പിതാവ് രണ്ടു മക്കളെയും അടുത്തുവിളിച്ചു. “ഇന്ന് നിങ്ങളുടെ പഠനം പൂർത്തിയാവുകയാണ്. ഞാൻ ഒരു പരീക്ഷ നടത്താൻ ഉദ്ദേശിക്കുന്നു. ഇത്രയും കാലത്തെ പഠനഫലം എന്താണെന്നറിയുകയാണ് ലക്ഷ്യം”. മക്കൾ സമ്മതിച്ചു. വീട്ടിലെ രണ്ടു മുറികൾ പിതാവ് രണ്ടു മക്കൾക്കുമായി വീതിച്ചു നൽകി. “ഒരാഴ്ച സമയം തരാം. ആവശ്യം പോലെ പണവും തരാം. നിങ്ങൾക്ക് കിട്ടിയ മുറി ഒരൽപം പഴുതു പോലുമില്ലാതെ ഇഷ്ടമുള്ള വസ്തു കൊണ്ട് നിറയ്ക്കുക. ആലോചിച്ച് മത്സരത്തിൽ പങ്കെടുക്കുക”
വിചിത്രവും എന്നാൽ നിസാരവുമായ ഒരു മത്സരം. രണ്ടു മക്കളും ആലോചിക്കാൻ തുടങ്ങി. പണം ധാരാളം നൽകി എന്നത് ശരിതന്നെ. പക്ഷേ, അത് കുറച്ചുപയോഗിച്ച് മത്സരത്തിൽ ജയിക്കലാണ് നല്ലത്. ഒന്നാമന്റെ ആലോചന പോയത് അങ്ങനെയാണ്. അവൻ നേരെ മാർക്കറ്റിലേക്ക് നടന്നു. ഏറ്റവും വിലകുറഞ്ഞ ചണ്ടിയും ചവറും വാങ്ങി. മുറി നിറയ്ക്കാൻ തുടങ്ങി. ദുർഗന്ധം കാരണം ആരും അങ്ങോട്ട് വരാതെയായി. സുഹൃത്തുക്കളൊഴിഞ്ഞു പോയി. അപ്പോഴും രണ്ടാമത്തെ ആൾ ആലോചിക്കുകയാണ്. എങ്ങനെയാണ് ഏറ്റവും നന്നായി മുറി നിറയ്ക്കുക.
ഒടുവിൽ പിതാവ് നിർണയിച്ച അവധി ദിവസമെത്തി. അദ്ദേഹം ആദ്യത്തെ മകന്റെ റൂമിലേക്ക് നടന്നു. അകത്തേക്ക് കയറാതെ തന്നെ അദ്ദേഹം മടങ്ങി. കഠിനമായ ദുർഗന്ധം. ശേഷം രണ്ടാമത്തെ മുറിയിലേക്ക് നടന്നു. അവിടെ അപ്പോഴും ഒരു ശൂന്യത. നല്ല ഇരുട്ട്. മകൻ മുറിയുടെ നടുവിൽ ഉണ്ട്. പിതാവ് വന്നതറിഞ്ഞ് അവൻ തന്റെ കയ്യിലെ മെഴുകുതിരി കത്തിച്ചു. മുറിയിൽ വെളിച്ചം നിറഞ്ഞു. മനസ്സാകുന്ന മുറിയിൽ ഏറ്റവും ശുദ്ധിയുള്ളതും സുഗന്ധമുള്ളതും എപ്പോഴും നിറയ്ക്കുക ഒരു വലിയ കാര്യമാണ്. സുഗന്ധമുള്ളൊരു മനസ്സ് എല്ലാവരുടെയും സ്വപ്നമാണ്. കറപുരളാത്ത, ആർക്കും കയറി വരാവുന്ന, അടച്ചുറപ്പുള്ള ഒരു മനസ്സ്. എങ്ങനെ അത് കരസ്ഥമാകും.
ജീവിതത്തിൽ, ആ അന്വേഷണം തുടങ്ങുക പ്രധാനമാണ്. അതിനൊരു പരിശ്രമം അത്യാവശ്യം തന്നെ. ഒരു ജ്ഞാനിയുടെ വാക്കുകൾ നോക്കൂ: “മൂന്ന് കാര്യങ്ങൾ കൊണ്ടാണ് മനുഷ്യർ ദുഷിക്കുക. സ്വഭാവപ്രകൃതിയിലുള്ള ദുർബലത, പതിവ് ശീലങ്ങളോട് ഒട്ടി നിൽക്കൽ, മോശമായ കൂട്ടുകെട്ട്.” കേട്ടുനിന്നയാൾക്ക് സംശയം: എന്താണ് സ്വഭാവത്തിലെ ദുർബലത? ‘വിലക്കപ്പെട്ട സാധനങ്ങൾ ഉപയോഗിക്കൽ’. പതിവ് ശീലങ്ങളോട് ഒട്ടിനിൽക്കൽ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ‘വിലക്കപ്പെട്ട സംഗതികൾ കാണലും ശ്രദ്ധിക്കലും അപവാദങ്ങളിൽ ഇടപെടലുമാണത്.’ മോശമായ കൂട്ടുകെട്ട് എന്നാൽ എന്ത് ? ‘ആളുകൾ നൽകുന്ന പ്രലോഭനങ്ങൾക്ക് അനുസരിച്ച് അവയുടെ പിന്നാലെ പോകലാണത്.’
മനസ്സിനെ അത്തർ മണമുള്ളതാക്കാൻ അബൂഉസ്മാൻ അൽഹീരിയും കൂട്ടുകാരും പുലർത്തിയ ചില ശീലങ്ങൾ പറയാം. ഏറ്റവും പ്രധാനപ്പെട്ട കാര്യം, അവരുടെ ദാനശീലമാണ്. എന്തെങ്കിലും ദാനം കിട്ടിയാൽ ഉദാരമായി മറ്റുള്ളവർക്ക് കൊടുക്കലായിരുന്നു ആ സംഘത്തിന്റെ പതിവ്. അങ്ങനെ കൊടുത്തു തീർക്കാതെ ഉറങ്ങാറുണ്ടായിരുന്നില്ല അവർ. വിഷമിപ്പിച്ചവരോട് അവർ ഒരിക്കലും പ്രതികാരം ചെയ്തില്ല. മാപ്പു കൊടുക്കുകയും അങ്ങോട്ടു വിനയത്തോടെ പെരുമാറുകയും ചെയ്തു. അവരുടെ സുന്ദരമായ മറ്റൊരു ശീലം, ആരോടെങ്കിലും അവർക്ക് ഇഷ്ടക്കേട് തോന്നിയാൽ അവർ വേഗം അയാളെ സേവിക്കും. ആ ഇഷ്ടക്കേട് മാഞ്ഞുപോകുന്നത് വരെ ആ വ്യക്തിയോട് ദയയോടെ പെരുമാറുകയും ചെയ്യും. മനസ്സ് സ്ഫടികം പോലെ തിളങ്ങാൻ, സ്വയം കുറ്റപ്പെടുത്തൽ വേണം. സ്വന്തം നന്മകൾ എടുത്തുപറയുന്ന, അത് എപ്പോഴും ഓർത്തുകൊണ്ടിരിക്കുന്ന ഒരാൾക്ക് സ്വന്തം തെറ്റുകൾ തിരിച്ചറിയാനാകില്ല. അബൂ ഉസ്മാൻ എന്നവരുടെ ഉപദേശമാണ്.
ചരിത്രത്തിലെ ഒരു ചെറിയ കഥ കൂടി പറയാം:
മരുഭൂമിയിൽ ത്യാഗങ്ങൾ സഹിച്ച്, വലിയ പരീക്ഷണങ്ങളിലൂടെ കടന്നുപോയി ഒരു മഹാൻ. ഒടുവിൽ തിരിച്ച് അദ്ദേഹം മക്കയിലെത്തി. അവിടെയെത്തുമ്പോൾ തൻ്റെ പ്രവൃത്തികളെയും താൻ സഹിച്ച ത്യാഗത്തെയും ഓർത്ത് അദ്ദേഹം ഏറെ അഭിമാനിച്ചു. ഒരു സ്വയംബോധം എപ്പോഴും ഉള്ളിലുണ്ടായി. ഈ ചിന്ത പോകാൻ ഒരു വൃദ്ധയെ കണ്ടുമുട്ടേണ്ടി വന്നു അദ്ദേഹത്തിന്. പ്രായമായ ആ ഉമ്മ പറഞ്ഞു: “നിങ്ങൾ മരുഭൂമിയിൽ പരീക്ഷണങ്ങളിൽ കഴിഞ്ഞ സമയത്ത് ഞാനും അവിടെയുണ്ടായിരുന്നു. നിങ്ങളെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാണ് ഇടപെടാതിരുന്നത്. ആ ത്യാഗങ്ങളെ ഓർത്തുകൊണ്ടുള്ള അഭിമാനബോധം വലിയ ദുഷിച്ച ചിന്തയാണ്. അത് ഉടനേ ഒഴിവാക്കുക”

