഉൾക്കാഴ്ചയ്ക്ക് വേണ്ടി, അകവും പുറവും സൂക്ഷ്മമായി ശ്രദ്ധിക്കേണ്ടത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്. ഉൾക്കാഴ്ച ലഭിച്ച മനുഷ്യരോടൊപ്പമുള്ള ജീവിതം സുഗന്ധത്തിന്റെ വിത്തുകൾ തരും.
അബൂ അബ്ദുല്ലാഹ് അർറാസി അന്നീസാബൂരി പറയുന്നു: “ഇബ്നുൽ അൻബാരി എനിക്കുവേണ്ടി ഒരു കമ്പിളി വസ്ത്രം തയ്ച്ചു തന്നു. ഒരു ദിവസം, എന്റെ ആ വസ്ത്രത്തിന് നന്നായി ചേരുന്ന ഒരു തൊപ്പി ശിബിലിയുടെ തലയിൽ ഞാൻ കണ്ടു. വസ്ത്രത്തോടൊപ്പം ആ തൊപ്പി കൂടി ലഭിച്ചിരുന്നെങ്കിൽ എന്ന് ഞാൻ മോഹം കൊണ്ടു. സദസ്സ് പിരിഞ്ഞപ്പോൾ ശിബിലി എന്റെ നേരെ തിരിഞ്ഞു. പതിവ് പോലെ ഞാൻ അദ്ദേഹത്തെ അനുഗമിച്ചു. വീട്ടിലെത്തിയപ്പോൾ അദ്ദേഹം എന്നോട് കുപ്പായം ഊരിത്തരാൻ ആവശ്യപ്പെട്ടു. ശേഷം അത് വാങ്ങി അതിൽ തന്റെ തൊപ്പി കൂടി വെച്ച ശേഷം രണ്ടും കൂടി തീയിലേക്ക് എറിഞ്ഞു”

