രണ്ട് കഥകൾ പറയാം, ചരിത്രകഥകൾ. ഒന്നിൽ ഇബ്റാഹീം നബിയാണ് പ്രധാനി. ഒരിക്കൽ തീയിനെ ആരാധിക്കുന്ന (മജൂസി) ഒരു മനുഷ്യൻ നബിയെ സമീപിച്ച് ഭക്ഷണം ആവശ്യപ്പെട്ടു. ഇസ്ലാം സ്വീകരിച്ചാൽ നിങ്ങൾക്ക് ആതിഥ്യം നൽകാം എന്ന മറുപടിയാണ് ലഭിച്ചത്. ആഗതൻ ആ നിബന്ധന നിരസിച്ച് തന്റെ വഴിതേടിപ്പോയി. അപ്പോൾ നബി ഇബ്റാഹീമിന് ഒരു ദിവ്യസന്ദേശം ലഭിച്ചു. "ഓ ഇബ്റാഹീം, ഇസ്ലാമിലേക്ക് വന്നാലേ ആതിഥ്യം നൽകൂ എന്ന് താങ്കൾ പറഞ്ഞു, 70 വർഷമായി ഞാൻ അദ്ദേഹത്തിന് ഭക്ഷണം നൽകുന്നു. നിങ്ങൾക്ക് ഒരു നേരം നൽകിയാൽ എന്താണ്?"
പ്രവാചകനായ ഇബ്റാഹീം പിടഞ്ഞെഴുന്നേറ്റ് മജൂസിയുടെ പിന്നാലെ പാഞ്ഞു. അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിച്ചു. ആദരവുകൾ നൽകി അതിഥിയാക്കി. വീട്ടിൽ പാർപ്പിച്ചു. എന്താണ് ഇങ്ങനെ പെട്ടെന്നൊരു മനംമാറ്റം എന്ന് അതിഥി തിരക്കി. തനിക്കുണ്ടായ വെളിപാട് ആതിഥേയൻ വിശദമാക്കി. "ഇങ്ങനെയോ നിങ്ങളുടെ രക്ഷിതാവിന്റെ പെരുമാറ്റം!" അതിഥിയിൽ അത്ഭുതമുണ്ടായി. "എനിക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തൂ". അദ്ദേഹം ഇബ്റാഹീം നബിയുടെ മതം പുണർന്നു.
സമാനമാണ് അടുത്ത സംഭവവും. ഇബ്നു മുബാറക് ഒരു വിഗ്രഹവിശ്വാസിയുമായി യുദ്ധം ചെയ്യുകയായിരുന്നു. അദ്ദേഹത്തിന് പൂജ ചെയ്യാനുള്ള സമയമായി. കുറച്ചുനേരം യുദ്ധം നിർത്തിവെച്ച് തൻ്റെ പൂജയ്ക്ക് സൗകര്യം ചെയ്യണമെന്ന് ഇബ്നു മുബാറകിനോട് വിഗ്രഹാരാധകൻ ആവശ്യപ്പെട്ടു. സമ്മതം കിട്ടി. പൂജ തുടങ്ങി. ആരാധനയ്ക്കായി വണങ്ങി നിൽക്കുകയാണ് അയാൾ.
ഇതാണ് പറ്റിയ സമയം, ഈ വിഗ്രഹപൂജകനെ വധിച്ചാലോ, ഇബ്നു മുബാറകിന് മനസ്സിൽ തോന്നി. ആ നിമിഷം അവിടെ ഒരു അശരീരി: "താങ്കൾ വാക്കു പാലിക്കുക. ഓരോ പ്രതിജ്ഞയും ചോദ്യം ചെയ്യപ്പെടും” (ഖുർആൻ 17:34) ഭയന്നുപോയ മഹാൻ തൻ്റെ ആയുധം പിൻവലിച്ചു. പൂജയിൽ നിന്ന് വിരമിച്ചപ്പോൾ അവിടെ നടന്ന കാര്യങ്ങളെപ്പറ്റി അയാൾ ചോദിച്ചു. ഇബ്നു മുബാറക് നടന്നത് വിവരിച്ചു. "ശത്രുവിന്റെ കാര്യത്തിലും മിത്രത്തെ ശാസിക്കുന്ന ആ ദൈവം എത്ര മഹോന്നതൻ!" ആ മനുഷ്യൻ ഇസ്ലാമിനെ പഠിക്കുകയും സത്യവഴിയിലേക്ക് പ്രവേശിക്കുകയും ചെയ്തു.

