ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവും രണ്ട് വീടുകൾ. ഒരു വീട്ടിൽ എന്നും കലഹം. ഭാര്യയും ഭർത്താവും തമ്മിൽ എപ്പോഴും പ്രശ്നങ്ങൾ. അപ്പുറത്തെ വീട്ടിൽ എപ്പോഴും സമാധാനം. അവർ തമ്മിൽ എന്തൊരു പൊരുത്തം! എന്നും വഴക്ക് കൂടുന്ന ദമ്പതികൾ, അപ്പുറത്തെ വീട്ടിലെ സമാധാനത്തിന്റെ രഹസ്യം കണ്ടെത്താൻ തീരുമാനിച്ചു. അവരെ അത്ഭുതപ്പെടുത്തിയ ആ കാരണം ഇതാണ്. ആ വീട്ടിൽ ഒരു ചായഗ്ലാസ് പൊട്ടി എന്നിരിക്കട്ടെ, ഉടനെ ഭർത്താവ് പറയും "സോറി, ഞാൻ ശ്രദ്ധിക്കാതെ എടുത്തിട്ടാണ്." ഭാര്യ അത് തിരുത്തും. "അല്ലല്ല, ഞാനത് മേശയുടെ അരികിൽ വെച്ചിട്ടല്ലേ." ആ മനോഹര തർക്കം തുടരും.
തെറ്റ് ഏറ്റെടുക്കാൻ ഈ വീട്ടുകാർ മത്സരിക്കുമ്പോൾ അപ്പുറത്തെ വീട്ടിൽ ഭാര്യ ഭർത്താവിന്റെയും ഭർത്താവ് ഭാര്യയുടെയും തെറ്റുകൾ പറഞ്ഞ് വഴക്കിടുകയാകും. കലഹത്തിന്റെയും സമാധാനത്തിന്റെയും രഹസ്യവും ഇതാണ്. ക്ഷമ തന്നെയാണ് സമാധാനത്തിന്റെ താക്കോൽ. ഒരു പ്രശ്നം കടന്നുവരുമ്പോൾ അതിനെ ഉള്ളിലേക്ക് എടുത്ത് ആക്രോശങ്ങൾ ചൊരിയുകയും ശേഷം പൊറുക്കുകയും ചെയ്യുന്നതല്ല ക്ഷമയുടെ ഭംഗി.
തിരുനബിശിഷ്യൻ അബൂഹുറൈറയിൽ നിന്ന് നിവേദനം, നബിപത്നി ബീവി ആഇശ തിരുനബിയിൽ നിന്ന് ഉദ്ധരിക്കുന്നു: "പ്രതിസന്ധികളുടെ ആദ്യഘട്ടത്തിലാണ് ക്ഷമ വേണ്ടത്." ഭംഗിയുള്ള ഹൃദയങ്ങളിൽ എപ്പോഴും ക്ഷമയുടെ മധുരം ഉറവിടുന്നു. ബുദ്ധിമുട്ടുകൾ ഏതു വരുമ്പോഴും അവയെ അകത്തേക്ക് പ്രവേശിപ്പിക്കാതെ ക്ഷമ നൽകാൻ അവർക്ക് കഴിയുന്നു. പരീക്ഷണഘട്ടങ്ങൾ ഉണ്ടാകുമ്പോൾ പരിഭവങ്ങളില്ലാതെ അതിനെ തരണം ചെയ്യലാകുന്നു ക്ഷമ. ഇബ്നു അത്വാഅ പറയുന്നു: 'പരീക്ഷണങ്ങളും പ്രതിസന്ധികളും വരുമ്പോൾ ഏറ്റവും മനോഹരമായി അതിനെ അതിജീവിക്കുന്നതിലാണ് ക്ഷമയുടെ മർമം'. അതൊരു സൗഹൃദം സ്ഥാപിക്കൽ തന്നെയാണ്. സുഖമുള്ള അവസ്ഥകളോട് സൗഹൃദം കൂടുന്നതുപോലെ, വിഷമമുള്ള നേരങ്ങളോടും കൂട്ടുകൂടൽ. അവർക്ക് പിന്നെ പരാതിക്ക് സമയമെവിടെ.
അബ്ദില്ലാഹിൽ ബസരി പറഞ്ഞ ഒരു അനുഭവം: “ഒരാൾ ശിബിലിയുടെ അടുത്ത് വന്നു. കയ്യിൽ ഒരു ചോദ്യമുണ്ട്. ‘ക്ഷമിക്കുന്ന മനുഷ്യന് ഏറ്റവും പ്രയാസം നൽകുന്ന ക്ഷമ ഏതാണ്?’
മറുപടി: ‘അല്ലാഹുവിനോടുള്ള ക്ഷമ’
ആഗതൻ പറഞ്ഞു: 'അല്ല’
ശിബിലി: 'അല്ലാഹുവിന് വേണ്ടിയുള്ള ക്ഷമ'
'അതുമല്ല’
അല്ലാഹുവിനൊപ്പമുള്ള ക്ഷമ എന്ന് ശിബിലി തിരുത്തി. അല്ല, എന്ന് തന്നെ പ്രതിവചനം.
‘എന്നാൽ പിന്നെ അതെന്താണ്?’ ശിബിലി ചോദിച്ചു.
'അല്ലാഹുവിൽ നിന്നകലെയുള്ള ക്ഷമ.' ഇത് കേട്ടയുടൻ ഉറക്കെ കരഞ്ഞുപോയി.”
ജീവിതത്തിൽ കടന്നുപോകുന്ന അവസ്ഥകളെ അളന്ന് അവയെ സന്തോഷം എന്നും സന്താപം എന്നും കാണുകയാണ് സാധാരണ മനുഷ്യർ. പക്ഷേ, ആനന്ദത്തിന്റെ പരമരഹസ്യം നേടിയവർ, സമാധാനത്തിന്റെ വിത്തുള്ള ഹൃദയങ്ങൾ ഈ വേർതിരിവിനെ ഒഴിവാക്കുന്നു. സുഖത്തിലും അസുഖത്തിലും അവർക്ക് ഒരേ മനോനില. ജുനൈദ് പറയുന്നു: “കഷ്ടപ്പാടിന്റെയും സുഖത്തിന്റെയും അവസ്ഥകൾക്കിടയിൽ വ്യത്യാസം കൽപിക്കാതിരിക്കലാണ് ക്ഷമ. എല്ലാ അവസ്ഥകളിലും ഒരുപോലെ മന:സമാധാനം അനുഭവിക്കുന്ന രൂപമാണത്. അതായത് പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ സമാധാനം അനുഭവപ്പെടുക, ഉള്ളിൽ പരീക്ഷണങ്ങളുടെ പ്രയാസത്തെക്കുറിച്ച് ബോധമുണ്ടായിരിക്കെത്തന്നെ”
ഒരു സൂഫിയുടെ വരികൾ നോക്കൂ: “പെയ്തുവീണ ദുരിതങ്ങൾ / മനസ്സിൽ നിന്ന് ഞാൻ മറച്ചു / വിഷമങ്ങൾ കേട്ട് മനസ്സ് പരാതി പറയുമോ എന്ന ഭയം നിമിത്തം / പരാതി കേൾക്കുമ്പോൾ / എൻ്റെ കണ്ണുകൾ / ഞാനറിയാതെ കണ്ണീർ വാർത്തേക്കാം”
മറ്റൊരു ജ്ഞാനിയുടെ വരികൾ: “ക്ഷമിക്കുന്നവൻ / ക്ഷമയിൽ മുങ്ങിത്താഴുന്നു / അവന്റെ 'ക്ഷമ'യുടെ ക്ഷമ കെട്ടു / അത് സഹായം തേടി / ക്ഷമിക്കുന്നവൻ വിളിച്ചുപറഞ്ഞു / ക്ഷമയേ ക്ഷമിക്കുക”
ഒരു സൂഫിയുടെ അനുഭവം മനോഹരമായി ചരിത്രത്തിലുണ്ട്. അദ്ദേഹം മക്കയിലായിരുന്നു. അവിടെ വെച്ച് ഒരു ദർവീശിനെ കാണാനിടയായി. ദർവീശ് കീശയിൽ നിന്ന് ഒരു കടലാസ് എടുക്കുന്നതും അതിലേക്ക് നോക്കിനിൽക്കുന്നതും കണ്ടു. പിറ്റേന്നും ഇതേകാഴ്ച തന്നെ കാണാനായി. കുറച്ചു ദിവസങ്ങൾ അദ്ദേഹത്തെ നിരീക്ഷിച്ചു. അപ്പോഴെല്ലാം ഇതേ അനുഭവം തന്നെ തുടർന്നു. ഒരുദിവസം അദ്ദേഹം കഅബയിലേക്ക് നടക്കുന്നത് കണ്ടു. അവിടെവെച്ച് ആ കടലാസിലേക്ക് നോക്കിയതിനു ശേഷം ഏതാനും ചുവടുകൾ പിറകിലേക്ക് വെച്ചു. ശേഷം അവിടെ മരിച്ചുവീണു. സൂഫി, ദർവീശിന്റെ കീശയിലെ കടലാസ് തുണ്ട് എടുത്തുനോക്കി. അതിൽ ഇപ്രകാരം എഴുതിയിരിക്കുന്നു. 'നിന്റെ നാഥന്റെ തീരുമാനത്തിൽ ക്ഷമിക്കുക. തീർച്ചയായും നീ നമ്മുടെ ദൃഷ്ടിയിലാകുന്നു’

