ചാക്കിന്റെ കുപ്പായവും തൊപ്പിയും ധരിച്ചാണ് അയാൾ ഗുരുനാഥനെ കാണാൻ വന്നത്. ഒരാൾ തമാശയായി ചോദിച്ചു: “ഈ ചാക്കു കുപ്പായത്തിന് എത്ര വില കൊടുത്തു?”
“ഈ ലോകം മുഴുവൻ ഞാൻ ഇതിന് വിലയായി കൊടുത്തു. അതിനുപകരം പരലോകം എനിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നു. ആർക്കും ഞാനിത് വിൽക്കുകയില്ല”. ആഴമുള്ള മറുപടി.
മോഹങ്ങളുടെ, ദാരിദ്ര്യഭയത്തിന്റെ മനസ്സ് വളരെ അപകടം പിടിച്ച ഒന്നാണ്. അബു ദ്ദർദാഇന്റെ വാക്കുകൾ: “സമ്പന്നരുടെ കൂടെ ഇരിക്കുന്നതിനെക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് ഒരു കോട്ടയുടെ മുകളിൽ നിന്ന് വീണ് തുണ്ടം തുണ്ടമായി ചിതറിപ്പോകുന്നതാണ്.” തിരുനബി പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്: “മരിച്ചവരോടൊപ്പം ഇരിക്കുന്നതിനെ ഭയപ്പെടുക”
ഒരാൾ ചോദിച്ചു: “ആരാണ് തിരുദൂതരേ മരിച്ചവർ?”
“സമ്പന്നർ”
ബന്നാൻ അൽ മിസ്രിക്ക് മനോഹരമായ ഒരു അനുഭവമുണ്ടായി. മക്കയിൽ ഇരിക്കുകയായിരുന്നു മഹാൻ. മുമ്പിൽ ഒരു യുവാവുമുണ്ട്. ഒരാൾ ഒരു സഞ്ചി നിറയെ പണവുമായി കടന്നുവന്നു. സഞ്ചി യുവാവിന്റെ മുന്നിൽ വച്ചു. “എനിക്ക് ഇതിന്റെ ആവശ്യമില്ല” എന്ന് യുവാവ്.
“എങ്കിൽ പാവങ്ങൾക്ക് കൊടുത്തോളൂ” എന്നായി ആഗതൻ.
വൈകുന്നേര സമയത്ത് ബന്നാൻ അൽ മിസ്രി ആ യുവാവിനെ ആളുകൾക്കിടയിൽ യാചിക്കുന്ന നിലയിൽ കണ്ടു. മഹാൻ ചോദിച്ചു: “ആ സഞ്ചിയിൽ നിന്ന് കുറച്ചു പണം സ്വന്തം ആവശ്യത്തിനായി സ്വീകരിക്കുന്നതായിരുന്നില്ലേ നല്ലത്?”
“ഇത്രയും നേരം ഞാൻ ജീവിച്ചിരിക്കുമെന്ന് അറിയില്ലായിരുന്നു”, യുവാവിന്റെ മറുവാക്ക്.
നിസ്വത നല്ല മനുഷ്യരുടെ പ്രധാന ഗുണമാണ്. അവർ ഐഹികലോകത്ത് ഒന്നും ആഗ്രഹിക്കുന്നില്ല. തന്നിലേക്ക് വരുന്നതു മുഴുവൻ, പാവങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്യും. നിസ്വതയുടെ മാതൃകകളായ നാല് ആളുകളെ പരിചയപ്പെടുത്താം. അബു അലി അർറുദ് ബാരിയുടെ കാലക്കാരാണ് അവർ. ഒന്ന് യൂസുഫ് ബ്നു അസ്ബത്. സഹോദരന്മാരിൽ നിന്നോ ഭരണാധികാരിയിൽ നിന്നോ ഒന്നും മഹാൻ സ്വീകരിച്ചിരുന്നില്ല. സഹോദരൻ ഒരിക്കൽ 70000 ദിർഹം നൽകി. അനന്തരസ്വത്തിന്റെ വകയിലാണ്. ഒരു ദിർഹം പോലും മഹാൻ സ്വീകരിച്ചില്ല. സ്വന്തം കൈകൾ കൊണ്ട് ഓലമെടഞ്ഞാണ് അവിടുന്ന് ജീവിച്ചത്.
രണ്ട് അബൂ ഇസ്ഹാഖ് അൽ ഫസാരി. മഹാന്റെ കാര്യം നേരെ വിപരീതമാണ്. അദ്ദേഹം കുടുംബക്കാരിൽ നിന്നും ഭരണാധികാരിയിൽ നിന്നും സമ്മാനങ്ങൾ സ്വീകരിക്കും. സഹോദരങ്ങളിൽ നിന്ന് സ്വീകരിക്കുന്നത് ദാരിദ്ര്യം മറച്ചുവെക്കുന്ന പാവങ്ങൾക്ക് ദാനം ചെയ്യും. ഭരണാധികാരി കൊടുക്കുന്നത് തർസൂസിലെ പാവപ്പെട്ടവരിൽ അർഹരായവർക്ക് നൽകും.
മൂന്നാമത്തെയാൾ അബ്ദുല്ലാഹിബ്നുൽ മുബാറക്. സഹോദരങ്ങളിൽ നിന്ന് മഹാൻ സമ്മാനങ്ങൾ സ്വീകരിക്കും. പക്ഷേ, ഭരണാധികാരി നൽകുന്നതു വാങ്ങില്ല. കിട്ടുന്ന തുക സ്വന്തം കീശയിൽ നിന്നും എടുത്ത് രണ്ടും ചേർത്ത് പാവങ്ങൾക്ക് ദാനം ചെയ്യും.
നാല്, മഖ്ലദ് ഇബ്നുൽ ഹുസൈൻ. മഹാൻ ഭരണാധികാരിയിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിക്കും. പക്ഷേ, സഹോദരങ്ങളിൽ നിന്ന് വാങ്ങില്ല. അദ്ദേഹം പറയുമായിരുന്നു. സമ്മാനങ്ങൾക്ക് സഹോദരങ്ങളോട് കടപ്പാട് വേണ്ടിവരും. ഭരണാധികാരിയോട് അത് വേണ്ട.
നിസ്വതയുടെ, ദാരിദ്ര്യത്തിന്റെ വഴിയിൽ കടന്നവർക്ക് നാല് കാര്യങ്ങൾ വേണ്ടതുണ്ട്. തന്നെ മുന്നോട്ടു കൊണ്ടുപോകുന്ന അറിവ്, സ്വന്തത്തെ നിയന്ത്രിച്ചു നിർത്തുന്ന അനാസക്തി, തന്നെ നിലനിർത്തുന്ന ദൃഢനിശ്ചയം, അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന സ്മരണ. മോഹങ്ങൾക്ക് ഹൃദയത്തിൽ ഇടം നൽകാതെ നിസ്വതയുടെ ചാക്കുകുപ്പായം ധരിക്കുന്നവർക്ക് മംഗളങ്ങൾ.

